by Midhun HP News | Aug 3, 2025 | Latest News, കേരളം
ആലപ്പുഴ: ഏറ്റുമാനൂരില്‍ നിന്ന് കാണാതായ ജെയ്‌നമ്മയെ കൊലപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ചേര്‍ത്തലയില്‍ സ്ത്രീകള്‍ കാണാതായ കേസുകള്‍ പുനഃപരിശോധനയ്ക്ക്. അഞ്ച് വര്‍ഷം മുമ്പ് കാണാതായ ചേര്‍ത്തല തെക്ക് പഞ്ചായത്ത് 13-ാം വാര്‍ഡ് വള്ളാകുന്നത്ത് വെളി സിന്ധു(48) വിന്റെ കേസ് വീണ്ടും പരിശോധിക്കുന്നു.
കാണാതായ മൂന്ന് സ്ത്രീകള്‍ക്കും സെബാസ്റ്റിയനുമായി ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ചേര്‍ത്തല സ്വദേശിനി സിന്ധുവിനെ കാണാതായ സംഭവത്തില്‍ പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചത്.
അര്‍ത്തുങ്കല്‍ പൊലീസ് നാലു വര്‍ഷം അന്വേഷിച്ച് അവസാനിപ്പിച്ച കേസ് ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്റെ നിര്‍ദേശത്തില്‍ വീണ്ടും പരിശോധിച്ചു. 2020 ഒക്ടോബര്‍ 19ന് തിരുവഴിയില്‍ നിന്നാണ് കാണാതായത്. ക്ഷേത്ര ദര്‍ശനത്തിന് പോയ സിന്ധു പിന്നീട് തിരിച്ചുവന്നില്ല. സിന്ധു ക്ഷേത്രത്തില്‍ എത്തി വഴിപാട് നടത്തിയെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ തുടര്‍ന്ന് എങ്ങോട്ട് പോയെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. 16 വര്‍ഷത്തിനിടെ ചേര്‍ത്തലയിലേയും പരിസര പ്രദേശങ്ങളിലും കാണാതായ സ്ത്രീകളുടെ കേസുകള്‍ ആണ് പരിശോധിക്കുക. ആലപ്പുഴ ക്രൈംബാഞ്ചും അടുത്ത ദിവസം പരിശോധന നടത്തും.
മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ നേരത്തെ പള്ളിപ്പുറം സ്വദേശി സിഎം സെബാസ്റ്റ്യന്‍ അറസ്റ്റിലായിരുന്നു. ഒന്നര പതിറ്റാണ്ടിന് മുമ്പ് കാണാതായ കടക്കരപ്പള്ളി ബിന്ദു പത്മനാഭന്‍ കേസിലെ പ്രധാന പ്രതിയെന്നാരോപിക്കുന്ന സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്നാണ് മനുഷ്യന്റേതെന്ന് കരുതുന്ന അസ്ഥികള്‍ കണ്ടെത്തിയത്. ചേര്‍ത്തലയില്‍ നടന്നത് കൊലപാതക പരമ്പരയാണോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ഒറ്റക്ക് താമസിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് നടന്ന കൊലപാതകപരമ്പരയാണോയെന്നതടക്കം കൂടുതല്‍ അന്വേഷണത്തിലെ വ്യക്തമാകുകയുള്ളു.
ചേര്‍ത്തലയില്‍ കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങള്‍ മനുഷ്യന്റേത് തന്നെയെന്ന് കഴിഞ്ഞ ദിവസമാണ് പൊലീസ് സ്ഥിരീകരിച്ചത്. കത്തിയനിലയില്‍ ആയിരുന്നു അസ്ഥികള്‍ കണ്ടെടുത്തത്. അതേസമയം, മരിച്ചത് കാണാതായ ജൈനമ്മയാണെന്നായിരുന്നു പൊലീസ് നേരത്തെ വിലയിരുത്തിയത്. എന്നാല്‍ ഇക്കാര്യമടക്കം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതിനായി ഡിഎന്‍എ പരിശോധനയടക്കം നടത്തേണ്ടതുണ്ട്. ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കല്‍ സ്വദേശിനി ബിന്ദുപത്മനാഭന്‍ (47), കോട്ടയം ഏറ്റുമാന്നൂര്‍ സ്വദേശിനി ജയ്‌നമ്മ എന്നിവരെ കാണാതായ സംഭവങ്ങളില്‍ സെബാസ്റ്റ്യന്‍ പങ്ക് ക്രൈംബ്രാഞ്ച് അന്വഷിക്കുന്നതിനിടെയാണ് വീട്ട് വളപ്പില്‍ പരിശോധന നടത്തിയത്.
by Midhun HP News | Aug 3, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ജാമ്യത്തില്‍ പുറത്തിറങ്ങിയ കന്യാസ്ത്രീകളെ കനത്ത സുരക്ഷയില്‍ ഡല്‍ഹിയിലെ രാജറായി മഠത്തില്‍ എത്തിച്ചു. കനത്ത സുരക്ഷയിലാണ് ഇവരെ മഠത്തിലെത്തിച്ചത്. അതേസമയം കന്യാസ്ത്രീകള്‍ക്കെതിരായ കേസ് റദ്ദാക്കുന്നതില്‍ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ കത്തോലിക്ക സഭ വിശദമായ കൂടിയോചനകള്‍ നടത്തും. ഇക്കാര്യത്തില്‍ നിയമവിദഗ്ധരുമായി കൂടിയാലോചിക്കും.
