by Midhun HP News | Dec 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല സ്വര്ണക്കൊള്ളയില് രാജ്യാന്തരബന്ധം ഉണ്ടെന്നുള്ള വിവരം കൈമാറിയ കോണ്ഗ്രസ് പ്രവര്ത്തകസമിതി അംഗം രമേശ് ചെന്നിത്തല ഇന്ന് പതിനൊന്നിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്കും. ശബരിമലയിലെ സ്വര്ണപ്പാളികള് രാജ്യാന്തര പുരാവസ്തു വില്പ്പന സംഘത്തില്പ്പെട്ടവര്ക്ക് കൈമാറിയിട്ടുണ്ടെന്നു വ്യക്തമാക്കി രമേശ് അന്വേഷണ സംഘത്തിന് കത്തുനല്കിയിരുന്നു. ഇതേത്തുടര്ന്നാണ് മൊഴിയെടുക്കുന്നത്.
നിലവില് ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളില് മാത്രം അന്വേഷിക്കുന്ന ഈ കേസിലെ പുതിയ വെളിപ്പെടുത്തലുകള് അന്വേഷണം വിദേശത്തേക്കും എത്തിക്കുന്നതാണ്. ശബരിമലയിലെ സ്വര്ണം ബല്ലാരിയിലെ ജ്വല്ലറിയുടമ ഗോവര്ധന് വില്പന നടത്തിയെന്നായിരുന്നു ഉണ്ണികൃഷ്ണന് പോറ്റിയുടെ മൊഴി. എന്നാല് ദ്വാരപാലകശില്പങ്ങളിലെ സ്വര്ണം എന്ന നിലയില് പുരാവസ്തു മൂല്യം തിരിച്ചറിഞ്ഞ് ഒരു രാജ്യാന്തരസംഘം ഇത് കടത്തിയെന്നാണ് ആരോപണം. ദുബൈയില് ഇതുമായി ബന്ധമുള്ള ഒരാള് വിവരം നല്കാന് തയ്യാറാണെന്നും രമേശ് അറിയിച്ചിരുന്നു. ഇതില് ഇടനിലക്കാരനായ ചെന്നൈയിലെ പുരാവസ്തു വ്യാപാരിയുടെ പേരും ഇന്നും പുറത്തുവന്നേക്കും.
ശ്രീകോവിലും ദ്വാരപാലകശില്പങ്ങളിലും 1998ല് യുബി ഗ്രൂപ്പിന്റെ സ്പോണസര്ഷിപ്പില് സ്വര്ണപാളികള് സ്ഥാപിച്ചിരുന്നു. ഇതിന്റെ തിളക്കം നഷ്ടപ്പെട്ടുവെന്ന പേരിലാണ് 2019ല് ഇളക്കിമാറ്റി ചെന്നൈയിലേക്ക് കൊണ്ടുപോയി സ്വര്ണം പൂശിയത്. ഇതെല്ലാം ചെമ്പുപാളിയാണെന്ന് ബോധപൂര്വം എഴുതി സ്വര്ണം കടത്തുകയായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്. ഉണ്ണികൃഷ്ണന് പോറ്റിയുടെ നേതൃത്വത്തിലായിരുന്നു കടത്തല്. കൊണ്ടുപോയ സ്വര്ണം ദ്വാരപാലകശില്പത്തിലെ സ്വര്ണം എന്നുപറഞ്ഞ് മൂല്യം ഉയര്ത്തി വില്പന നടത്തിയെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.



by Midhun HP News | Dec 10, 2025 | Latest News, ദേശീയ വാർത്ത
ഡല്ഹി: പൗരത്വം ലഭിക്കാത്തവരെ എങ്ങനെ വോട്ടര്പട്ടികയില് ഉള്പ്പെടുത്തുമെന്ന് സുപ്രീംകോടതി. ബംഗ്ലാദേശില്നിന്നുള്ള കുടിയേറ്റക്കാരെ വോട്ടര്പട്ടികയില് ഉള്പ്പെടുത്തണമെന്ന ഹര്ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്ശം. സന്നദ്ധസംഘടനയായ ആത്മദീപ് നല്കിയ ഹര്ജിയാണ് പരിഗണിച്ചത്.
