‘എന്തുകൊണ്ട് മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടില്ല?; തരുന്നത് സന്തോഷത്തോടെ വാങ്ങിപ്പോകാന്‍ പെന്‍ഷന്‍ കാശല്ല; സുരേഷ് ഗോപി അന്വേഷിച്ച് പറയട്ടെ’

‘എന്തുകൊണ്ട് മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടില്ല?; തരുന്നത് സന്തോഷത്തോടെ വാങ്ങിപ്പോകാന്‍ പെന്‍ഷന്‍ കാശല്ല; സുരേഷ് ഗോപി അന്വേഷിച്ച് പറയട്ടെ’

ചെന്നൈ: ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിനെതിരെ നടി രൂക്ഷവിമര്‍ശനവുമായി നടി ഉര്‍വശി. സിനിമയില്‍ കഥയെ മുന്നോട്ടുകൊണ്ടുപോകുന്ന കഥാപാത്രമാരെന്ന് ഏത് മാനദണ്ഡത്തിന്റെ അവാര്‍ഡ് ജൂറി തീരുമാനിക്കുന്നത്?. നമ്മുടെ ഭാഷക്ക് അര്‍ഹിച്ചത് എന്തുകൊണ്ട് കിട്ടിയില്ലെന്നും ഉര്‍വശി ചോദിച്ചു.

പുരസ്‌കാരത്തിന് തെരഞ്ഞെടുക്കാനുള്ള പ്രോട്ടോകോള്‍ എന്താണ്?. അഭിനയത്തിന് എന്തെങ്കിലും അളവുകോലുണ്ടോ? ഈ പ്രായം കഴിഞ്ഞാല്‍ ഇങ്ങനെ കൊടുത്താല്‍ മതിയെന്നാണോ തീരുമാനമെന്നും ഉര്‍വശി ചോദിച്ചു. തനിക്കും വിജയരാഘവനും ഉളള പുരസ്‌കാരം എങ്ങനെ തീരുമാനിച്ചെന്ന് അറിയിക്കണം?. എന്തുകൊണ്ട് മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടില്ലെന്നും ഉര്‍വശി ചോദിച്ചു.

അവാര്‍ഡ് വാങ്ങുന്ന കാര്യത്തില്‍ തോന്നുന്നത് പോലെ ചെയ്യും. വാങ്ങി പൊക്കോണമെന്നത് അംഗീകരിക്കാനാകില്ലെന്നും തരുന്നത് സന്തോഷത്തോടെ വാങ്ങിപ്പോകാന്‍ പെന്‍ഷന്‍ കാശല്ലെന്നും ഉര്‍വശി പറഞ്ഞു. നമ്മുടെ ഭാഷക്ക് എന്തുകൊണ്ട് അര്‍ഹിച്ചത് കിട്ടിയില്ലെന്ന് സുരേഷ് ഗോപി അന്വേഷിച്ച് പറയട്ടേയെന്നും ഉര്‍വശി പറഞ്ഞു. ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിയായാണ് ഉര്‍വശി തെരഞ്ഞെടുക്കപ്പെട്ടത്.

അധ്യാപികയായ ഭാര്യയ്ക്ക് 12 വർഷമായി ശമ്പളമില്ല; മകന്റെ പഠനത്തിന് പണം കണ്ടെത്താനായില്ല; മനംനൊന്ത് യുവാവ് ജീവനൊടുക്കി

അധ്യാപികയായ ഭാര്യയ്ക്ക് 12 വർഷമായി ശമ്പളമില്ല; മകന്റെ പഠനത്തിന് പണം കണ്ടെത്താനായില്ല; മനംനൊന്ത് യുവാവ് ജീവനൊടുക്കി

