തോന്നയ്ക്കലിൽ തടി കയറ്റി വന്ന ലോറി മറിഞ്ഞ് അപകടം

തോന്നയ്ക്കലിൽ തടി കയറ്റി വന്ന ലോറി മറിഞ്ഞ് അപകടം

ദേശീയപാതയിൽ മംഗലപുരം തോന്നയ്ക്കലിൽ തടി കയറ്റി വന്ന ലോറി മറിഞ്ഞ് അപകടം. തോന്നയ്ക്കൽ ആശാൻ സ്മാരകത്തിന് സമീപം ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ വെള്ളറട സ്വദേശികളായ ഡ്രൈവർ രതീഷിനും ക്ലീനർ അഖിലിനും പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ ആക്സിൽ ഒടിഞ്ഞതാണ് അപകടത്തിന് കാരണം എന്നാണ് അറിയുന്നത്.

സംസ്ഥാനത്ത് നാളെ ശക്തമായ മഴ, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് നാളെ ശക്തമായ മഴ, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ചയോടെ വീണ്ടും രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി നാളെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മ്യാന്മാര്‍- ബംഗ്ലാദേശ് തീരത്തിന് സമീപം മധ്യ കിഴക്കന്‍ – വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത നാലുദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കന്‍ ആന്‍ഡമാനും മ്യാന്മാറിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. സെപ്റ്റംബര്‍ 22 -ഓടെ ഇത് വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്കു നീങ്ങാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് വ്യാഴാഴ്ചയോടെ മ്യാന്മാര്‍- ബംഗ്ലാദേശ് തീരത്തിന് സമീപം മധ്യ കിഴക്കന്‍ – വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദമായി ഇത് രൂപപ്പെടാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

അറ്റകുറ്റപ്പണിയ്ക്ക് കൊണ്ടുപോയ ശബരിമല സന്നിധാനത്തെ സ്വർണപ്പാളികൾ തിരിച്ചെത്തിച്ചു

അറ്റകുറ്റപ്പണിയ്ക്ക് കൊണ്ടുപോയ ശബരിമല സന്നിധാനത്തെ സ്വർണപ്പാളികൾ തിരിച്ചെത്തിച്ചു

പത്തനംതിട്ട: ശബരിമല ദ്വാരാപലക ശിൽപ്പങ്ങളുടെ സ്വർണപ്പാളികൾ ചെന്നൈയിലെ കമ്പനിയിൽ നിന്നു സന്നിധാനത്തു തിരിച്ചെത്തിച്ചു. കോടതി അനുമതി വാങ്ങി തിരികെ സ്ഥാപിക്കാനാണ് തീരുമാനം. സ്വർണപ്പാളികൾ തീരുമാനമാകുന്നതു വരെ സ്ട്രോങ് റൂമിൽ സൂക്ഷിക്കും. അറ്റകുറ്റപ്പണികൾക്കായി കൊണ്ടു പോയി ഒരു മാസത്തിനു ശേഷമാണ് ഇവ സന്നിധാനത്ത് തിരിച്ചെത്തിച്ചത്.

കോടതി അനുമതിയില്ലാതെ സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടു പോയത് വലിയ വിവാദമായിരുന്നു. വിഷയത്തിൽ കോടതി ഇടപെട്ടു. അന്വേഷണത്തിനു ദേവസ്വം വിജിലൻസിനെ ചുമതലപ്പെടുത്തി. അതിനാൽ കോടതി അനുമതിയോടെയായിരിക്കും തുടർ നടപടികൾ. തന്ത്രിയുടെ നിർദ്ദേശമനുസരിച്ച് ശുദ്ധികലശം ചെയ്തു പ്രത്യേക പൂജകളോടെയായിരിക്കും സ്വർണപ്പാളി തിരികെ സ്ഥാപിക്കുക.

‘മോഹൻലാൽ എന്ന നടനെ നാളെ മുതൽ നിങ്ങൾ ഇഷ്ടമല്ല എന്ന് പറഞ്ഞാൽ ഒരു ബഹുമതിയുമില്ല, അത് പോയി’

‘മോഹൻലാൽ എന്ന നടനെ നാളെ മുതൽ നിങ്ങൾ ഇഷ്ടമല്ല എന്ന് പറഞ്ഞാൽ ഒരു ബഹുമതിയുമില്ല, അത് പോയി’

കൊച്ചി: വിമർശനങ്ങൾ വരുമെന്നും അതൊന്നും തോളിലേറ്റി നടക്കുന്ന ആളല്ല താനെന്നും നടൻ മോഹൻലാൽ. ദാദാ സാഹിബ് പുരസ്കാരം ലഭിച്ചതിൽ നന്ദി പറയാനായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കവേയാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്. “വിമർശനങ്ങൾ വരും, അത് തോളിലേറ്റി നടക്കുന്ന ആളല്ല ഞാൻ. എല്ലാത്തിനും അതിന്റേതായ സമയമില്ലേ ദാസാ. സിനിമ വിജയിക്കും പരാജയപ്പെടും.