സിഎഎ പ്രകാരം നല്കിയ അപേക്ഷകള് പരിഗണിച്ചിട്ടില്ലെന്ന് ഹര്ജിക്കാര്ക്കുവേണ്ടി മുതിര്ന്ന അഭിഭാഷക കരുണ നന്ദി ചൂണ്ടിക്കാട്ടി. അപേക്ഷകളില് തീരുമാനമാകുമ്പോഴേക്കും എസ്ഐആര് അവരെ പുറത്താക്കുമെന്നും പറഞ്ഞു. എന്നാല്, ഇതുവരെ പൗരത്വം ലഭിക്കാത്തവരെ എങ്ങനെ ഉള്പ്പെടുത്തുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. സിഎഎ പ്രകാരം അവര്ക്ക് പൗരത്വം ലഭിച്ചേക്കാം. പക്ഷേ, അതിന് ഒട്ടേറെ കാര്യങ്ങള് പരിഗണിക്കേണ്ടതുണ്ട്. അതിന് മുന്പായി വോട്ടര്പട്ടികയില് ചേര്ക്കാനാവില്ല. അതിനാല് ആദ്യം പൗരത്വം നേടുകയാണ് വേണ്ടതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
അപേക്ഷകള് തീര്പ്പാക്കുന്നതിനായി സമയക്രമം നിശ്ചയിക്കണമെന്ന് ഹര്ജിക്കാര് ആവശ്യപ്പെട്ടു. എന്നാല്, സന്നദ്ധ സംഘടനയാണ് ഹര്ജി നല്കിയതെന്നും അപേക്ഷകരാരും കോടതിയെ സമീപിച്ചിട്ടില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതുവരെ ലഭിച്ച അപേക്ഷകള് ഫെബ്രുവരിക്കു മുമ്പ് തീര്പ്പാക്കാന് നിര്ദേശം നല്കണമെന്ന് ഹര്ജിക്കാര് ആവശ്യപ്പെട്ടെങ്കിലും കോടതി തയ്യാറായില്ല.
സിഎഎ അപേക്ഷകളില് തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്ക്കാരാണെന്നും തങ്ങള്ക്കതില് പങ്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കി. തുടര്ന്ന് കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസയച്ചു. വിഷയം അടുത്തയാഴ്ച പരിഗണിക്കും.
by Midhun HP News | Dec 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില് ഏഴ് ജില്ലകളില് നാളെ വോട്ടെടുപ്പ്. തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്, വയനാട്, കാസര്കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുക
604 തദ്ദേശസ്ഥാപനങ്ങളിലെ 12,391 വാര്ഡുകളിലാണ് വിധിയെഴുത്ത്. 38,994 സ്ഥാനാര്ത്ഥികള്. പരസ്യ പ്രചാരണം ഇന്നലെ സമാപിച്ചു. ഇന്ന് നിശബ്ദ പ്രചാരണം. ആകെ വോട്ടര്മാര് 1,53,37,125. പുരുഷന്മാര് 72,46,269. സ്ത്രീകള് 80,90,746. ട്രാന്സ്ജെന്ഡേഴ്സ് 161. പ്രവാസി വോട്ടര്മാര് 3,293.രാവിലെ ഏഴുമുതല് വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
470 ഗ്രാമപഞ്ചായത്തുകളിലെ 9015 വാര്ഡുകള്, 77ബ്ലോക്ക് പഞ്ചായത്തിലെ 1177 വാര്ഡുകള്, എഴ് ജില്ലാ പഞ്ചായത്തുകളിലെ 182 വാര്ഡുകള്, 47 മുനിസിപ്പാലിറ്റികളിലെ 1829 വാര്ഡുകള്, മൂന്ന് കോര്പ്പറേഷനുകളിലെ 188 വാര്ഡുകള് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. സ്ഥാനാര്ഥികളില് 18,974 പുരുഷന്മാര്. 20,020 വനിതകള്. ആകെ 18,274 പോളിങ് സ്റ്റേഷനുകള്.



by Midhun HP News | Dec 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗക്കേസില് രാഹുല് മാങ്കൂട്ടത്തില് എംഎല്എയുടെ മുന്കൂര് ജാമ്യാപേക്ഷയില് ഇന്ന് വിധി പറയും. അതുവരെ കടുത്ത നടപടി പാടില്ലെന്ന് പൊലീസിന് കോടതി നിര്ദേശം നല്കിയിരുന്നു തിരുവനന്തപുരം അഡീഷണല് സെഷന്സ് കോടതിയാണ് രാഹുലിന്റെ മുന്കൂര് ജാമ്യാപേക്ഷ പരിഗണിച്ചത്. രണ്ടാം ബലാത്സംഗക്കേസില് പരാതിക്കാരിയുടെ മൊഴി എഐജി പൂങ്കുഴലി രേഖപ്പെടുത്തിയിരുന്നു. ആദ്യ പീഡനക്കേസില് ജില്ലാ കോടതി മുന്കൂര് ജാമ്യം നിഷേധിച്ചെങ്കിലും ഹൈക്കോടതി 15 വരെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്.
ബംഗളൂരു സ്വദേശിനിയായ 23-കാരിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്. സെഷന്സ് കോടതി ജഡ്ജി വി. അനസാണ് കേസ് പരിഗണിച്ചത്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്.
