by Midhun HP News | Aug 19, 2025 | Latest News, കേരളം
തൃശൂര്‍: ആലുവയില്‍ അഞ്ചു വയസ്സുള്ള ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലത്തിന് ജയിലില്‍ വെച്ച് മര്‍ദ്ദനമേറ്റു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഞായറാഴ്ചയായിരുന്നു സംഭവം.
വരാന്തയിലൂടെ നടന്നുപോകുമ്പോള്‍ സഹതടവുകാരനായ കോട്ടയം സ്വദേശി രഹിലാല്‍ ആക്രമിക്കുകയായിരുന്നു. ജയിലിലെ ഡി ബ്ലോക്കിലായിരുന്നു ഇരുവരെയും പാര്‍പ്പിച്ചിരുന്നത്. ‘നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കും അല്ലേടാ… ‘ എന്നു ചോദിച്ചായിരുന്നു മർദ്ദനം.


സ്പൂണ്‍ കൊണ്ട് അസഫാകിന്റെ തലയിലും മുഖത്തും കുത്തി. മര്‍ദ്ദനത്തില്‍ അസഫാക്കിന് പരിക്കേറ്റു. സംഭവത്തില്‍ അസഫാക് ആലത്തിന്റെ പരാതിയില്‍ തടവുകാരന്‍ രഹിലാലിനെതിരെ കേസെടുത്തു. ഇരുവരേയും വേവ്വേറെ ബ്ലോക്കിലേക്ക് മാറ്റുമെന്ന് ജയില്‍ അധികൃതര്‍ സൂചിപ്പിച്ചു.
ബിഹാർ സ്വദേശിയായ 5 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലത്തിന് (28) എറണാകുളം പോക്സോ പ്രത്യേക കോടതി വധശിക്ഷ വിധിച്ചിരുന്നു. തായിക്കാട്ടുകരയിൽനിന്നു തട്ടിക്കൊണ്ടുപോയ പെൺകുഞ്ഞിന്റെ മൃതദേഹം 2023 ജൂലൈ 28ന് ആലുവ മാർക്കറ്റിന് സമീപം ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.

by Midhun HP News | Aug 19, 2025 | Latest News, കേരളം
കാസര്‍കോട്: കുണ്ടംകുഴിയില്‍ അടിയേറ്റ് വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്ന സംഭവത്തില്‍ ഹെഡ്മാസ്റ്റര്‍ക്കെതിരെ പൊലീസ് കേസ്. ഹെഡ്മാസ്റ്റര്‍ എം അശോകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അശോകനെതിരെ വകുപ്പുതല നടപടിയും സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസം തെറ്റ് സംഭവിച്ചതായി ഹെഡ്മാസ്റ്റര്‍ ഏറ്റുപറഞ്ഞിരുന്നു. പിടിഎ യോഗത്തില്‍ അധ്യാപകന്‍ തെറ്റ് സമ്മതിച്ചതായി അറിയിക്കുകയായിരുന്നു. കുട്ടിക്ക് ചികിത്സ സഹായം വാഗ്ദാനം ചെയ്തതായും അടിച്ചപ്പോള്‍ ലക്ഷ്യം തെറ്റുകയായിരുന്നുവെന്നും അധ്യാപകന്‍ യോഗത്തില്‍ അറിയിച്ചു. അതിനിടെ വിദ്യാര്‍ഥിക്ക് അധ്യാപകന്റെ മര്‍ദനത്തില്‍ പരിക്കേറ്റ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്. വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്ന് തെറ്റുണ്ടായാല്‍ നിയമംനോക്കി മാത്രമേ ശിക്ഷിക്കാവൂ എന്നും ഒരു കാരണവശാലും കുട്ടികളെ ഉപദ്രവിക്കുന്ന നിലയുണ്ടാകാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. നേരത്തെ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