പത്തനംതിട്ട: അത്തിക്കയം നാറാണംമൂഴിയിൽ കൃഷി വകുപ്പ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടക്കേച്ചെരുവിൽ ഷിജോ വിടി (47) യാണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂങ്ങാംപാറ വനത്തിലാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഷിജോയുടെ മകനു ഈറോഡിലെ എൻജിനീയറിങ് കോളജിൽ പ്രവേശനം ശരിയായിരുന്നു. ഇതിനു ആവശ്യമായ പണം നൽകാൻ കഴിയാതെ വന്നതോടെയാണ് ഷിജോ ആത്മഹത്യ ചെയ്തത് എന്നു ബന്ധുക്കൾ പറയുന്നു. കർഷക സംഘം ജില്ലാ കമ്മിറ്റിയം​ഗം ത്യാ​ഗരാജന്റെ മകനാണ് ഷിജോ.

ഷിജോയുടെ ഭാര്യ 12 വർഷമായി നാറാണംമൂഴിയിൽ എയ്ഡഡ് സ്കൂൾ അധ്യാപികയാണ്. എന്നാൽ ഇവർക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നു മുൻകാല പ്രാബല്യത്തോടെ ശമ്പളകുടിശ്ശിക നൽകാനും ഉത്തരവായിരുന്നു. എന്നിട്ടും ഡിഇഒ ഓഫീസിൽ നിന്നു ശമ്പള രേഖകൾ ശരിയാകാത്തതിനെ തുടർന്നു ഇവർ വകുപ്പ് മന്ത്രിയെ പലതവണ സമീപിച്ചു.

തുടർന്നു ശമ്പളം നൽകാൻ മന്ത്രിയുടെ ഓഫീസിൽ നിന്നു രേഖകൾ ശരിയാക്കി നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർ എന്നിട്ടും ശമ്പളം നൽകാൻ തയ്യാറായില്ല. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ഡിഇഒ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും തുടർ നടപടി ഉണ്ടായില്ല.

സാമ്പത്തിക പ്രതിസന്ധി കാരണം മകന്റെ കോളജ് പ്രവേശനം മുടങ്ങിയതോടെ ഷിജോ ജീവനൊടുക്കിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിനെതിരേയും ബന്ധുക്കൾ ആരോപണമുന്നയിച്ചു.

സംസ്ഥാനത്ത് നാലുദിവസം കൂടി തീവ്രമഴ; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് നാലുദിവസം കൂടി തീവ്രമഴ; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാലുദിവസം വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.തെക്കന്‍ തമിഴ്‌നാടിനും മന്നാര്‍ കടലിടുക്കിനും മുകളിലായാണ് ചക്രവാതച്ചുഴി രൂപപ്പെട്ടത്. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് തീവ്രമഴ.

ഇന്ന് (തിങ്കളാഴ്ച) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ബുധനാഴ്ച വടക്കന്‍ ജില്ലകളിലാണ തിവ്രമഴയ്്ക്ക് സാധ്യത. തീവ്രമഴ കണക്കിലെടുത്ത് മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട,ആ ലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

വ്യാഴാഴ്ചയോടെ കനത്ത മഴയ്ക്ക് കുറവുണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് തീവ്രമഴ മുന്നറിയിപ്പ്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഏഴാം തീയതി വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നു മുതല്‍ ( തിങ്കളാഴ്ച) മുതല്‍ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ് : അലൈൻമെന്റിൽ പ്രശ്നമെന്ന് കേന്ദ്രം

വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ് : അലൈൻമെന്റിൽ പ്രശ്നമെന്ന് കേന്ദ്രം

വിഴിഞ്ഞം – നാവായിക്കുളം ഔട്ടർ റിങ് റോഡിന്റെ ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന അലൈൻമെന്റിൽ ഏറെ പ്രശ്നങ്ങൾ ളള്ളതിനാൽ പുനഃപരിശോധന നടത്തുകയാണെന്ന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി ലോക്സഭയിൽ അടൂർ പ്രകാശ് എം.പിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിൽ വ്യക്‌തമാക്കി.

