കടയ്ക്കാവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

കടയ്ക്കാവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

കടയ്ക്കാവൂർ തൊപ്പിച്ചന്ത കണ്ണങ്കരയിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി.
അസ്ഥികൂടത്തിനു സമീപത്തായി തലയോട്ടിയും വസ്ത്രവും മുടിയും കണ്ടെത്തി.
ശരീര അവശിഷ്ടങ്ങൾക്ക് 10 ദിവസത്തോളം പഴക്കം വരും. 75 വയസ്സുള്ള ദേവദാസൻ എന്ന ആളെ പത്ത് ദിവസമായി കാണ്മാനില്ല എന്ന് പറയുന്നുണ്ട്.

സമീപത്തുണ്ടായിരുന്ന കണ്ണാടിയും ചെരുപ്പും മരുമകൻ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഫോറൻസിക് സംഘം സ്ഥലത്ത് എത്തി പരിശോധനയ്ക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റും.കടയ്ക്കാവൂർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുന്നു.

ആറ്റിങ്ങൽ വലിയകുന്നിൽ വാഹനാപകടം; 19കാരൻ മരണപെട്ടു

ആറ്റിങ്ങൽ വലിയകുന്നിൽ വാഹനാപകടം; 19കാരൻ മരണപെട്ടു

ആറ്റിങ്ങൽ വലിയകുന്നിൽ വാഹനാപകടം. യുവാവ് മരണപെട്ടു. ആറ്റിങ്ങൽ വലിയകുന്ന് ഗവൺമെന്റ് ഹോസ്പിറ്റലിൽ സമീപം വച്ച് ഇന്ന് 11 മണിയോടെയായിരുന്നു സംഭവം. നാവായിക്കുളം ചിറ്റായിക്കോട് കല്ലൂർ കുഴി പുത്തൻവീട്ടിൽ മുരളീധരൻപിള്ളയുടെ മകൻ ഗോകുൽ (19) ആണ് മരണപ്പെട്ടത്.

ആറ്റിങ്ങൽ മൂന്ന്മുക്ക് ഭാഗത്തുനിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് പോയ മോട്ടോർ സൈക്കിളും വെഞ്ഞാറമൂട് ഭാഗത്തുനിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് വന്ന സ്വിഫ്റ്റ് കാറും തമ്മിൽ കൂട്ടിയിടിച്ച് ആണ് അപകടം നടന്നത്. ഗോകുലിന്റെ കൂടെയുണ്ടായിരുന്ന നാവായിക്കുളം സ്വദേശി അതുലിനും ഗുരുതരമായി പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗോകുലും അതുലും ആറ്റിങ്ങൽ പോളിടെക്നിക്കിൽ ഒന്നാംവർഷ ഓട്ടോമൊബൈൽ വിദ്യാർത്ഥികൾ ആണ് . കോളേജിൽ ഇന്ന് നടന്ന ഫ്രഷേഴ്സ് ഡേയിൽ പങ്കെടുത്ത് ഇരുവരും കോളേജിൽ നിന്നും പുറത്തേക്ക് പോയ സമയമാണ് അപകടം നടന്നത്. പോലീസ് തുടർ നടപടികൾ സ്വീകരിച്ചുവരുന്നു.

ശബരിമല മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ; വൈകിട്ട് 5 മണി മുതൽ ബുക്ക് ചെയ്യാം

ശബരിമല മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ; വൈകിട്ട് 5 മണി മുതൽ ബുക്ക് ചെയ്യാം

ശബരിമല മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ. വൈകുന്നേരം അഞ്ചു മണി മുതൽ ബുക്ക് ചെയ്യാം. ഡിസംബർ 26, 27 തീയതികളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആണ് ആരംഭിച്ചിട്ടുള്ളത്. ഡിസംബർ 26 ന് മുപ്പതിനായിരം പേർക്കും ഡിസംബർ 27 ന് 35,000 പേർക്കും അവസരം ലഭിക്കും. സ്പോട്ട് ബുക്കിംഗ് വഴി അയ്യായിരം ഭക്തരെ വീതം ഈ ദിവസങ്ങളിൽ അനുവദിക്കും. sabarimalaonline.org എന്ന വെബ്സൈറ്റിലൂടെയാണ് ദർശനത്തിനുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടത്.

