ഗണേശ വിഗ്രഹ ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറി; ഒന്‍പത് മരണം; 22 പേര്‍ക്ക് പരിക്ക്

ഗണേശ വിഗ്രഹ ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറി; ഒന്‍പത് മരണം; 22 പേര്‍ക്ക് പരിക്ക്

ബംഗളൂരു: ഹാസനില്‍ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറി ഒന്‍പത് പേര്‍ മരിച്ചു. ഇരുപതിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ഹാസനിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ കൂടാന്‍ ഇടയുണ്ട്. ഇന്നലെ രാത്രി ഹൊളെ നരസിപ്പുര ഹൊസഹള്ളിക്ക് സമീപം ആയിരുന്നു അപകടം.

വിഗ്രഹ നിമജ്ജന ഘോഷയാത്രയില്‍ ഡിജെ സംഘത്തിന് നേര്‍ക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. ട്രക്കിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. അപകടത്തിന് ശേഷം ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

പ്രധാനമന്ത്രി ഇന്ന് മണിപ്പൂരില്‍; 8500 കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കും; കനത്ത സുരക്ഷ

പ്രധാനമന്ത്രി ഇന്ന് മണിപ്പൂരില്‍; 8500 കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കും; കനത്ത സുരക്ഷ

ന്യൂഡല്‍ഹി: വംശീയ കലാപത്തിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂരിലെത്തും. ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയെത്തുന്ന പ്രധാനമന്ത്രി ചുരാചന്ദ്പുരിലും ഇംഫാലിലും നടക്കുന്ന പരിപാടികളില്‍ പങ്കെടുത്ത ശേഷം അസമിലേക്ക് തിരിക്കും. 2023 മേയില്‍ വംശീയകലാപം തുടങ്ങിയ മണിപ്പുരില്‍ രണ്ട് വര്‍ഷത്തിനും നാല് മാസത്തിനും ശേഷമാണ് പ്രധാനമന്ത്രിയെത്തുന്നത്. മിസോറമില്‍ നിന്ന് കുക്കി ഭൂരിപക്ഷമേഖലയായ ചുരാചന്ദ്പുരിലേക്കാണ് മോദി ആദ്യമെത്തുക. അഞ്ച് മണിക്കൂര്‍ നേരം മോദി മണിപ്പൂരില്‍ ചെലവഴിക്കും. മണിപ്പൂരിന്റെ വികസനമാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് മോദി പറഞ്ഞു.

ചുരാചന്ദ്പുരില്‍ 7300 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് മോദി തറക്കല്ലിടും. മെയ്തി-കുക്കി മേഖലകള്‍ക്ക് പ്രത്യേക സാമ്പത്തികപാക്കേജും പ്രഖ്യാപിക്കും. തുടര്‍ന്ന് മോദി രണ്ടരയോടെ ഇംഫാലില്‍ എത്തും. അവിടെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കും. 1200 കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കും. മണിപ്പൂര്‍ കലാപത്തിന്റെ ഇരകളെയും മോദി കാണും. അതിനിടെ, ചുരാചന്ദ്പുരില്‍ സംഘര്‍ഷമുണ്ടായത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങളും അലങ്കാരങ്ങളും ഒരുസംഘം നശിപ്പിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് വഴുതിയത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.

തുടര്‍ന്ന് അസം, പശ്ചിമ ബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളും മോദി സന്ദര്‍ശിക്കും. സെപ്റ്റംബര്‍ 13-ന് ഗുവഹാത്തിയില്‍ നടക്കുന്ന ഡോ. ഭൂപന്‍ ഹസാരികയുടെ നൂറാം ജന്മവാര്‍ഷികാഘോഷങ്ങളില്‍ മോദി പങ്കെടുക്കും. പിറ്റേദിവസം അസമില്‍ 18,530 കോടിയുടെ വിവിധ പദ്ധതികള്‍ക്ക് ശിലാസ്ഥാപനം നടത്തുകയും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കും.

സെപ്റ്റംബര്‍ 15-ന് പ്രധാനമന്ത്രി പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കും. രാവിലെ ഒന്‍പതരയ്ക്ക് കാല്‍ക്കത്തയില്‍ വെച്ച് നടക്കുന്ന 16-ാമത് സംയുക്ത കമാന്‍ഡേഴ്സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. തുടര്‍ന്ന് ബിഹാറിലെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 2:45-ന് പൂര്‍ണിയ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ കെട്ടിടം ഉദ്ഘാടനം ചെയ്യും. കൂടാതെ, പൂര്‍ണിയയില്‍ ഏകദേശം 36,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ പ്രഖ്യാപിക്കും. അവിടെ നടക്കുന്ന പൊതുപരിപാടിയിലും മോദി സംസാരിക്കും.