സിനിമ ഒരു വിഷ്യസ് സർക്കിളാണ്, ഒരു മാജിക് ആണ്. നമുക്ക് അതിനേക്കുറിച്ച് ഒന്നും പറയാൻ പറ്റില്ല. സിനിമ വിജയിച്ചാൽ അത് ഭയങ്കരമായിട്ട് ആഘോഷിക്കപ്പെടും. ഒരു സിനിമ മോശമായാൽ താഴേക്ക് വരും. അത് പ്രത്യേകതരം ഒരു സൈക്കിളാണ്. അതിനകത്ത് 48 വർഷം നിൽക്കുക എന്ന് പറയുന്നത് ഒരു വലിയ സർക്കസ് ആണ്.

വളരെ വിദ​ഗ്ധമായിട്ട് നമ്മളെ താങ്ങി നിർത്താൻ ഒരുപാട് പേരുണ്ട്. നമ്മുടെ കൂടെ സഞ്ചരിക്കുന്ന ഒരുപാട് പേരുണ്ട്. അതുകൊണ്ടാണ് ഒരു ആർട്ടിസ്റ്റിന് നല്ല സിനിമകൾ ഉണ്ടാകണമെന്ന് പറയുന്നത്. തുടരും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയായിട്ട് മാറി. വളരെ വിജയമായ ഒരു സിനിമയാണ്. എംപുരാൻ, ഹൃദയപൂർവം അങ്ങനെ.

ഇനി വരാനിരിക്കുന്ന സിനിമകൾ വലിയ മഹത്തരമായ സിനിമകളാണെന്നൊന്നും ഞാൻ അവകാശപ്പെടുന്നില്ല. അതിലും ഇത്തരം നല്ല സിനിമകൾ ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കാനേ പറ്റുകയുള്ളൂ. ഞാനൊരുപാട് സ്വപ്നം കാണുന്ന ഒരാളല്ല. കാരണം പിന്നെ അത് കിട്ടിയില്ലെങ്കിൽ സങ്കടമാകും. വളരെ കുറച്ച് മാത്രം സ്വപ്നം കാണുന്ന ആളാണ് ഞാനും. എനിക്ക് കിട്ടുന്ന കാരക്ടർ നന്നായി ചെയ്യാൻ ശ്രമിക്കും.

നന്നായി ചെയ്യുമെന്ന് ഞാൻ പറയില്ല. ആ ശ്രമം സക്സസ് ആയാൽ നിങ്ങൾ സ്വീകരിക്കും. നമ്മളെ സഹായിക്കാൻ ഒരുപാട് പേര് വേണം. തനിച്ചൊരു സിനിമ ചെയ്യാൻ പറ്റില്ല. അത്തരം നല്ല സിനിമകളുണ്ടാകാൻ പ്രാർഥിക്കും. അതിന് വേണ്ടി ഒരു കൂട്ടായ ശ്രമത്തിന്റെ ഭാ​ഗമാകാൻ ഞാൻ തയ്യാറാണ്. എനിക്ക് ഈ ജോലി അല്ലാതെ വേറൊന്നും അറിയില്ല. മോഹൻലാൽ എന്ന നടനെ നാളെ മുതൽ നിങ്ങൾ ഇഷ്ടമല്ല എന്ന് പറഞ്ഞാൽ ഒരു ബഹുമതിയുമില്ല, അത് പോയി. ആ ബഹുമതിയുള്ള പേര് ചീത്തയാക്കാതെ പോവുക എന്നേയുള്ളൂ.- മോഹൻ‌ലാൽ പറഞ്ഞു.

ഡി വൈ എഫ് ഐ ഇളമ്പ പാലം യൂണിറ്റ് അമീബിക് മസ്തിഷ്ക്ക ജ്വരം പ്രതിരോധ ക്യാമ്പയിൻ നടത്തി

ഡി വൈ എഫ് ഐ ഇളമ്പ പാലം യൂണിറ്റ് അമീബിക് മസ്തിഷ്ക്ക ജ്വരം പ്രതിരോധ ക്യാമ്പയിൻ നടത്തി

ഡി വൈ എഫ് ഐ ഇളമ്പ പാലം യൂണിറ്റ് അമീബിക് മസ്തിഷ്ക്ക ജ്വരം പ്രതിരോധ ക്യാമ്പയിൻ നടത്തി. 100 വീടുകളിലാണ് ക്യാമ്പയിൻ നടത്തിയത്. സി പി എം മുദാക്കൽ മേഖല സെക്രട്ടറി ദിനേശ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി, ഡി വൈ എഫ് ഐ ഇളമ്പ പാലം യൂണിറ്റ് സെക്രട്ടറി അനന്ദു, ഡി വൈ എഫ് ഐ ഇളമ്പ പാലം യൂണിറ്റ് പ്രസിഡന്റ്‌ ആദർശ് തുടങ്ങിയവർ നേതൃത്വം നൽകി.