നിലവിലെ അലൈൻമെന്റ് പ്രകാരം പദ്ധതിക്കായി വലിയ തോതിൽ കുന്നുകൾ ഇടിക്കേണ്ടി വരും. ഇത് ഒഴിവാക്കി പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന് സംസ്ഥാനവുമായി ബന്ധപ്പെട്ട് അലൈൻമെന്റിൽ പുനപരിശോധന നടത്തുകയാണന്ന് കേന്ദ്ര മന്ത്രി അറിയിച്ചു.
62.7 കിലോ മീറ്റർ ദൈർഘ്യമാണി റോഡിന് 8000 കോടി രൂപയാണ് നിർമ്മാണ ചിലവ്.നിർമ്മാണ ചുമതല ദേശീയ പാത അതോറിട്ടിയ്ക്കും.

പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയതിനു ശേഷമേ സ്ഥലം വിട്ടുകൊടുത്തവർക്ക് നഷ്ടപരിഹാരം ലഭിക്കൂ. പദ്ധതി അലൈൻമെന്റിൽ പ്രശ്നമുണ്ടെന്ന് ഇപ്പോൾ പറയുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി വസ്തുവിൻ്റെ പ്രമണം അടക്കം കൈമാറി നഷ്ടപരിഹാരം പ്രതീക്ഷിച്ചു കഴിയുന്ന സ്ഥലമുടമകൾക്ക് ഏറെ വിഷമമുണ്ടാക്കുന്നതാണി തീരുമാനം. പദ്ധതിക്കായി വീടും സ്ഥലവും വിട്ടുകൊടുത്ത ആയിരക്കണക്കിനു ഭൂവുടമകൾ തങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങൾ പോലും നിറവേറ്റാനാവാതെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ചുചേർത്ത എം.പിമാരുടെ യോഗത്തിൽ ഈ വിഷയം ഉന്നയിച്ചപ്പോൾ ലഭിച്ച മറുപടിയും ഓഗസ്റ്റോടെ നഷ്ടപരിഹാരം നൽകുമെന്നായിരുന്നു. മുഖ്യമന്ത്രി കഴിഞ്ഞമാസം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിലും ജൂലൈ അവസാനത്തോടെ ഈ പദ്ധതിക്ക് അംഗീകാരം നൽകുമെന്ന് വ്യക്തമാക്കിയതായി പറഞ്ഞിരുന്നു.

നിരവധി തവണ പാർലമെന്റിൽ സബ്മിഷനിലൂടെയും കത്തുകളിലൂടെയും ഈ പ്രശ്നം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതുകൂടാതെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ കണ്ട് പദ്ധതി വൈകുന്നതു മൂലമുള്ള പ്രശ്നങ്ങൾ ബോധ്യപ്പെടുത്തിയപ്പോഴും വൈകാതെ അനുമതി നൽകും എന്ന് ഉറപ്പായിരുന്നു ലഭിച്ചത്.

ഈ ഇടപെടലുകൾക്ക് കേന്ദ്രസർക്കാരിൽ നിന്നും ലഭിച്ച നിരവധി മറുപടികളിലും അലൈൻമെന്റിലെ പ്രശ്നം വ്യക്തമാക്കിയിരുന്നില്ല. നഷ്ടപരിഹാരത്തിനായി ഏറെനാളായി കാത്തിരിക്കുന്ന ഭൂവുടമകൾക്ക് തിരിച്ചടിയാവുന്നതാണ് ഇപ്പോഴത്തെ നിലപാട്. പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിന്റെയും സംസ്ഥാനത്തിന്റെയും അലംഭാവമാണ് ഇതിലൂടെ വെളിവാകുന്നത്. ഈ പ്രശ്നത്തിൽ അടിയന്തര ഇടപെടൽ നടത്തി പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണം. അങ്ങേയറ്റം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭൂവുടമകൾക്ക് നഷ്ടപരിഹാരം ഇനിയും വൈകുന്നത് നീതീകരിക്കാനാവില്ലെന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു.