കുണ്ടംകുഴി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിക്കാണ് അധ്യാപകന്റെ ക്രൂരമര്‍ദനമേറ്റത്. ഓഗസ്റ്റ് 11നായിരുന്നു സംഭവം. സ്‌കൂള്‍ അസംബ്ലിക്കിടെ വികൃതി കാണിച്ചെന്ന് ആരോപിച്ചാണു മര്‍ദിച്ചതെന്നും മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം നിന്ന കുട്ടിയുടെ മുഖത്തടിക്കുകയും വലതുചെവിയില്‍ പിടിച്ചു പൊക്കുകയുമായിരുന്നെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.
വിദ്യാര്‍ഥിയെ ബേഡകം താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നിര്‍ദേശിച്ചു. തുടര്‍ന്ന്, കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് വലതുചെവിക്കു കേള്‍വിക്കുറവുണ്ടെന്നും കര്‍ണപുടം പൊട്ടിയെന്നും കണ്ടെത്തി. കുട്ടിയെ ശസ്ത്രക്രിയയ്ക്കു വിധേനമാക്കണമെന്നാണു ഡോക്ടര്‍മാരുടെ നിര്‍ദേശം.

ആദ്യം പ്രധാന അധ്യാപകന്‍ ആരോപണം നിഷേധിച്ചിരുന്നു. സമീപത്തെ കടയില്‍ കുട്ടികള്‍ മോഷണം നടത്തിയതായി മറ്റൊരു അധ്യാപകന്‍ പറഞ്ഞതിനെത്തുടര്‍ന്നു കുട്ടികളെ ശാസിച്ചിരുന്നു. അതിന്റെ വിരോധത്തിലാകാം, കുട്ടി വീട്ടില്‍ പരാതി പറഞ്ഞതെന്നായിരുന്നു അധ്യാപകന്റെ വിശദീകരണം.
by Midhun HP News | Aug 19, 2025 | Latest News, കേരളം
ന്യൂഡല്‍ഹി: മിസ് യൂണിവേഴ്‌സ് ഇന്ത്യ 2025 കിരീടം മാനിക വിശ്വകര്‍മ്മ കരസ്ഥമാക്കി. രാജസ്ഥാന്‍ സ്വദേശിനിയാണ്. ജയ്പൂരില്‍ നടന്ന ഫൈനല്‍ മത്സരത്തിലാണ് മാനിക വിശ്വകര്‍മ്മ കിരീടം സ്വന്തമാക്കിയത്.

ഉത്തര്‍പ്രദേശ് സ്വദേശിനി തന്യ ശര്‍മ്മ ആദ്യ റണ്ണറപ്പായി. ഹരിയാന സ്വദേശികളായ മേഹക് ദിംഗ്ര, അമിഷി കൗഷിക് എന്നിവര്‍ രണ്ടും മൂന്നും റണ്ണര്‍ അപ്പുകളായി തെരഞ്ഞെടുക്കപ്പെട്ടു.


by Midhun HP News | Aug 19, 2025 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റായ കെഫോണിലൂടെ ഇനി ഒടിടി സേവനങ്ങളും. കെഫോണ്‍ ഇന്റര്‍നെറ്റിനൊപ്പം ജിയോ ഹോട്ട്സ്റ്റാര്‍, ആമസോണ്‍ പ്രൈം ലൈറ്റ്, സോണി ലിവ്, തുടങ്ങി 29 ഒടിടി പ്‌ളാറ്റ്‌ഫോമുകളും 350 ഡിജിറ്റല്‍ ടിവി ചാനലുകളും ലഭ്യമാകും. 21ന് വൈകിട്ട് 6 മണിക്ക് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

മന്ത്രി വി ശിവന്‍കുട്ടി അദ്ധ്യക്ഷനാകും.പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെ ഫോണ്‍ എംഡിയുമായ ഡോ. സന്തോഷ് ബാബു റിപ്പോര്‍ട്ട് അവതരിപ്പിക്കും. പാക്കേജിന്റെ താരിഫ് ഉദ്ഘാടന ദിവസം പ്രഖ്യാപിക്കുമെന്ന് സന്തോഷ് ബാബു അറിയിച്ചു.