സുനിൽ കൊടുവഴന്നൂർ  ഓർമ്മ പുരസ്കാരം – ഓൺലൈൻ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനം  അഷ്ടമി ശശികുമാറിന്

സുനിൽ കൊടുവഴന്നൂർ ഓർമ്മ പുരസ്കാരം – ഓൺലൈൻ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനം അഷ്ടമി ശശികുമാറിന്

ആറ്റിങ്ങൽ: പ്രതീക്ഷ യൂത്ത് ആൻഡ് സോഷ്യൽ ഡെവലപ്മെൻ്റ് സെൻ്ററിൻ്റെ ഓണാഘോഷത്തോട് അനുബന്ധിച്ച് എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന സുനിൽ കൊടുവഴന്നൂ രിൻ്റെ ഓർമ്മയ്ക്കായി ഹൈ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ കഥാരചന മത്സരവിജയികളെ തിരഞ്ഞെടുത്തു. ഗവ .ഹൈസ്കൂൾ അവനവഞ്ചേ രിയിലെ അഷ്ടമി ശശികുമാർ ഒന്നാം സ്ഥാനം നേടി. ഗവ.ഗേൾസ് കന്യാകുളങ്ങരയിലെ ദേവിക എസ് എ , ഗവ.ജി എച്ച് എസ് എസ് കൊടുവഴന്നൂ രിലെ ദേവനന്ദ വി എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. ഗവ.ജി എച്ച് എസ് എസ് കൊടുവഴന്നൂ രിലെ സാഫല്യ എസ് മൂന്നാം സ്ഥാനം നേടി.

കേരളത്തിലും വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം ഉടന്‍

കേരളത്തിലും വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം ഉടന്‍

തിരുവന്തപുരം: ബിഹാറില്‍ തുടക്കമിട്ട വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണം കേരളത്തിലും നടപ്പാക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഇത് പൂര്‍ത്തിയാക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമയക്രമം പ്രഖ്യാപിക്കുന്നമുറയ്ക്ക് പട്ടിക പുതുക്കല്‍ തുടങ്ങുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2002ലെ പട്ടിക അടിസ്ഥാനമാക്കിയാണ് വോട്ടര്‍ പട്ടിക പുതുക്കുക. ഇതിന് മൂന്നുമാസം വേണ്ടിവരുമെന്ന് സിഇഒ പറഞ്ഞു. 2002ലെ പട്ടികയിലുള്ളവര്‍ പേര് നിലനിര്‍ത്താന്‍ പുതിയതായി രേഖകള്‍ നല്‍കേണ്ട. 2002നുശേഷം പേരു ചേര്‍ത്ത, 2005ലെ പട്ടികയിലുള്ളവര്‍ കമ്മീഷന്‍ ആവശ്യപ്പെടുന്ന രേഖകളില്‍ ഏതെങ്കിലും ഒന്ന് നല്‍കണം. ആധാര്‍ കാര്‍ഡും രേഖയായി പരിഗണിക്കും.

പുതുതായി പേരു ചേര്‍ക്കുന്നവരും രേഖ നല്‍കണം. രണ്ടുപട്ടികയിലും പേരുള്ള എല്ലാവരും എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കണം. വോട്ടര്‍പട്ടിക വെബ്‌സൈറ്റിലുണ്ടാകും. പേരു ചേര്‍ക്കുന്നതിനൊപ്പം ഒഴിവാക്കാനും മറ്റൊരിടത്തേക്ക് മാറ്റാനും അവസരമുണ്ട്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധിക്ക് പേരുചേര്‍ക്കാവുന്നവരുടെ എണ്ണം 50 ആയിരിക്കാനാണ് സാധ്യത.

ഇന്ത്യന്‍ പൗരത്വമുള്ളവര്‍ക്കും പതിനെട്ടുവയസു പൂര്‍ത്തിയായവര്‍ക്കും നിയമപ്രകാരം അയോഗ്യത ഇല്ലാത്തവര്‍ക്കും എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പട്ടികയില്‍ പേര് ഉറപ്പാക്കാം. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലെത്തി വിവരങ്ങള്‍ ഉറപ്പാക്കും. പ്രവാസി വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈനായി അപേക്ഷാ ഫോം പൂരിപ്പിച്ച് നല്‍കാം. തുടര്‍ന്ന് ബിഎല്‍ഒ വീട്ടിലെത്തുമ്പോള്‍ വിവരങ്ങള്‍ വീട്ടുകാരില്‍ നിന്ന് ശേഖരിക്കുന്ന രീതിയിലാണ് സംവിധാനമൊരുക്കിയിട്ടുള്ളത്.

ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ തർക്കം.. ആദ്യ ദിനം സർവത്ര ആശയക്കുഴപ്പം

ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ തർക്കം.. ആദ്യ ദിനം സർവത്ര ആശയക്കുഴപ്പം

മദ്യത്തിന്റെ പ്ലാസ്റ്റിക് കാലിക്കുപ്പി, വാങ്ങിയ ഔട്ട്‌ലെറ്റിൽ തിരിച്ചുകൊടുത്താൽ നിക്ഷേപത്തുകയായ 20 രൂപ മടക്കി നൽകുന്ന ബിവറേജസ് കോർപറേഷന്റെ പദ്ധതിയിൽ ആദ്യദിവസം തന്നെ കുപ്പികൾ തിരിച്ചെത്തി തുടങ്ങി. ക്വാർട്ടർ കുപ്പികളാണ് (180 എംഎൽ) തിരികെ എത്തിയതിലേറെയും. 20 രൂപ നിക്ഷേപത്തുകയ്ക്ക് നൽകേണ്ട രസീത് അച്ചടി പൂർത്തിയായി ഔട്ട്‌ലെറ്റുകളിൽ എത്തിക്കാതിരുന്നത് പലയിടത്തും തർക്കങ്ങൾക്കിടയാക്കി.

കുപ്പി തിരിച്ചുകൊടുക്കാനായി ഔട്ട്‌ലെറ്റിന് സമീപത്ത് തന്നെ മദ്യപിക്കുന്നവരുടെ എണ്ണം കൂടി. രാവിലെ 9ന് ഔട്ട്‌ലെറ്റ് തുറന്ന ഉടൻ മദ്യം വാങ്ങിപ്പോയവർ മിനിറ്റുകൾക്കുള്ളിൽ കാലിക്കുപ്പിയുമായി തിരിച്ചെത്തി. ചിലർ ഔട്ട്‌ലെറ്റിന്റെ പരിസരത്ത് തന്നെ മദ്യം അകത്താക്കി കുപ്പി തിരികെ ഏൽപ്പിച്ചു. മറ്റ് ചിലർ വാങ്ങിയ മദ്യം കുപ്പി പൊട്ടിച്ച് ഒപ്പം കൊണ്ടുവന്ന കുപ്പിയിലേക്ക് മാറ്റി കാലിക്കുപ്പി തിരിച്ചേൽപ്പിച്ച് 20 രൂപ തിരിക വാങ്ങി.

കാലിക്കുപ്പി വാങ്ങാൻ 20 രൂപ തിരിച്ചുകൊടുക്കാൻ പ്രത്യേക കൗണ്ടർ തുറക്കുമെന്നും കുടുംബശ്രീ പ്രവർത്തകരെ നിയോഗിക്കുമെന്നും പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. പലയിടത്തും അച്ചടിച്ച രസീത് എത്തിയിരുന്നില്ല. അധികം വാങ്ങുന്ന തുകയ്ക്ക് രസീത് നൽകണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു. ഇത് തർക്കത്തിലേക്ക് എത്തിച്ചു. നിലവിലുള്ള കൗണ്ടറുകൾ വഴി തന്നെയായിരുന്നു കുപ്പി തിരികെ വാങ്ങിയത്. കൗണ്ടറിൽ ബിൽ ചെയ്യുന്ന ജീവനക്കാരൻ തന്നെ കുപ്പിക്കുപുറത്ത് ലേബൽ പതിപ്പിക്കേണ്ടിവന്നത് തിരക്കേറിയ സമയങ്ങളിൽ ബുദ്ധിമുട്ടുണ്ടാക്കി.

തിരുവനന്തപുരം ജില്ലയിൽ ഏറ്റവും അധികം മദ്യവിൽപന നടക്കുന്ന പവർഹൗസ് റോഡ് ഔട്ട്‌ലെറ്റിൽ ബുധനാഴ്ച രാത്രി 7 വരെ 400 കുപ്പികൾ തിരിച്ചെത്തി. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ 10 വീതം ഔട്ട്‌ലെറ്റുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി തുടങ്ങിയത്. എല്ലായിടത്തും ആദ്യദിനം ആശയക്കുഴപ്പമുണ്ടായി. മദ്യം വാങ്ങുന്ന ഔട്ട്‌ലെറ്റിൽ തന്നെ കാലിക്കുപ്പി തിരിച്ചേൽപ്പിച്ചാൽ മാത്രമേ 20 രൂപ ലഭിക്കൂവെന്ന നിബന്ധന ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് പുതിയ പരാതി. 20 രൂപയ്ക്ക് വേണ്ടി കുപ്പി സൂക്ഷിച്ചുവെച്ച്, ഇതേ ഔട്ട്‌ലെറ്റ് തേടിവരുന്നത് എങ്ങനെ പ്രായോഗികമാകുമെന്നാണ് മദ്യ ഉപഭോക്താക്കൾ ചോദിക്കുന്നത്. ഫലത്തിൽ പദ്ധതി നടപ്പാക്കുന്ന ഔട്ട്‌ലെറ്റുകളിൽ മാത്രം മദ്യവില 20 രൂപ ഉയർന്നു