പാട്ടുകാരി സിനിമ കോണ്‍ക്ലേവില്‍ എങ്ങനെയെത്തി?; പ്രതിഷേധം പ്രശസ്തിക്ക് വേണ്ടി; പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍

പാട്ടുകാരി സിനിമ കോണ്‍ക്ലേവില്‍ എങ്ങനെയെത്തി?; പ്രതിഷേധം പ്രശസ്തിക്ക് വേണ്ടി; പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍

തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവില്‍ തനിക്കെതിരെ ഉയര്‍ന്ന പ്രതിഷേധം പ്രശസ്തിക്ക് വേണ്ടിയെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പാട്ടുകാരി സിനിമാ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ എത്തിയത് എങ്ങനെയാണെന്ന് അറിയില്ലെന്ന് പുഷ്പവതി പൊയ്പാടത്തിനെ പരാമര്‍ശിച്ച് അടൂര്‍ പറഞ്ഞു. അവര്‍ അതില്‍ പങ്കെടുത്തത് അതിശയിപ്പിക്കുന്നതാണ്. സംഗീത നാടക അക്കാദമിക്ക് സിനിമയുമായി യാതൊരു ബന്ധവും ഇല്ല. അവര്‍ക്ക് അഭിപ്രായം പറയാം.

എന്നാല്‍ താന്‍ പറഞ്ഞത് എന്താണെന്ന് അവര്‍ക്ക് അറിയേണ്ടേ?. അത് മനസിലാകാത്ത ആളാണ് എഴുന്നേറ്റ് നിന്ന് ശബ്ദമുണ്ടാക്കുന്നത്. എന്തിനാണ് അത്. ശ്രദ്ധിക്കാന്‍ വേണ്ടി. ഇന്നത്തെ പത്രത്തിലെല്ലാം അവരുടെ പടമില്ലേ?. അതില്‍ കൂടുതല്‍ എന്താണ് വേണ്ടതെന്ന് അടൂര്‍ ചോദിച്ചു. ദളിത്‌ – സ്ത്രീ വിരുദ്ധ പരാമര്‍ശം എവിടെയും നടത്തിയിട്ടില്ലെന്നും അങ്ങനെയുണ്ടെങ്കില്‍ ക്ഷമാപണം നടത്താമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ക്കെങ്കിലും സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതിന് താന്‍ എതിരല്ല. മുന്‍പരിചയം ഇല്ലാത്തവര്‍ക്കാണ് സിനിമയെടുക്കാനായി പണം നല്‍കുന്നത്. സ്ത്രീകളായാലും പിന്നോക്കവര്‍ഗത്തില്‍പ്പെട്ടവരായാലും സിനിമയുടെ സാങ്കേതിക വിദ്യ അല്‍പം പോലും അറിയാതെ ഈ പണിക്ക് പോകുന്നത് ആര്‍ക്കും നല്ലതാവില്ലെന്ന് അടൂര്‍ പറഞ്ഞു. അറിവുകേട് കൊണ്ടാണ് പലരും തന്നെ വിമര്‍ശിക്കുന്നത്. സിനിമയെടുക്കുന്നവര്‍ക്ക് അതിനെ കുറിച്ചുള്ള അറിവ് അനിവാര്യമാണെന്നും അടൂര്‍ പറഞ്ഞു. ലോകസിനിമയില്‍ ദിനംപ്രതി മാറ്റങ്ങള്‍ വരികയാണ്.

അത്തരമൊരു സാഹചര്യത്തില്‍ യാതൊരുപരിചയവുമില്ലാത്തവര്‍ക്ക് സിനിമ എടുക്കാന്‍ പണം കൊടുക്കുമ്പോള്‍ മൂന്ന് മാസത്തെ പരിശീലനം നല്‍കണമെന്നാണ് പറഞ്ഞത്. അതില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു. കഥയെഴുതുമ്പോഴും കവിതയെഴുതുമ്പോഴും അക്ഷരവിജ്ഞാനം വേണം. അതുപോലെ തന്നെയാണ് സിനിമയുടെ കാര്യവും. സിനിമയുടെ ഭാഷ വേറെയാണ്. നടീനടന്‍മാര്‍ അഭിനയച്ചാല്‍ മാത്രം സിനിമായാവില്ല. അതിന് ഒരുപാട് ഘടകങ്ങള്‍ ഉണ്ട്. സര്‍ക്കാര്‍ പണം മുടക്കുന്ന സിനിമകള്‍ക്ക് സാമൂഹിക പ്രസക്തി വേണം. സൗന്ദര്യപരമായും സാങ്കേതികപരമായും മികവുണ്ടാകണം. അത് ഉണ്ടാവണമെങ്കില്‍ പടമെടുക്കുന്നതിനെ കുറിച്ച് നല്ല ധാരണ വേണം.

