by Midhun HP News | Aug 2, 2025 | Latest News, ദേശീയ വാർത്ത
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി സൈന്യം. തീവ്രവാദികള്‍ വനമേഖലയില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു. ഓപ്പറേഷന് തുടരുകയാണെന്ന് സൈന്യം അറിയിച്ചു. ഓപ്പറേഷന് ‘അഖാല്‍’ എന്ന പേരിലായിരുന്നു സൈനിക നീക്കം.
ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് നേതൃത്വം നല്കിയ മൂന്ന് തീവ്രവാദികളെ വധിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഏറ്റുമുട്ടല്‍. ജൂലൈ 28ന് ശ്രീനഗറിനു സമീപം ദച്ചിന്‍ഗാമിലെ ലിഡ് വാസിലെ വനമേഖലയില്‍ നടത്തിയ ‘ഓപ്പറേഷന് മഹാദേവി’ലൂടെയാണ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഷിം മൂസ, ജിബ്രാന്, ഹംസ അഫ്ഗാനി എന്നിവരെ സൈന്യം വധിച്ചത്.
by Midhun HP News | Aug 2, 2025 | Latest News, ദേശീയ വാർത്ത
പട്ന: ബിഹാറില്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വോട്ടര്‍പട്ടിക പുനഃപരിശോധിക്കുന്നതിനായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബിഎല്‍ഒ) വീട് തോറും കയറിയിറങ്ങുകയാണ്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ പരിശോധനയില്‍ പുറത്തുവരുന്നത്. മൂന്ന് മാസം മുമ്പ് മരിച്ചെന്ന് പറയുന്ന സ്ത്രീ ഇപ്പോഴും ജീവനോടെയുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി.
കഴിഞ്ഞ മാസം പട്നയിലെ ഗ്രാമപ്രദേശമായ ധനാറുവയില്‍ താമസിക്കുന്ന ശിവരഞ്ജന് കുമാറിന്റെ വീട്ടില്‍ വോട്ടര്‍ പട്ടിക പരിശോധിക്കുന്നതിനായി ബിഎല്‍ഒ എത്തിയപ്പോഴാണ് നിഷ കുമാരി എന്ന സ്ത്രീയെ ജീവനോടെ കണ്ടെത്തിയത്. നിഷ കുമാരി മരിച്ചതായാണ് സര്‍ക്കാര്‍ രേഖകളിലുള്ളത്. മെയ് 5ന് സംസ്ഥാന സര്‍ക്കാര്‍ മരണ സര്‍ട്ടിഫിക്കറ്റും നല്‍കിയതായി രേഖകള്‍ സൂചിപ്പിക്കുന്നു. രേഖകള്‍ പരിശോധിച്ചപ്പോള്‍ റവന്യൂ, ലാന്‍ഡ് റിഫോംസ്, രജിസ്ട്രേഷന് വകുപ്പാണ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് ഉദ്യോഗസ്ഥന് മനസിലാക്കി. വിവരാവകാശ നിയമപ്രകാരമാണ് നിഷയുടെ മരണസര്‍ട്ടിഫിക്കറ്റ് കണ്ടെടുത്തത്.
എന്നാല്‍ തന്റെ പേരില്‍ മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത് ആരാണെന്നറിയാനായിരുന്നു പിന്നീട് നിഷയുടെ ശ്രമം. ഇതിനായി ബിഡിഒ(ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍) ധനാറുവയ്ക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചു. അപ്പോഴാണ് നിഷയെ ശരിക്കും ഞെട്ടിയത്. മരണസര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയത് നിഷയുടെ ഭര്‍ത്താവ് തന്നെയായിരുന്നു. അംഗന്‍വാരി സേവിക അംഗം, പഞ്ചായത്ത് സചിവ്, മുഖിയ എന്നിവരുടെ ഒപ്പും സീലുമില്ലാതെ എങ്ങനെയാണ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഇതൊന്നും ഇല്ലാതെ എങ്ങനെയാണ് അപേക്ഷ സമര്‍പ്പിക്കുന്നതെന്ന് ബ്ലോക്ക് ഓഫീസിലെ ഒരു ജീവനക്കാരന് ചോദിക്കുന്നു. ദമ്പതികള്‍ക്കിടയില്‍ വളരെ കാലമായി പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവ് ശിവരഞ്ജന് ഭാര്യ മരിച്ചതായി പ്രഖ്യാപിച്ചെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.
by Midhun HP News | Aug 2, 2025 | Latest News, കേരളം
കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ റാപ്പ് ഗായകന് വേടനെ തിരഞ്ഞ് പൊലീസ്. ഇന്നലെ തൃശൂരിലെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും വേടനുണ്ടായിരുന്നില്ല. കേസിന് പിന്നാലെ വേടന് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് വേടന്റെ ഫോണ്‍ കണ്ടെടുത്തിട്ടുണ്ട്.
അതേസമയം, പരാതി നല്കിയ പെണ്‍കുട്ടിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി. പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം അറസ്റ്റ് മതിയെന്നായിരുന്നു പൊലീസിന്റെ തീരുമാനം. യുവതിയുമായി സാമ്പത്തിക ഇടപാട് നടത്തിയത് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസില്‍ കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം തേടി വേടന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ഇപ്പോള്‍ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നുമാണ് ജാമ്യ ഹര്‍ജിയില്‍ പറയുന്നത്. ഓഗസ്റ്റ് 18നാണ് ഹൈക്കോടതി ജാമ്യ ഹര്‍ജി പരിഗണിക്കുക. തനിക്കെതിരെ പരാതി നല്‍കുമെന്ന് യുവതി ഭീഷണി സന്ദേശം തനിക്കും മാനേജര്‍ക്കും അയച്ചിരുന്നുവെന്നും വേടന്റെ ജാമ്യ ഹര്‍ജിയില്‍ പറയുന്നു.
