തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു

തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു

തിരുവനന്തപുരം: പേട്ടയില്‍ ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ വിനോദ് കണ്ണന്‍, ഹരിവിശാലാക്ഷി എന്നിവരാണ് മരിച്ചത്. കൊല്ലം- തിരുനെല്‍വേലി ട്രെയിന്‍ ഇടിച്ചാണ് അപകടം. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടുകൂടിയാണ് സംഭവം. ഇരുവരും മധുര സ്വദേശികളാണ്. ഗാര്‍ഡുമാരാണ് ട്രെയിന്‍ തട്ടിയ വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയപ്പോഴാണ് ഒരു പുരുഷന്റെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും. ഇരുവരും സുഹൃത്തുക്കള്‍ ആണ് എന്നാണ് പൊലീസ് പറയുന്നത്.

കൊച്ചിയിലെ 25 കോടിയുടെ ഓൺലൈൻ തട്ടിപ്പിൽ നിർണായക അറസ്റ്റ്

കൊച്ചിയിലെ 25 കോടിയുടെ ഓൺലൈൻ തട്ടിപ്പിൽ നിർണായക അറസ്റ്റ്

കൊച്ചി: വൻ ഓൺലൈൻ തട്ടിപ്പ് കേസിൽ നിർണായക അറസ്റ്റ് നടത്തി കൊച്ചി സിറ്റി പൊലീസ്. 25 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശിയായ ജി സുജിതയാണ് അറസ്റ്റിലായത്. കൊച്ചി സൈബർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻ്റ് ചെയ്തു. പ്രതിയുടെ സുഹൃത് ബന്ധങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് വിവരം. സുജിത അറിഞ്ഞത് പിടിയിലായപ്പോൾ തട്ടിപ്പ് സംഘത്തിൻ്റെ നിർദേശപ്രകാരം വലിയ ലാഭം പ്രതീക്ഷിച്ച കൊച്ചി സ്വദേശിയായ പരാതിക്കാരൻ 20 ഓളം അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നു. ആകെ 25 കോടി രൂപയാണ് കൈമാറിയത്. ഈ അക്കൗണ്ടുകളിൽ ഒന്ന് പാലാരിവട്ടം ഫെഡറൽ ബാങ്ക് ശാഖയിലേതായിരുന്നു. ഇത് അന്വേഷിച്ച പൊലീസിന് അക്കണ്ട് ഉടമ കൊല്ലം സ്വദേശിയായ സുജിതയാണെന്ന് മനസിലായി.

വിശദമായ അന്വേഷണത്തിൽ പരാതിക്കാരൻ്റെ അക്കൗണ്ടിൽ നിന്ന് സുജിതയുടെ അക്കൗണ്ടിലേക്ക് പണം എത്തിയെന്നും തുക വിദേശത്തുള്ള അക്കൗണ്ടിലേക്ക് യുവതിയുടെ സഹായത്തോടെ മുഖ്യപ്രതികൾ കടത്തിയെന്നും മനസിലായി. ഈ തുക കൈമാറുന്നതിന് സുജിത കമ്മീഷനും കൈപ്പറ്റിയിരുന്നതായി പൊലീസ് പറയുന്നു. ദിവസങ്ങോളം പൊലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു സുജിത. എന്നാൽ സുജിത ഇക്കാര്യം അറിഞ്ഞതേയില്ല. കേസിൽ പ്രതിക്കെതിരെ സൈബർ തെളിവുകളടക്കം ശേഖരിച്ച പൊലീസ് ഇതെല്ലാം നിരത്തിയാണ് ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തത്. പൊലീസുകാരോട് പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം.

ഏഷ്യാ കപ്പിൽ നിന്ന് പിന്മാറാനുള്ള പാകിസ്ഥാൻ തീരുമാനത്തിൽ ട്വിസ്റ്റ് ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്

ഏഷ്യാ കപ്പിൽ നിന്ന് പിന്മാറാനുള്ള പാകിസ്ഥാൻ തീരുമാനത്തിൽ ട്വിസ്റ്റ് ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്

ഏഷ്യാ കപ്പിൽ നിന്ന് പിന്മാറാനുള്ള പാകിസ്ഥാൻ തീരുമാനത്തിൽ ട്വിസ്റ്റ് ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. തീരുമാനത്തിൽ നിന്ന് പാകിസ്ഥാനെ അനുനയിപ്പിക്കാൻ ഐസിസി ശ്രമം.