സബ് ഇന്‍സ്‌പെക്ടർക്ക് റെയിൽവേ പോലീസ് സല്യൂട്ട് നൽകി, തിരിച്ചുനൽകിയ സല്യൂട്ടിൽ സംശയം, ഒടുവിൽ വ്യാജ എസ്ഐ അറസ്റ്റിൽ

സബ് ഇന്‍സ്‌പെക്ടർക്ക് റെയിൽവേ പോലീസ് സല്യൂട്ട് നൽകി, തിരിച്ചുനൽകിയ സല്യൂട്ടിൽ സംശയം, ഒടുവിൽ വ്യാജ എസ്ഐ അറസ്റ്റിൽ

നെടുമങ്ങാട്: ട്രെയിനിൽ സബ് ഇൻസ്പെക്ടറുടെ യൂണിഫോം അണിഞ്ഞ് യാത്ര ചെയ്ത യുവാവ് പിടിയിലായി. നെടുമങ്ങാട് സ്വദേശി അഖിലേഷ് (30) ആണ് അറസ്റ്റിലായത്.

റെയിൽവേ പൊലീസ് ആണ് ഇയാളെ പിടികൂടിയത്. ശനിയാഴ്ച പുലർച്ചെ ചെന്നൈ -ഗുരുവായൂർ എക്സ്പ്രസിലാണ് സംഭവം. കായംകുളം സ്റ്റേഷനിൽ വച്ച് ട്രെയിനിൽ പരിശോധന നടത്തുകയായിരുന്ന റെയിൽവേ പൊലീസിന് തോന്നിയ സംശയമാണ് അഖിലേഷിനെ കുടുക്കിയത്.

എസ്ഐയുടെ യൂണിഫോമും തൊപ്പിയും തോളിലെ നക്ഷത്രവും കണ്ടപ്പോൾ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ അഖിലേഷിനെ സല്യൂട്ട് ചെയ്തിരുന്നു. എന്നാൽ തിരികെ അഖിലേഷ് നൽകിയ സല്യൂട്ടിലെ അപാകത കണ്ടതോടെയാണ് സംശയം തോന്നിയത്. തുടർന്ന് ഇയാളോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു സംഘം. തൃശൂർ ഇരങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ എസ്ഐ ആണെന്നും അവിടേക്ക് പോകുകയാണെന്നുമാണ് ഇയാൾ പറഞ്ഞത്.

ഉടനെ അവിടെ വിളിച്ച് കാര്യങ്ങൾ തിരക്കിയപ്പോൾ അങ്ങനെ ഒരാളില്ലെന്ന് മനസ്സിലായി. തുടർന്ന് ആലപ്പുഴ സ്റ്റേഷനിലെത്തിയപ്പോൾ അഖിലേഷ് താൻ എസ്ഐ അല്ലെന്ന കാര്യം സമ്മതിച്ചു. ഒരു പിഎസ്‌സി പരീക്ഷ എഴുതാനായി തൃശൂരിലേക്ക് പോകുകയാണെന്നും വെളിപ്പെടുത്തി. തനിക്ക് പൊലീസിൽ ചേരാൻ വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ അത് നടക്കാതെ വന്നതോടെയാണ് വിമുക്തഭടന്റെ മകൻ കൂടിയായ താൻ ഇങ്ങനെ ചെയ്തതെന്നും അഖിലേഷ് സമ്മതിച്ചു.

താൻ വീടിനുള്ളിൽ എസ്ഐ വേഷത്തിൽ നിൽക്കാറുണ്ടെന്നും ആദ്യമായിട്ടാണ് പുറത്തിറങ്ങിയതെന്നും യുവാവ് മൊഴി നൽകി. പൊലീസിന്റെ ഔദ്യോഗികചിഹ്നവും വേഷവും ദുരുപയോഗം നടത്തിയതിന് കേസെടുത്ത് പിന്നീട് ‌സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.