by Midhun HP News | Nov 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ഡാമിന്റെ നാലു ഷട്ടറുകളും രാവിലെ 10 മണിക്ക് 20 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തും.
നിലവില്‍ ഡാമിന്റെ ഷട്ടറുകള്‍ 160 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. 20 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തുന്നതോടെ ഷട്ടറുകള്‍ ആകെ 240 സെന്റീമീറ്റര്‍ ഉയരും. ഡാമിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നെയ്യാര്‍ ഡാമിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.അതേസമയം, സംസ്ഥാനത്ത് തുടരുന്ന മഴ തെക്കന്‍ ജില്ലകളില്‍ ഇന്നും ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളില്‍ തിങ്കളാഴ്ച മഞ്ഞ അലര്‍ട്ട്. ഇടിമിന്നലോടു കൂടി ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


by Midhun HP News | Nov 24, 2025 | Latest News, കേരളം
കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ (ദേവീന്ദർ സിംഗ്) വീണ്ടും കേരളത്തില്‍ കസ്റ്റഡിയില്‍. വിവിധ സംസ്ഥാനങ്ങളില്‍ എഴൂന്നൂറിലധികം കവര്‍ച്ചാ കേസുകളില്‍ പ്രതിയായ ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് പൊലീസ് കണ്ടെത്തിയത്. ഡല്‍ഹിയില്‍ നിന്നും ട്രെയിനില്‍ കൊച്ചിയിലെത്തിയപ്പോഴായിരുന്നു ഇടപെടല്‍. വിവര ശേഖരണത്തിന്റെ ഭാഗമായുള്ള കരുതല്‍ തടങ്കലിലാണ് ഇയാളെന്നാണ് പൊലീസിന്റെ വിശദീകരണം.
ഹൈക്കോടതിയിലുള്ള കേസിന്റെ ആവശ്യത്തിന് എത്തിയെന്നാണ് ബണ്ടി ചോറിന്റെ വിശദീകരണം. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഇയാളെ റെയില്‍വെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഒരു ബാഗ് മാത്രമാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്. ഇയാള്‍ നല്‍കിയ വിവരങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.
2013 ജനുവരിയില്‍ തിരുവനന്തപുരം മരപ്പാലത്തെ ഒരു വീട്ടില്‍ മോഷണം നടത്തിയതിന് ബണ്ടി ചോറിനെ കേരള പൊലീസ് പിടികൂടിയിരുന്നു. ധനികരുടെയും ഉന്നതരുടെയും വീടുകളില്‍ മാത്രം മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. കേരളത്തില്‍ പിടിയിലായതിന് പിന്നാലെ പത്തുവര്‍ഷത്തോളം ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് ഇയാള്‍ പുറത്തിറങ്ങിയത്. മോഷണം നിര്‍ത്തും എന്ന് അന്ന് ഇയാള്‍ ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം യു പിയില്‍ നിന്നും സമാനമായ കേസില്‍ ഡല്‍ഹി പൊലീസ് ബണ്ടി ചോറിനെ പിടികൂടുകയും ചെയ്തിരുന്നു.


by Midhun HP News | Nov 24, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന മഴ ഇന്നും തുടരും. തെക്കന്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളില്‍ തിങ്കളാഴ്ച മഞ്ഞ അലര്‍ട്ട്. ഇടിമിന്നലോടു കൂടി ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെ്‌നനാണ് മുന്നറിയിപ്പ്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്നലെ വൈകീട്ട് പെയ്ത കനത്തമഴയില്‍ തിരുവനന്തപുരം, കൊച്ചി തുടങ്ങിയ നഗരങ്ങളെ സാരമായി ബാധിച്ചിരുന്നു. കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വെള്ളക്കെട്ട് രൂപം കൊണ്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരുന്ന മൂന്ന് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ തിരുവനന്തപുരം കൊല്ലം ജില്ലകളിലും, ബുധനാഴ്ച തിരുവനന്തപുരം ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനം പാടില്ല.
by Midhun HP News | Nov 24, 2025 | Latest News, കേരളം
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദര്‍ശനത്തിന് ക്രമീകരണമുണ്ടാക്കുന്നത് ആലോചിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. തിങ്കളാഴ്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ചേരും. പൊലീസുമായി ആലോചിച്ച് കൂടുതല്‍ സൗകര്യം ഒരുക്കുമെന്നും കെ ജയകുമാര്‍ പറഞ്ഞു.
പ്രസിഡന്റ് അറിയാതെ അജന്‍ഡ തീരുമാനിക്കില്ലെന്നും കെ ജയകുമാര്‍ പറഞ്ഞു. ശബരിമലയില്‍ ഭക്തരുടെ എണ്ണം കൂട്ടുകയല്ല, സൗകര്യം വര്‍ധിപ്പിക്കുകയാണ് വേണ്ടത്. ഇപ്പോള്‍ തിരക്ക് നിയന്ത്രണവിധേയമാണ്. ഇനി അബദ്ധം പറ്റാന്‍ പാടില്ല. സ്‌പോട്ട് ബുക്കിങ്ങിന്റെ എണ്ണം കൂട്ടിയിട്ടുണ്ടെന്നും കെ ജയകുമാര്‍ പറഞ്ഞു.
പൊലീസുമായി ആലോചിച്ച് കൂടുതല്‍ സൗകര്യമൊരുക്കും. വാജിവാഹനം തുടങ്ങി മുന്‍പുള്ള മറ്റു വിഷയങ്ങള്‍ അറിയില്ലെന്നും കെ ജയകുമാര്‍ പ്രതികരിച്ചു.
by Midhun HP News | Nov 24, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 92,000ല്‍ താഴെ. ഇന്ന് ഒറ്റയടിക്ക് 520 രൂപ കുറഞ്ഞതോടെ പവന് 91,760 രൂപയായാണ് സ്വര്‍ണവില താഴ്ന്നത്. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കുറഞ്ഞത്. 11,470 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. 13ന് രേഖപ്പെടുത്തിയ 94,320 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം. തുടര്‍ന്ന് വില കുറയുന്നതാണ് ദൃശ്യമായത്.
യുഎസ് സമ്പദ് വ്യവസ്ഥ സജീവമായതോടെ ഓഹരി വിപണിയിലേക്ക് നിക്ഷേപകര്‍ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ഇതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജിച്ചത് അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
Recent Comments