എ എ റഹീം എം പി,ശശി തരൂര്‍ എംപി, വികെ പ്രശാന്ത് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിക്കും. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ ടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബ ശിവറാവു സ്വാഗതവും കെഫോണ്‍ സിടിഒ മുരളി കിഷോര്‍ ആര്‍എസ് നന്ദിയും പറയും.

by Midhun HP News | Aug 19, 2025 | Latest News, കേരളം
കൊച്ചി: വീടുകളുള്‍പ്പെടെ പഞ്ചായത്തില്‍ നിന്ന് നമ്പര്‍ ലഭിച്ച കെട്ടിടങ്ങളില്‍ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കി, പഞ്ചായത്ത് ചട്ടങ്ങളില്‍ വരുത്തിയ മാറ്റം നിലവില്‍വന്നു. ഇതുസംബന്ധിച്ച വിജ്ഞാപനം തിങ്കളാഴ്ച ഇറക്കിയതായി മന്ത്രി എം ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2025-ലെ കേരള പഞ്ചായത്ത്രാജ് (സംരംഭങ്ങള്‍ക്ക് ലൈസന്‍സ് നല്‍കല്‍) എന്ന പേരിലാണ് വിജ്ഞാപനം. നിലവില്‍ വീടുകളിലെ കുടില്‍ വ്യവസായങ്ങള്‍ക്കും വാണിജ്യസേവന പ്രവര്‍ത്തനങ്ങള്‍ക്കും ലൈസന്‍സില്ലാത്തതിനാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. ഇൗ പ്രശ്നത്തിന് ഇതോടെ പരിഹാരമാകും.

കേരളത്തെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കുന്നതും സംരംഭക മേഖലയിലും സമ്പദ്വ്യവസ്ഥയിലും തൊഴില്‍രംഗത്തും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുന്നതുമാണ് പുതിയചട്ടം. സംരംഭങ്ങള്‍ക്ക് അനായാസം, അതിവേഗം ലൈസന്‍സ് ലഭ്യമാക്കാന്‍ ഇത് സഹായിക്കും. മുനിസിപ്പല്‍ ചട്ടങ്ങളിലും ആവശ്യമായ ഭേദഗതി കൊണ്ടുവരും. കെട്ടിടനിര്‍മാണ, സിവില്‍ രജിസ്ട്രേഷന്‍ ചട്ടങ്ങളിലെ പരിഷ്‌കരണം സംബന്ധിച്ച് ഉടന്‍ ഉത്തരവിറക്കുമെന്നും മന്ത്രി പറഞ്ഞു.

അപാര്‍ട്ട്‌മെന്റ്, റെസിഡന്‍ഷ്യല്‍ ഫ്‌ലാറ്റ്, ലോഡ്ജ്, ടൂറിസ്റ്റ് ഹോം, റിസോര്‍ട്ട്, ഹോസ്റ്റല്‍ തുടങ്ങിയവക്ക് ഇളവ് ബാധകമല്ല. റെസ്റ്റോറന്റ്, ഭക്ഷണശാല, ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയവയ്ക്ക് ലൈസന്‍സ് ഉണ്ടെങ്കില്‍ ആര്‍ക്കും പ്രവേശനം നിഷേധിക്കരുത്.