കേസ് റദ്ദാക്കുന്നതിന് പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ബജ്‌റങ് ദള്‍ നേതാവ് ജ്യോതി ശര്‍മ അടക്കമുള്ള നേതാക്കള്‍ക്കെതിരെ കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ ഓണ്‍ലൈനായി ദുര്‍ഗ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കും. ഇന്നലെ നാരായണ്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി സ്വീകരിച്ചിരുന്നില്ല.
കന്യാസ്ത്രീകളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി എന്നിവര്‍ക്ക് പുറമേ മൂന്നാം പ്രതി സുഖ്മാന്‍ മാണ്ഡവിക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. മൂന്ന് പേരും 50,000 രൂപ വീതം ബോണ്ട് കെട്ടിവയ്ക്കുകയും പാസ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിക്കുകയും വേണം. രാജ്യം വിടുന്നതില്‍ നിന്നും എന്‍ഐഎ കോടതി ഇവരെ വിലക്കിയിട്ടുണ്ട്.
by Midhun HP News | Aug 3, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. മധ്യകേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, കോട്ടയം, ആലപ്പുഴ ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളില്‍ കടലാക്രമണത്തിനും സാധ്യതയുണ്ട്.
ഇന്ന് രാവിലെ കേരളത്തിലെ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
by Midhun HP News | Aug 3, 2025 | Latest News, കേരളം
കൊച്ചി: ആലുവയില്‍ റെയില്‍വെ പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് ട്രെയിനുകള്‍ വൈകിയോടുന്നു. അറ്റകുറ്റപ്പണിയുള്ളതിനാല്‍ ഈ റൂട്ടിലെ ട്രെയിന്‍ സര്‍വീസിന് നിയന്ത്രണമുണ്ടാകുമെന്ന് റെയില്‍വെ അറിയിച്ചു.
പാലക്കാട്-എറണാകുളം റൂട്ടിലെ മെമു ട്രെയിന്‍ സര്‍വീസ് ഇന്ന് റദ്ദാക്കി. പാലക്കാട്-എറണാകുളം മെമു (66609) എറണാകുളം- പാലക്കാട് മെമു (66610) സര്‍വീസുകളാണ് റദ്ദാക്കിയത്. ഇന്നത്തെ മംഗലൂരു-തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ അടക്കമുള്ളവയാണ് വൈകിയോടുന്നത്. മംഗലൂരു-തിരുവനന്തപുരം വന്ദേഭാരത് 25 മിനിറ്റ് വൈകിയായിരിക്കും എത്തുക. ഇതിനാല്‍ വൈകീട്ട് 4.05ന് പുറപ്പെടേണ്ട തിരുവനന്തപുരം-മംഗലൂരു വന്ദേഭാരത് പത്തു മിനിറ്റ് വൈകി 4.15നായിരിക്കും പുറപ്പെടുക. പാലം അറ്റകുറ്റപ്പണി തുടരേണ്ടതിനാല്‍ ഓഗസ്റ്റ് പത്തിനും ട്രെയിന്‍ സര്‍വീസിന് നിയന്ത്രണമുണ്ടാകും.
ഗൊരഖ്പുര്‍ -തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് (12511) ഒരു മണിക്കൂര്‍ 20 മിനിറ്റും കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് (16308) ഒന്നേകാല്‍ മണിക്കൂറും വൈകിയാണ് ഓടുന്നത്. മംഗലൂരു സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ വന്ദേഭാരത് (20631), തിരുവനന്തപുരം സെന്‍ട്രല്‍ -മംഗലൂരു സെന്‍ട്രല്‍ വന്ദേഭാരത് (20632), സെക്കന്തരാബാദ് -തിരുവനന്തപുരം ശബരി എക്‌സ്പ്രസ് (17230), ജാംനഗര്‍-തിരുനെല്‍വേലി എക്‌സ്പ്രസ് (19578) എന്നിവയാണ് വൈകിയോടുന്ന മറ്റു ട്രെയിനുകള്‍.
by Midhun HP News | Aug 3, 2025 | Latest News, കേരളം
കൊച്ചി: അന്തരിച്ച എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ. എം കെ സാനുവിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഇന്നു രാവിലെ പത്തു മണി വരെ കൊച്ചിയിലെ വീട്ടിലും തുടര്‍ന്ന് എറണാകുളം ടൗണ്‍ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. വൈകീട്ട് അഞ്ചിന് രവിപുരം ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും.
മലയാള സാഹിത്യ- സാംസ്‌കാരിക ലോകത്തെ നിറസാന്നിധ്യമായിരുന്ന പ്രൊഫ. എം കെ സാനു ഇന്നലെ വൈകീട്ട് 5. 30 നാണ് അന്തരിച്ചത്. 97 വയസ്സായിരുന്നു. കഴിഞ്ഞ മാസം 24 ന് വീട്ടിലെ ശുചുമുറിയില്‍ വീണ് ഇടുപ്പെല്ലിന് പരിക്കേറ്റ സാനുമാഷ് അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 25 ന് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.
ശരീരത്തില്‍ ഓക്‌സിജന്‍ തോത് കുറഞ്ഞതോടെ സാനുമാഷിനെ 27 ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇതിനിടെ ന്യൂമോണിയയും ബാധിച്ചിരുന്നു.എറണാകുളം മഹാരാജാസ് കോളജില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു. എഴുത്തുകാരന്‍, ചിന്തകന്‍, വാഗ്മി, അധ്യാപകന്‍, സാമൂഹിക പ്രവര്‍ത്തകന്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എം കെ സാനു, 1987 ല്‍ എറണാകുളം നിയോജക മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് വിജയിച്ചിരുന്നു.
Recent Comments