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഹൈക്കോടതി വിധിപ്രകാരമുള്ള വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുമെന്ന് സന്നിധാനം എഡിഎം ഡോ. അരുൺ എസ് നായർ ഐഎഎസ്. സന്നിധാനം ദേവസ്വം കോൺഫറൻസ് ഹാളിൽ ചേർന്ന നാലാമത് ഉന്നതതല അവലോകന യോഗത്തിലാണ് തീരുമാനം. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷിതമായ ദർശനം ഉറപ്പാക്കുന്നതിനും വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത ദിവസങ്ങളിൽ തന്നെ ഭക്തർ ദർശനത്തിനെത്താൻ ശ്രദ്ധിക്കണം.

ആരോഗ്യപ്രശ്നങ്ങളുള്ളവർ, നടക്കാൻ ബുദ്ധിമുട്ടുള്ളവർ, വയോധികർ, ചെറിയ കുട്ടികളുമായി വരുന്നവർ എന്നിവർ പരമ്പരാഗത കാനനപാത ഒഴിവാക്കി നിലയ്ക്കൽ-പമ്പ റൂട്ട് വഴി സന്നിധാനത്തെത്തണമെന്ന് എഡിഎം നിർദ്ദേശിച്ചു. കാനനപാതയിൽ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തര വൈദ്യസഹായവും ആംബുലൻസ് സൗകര്യവും ലഭ്യമാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണിത്. നിലവിൽ വനപാലകരും അഗ്നിശമനസേനയും എൻ ഡി ആർ എഫും ഏറെ പണിപ്പെട്ടാണ് കാനനപാതയിൽ അവശരാകുന്നവരെ ആശുപത്രികളിലേക്ക് മാറ്റുന്നത്.

നിലവിൽ ശബരിമലയിലെ ഭക്തജനത്തിരക്ക് നിയന്ത്രണവിധേയമാണ്. ഭക്തർക്ക് സുരക്ഷിതവും സുഗമവുമായ ദർശനം ഉറപ്പാക്കാൻ സാധിക്കുന്നുണ്ട്. മണ്ഡലവിളക്കുമായി ബന്ധപ്പെട്ട തിരക്ക് നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങളും വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു നടത്തേണ്ട പ്രവർത്തനങ്ങളും യോഗം വിലയിരുത്തി.

വസ്തുതകള്‍ പൂര്‍ണമായി പരിഗണിച്ചില്ല; രാഹുലിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

വസ്തുതകള്‍ പൂര്‍ണമായി പരിഗണിച്ചില്ല; രാഹുലിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: ബംഗളൂരുവിലുള്ള മലയാളി യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കും. ഇന്ന് (വ്യാഴാഴ്ച) തന്നെ കോടതിയെ സമീപിക്കാനാണ് തീരുമാനം. ഒരു ജനപ്രതിനിധിക്ക് എതിരെ ലൈംഗിക പീഡനം പോലുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും വസ്തുതകള്‍ പൂര്‍ണമായി പരിഗണിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന വാദം.

ഉന്നത സ്വാധീനമുള്ള പ്രതിക്ക് ജാമ്യം ലഭിക്കുന്നത് തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാക്കും. അതിനാലാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ അതിക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ശരീരമാകെ മുറിവേല്‍പ്പിച്ചെന്നും അതിജീവിത മൊഴി നല്‍കിയിരുന്നു.

ഭീഷണിപ്പെടുത്തിയിരുന്നെന്നും ഭയംകൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും പറഞ്ഞിരുന്നു. മറ്റൊരു യുവതിയുടെ ബലാത്സംഗ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് പരാതി നല്‍കാന്‍ ധൈര്യം ലഭിച്ചതെന്നും മൊഴിയിലുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന് കര്‍ശന ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

ഒന്നിടവിട്ട തിങ്കളാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണം. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണം. പരാതിക്കാരിയെയോ സാക്ഷികളെയോ നേരിട്ടോ മറ്റേതെങ്കിലും വ്യക്തി മുഖേനയോ ബന്ധപ്പെടാന്‍ ശ്രമിക്കരുത്. തെളിവുകള്‍ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്. 50,000 രൂപയും കെട്ടിവയ്ക്കണം.ആദ്യം രജിസ്റ്റര്‍ചെയ്ത ബലാത്സംഗക്കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി 15ന് പരിഗണിക്കും.