ഇത്തരത്തില്‍ ഒന്നരക്കോടി കൊടുക്കുമ്പോള്‍ മറ്റ് ആരെങ്കിലുമാകും പടമെടുക്കുക. ഇത്തരത്തില്‍ സിനിമ എടുത്തുകൊടുത്തവര്‍ പലരും ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ട്. ഒന്നരക്കോടി കൊടുത്ത്് നിര്‍മ്മിച്ച നാലഞ്ച് പടങ്ങള്‍ താനും കണ്ടിട്ടുണ്ട്. ഒന്നിനുപോലും ഒരു കോടി പോലും ചെലവാക്കിയിട്ടില്ല. സിനിമയെടുക്കുന്നതിന് മുന്‍പായി ഒരു പ്രീ പ്ലാനിങ് വേണം. അതുകൊണ്ടാണ് പരിശീലനം വേണമെന്ന് പറയുന്നത്. ഇന്നുവരെ താന്‍ എടുത്തിട്ടുള്ള ഒരു സിനിമക്ക് പോലും ഒരു കോടി രൂപ പോലും ചെലവായിട്ടില്ല. അത് തനിക്ക് അതെക്കുറിച്ച് നല്ല ധാരണ ഉള്ളതുകൊണ്ടാണെന്നും അടൂര്‍ പറഞ്ഞു.

ആദ്യാവസരത്തില്‍ സിനിമ എടുക്കാന്‍ സര്‍ക്കാര്‍ പണം ലഭിക്കുന്നതോടെ അവരുടെ സിനിമാ ജീവിതം അതോടെ തീര്‍ന്നുപോകരുത്. ഒരു സിനിമ എടുത്ത് അപ്രത്യക്ഷരാകുന്നതാണ് താന്‍ കാണുന്നത്. അവര്‍ക്ക് പരിശീലനം ലഭിക്കുന്നതോടെ അവരെ ഈ രംഗത്ത് തുടരാന്‍ പ്രാപ്തരാക്കും. സ്ത്രീകളും പിന്നോക്കക്കാരും ഈ രംഗത്ത് തുടരണമെന്നതിന്റെ ഭാഗമായാണ് അങ്ങനെ പറഞ്ഞത്. അവരുടെ ഉന്നമനം എന്റെ ലക്ഷ്യം. അവരെ നികൃഷ്ടരാക്കി കാണുകയല്ല ചെയ്തത്. അതിനെ വ്യാഖ്യാനിച്ച് അധിക്ഷേപിച്ചു എന്ന തരത്തിലാക്കുകയാണ്. സിനിമയെടുക്കണമെങ്കില്‍ അതിന് ആഗ്രഹം മാത്രം പോരാ. അതിന് പഠിക്കുക കൂടി വേണം. വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ മൂന്നുമാസമെങ്കിലും പരിശീലനം നല്‍കണമെന്ന് അടൂര്‍ പറഞ്ഞു.

സ്ത്രീകള്‍ക്കും പിന്നോക്കക്കാര്‍ക്കുമാണ് സിനിമയെടുക്കാന്‍ സര്‍ക്കാര്‍ പണം നല്‍കുന്നത്. അതുകൊണ്ടാണ് ആ വിഭാഗത്തെ എടുത്ത് പറഞ്ഞത്. ഇവര്‍ക്കല്ലേ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. തനിക്ക് പണമെടുക്കാന്‍ പണം തരുന്നത് തനിക്ക് അതിനെക്കുറിച്ച് മുന്‍പരിചയം ഉള്ളതുകൊണ്ടാണ്. സര്‍ക്കാര്‍ നല്ല ഉദ്ദേശ്യത്തോടെയാണ് പണം നല്‍കുന്നത്. അത് നല്ല കാര്യവുമാണ്. മന്ത്രി അങ്ങനെ പറഞ്ഞത് മന്ത്രി ഫിലിം മേക്കറല്ലാത്തതുകൊണ്ടാണ്. ആഗ്രഹം കൊണ്ടുമാത്രം സിനിമയെടുക്കാന്‍ കഴിയില്ല, അതിനെക്കുറിച്ച് നല്ല ധാരണയുണ്ടാകണമെന്നും തനിക്കെതിരെ ആര്‍ക്കും പരാതി നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലത്ത് കാര്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരനെ മര്‍ദിച്ചു; പിന്നാലെ അക്രമിസംഘം വാഹനത്തിന് തീയിട്ടു

കൊല്ലത്ത് കാര്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരനെ മര്‍ദിച്ചു; പിന്നാലെ അക്രമിസംഘം വാഹനത്തിന് തീയിട്ടു

കൊല്ലത്ത് കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമണം. വര്‍ക്കല സ്വദേശികളായ കണ്ണന്‍, ആദര്‍ശ് എന്നിവര്‍ സഞ്ചരിച്ച കാറിന് നേരെയാണ് ആക്രമണമുണ്ടായത്. യാത്രക്കാരനെ മര്‍ദിച്ച ശേഷം വാഹനത്തിന് തീയിട്ട് അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.

മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ പൂതക്കുളം സ്വദേശി ശംഭുവിന്റെ നേതൃത്വത്തില്‍ ആക്രമിച്ചെന്നാണ് പരാതി. പരവൂര്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

നഗരൂരിൽ എം.ഡി.എം.എയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

നഗരൂരിൽ എം.ഡി.എം.എയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

നഗരൂർ: നഗരൂരിൽ എം.ഡി.എം.എയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നഗരൂർ തണ്ണിക്കോണം കുന്നുവിള വീട്ടിൽ താമസിക്കുന്ന അജയ് ബാബു (26) ആണ് റൂറൽ ഡാൻസഫ് സ്ക്വാഡിന്റെയും നഗരൂർ പൊലീസിന്റെയും സംയുക്ത പരിശോധനയിൽ പിടിയിലായത്.

വിളയിൽ കട ജംഗ്ഷനിൽ കാറിൽ ഇരുന്ന് ലഹരിവസ്തുക്കൾ വിൽപ്പനയ്ക്ക് തയ്യാറെടുക്കുകയായിരുന്ന സമയത്താണ് ഇയാളെ പോലീസ് പിടികൂടിയത്. പ്രതിയുടെ കൈവശം എം.ഡി.എം.എ എന്ന അപകടകരമായ ലഹരിവസ്‌തു ലഭിച്ചതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസവും ചെറിയ അളവിൽ എം.ഡി.എം.എ കൈവശം വെച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.

സി. മോഹന ചന്ദ്രൻ പുരസ്കാരം മംഗലപുരം എ നൗഷാദിന്  സമർപ്പിച്ചു

സി. മോഹന ചന്ദ്രൻ പുരസ്കാരം മംഗലപുരം എ നൗഷാദിന് സമർപ്പിച്ചു

സീനിയർ സിറ്റിസൺ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘാടക മികവിന് ഏർപ്പെടുത്തിയ അഡ്വക്കേറ്റ് സി മോഹന ചന്ദ്രൻ പുരസ്കാരം കഴിഞ്ഞ 11 വർഷമായി മോഹന ചന്ദ്രൻ സ്മൃതി ദിനത്തിൽ അനുസ്മരണ പരിപാടികളും സമ്മേളനവും മുടങ്ങാതെ നടത്തിവരുന്ന നൗഷാദിന് കഴക്കൂട്ടം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ വെച്ച് നടന്ന മോഹന ചന്ദ്രൻ അനുസ്മരണ സമ്മേളനത്തിൽ പീതാംബരക്കുറുപ്പ് എക്സ് എം പി.മോഹനചന്ദ്രൻ കൾച്ചറൽ ഫോറം പ്രസിഡന്റ് മംഗലപുരം എ നൗഷാദിന് പുരസ്കാരം സമർപ്പിച്ചു.

കഴക്കൂട്ടം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പുരസ്കാര ദാന ചടങ്ങിൽ സി. എം. പി.സംസ്ഥാന സെക്രട്ടറി സിപി ജോൺ, ടീ ശരത് ചന്ദ്രപ്രസാദ്, പാങ്ങപ്പാറ അശോകൻ, അണിയൂർ പ്രസന്നകുമാർ തുടങ്ങിയവർ പങ്കെടുത്തു.

‘പൊതു വേദിയില്‍ പട്ടിക വിഭാഗക്കാരെ അവഹേളിച്ചു’: അടൂര്‍ ഗോപാലകൃഷ്ണനെതിരെ പൊലീസില്‍ പരാതി

‘പൊതു വേദിയില്‍ പട്ടിക വിഭാഗക്കാരെ അവഹേളിച്ചു’: അടൂര്‍ ഗോപാലകൃഷ്ണനെതിരെ പൊലീസില്‍ പരാതി

തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവ് സമാപന വേദിയിലെ വിവാദ പരാമര്‍ശത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ പരാതി. സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയില്‍ ആണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അടൂരിന്റെ പരാമര്‍ശങ്ങള്‍ എസ് സി / എസ് ടി ആക്ട് പ്രകാരം കുറ്റകരമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എസ് സി / എസ് ടി കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.

അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയത് പട്ടികജാതി- പട്ടിക വിഭാഗക്കാര്‍ക്കെതിരെ വിദ്വേഷം പ്രോത്സാഹിപ്പിക്കുന്ന പരാമര്‍ശമാണ്. പൊതു വേദിയില്‍ പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് അടൂര്‍ ഗോപാലകൃഷ്ണന്റേത്. വിവാദ പ്രസ്താവനയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് കുറഞ്ഞത് മൂന്നുമാസമെങ്കിലും വിദ​ഗ്ധരുടെ കീഴിൽ പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണൻ ഫിലിം കോൺക്ലേവ് വേദിയിൽ ആവശ്യപ്പെട്ടത്. ചലച്ചിത്ര വികസന കോർപ്പറേഷൻ വെറുതെ പണം കളയരുത്. ഒന്നര കോടി നല്‍കുന്നത് വളരെ കൂടുതലാണ്. പലരും ചെയ്തത് നിലവാരമില്ലാത്ത സിനിമകളാണെന്നും അടൂര്‍ പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അടൂർ കൂട്ടിച്ചേര്‍ത്തു. അടൂരിന്റെ പ്രസ്താവനക്കെതിരെ അതിരൂക്ഷ വിമർശനമാണ് ഉയരുന്നത്.