ശരീരമാകെ മുറിവേല്പ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് രാഹുല് മാങ്കൂട്ടത്തില് ചെയ്തതെന്ന് യുവതി മൊഴിയില് പറയുന്നു. വിവാഹ വാഗ്ദാനം നല്കിയാണ് ബന്ധം സ്ഥാപിച്ചത്. സംസാരിക്കാനെന്നു പറഞ്ഞാണ് ഹോംസ്റ്റേയിലെ മുറിയിലേക്ക് കൊണ്ട് പോയത്. ശരീരമാകെ മുറിവേല്പ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് നടത്തിയതെന്നും യുവതി മൊഴിയില് വ്യക്തമാക്കുന്നു.
‘ഐ വാണ്ടഡ് ടു റേപ്പ് യു’ എന്ന് പറഞ്ഞു കൊണ്ടിരുന്നു. ശ്വാസം മുട്ടല് അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടര്ന്നു. ലൈംഗിക അതിക്രമത്തിനു ശേഷം വിവാഹം ചെയ്യാനാകില്ലെന്ന് അറിയിച്ചു. മാനസികമായും ശാരീരികമായും തകര്ന്നു പോയി. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാന് രാഹുല് പിന്നാലെ നടന്നു. ഫോണ് എടുത്തില്ലെങ്കില് അസഭ്യം വിളിക്കുമായിരുന്നു. നമുക്ക് ഒരു കുഞ്ഞു വേണം എന്ന വിചിത്ര ആവശ്യവും രാഹുല് ഉന്നയിച്ചു. കേസുമായി മുന്നോട്ട് പോകാന് ഭയമുണ്ടെന്നും യുവതി മൊഴിയില് വ്യക്തമാക്കിയിട്ടുണ്ട്. മൊഴി സീല് വെച്ച കവറില് കോടതിയില് സമര്പ്പിച്ചിരുന്നു.



by Midhun HP News | Dec 9, 2025 | Latest News, കേരളം
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില് വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകള് കനത്ത പോളിങ്. ഒടുവില് വിവരം കിട്ടുമ്പോള് പോളിങ് ശതമാനം 70 കടന്നിരിക്കുകയാണ്. പോളിങ് സമയം കഴിഞ്ഞെങ്കിലും ആറുമണിക്ക് മുന്പ് ക്യൂവില് നിന്നവര്ക്ക് വോട്ട് ചെയ്യാന് അവസരം നല്കി.
ഒടുവില് ലഭിച്ച വിവരം അനുസരിച്ച് എറണാകുളത്താണ് ഉയര്ന്ന പോളിങ്. 73.16 ശതമാനം. കുറവ് തിരുവനന്തപുരത്താണ്. 65.74 ശതമാനം. അങ്ങിങ്ങ് നേരിയ സംഘര്ഷങ്ങള് ഉണ്ടായത് ഒഴിച്ചുനിര്ത്തിയാല് പോളിങ് പൊതുവെ സമാധാനപരമായിരുന്നു. ആലപ്പുഴ മണ്ണഞ്ചേരിയില് ഗവ. ഹൈസ്കൂളിലെ ഒന്നാം നമ്പര് ബൂത്തില് വോട്ടിങ് മെഷീനില് സ്ഥാനാര്ഥിയുടെ പേര് തെളിയാത്തതിനെ തുടര്ന്ന് വോട്ടിങ് നിര്ത്തിവച്ചു. ബിഎസ്പിയുടെ ജില്ലാ പഞ്ചായത്ത് സ്ഥാനാര്ഥി ഷൈലജയുടെ പേരാണ് തെളിയാതിരുന്നത്. റീപോളിങ് വേണമെന്ന് ബിഎസ്പി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വോട്ട് ചെയ്യാനെത്തിയ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. തിരുവല്ലം വാര്ഡില് പാച്ചല്ലൂര് സ്കൂളില് ബൂത്ത് നമ്പര് 6ല് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ശാന്ത (73) എന്ന വോട്ടറാണ് വരിയില് നില്ക്കവേ കുഴഞ്ഞുവീണത്.
തിരുവനന്തപുരം മുതല് എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. മലയോര മേഖലയിലടക്കം കനത്ത പോളിങാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. മൂന്ന് കോര്പ്പറേഷനുകള്, 39 മുന്സിപ്പാലിറ്റികള്, ഏഴ് ജില്ലാ പഞ്ചായത്തുകള്, 75 ബ്ലോക്ക് പഞ്ചായത്തുകള്, 471 ഗ്രാമപഞ്ചായത്തുകള് എന്നിവിടങ്ങളിലേക്കാണ് ഇന്ന് ജനവിധി. 11168 വാര്ഡുകളിലേയ്ക്കാണ് തെരഞ്ഞെടുപ്പ്.



Recent Comments