സംരംഭങ്ങളെ രണ്ടായി തിരിക്കും. ഒന്നാം കാറ്റഗറിയില്‍ ഉല്‍പ്പാദന യൂണിറ്റാണ്. ഇതില്‍ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വൈറ്റ്, ഗ്രീന്‍ യൂണിറ്റുകള്‍ക്ക് പഞ്ചായത്തിന്റെ ലൈസന്‍സ് വേണ്ട, രജിസ്റ്റര്‍ ചെയ്താല്‍ മതി. റെഡ്, ഓറഞ്ച് വിഭാഗത്തിലുള്ള യൂണിറ്റിന് പഞ്ചായത്തിന്റെ അനുവാദവും സെക്രട്ടറിയുടെ ലൈസന്‍സുംവേണം. രണ്ടാം കാറ്റഗറിയില്‍ വ്യാപാരം, വാണിജ്യം, സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന യൂണിറ്റുകള്‍. ഇവയ്ക്ക് സെക്രട്ടറിയുടെ ലൈസന്‍സ് മതി.
പഞ്ചായത്ത് ചട്ടങ്ങളില്‍ വരുത്തിയ മാറ്റം സംബന്ധിച്ച വിജ്ഞാപനം തിങ്കളാഴ്ച പുറത്തിറങ്ങിയതോടെ 10 ലക്ഷത്തില്‍ കുറയാത്ത മൂലധനനിക്ഷേപവും അഞ്ച് എച്ച്പിയില്‍ കുറവുള്ള യന്ത്രങ്ങളും ഉപയോഗിച്ചുള്ളതും പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വൈറ്റ്, ഗ്രീന്‍ വിഭാഗത്തില്‍പ്പെടുന്നതുമായ (കാറ്റഗറി ഒന്ന്) വീടുകളിലേതുള്‍പ്പെടെയുള്ള സംരംഭങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കും. കാറ്റഗറി രണ്ടില്‍ സംരംഭങ്ങള്‍ക്കും കാറ്റഗറി ഒന്നില്‍ മൂലധനിക്ഷേപം 10 ലക്ഷത്തില്‍ കുറഞ്ഞതും അഞ്ച് എച്ച്പിയില്‍ കുറവുള്ള യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതുമായ വൈറ്റ്, ഗ്രീന്‍ വ്യവസായങ്ങള്‍ക്കും ഒഴിഞ്ഞ് കിടക്കുന്ന, ആള്‍ത്താമസമില്ലാത്ത വീടുകളിലും കെട്ടിടങ്ങളിലുമുള്ള മുഴുവന്‍ സ്ഥലവും ഉപയോഗിക്കാം. താമസസ്ഥലമെങ്കില്‍ 50 ശതമാനം സ്ഥലം ഉപയോഗിക്കാം.
നിലവില്‍ വീടുകളിലെ കുടില്‍ വ്യവസായങ്ങള്‍ക്കും വാണിജ്യസേവന പ്രവര്‍ത്തനങ്ങള്‍ക്കും ലൈസന്‍സില്ലാത്തതിനാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. ഇൗ പ്രശ്നത്തിന് ഇതോടെ പരിഹാരമാകും. സംരംഭങ്ങള്‍ക്ക് കെട്ടിടം ലഭ്യമല്ലാത്ത പ്രശ്നത്തിനും പരിഹാരമാകും. വ്യവസായ പ്രദേശങ്ങളായി വ്യവസായ വകുപ്പ് അംഗീകരിച്ച സ്ഥലങ്ങളിലെ സംരംഭങ്ങള്‍ക്കും എല്ലായിടങ്ങളിലുമുള്ള വൈറ്റ്, ഗ്രീന്‍ കാറ്റഗറിയിലുള്ള വിഭാഗം ഒന്നിലെ ഉല്‍പ്പാദന യൂണിറ്റുകള്‍ക്കും രജിസ്ട്രേഷന്‍ മതി, ലൈസന്‍സ് വേണ്ട.
ലൈസന്‍സ്, അനുമതി അപേക്ഷകളില്‍ കൃത്യസമയത്ത് നടപടിയില്ലെങ്കില്‍ ഡീംഡ് ലൈസന്‍സ് ലഭിക്കും. കാറ്റഗറി രണ്ടിലെ സംരംഭത്തിനുള്ള ലൈസന്‍സിനോ പഞ്ചായത്തിന്റെ അനുമതി ലഭിച്ച കാറ്റഗറി ഒന്നിനുള്ള സംരംഭത്തിനുള്ള ലൈസന്‍സിനോ അപേക്ഷ ലഭിച്ചാല്‍ അഞ്ച് ദിവസത്തിനുള്ളില്‍ ലൈസന്‍സ് നല്‍കണം. കാറ്റഗറി ഒന്നിലെ സംരംഭങ്ങള്‍ക്ക് പഞ്ചായത്തിന്റെ അനുമതിക്കുള്ള അപേക്ഷ ലഭിച്ചാല്‍ 30 ദിവസത്തിനുള്ളില്‍ ലൈസന്‍സ് നല്‍കണം. സമയപരിധിക്കുള്ളില്‍ ലഭിച്ചില്ലെങ്കില്‍ ലൈസന്‍സ് കിട്ടിയതായി കണക്കാക്കാം.
Recent Comments