യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

മലപ്പുറം:യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. പള്ളിക്കല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും പഞ്ചായത്ത് ഭരണസമിതി അംഗവുമായ കരിപ്പൂര്‍ വളപ്പില്‍ വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജമാലിനെയാണ് (35) തേഞ്ഞിപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ വിവാഹ വാഗ്ദാനം നല്‍കി കാക്കഞ്ചേരിയിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

തിങ്കളാഴ്ചയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ജമാല്‍ പഞ്ചായത്ത് അംഗത്വം സ്വയം രാജിവയ്ക്കണമെന്നും തയ്യാറായില്ലെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റോ പഞ്ചായത്ത് ഡയറക്ടറോ അദ്ദേഹത്തെ പുറത്താക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. എന്നാല്‍, ലഹരി മാഫിയയ്‌ക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് ജമാലിനെ കേസില്‍ കുരുക്കി വേട്ടയാടുന്നതെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

നിരത്ത് കീഴടക്കാന്‍ കെഎസ്ആര്‍ടിസി; 143 പുത്തന്‍ ബസുകള്‍ ഇന്നു മുതൽ‌ റോഡില്‍, അത്യാധുനിക സൗകര്യങ്ങള്‍

നിരത്ത് കീഴടക്കാന്‍ കെഎസ്ആര്‍ടിസി; 143 പുത്തന്‍ ബസുകള്‍ ഇന്നു മുതൽ‌ റോഡില്‍, അത്യാധുനിക സൗകര്യങ്ങള്‍

തിരുവനന്തപുരം: പുത്തന്‍ ബസുകളുമായി നിരത്ത് കീഴടക്കാന്‍ ഒരുങ്ങുന്ന കെഎസ്ആര്‍ടിസിയുടെ 143 ബസുകളുടെ ഫ്‌ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും. വൈകീട്ട് 5.30ന് ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് ആണ് ചടങ്ങ്. കെഎസ്ആര്‍ടിസിയിലെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും നടക്കും. ബിഎസ് 6 വിഭാഗത്തിലുള്ളതാണ് ബസുകള്‍.

ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ്, ലിങ്ക്,വോള്‍വോ, എസി സീറ്റര്‍ കം സ്ലീപ്പര്‍, എസി സ്ലീപ്പര്‍, എസി സീറ്റര്‍, മിനി ബസ് എന്നീ വിഭാഗത്തിലാണ് പുതിയ ബസുകള്‍. വോള്‍വോയില്‍ സഞ്ചരിക്കാന്‍ നടന്‍ മോഹന്‍ലാലും എത്തും. ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ചായിരിക്കും പുതിയ ലിങ്ക് സര്‍വീസുകള്‍. ദേശീയപതാകയുടെ കളര്‍ തീമില്‍ ഒരുക്കിയ ബോഡിയില്‍ കഥകളി ചിത്രം ആലേഖനം ചെയ്താണ് സീറ്റര്‍ കം സ്ലീപ്പര്‍, സ്ലീപ്പര്‍ ബസ്. പുഷ്ബാക്ക് സംവിധാനത്തിനൊപ്പം ഇരുനിറത്തിലുള്ള ലെതര്‍ സീറ്റുകളാണ്. ഓരോ സീറ്റിലും ചാര്‍ജര്‍, ഹാന്‍ഡ് റെസ്റ്റ്, ഫുട്ട് റെസ്റ്റ് എന്നിവയുമുണ്ട്.

സ്ലീപ്പര്‍ ബസിലെ ബെര്‍ത്തില്‍ എസി വെന്റ്, റീഡിങ് ലൈറ്റ്, മൊബൈല്‍ ഹോള്‍ഡര്‍, പ്ലഗ് പോയിന്റ്, ബോട്ടില്‍ ഹോള്‍ഡര്‍, ലഗേജ് വയ്ക്കാനുള്ള സ്ഥലം, കര്‍ട്ടന്‍ എന്നിവയുണ്ട്. ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക് ബസിനും വ്യത്യസ്ത നിറമാണ്. എല്ലാബസിലും വൈഫൈ കണക്ഷന്‍ നല്‍കാവുന്ന ടിവിയും പുറത്തും അകത്തും കാമറകളുമുണ്ടാകും. ഫ്‌ലാഗ്ഓഫ് ചടങ്ങില്‍ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും.