ആൻഡി പൈക്രോഫ്റ്റിനെ റഫറി സ്ഥാനത്ത് നിന്നും മാറ്റാതെ കളിക്കില്ലെന്ന പാകിസ്ഥാന്‍റെ നിലപാട് ഐ സി സി അംഗീകരിക്കുമോയെന്നത് കണ്ടറിയണം. ചർച്ചകൾ തുടരുകയാണെന്നും പാകിസ്ഥാനെ അനുനയിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഐ സി സി വ്യക്തമാക്കി. മത്സരം തുടങ്ങേണ്ട സമയം 8 മണിയിൽ നിന്ന് 9 മണിയിലേക്ക് നീട്ടി. പിന്മാറ്റം പ്രഖ്യാപിക്കാനായി പി സി ബി വിളിച്ചുചേർത്ത വാർത്താസമ്മേളനം നീട്ടിവച്ചിട്ടുണ്ട്.

മത്സരം ഉപേക്ഷിച്ചിട്ടില്ലെന്ന് ഐ സി സിയും ഒരു മണിക്കൂർ വൈകുമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും അറിയിച്ചു. അതിനിടെ പാക് താരങ്ങൾ ഗ്രൗണ്ടിലെത്താനായി ഹോട്ടലിൽ നിന്നും ഇറങ്ങിയതായി റിപ്പോർട്ടുകളുണ്ട്.

കിളിമാനൂർ ബ്ലോക്കിലെ പച്ചത്തുരുത്തകൾക്ക് പുരസ്കാര പെരുമഴ

കിളിമാനൂർ ബ്ലോക്കിലെ പച്ചത്തുരുത്തകൾക്ക് പുരസ്കാര പെരുമഴ

ഹരിത കേരളം മിഷന്റെ മികച്ച പച്ചത്തുരുത്തുകൾക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരത്തിൽ ജില്ലാതലത്തിൽ വിവിധ ഇനങ്ങളിലായി നാല് പുരസ്കാരങ്ങൾ നേടുകയും സംസ്ഥാനതല മികച്ച പരിസ്ഥിതി പ്രവർത്തകനുമുള്ള പ്രത്യേക ജൂറി പുരസ്കാരവും നേടി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്.

ജില്ലയിൽ നൂറിലധികം പച്ചത്തുരുത്തുകൾ ഉള്ള കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ ഏറ്റവും അധികം പച്ചത്തുരുത്തുകൾ ഉള്ള കരവാരം ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ എൻജിനീയർ അനീഷ് പപ്പൻ സംസ്ഥാനതല ജൂറി പ്രത്യേക പുരസ്‌കാരം നേടി.

ജില്ലാതല തദ്ദേശ സ്വയംഭരണ വകുപ്പ് ഇനത്തിൽ ഒന്നാം സ്ഥാനം കരവാരം ഗ്രാമപഞ്ചായത്ത്, പ്രകൃതി പച്ചത്തുരുത്ത് മൂന്നാം സ്ഥാനം കിളിമാനൂർ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് വളപ്പിലെ ബ്ലോക്ക് പച്ച തുരുത്തിനും വിദ്യാലയങ്ങളുടെ വിഭാഗത്തിൽ നഗരൂർ ഗ്രാമപഞ്ചായത്തിലെ പേരൂർ യുപിഎസിലെ കാട്ടുചന്ത പച്ചതുരുത്ത് രണ്ടാം സ്ഥാനവും, മറ്റ് സ്ഥാപനങ്ങളുടെ വിഭാഗത്തിൽ കരവാരം ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം വളപ്പിലെ പി എച്ച് സി പച്ചത്തുരുത്ത് മൂന്നാം സ്ഥാനവും നേടി.

ജില്ലാതലത്തിൽ വിവിധ വിഭാഗങ്ങളിലായി നൂറിലധികം പച്ചത്തുരുത്തുകൾ മത്സരിച്ചതിൽ ആണ് കിളിമാനൂർ ബ്ലോക്കിന് ഈ അഭിമാനകരമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്.

വി.റ്റി പ്രവീൺ കുമാർ (50) അന്തരിച്ചു

വി.റ്റി പ്രവീൺ കുമാർ (50) അന്തരിച്ചു

ആറ്റിങ്ങൽ: ഒലിപ്പുറത്ത് കുന്ന് തിരുവാതിരയിൽ വി.റ്റി പ്രവീൺ കുമാർ (50) അന്തരിച്ചു.
ഭാര്യ: ആശ.
മക്കൾ: പി പ്രിനു, പി പ്രിദ്യൂ.
സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 മണിക്ക്