സ്വര്‍ണവിലയില്‍ വര്‍ധന; പവന് ഒറ്റയടിക്ക് 920 രൂപ കൂടി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് ഒറ്റയടിക്ക് 920 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് ഒറ്റയടിക്ക് 920 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 92,120 രൂപയാണ്. ഗ്രാമിന് 115 രൂപയാണ് കൂടിയത്. 11,510 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

ഇന്നലെ രണ്ട് തവണയാണ് വിലയില്‍ മാറ്റമുണ്ടായത്. രാവിലെ 92,000 ത്തിലെത്തിയ പവന്‍ വില വൈകിട്ടോടെ 800 രൂപ കുറഞ്ഞ് 91,200 രൂപയില്‍ എത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ സ്വര്‍ണവില 17ന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഉയരമായ 97,360 രൂപയ്ക്കൊപ്പമെത്തിയിരുന്നു. തുടര്‍ന്ന് വില ഇടിയുന്നതാണ് ദൃശ്യമായത്. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില.

അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണം.

ശബരിമലയിലെ സ്വർണം ബെല്ലാരിയിൽ; കണ്ടെത്തിയത് സ്വർണക്കട്ടികൾ

ശബരിമലയിലെ സ്വർണം ബെല്ലാരിയിൽ; കണ്ടെത്തിയത് സ്വർണക്കട്ടികൾ

തിരുവനന്തപുരം: ശബരിമലയിൽ നിന്നു ഉണ്ണികൃഷ്ണൻ പോറ്റി കടത്തിയ സ്വർണം കണ്ടെത്തിയതായി പ്രത്യേക അന്വേഷണം സംഘം. ഉണ്ണികൃഷ്ണൻ പോറ്റി വ്യാപരിയായ ​ഗോവർധനു കൈമാറിയ സ്വർണമാണ് കർണാടകയിലെ ബെല്ലാരിയിൽ നിന്നാണ് കണ്ടെത്തിയത്. ​ഗോവർധന്റെ ജ്വല്ലറിയിൽ നിന്നാണ് സ്വർണം കണ്ടെത്തിയത് എന്നാണ് വിവരം.

400​ ​ഗ്രാമിനു മുകളിൽ തൂക്കം വരുന്ന സ്വർണക്കട്ടികളാണ് കണ്ടെത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റി 476 ​ഗ്രാം സ്വർണം തനിക്കു നൽകിയെന്നാണ് ​ഗോവർധന്റെ മൊഴി. പോറ്റി നൽകിയ സ്വർണം മുഴുവനായി കണ്ടെത്താനായോ എന്നു വ്യക്തമല്ല.

ശബരിമലയിൽ നിന്നു കൊള്ളയടിച്ച സ്വർണം കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം ഇന്നലെയാണ് ബെല്ലാരിയിൽ എത്തിയത്. ഉണ്ണികൃഷ്ണൻ‌ പോറ്റി കടത്തിയ സ്വർണം ബെല്ലാരിയിലെ സ്വർണ വ്യാപരിയായ ​ഗോവർധന്റെ കൈയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബം​ഗളൂരുവിലും ബെല്ലാരിയിലുമായി തെളിെവെടുപ്പു നടത്തിയിരുന്നു. സ്വർണം വീണ്ടെടുത്തതോടെ ​ഗോവർധനെ കേസിൽ സാക്ഷിയാക്കാനാണ് എസ്ഐടി നീക്കം.

സ്വർണം വിറ്റെന്നു ഉണ്ണികൃഷ്ണൻ പോറ്റിയും വാങ്ങിയെന്നു ​ഗോവർധനും സമ്മതിച്ചതോടെയാണു ഇതു വീണ്ടെടുക്കാൻ വഴിയൊരുങ്ങിയത്. തൊണ്ടി മുതൽ കണ്ടെത്തിയതോടെ ​ഗൂഢാലോചനയ്ക്കൊപ്പം പൊതുമുതൽ മോഷ്ടിച്ചു വിറ്റുവെന്ന കേസും ചുമത്തും. സ്വർണം കൊടുത്തുവിട്ടവരും തീരുമാനെടുത്തവരുമെല്ലാം പ്രതികളാകും.

അതിനിടെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നു സ്വർണ നാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്. പുളിമാത്ത് വീട്ടിൽ നിന്നാണ് സ്വർണ നാണയങ്ങൾ കണ്ടെത്തിയത്. രണ്ട് ലക്ഷത്തോളം രൂപയും ഇയാളുടെ വിട്ടിൽ നിന്നു പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുമായി തെളിവെടുപ്പ് ഇന്നും തുടരും.

ജഗൻ മോഹനൻനായർ നിര്യാതനായി

ജഗൻ മോഹനൻനായർ നിര്യാതനായി

ആനച്ചൽ സുജസിൽ ജഗൻ മോഹനൻനായർ (റിട്ട: ആകാശവാണി) നിര്യാതനായി.

ഭാര്യ: സുലോചന,
മക്കൾ: സൂരജ്, സുജി
മരുമക്കൾ: ലക്ഷ്മി,ശ്രീജിത്ത്‌

സംസ്‌കാരം: ഞായർ രാവിലെ 10 മണിക്ക്.

തദ്ദേശ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. സെപ്റ്റംബര്‍ 29-ന് പ്രസിദ്ധീകരിച്ച പുതുക്കിയ കരട് വോട്ടര്‍പട്ടികയാണ് പരിശോധനകള്‍ക്ക് ശേഷം അന്തിമമാക്കുന്നത്.

2.83 കോടി വോട്ടര്‍മാരാണ് കരട് പട്ടികയില്‍ ഉണ്ടായിരുന്നത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതടക്കം ആകെ ഏഴ് ലക്ഷത്തിലധികം അപേക്ഷകള്‍ ലഭിച്ചു. ഇത്തവണ രണ്ടുതവണയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന നടപടിയുണ്ടയത്. നേരത്തെ സെപ്റ്റംബര്‍ രണ്ടിന് എല്ലാ നടപടികള്‍ക്കും ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതാണ്.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവതരിപ്പിച്ച സവിശേഷ നമ്പറിന് പിന്നാലെയാണ് വീണ്ടും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന നടപടിയുണ്ടായത്. അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ തെരഞ്ഞെടുപ്പ് വിജ്ഞാപനവും ഉടന്‍ ഉണ്ടായേക്കും.

തീവ്രന്യൂനമര്‍ദം: ചുഴലിക്കാറ്റിന് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തീവ്രന്യൂനമര്‍ദം: ചുഴലിക്കാറ്റിന് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവവന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. അതേസമയം അറബിക്കടലിയും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. തിങ്കളാഴ്ചയോടെ ചുളലിക്കാറ്റാകാനും സാധ്യതയുണ്ട്.

മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളിലായാണ് തീവ്രന്യൂനമര്‍ദം രൂപപ്പെട്ടത്. മധ്യ കിഴക്കന്‍ അറബിക്കടലിനും അതിനോട് ചേര്‍ന്ന കര്‍ണാടക വടക്കന്‍ കേരള തീരപ്രദേശങ്ങള്‍ക്കും മേല്‍ നിലനിന്നിരുന്ന ചക്രവാതച്ചുഴി അറബിക്കടല്‍ തീവ്ര ന്യൂനമര്‍ദവുമായി ചേര്‍ന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയേക്കു. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേര്‍ന്ന കിഴക്കന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെയും മുകളില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ നീങ്ങി, ഒക്ടോബര്‍ 25-നകം തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേര്‍ന്ന മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെയും ഭാഗങ്ങളില്‍ തീവ്രന്യൂനമര്‍ദമായി ശക്തിപ്രാപിക്കാനും, ഒക്ടോബര്‍ 26-നകം തീവ്രന്യൂനമര്‍ദമായും, തുടര്‍ന്ന് ഒക്ടോബര്‍ 27-നു രാവിലെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേര്‍ന്ന പടിഞ്ഞാറന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെയും ഭാഗങ്ങളില്‍ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും സാധ്യതയൃുണ്ടെന്നാണ് മുന്നറിയിപ്പ്.

ഒക്ടോബര്‍ 28 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്ന് മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കു പടിഞ്ഞാറന്‍ ഭാഗങ്ങള്‍, അതിനോട് ചേര്‍ന്ന സമുദ്ര പ്രദേശങ്ങള്‍, മധ്യ കിഴക്കന്‍ അറബിക്കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍, അതിനോട് ചേര്‍ന്ന സമുദ്ര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.