പന്ത്രണ്ട് ദിവസത്തെ ഇടിവിന് വിരാമം, ഫസ്റ്റ് ഗിയറിലിട്ട് കുതിച്ച് സ്വര്‍ണവില

പന്ത്രണ്ട് ദിവസത്തെ ഇടിവിന് വിരാമം, ഫസ്റ്റ് ഗിയറിലിട്ട് കുതിച്ച് സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. എട്ടാം തീയതിക്ക് ശേഷമുള്ള ദിവസങ്ങളില്‍ 2300 രൂപ ഇടിഞ്ഞ സ്വര്‍ണവില ഇന്ന് 400 രൂപയാണ് വര്‍ധിച്ചത്. 73,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 9230 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഈ മാസം ഒന്‍പതാം തീയതി മുതലാണ് ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. എട്ടിന് രേഖപ്പെടുത്തിയ 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം. പിന്നീടുള്ള ദിവസങ്ങളില്‍ വില കുറഞ്ഞതല്ലാതെ വര്‍ധന ഉണ്ടായിട്ടില്ല. പന്ത്രണ്ട് ദിവസത്തിനിടെ 2300 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്.

ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ 2500 രൂപയിലധികം വര്‍ധിച്ച ശേഷമാണ് 9-ാം തീയതി മുതല്‍ കുറയാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

കുഞ്ഞുങ്ങൾക്ക് ഊഞ്ഞാലൊരുക്കി കുടവൂർക്കോണം ഗവൺമെൻ്റ് ഹൈസ്കൂൾ

കുഞ്ഞുങ്ങൾക്ക് ഊഞ്ഞാലൊരുക്കി കുടവൂർക്കോണം ഗവൺമെൻ്റ് ഹൈസ്കൂൾ

ആറ്റിങ്ങൽ: കുടവൂർക്കോണം ഗവൺമെൻ്റ് ഹൈസ്കൂളിൽ ഓണത്തെ വരവേൽക്കാൻ കുഞ്ഞുങ്ങൾക്ക് ഊഞ്ഞാലൊരുക്കി. പഴയ കാലത്തെപ്പോലെ ഓണത്തിന് വീടുകളിൽ ഊഞ്ഞാലിടുന്ന പതിവ് ഇല്ലാതായതോടെ സ്കൂളിൽ ഒരുക്കിയ ഊഞ്ഞാലിലാടാൻ കുട്ടികൾ വലിയ സന്തോഷവും ഉത്സാഹവും കാണിക്കുന്നു. ഇത് കാണുമ്പോൾ അവർക്കായി ഊഞ്ഞാലൊരുക്കിയ അധ്യാപകരുടെ മനസ്സിലും സന്തോഷം പൂവിടുന്നു.
.

മകളുടെ കൈ പിടിച്ച് മണ്ഡപത്തിലേക്ക്; ആര്യയും സിബിനും വിവാഹിതരായി

മകളുടെ കൈ പിടിച്ച് മണ്ഡപത്തിലേക്ക്; ആര്യയും സിബിനും വിവാഹിതരായി

നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. കൊറിയോ​ഗ്രഫറും ഡിജെയുമായ സിബിൻ ബെഞ്ചമിനാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങൾ ആര്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘സ്നേഹം നിറഞ്ഞ ദിവസം, ഒരു ജീവിതകാലത്തേക്ക്’- എന്ന ക്യാപ്ഷനോടെയാണ് ആര്യ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

താരങ്ങളടക്കം നിരവധി പേരാണ് നവദമ്പതികൾക്ക് വിവാഹമം​ഗളാശംസകൾ നേർന്നിരിക്കുന്നത്. പ്രിയ മണി, ഷംന കാസിം, അശ്വതി ശ്രീകാന്ത്, അര്‍ച്ചന സുശീലന്‍ തുടങ്ങി നിരവധി പേരാണ് ആശംസകൾ അറിയിച്ചത്. മകൾ ഖുഷിയുടെ കൈ പിടിച്ചാണ് ആര്യ വിവാഹ വേദിയിലെത്തിയത്.

നിറ ചിരിയോടെ ആര്യയ്ക്കും സിബിനുമരികിൽ നിൽക്കുന്ന ഖുഷിയെ ചിത്രങ്ങളിൽ കാണാം. ഇക്കഴിഞ്ഞ മേയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വര്‍ഷങ്ങളായി ആര്യയുടെ അടുത്ത സുഹൃത്താണ് സിബിന്‍. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ആര്യയ്ക്ക് ആദ്യ വിവാഹത്തില്‍ പിറന്ന മകളാണ് ഖുഷി. സിബിനും ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്.