2021 ഓഗസ്റ്റ് ഒന്നിനും 2023 മാര്‍ച്ച് 31നും ഇടയില്‍ പല തവണകളായി വേടന് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ മൊഴി. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്തു എന്നും പരാതിയില്‍ പറഞ്ഞിരുന്നു. യുവ ഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പൊലീസാണ് കേസെടുത്തത്. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. വിവാഹ വാഗ്ദാനം നല്കിയ ശേഷമായിരുന്നു പീഡനം. തുടര്‍ച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് വേടന് പിന്മാറി. വേടന്റെ പിന്മാറ്റം തന്നെ മാനസികമായി തളര്‍ത്തിയെന്നും ഡിപ്രഷനിലായെന്നും യുവതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ആളുകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്.
by Midhun HP News | Aug 2, 2025 | Latest News, ദേശീയ വാർത്ത
റായ്പൂര്‍: മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ ജയിലിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ഇന്നലെ വാദം പൂര്‍ത്തിയാക്കി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സിറാജുദ്ദീന് ഖുറേഷിയാണ് ജാമ്യം അനുവദിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉറപ്പിന്മേലാണ് ഇന്നലെ എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നു ചുണ്ടിക്കാട്ടി പ്രോസിക്യൂഷന് ജാമ്യാപേക്ഷയെ എതിര്‍ത്തു. അതേസമയം കസ്റ്റഡിയില്‍ വിടേണ്ടതുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് വേണ്ട എന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.
വ്യക്തമായ തെളിവുകള്‍ ഇല്ലാതെയാണ് ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് കന്യാസ്ത്രീകള്‍ക്കുവേണ്ടി ഹാജരായ അമൃതോദോസ് വാദിച്ചു. ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റകൃത്യം നടന്നുവെന്ന് പറയാനാകില്ല. കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെടാത്തതിനാല്‍ അവര്‍ ജയിലില്‍ തുടരേണ്ട കാര്യമില്ല. കന്യാസ്ത്രീകള്‍ക്ക് ഒരുതരത്തിലുമുള്ള ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതും പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കന്യാസ്ത്രീകള്‍ക്കെതിരെ എന്തുതെളിവാണ് ഉളളതെന്ന് കോടതി ചോദിച്ചപ്പോഴാണ് അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്ന് പ്രോസിക്യൂഷന് മറുപടി നല്‍കിയത്. കന്യാസ്ത്രീകള്‍ക്കെതിരെ പരാതി നല്കിയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കായി ഹാജരായ അഭിഭാഷകനും ജാമ്യത്തെ എതിര്‍ത്തു.
മലയാളി കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാന്‍സിസ് എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആദിവാസി യുവാവ് സുഖ്മാന്‍ മാണ്ഡവിയുമാണ് ജാമ്യാപേക്ഷ നല്‍കിയത്. അറസ്റ്റിലായ അന്നുമുതല്‍ ഇവര്‍ ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ ദുര്‍ഗ് സെന്‍ട്രല്‍ ജയിലിലാണ്.
by Midhun HP News | Aug 2, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ പ്രത്യേക എന്‍ഐഎ കോടതി ഇന്ന് വിധി പറയും. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ എതിര്‍ക്കുകയായിരുന്നു.
സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണനയ്ക്കു വന്നപ്പോഴാണ് ബിലാസ്പൂര്‍ എന്‍ഐഎ കോടതിയില്‍ പ്രോസിക്യൂഷന് നിലപാടെടുത്തത്. കേസ് അന്വേഷണ ഘട്ടത്തിലാണെന്നാണ്, ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചത്. വാദത്തിനിടെ കേസ് ഡയറി കോടതി വിളിച്ചുവരുത്തിയിരുന്നു.
ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തില്‍നിന്നുള്ള എംപിമാരുടെ സംഘത്തിന് ഉറപ്പു നല്‍കിയിരുന്നു. പ്രധാനമന്ത്രിയും അമിത് ഷായും ഇക്കാര്യം ഉറപ്പു നല്‍കിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം ഇരുവരുടെയും ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയിരുന്നു. കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി ബിലാസ്പുരിലെ എന്‍ഐഎ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കേസില്‍ ആരോപിച്ചിരിക്കുന്ന മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ അധികാരപരിധിയിലല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ചാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ കൂടെയുണ്ടായിരുന്ന യുവതികളെയും പൊലീസ് പിടികൂടിയിരുന്നു. ഇതിനിടെ കന്യാസ്ത്രീകളെയും യുവതികളെയും ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ സമാന്തരമായി ചോദ്യം ചെയ്തെന്ന ആരോപണവും ഉയര്‍ന്നു. മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നും രക്ഷിതാക്കളുടെ സമ്മതത്തോടെയാണു പെണ്‍കുട്ടികള്‍ യാത്ര ചെയ്തതെന്നും അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹവും വ്യക്തമാക്കിയിരുന്നു.
Recent Comments