ചിത്രപ്രിയയും അലനും തമ്മില്‍ വഴക്ക് പതിവ്, ബലപ്രയോഗത്തിന്റെ ലക്ഷണം; മൃതദേഹത്തിനു സമീപം മദ്യക്കുപ്പി

ചിത്രപ്രിയയും അലനും തമ്മില്‍ വഴക്ക് പതിവ്, ബലപ്രയോഗത്തിന്റെ ലക്ഷണം; മൃതദേഹത്തിനു സമീപം മദ്യക്കുപ്പി

കൊച്ചി: മലയാറ്റൂരിലെ 19കാരി ചിത്രപ്രിയയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട ചിത്രപ്രിയയും സുഹൃത്ത് അലനും തമ്മില്‍ നേരത്തേയും പലവട്ടം വഴക്കുണ്ടായിട്ടുണ്ടെന്ന് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിക്ക് വേറെയും സൗഹൃദങ്ങളുണ്ടെന്ന സംശയത്തിലായിരുന്നു ഇത്. കൊലപാതകം നടന്ന ദിവസം കാടപ്പാറ റോഡരികിലെ ഒഴിഞ്ഞ പറമ്പില്‍ ഇരുവരും തമ്മില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. മൃതദേഹത്തിനു സമീപം ഒഴിഞ്ഞ മദ്യക്കുപ്പിയും 2 സോഫ്റ്റ് ഡ്രിങ്ക് കുപ്പികളും കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

ചിത്രപ്രിയയുടെ കൊലപാതകത്തിന് കാരണം സംശയമെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിക്ക് മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയത്തില്‍ അലന്‍ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മദ്യ ലഹരിയിലായിരുന്നു കൊലപാതകമെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തില്‍ ആണ്‍ സുഹൃത്ത് അലന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ചിത്രപ്രിയയുടെ തലയില്‍ ഒന്നിലേറെ ഭാഗത്ത് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും ആന്തരിക രക്തസ്രാവവും മരണ കാരണത്തിന് ഇടയാക്കിയെന്നും പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. കാലടി ടൗണില്‍ ചെറിയ ജോലികള്‍ ചെയ്യുന്ന വ്യക്തിയാണ് 21കാരനായ അലന്‍. സിസിടിവിയില്‍ മറ്റ് രണ്ട് യുവാക്കളുടെ കൂടി ദൃശ്യങ്ങള്‍ ലഭിച്ചില്ലെങ്കിലും അവര്‍ക്ക് കൊലപാതകവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.

ശനിയാഴ്ച മുതല്‍ കാണാതായ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം വൈകീട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെ മകളായ 19കാരിയായ ചിത്രപ്രിയ ബംഗളൂരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ഥിനിയാണ്. അമ്പലത്തിലെ ഉത്സവം കൂടാനാണ് ചിത്രപ്രിയ ബംഗളൂരുവില്‍ നിന്ന് മലയാറ്റൂരിലെത്തിയത്. എന്നാല്‍ ശനിയാഴ്ച വൈകീട്ട് മുതല്‍ ചിത്രപ്രിയയെ കാണാതായി. കടയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ചിത്രപ്രിയ വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് കാണാതാവുകയായിരുന്നു.

മകളെ കാണാതായതോടെ വീട്ടുകാര്‍ കാലടി പൊലീസിന് പരാതി നല്‍കി. കാണാതായ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെ അലനെ വിളിപ്പിച്ചു മൊഴി എടുത്തിരുന്നു. മൊഴിയെടുത്തശേഷം അലനെ വിട്ടയക്കുകയായിരുന്നു. അതിനിടെയാണ് ഇന്നലെ വൈകീട്ട് നാല് മണിയോടെ നാടിനെ നടുക്കി മലയാറ്റൂര്‍ നക്ഷത്ര തടാകത്തിനരികില്‍ ഒഴിഞ്ഞ പറമ്പില്‍ ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തുന്നത്.തലയ്ക്ക് ആഴത്തില്‍ അടിയേറ്റതായി പൊലീസിന്റെ മൃതദേഹ പരിശോധനയില്‍ തന്നെ വ്യക്തമായിരുന്നു. ശരീരത്തില്‍ മുറിപാടുകളും കണ്ടെത്തിയത്തോടെ കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു. ചിത്രപ്രിയയും ആണ്‍സുഹൃത്ത് അലനും ഒരുമിച്ച് മലയാറ്റൂര്‍ ജംഗ്ഷന്‍ വഴി ബൈക്കില്‍ പോകുന്ന സിസിടിവി ദൃശ്യവും ഇതിനിടെ പൊലീസിന് ലഭിച്ചു. ഇതോടെ നേരത്തെ മൊഴിയെടുത്ത് വിട്ടയച്ച അലനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.