വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തെങ്കാശി സ്വദേശിയായ ബാലമുരുകനാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി 9.45-ഓടെയാണ് സംഭവം. ഇയാള്‍ക്കായി പൊലീസ് തൃശൂര്‍ നഗരത്തില്‍ വ്യാപക പരിശോധന നടത്തുന്നു. കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുമ്പോള്‍ കറുത്ത ഷര്‍ട്ടും വെളുത്ത മുണ്ടുമായിരുന്നു പ്രതിയുടെ വേഷം. കൊലപാതകം, കവര്‍ച്ച തുടങ്ങി 50ഓളം കേസുകളിലെ പ്രതിയാണ് ബാലമുരുകന്‍.

ഇന്നലെ രാത്രിയാണ് ഇയാള്‍ പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്. പൊലീസ് നടപടികളുടെ ഭാഗമായി തമിഴ്‌നാട്ടിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം തിരിച്ച് വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്. ഭക്ഷണം കഴിക്കാനായി വിലങ്ങ് അഴിച്ചപ്പോള്‍ പൊലീസ് വാനിന്റെ വിന്‍ഡോയിലൂടെ ചാടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. മാസങ്ങള്‍ക്ക് മുന്‍പും ഇയാള്‍ ജയില്‍ ചാടിയിരുന്നു. പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു.

വര്‍ഷങ്ങളോളം തമിഴ്‌നാട്ടില്‍ ഗുണ്ടാ സംഘത്തലവനായി പ്രവര്‍ത്തിച്ചു. ഇയാള്‍ക്കായി തമിഴ്‌നാട്ടില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയതോടെയാണ് ബാലമുരുകന്‍ കേരളത്തിലേക്കു കടന്നത്. മറയൂരിലെ മോഷണത്തിനിടെയാണ് പിടിയിലായത്. തനിക്കെതിരെ സാക്ഷി പറഞ്ഞ സ്ത്രീയെ ക്രൂരമായി വകവരുത്തിയ കേസുമുണ്ട്.

പേട്ട എസ്‌ബിഐ ബാങ്കിന് മുന്നില്‍ കാറിനുള്ളില്‍ ഒരാള്‍ മരിച്ചനിലയില്‍

പേട്ട എസ്‌ബിഐ ബാങ്കിന് മുന്നില്‍ കാറിനുള്ളില്‍ ഒരാള്‍ മരിച്ചനിലയില്‍

പേട്ട എസ്‌ബിഐ ബാങ്കിന് മുന്നില്‍ കാറിനുള്ളില്‍ ഒരാള്‍ മരിച്ചനിലയില്‍. എസ് എൻ നഗറില്‍ അശ്വതി വീട്ടില്‍ മാധവൻ അജയ കുമാർ എന്നയാളാണ് മരിച്ചത്. എസ്ബിഐയിലെ ജീവനക്കാരിയാണ് മൃതദേഹം ആദ്യം കണ്ടത്. ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാറിന്റെ ഡ്രെെവർ സീറ്റില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം.

വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു. ഉടൻ ജീവനക്കാർ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം മാധവൻ ബാങ്കിലെത്തിയതായി ജീവനക്കാ‌ർ പറയുന്നു. എന്നാല്‍ വെെകിട്ട് ബാങ്ക് അടയ്ക്കുന്ന സമയം ഈ കാർ അവിടെ ഉണ്ടായിരുന്നില്ല.

തിരുവനന്തപുരം വിഴിഞ്ഞത്ത് യുവതി കിണറ്റിൽ ചാടി മരിച്ചു

തിരുവനന്തപുരം വിഴിഞ്ഞത്ത് യുവതി കിണറ്റിൽ ചാടി മരിച്ചു

തിരുവനന്തപുരം വിഴിഞ്ഞത്ത് യുവതി കിണറ്റിൽ ചാടി മരിച്ചു. രക്ഷിക്കാൻ പിന്നാലെ ചാടിയ യുവതിയുടെ സഹോദരന് ഗുരുതര പരുക്ക്. വിഴിഞ്ഞം കരിച്ചൽപള്ളി സ്വദേശി, 27 വയസ്സുകാരിയായ അർച്ചന ചന്ദ്രയാണ് മരിച്ചത്. അർച്ചനയെ രക്ഷിക്കാൻ പിന്നാലെ ചാടിയ സഹോദരൻ ഭവന ഇന്ദ്രനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. മരിച്ച അർച്ചന വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമാണ്.

ഗതാഗത നിയന്ത്രണം ഇന്നും നാളെയും

ഗതാഗത നിയന്ത്രണം ഇന്നും നാളെയും

പുളിമാത്ത്, നഗരൂർ, കരവാരം പഞ്ചായത്തുകളുടെ സംയുക്ത ശുദ്ധജല പദ്ധതിയുടെ ഭാഗമായ റോഡ് പുനഃസ്ഥാപന ജോലികളുടെ ഭാഗമായി ഇന്നും നാളെയും നഗരൂർ– കല്ലമ്പലം റോഡിലും പുതുശേരി മുക്ക്– പോങ്ങനാട് റോഡിലും ടാറിങ് ജോലി നടക്കുന്നതിനാൽ രാവിലെ 7 മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 90,000ല്‍ താഴെ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 90,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 90,000ല്‍ താഴെ. ഇന്ന് പവന് 520 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 90,000ല്‍ താഴെയെത്തിയത്. 89,800 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. 11,225 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒരിടവേളയ്ക്ക് ശേഷം ഒക്ടോബര്‍ 28നാണ് സ്വര്‍ണവില ആദ്യമായി 90,000ല്‍ താഴെയെത്തിയത്. എന്നാല്‍ വെള്ളിയാഴ്ച ആയിരത്തിലധികം രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 90,000 കടക്കുകയായിരുന്നു. കഴിഞ്ഞ പത്തുദിവസത്തിനിടെ പവന്‍ വിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 9000 രൂപ കുറഞ്ഞ ശേഷം ഒക്ടോബര്‍ 30 മുതലാണ് വില കൂടാന്‍ തുടങ്ങിയത്. എന്നാല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വില കൂടി 90,0000 കടന്ന് കുതിച്ച സ്വര്‍ണവില ഇന്ന് കുറയുകയായിരുന്നു.ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണം.