by Midhun HP News | Jul 17, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നാളെ വൈകീട്ട് നാലുമണി വരെ നടത്താം. ഷെഡ്യൂള്‍ പ്രകാരം തന്നെ ആദ്യ അലോട്ട്‌മെന്റ് നടക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് അറിയിച്ചു.
പുതിയ പ്രോഗ്രാമുകള്‍ക്ക് കോളജുകള്‍ അഫിലിയേഷന്‍ തേടിയിട്ടുള്ളതിനാല്‍ ഓഗസ്റ്റ് 2 വരെ ഓപ്ഷന്‍ സൗകര്യം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പുതിയ പ്രോഗ്രാമുകളിലേക്ക് രണ്ടാം അലോട്ട്‌മെന്റിനു ശേഷം പുതുതായി ഓപ്ഷന്‍ നല്‍കാന്‍ സൗകര്യം ഉണ്ടാകുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്ക് ( കീം 2025) അപേക്ഷ നല്‍കിയവരില്‍ കാറ്റഗറി/ കമ്യൂണിറ്റി സംവരണം, ഫീസാനുകൂല്യം എന്നിവയ്ക്ക് അര്‍ഹരായവരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ സൈറ്റില്‍ ലഭ്യമാണ്. www.cee.kerala.gov.in
by Midhun HP News | Jul 17, 2025 | Latest News, കേരളം
കൊല്ലം: സിപിഎം മുൻ എംഎൽഎ അയിഷാ പോറ്റി കോൺഗ്രസ് വേദിയിലെത്തുന്നു. കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിലാണ് അയിഷാ പോറ്റി പങ്കെടുക്കുന്നത്. സിപിഎമ്മുമായി കുറേക്കാലമായി അകന്നു നിൽക്കുന്ന അയിഷാ പോറ്റി കോൺഗ്രസിൽ ചേർന്നേക്കുമെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ്, കോൺഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയിൽ സംബന്ധിക്കുന്നത്.
കലയപുരം ആശ്രയ സങ്കേതത്തിൽ ഇന്നു നടക്കുന്ന യോഗത്തിൽ ഉമ്മൻചാണ്ടി അനുസ്മരണ പ്രഭാഷണമാണ് അയിഷാ പോറ്റി നിർവഹിക്കുക. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് യോഗം ഉദ്ഘാടനം ചെയ്യുന്നത്. ചാണ്ടി ഉമ്മൻ എംഎൽഎയും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. മുൻ സഹപ്രവർത്തകൻ എന്ന നിലയിലാണ് അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്ന് അയിഷാ പോറ്റി വ്യക്തമാക്കി.
‘വിവിധ രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയാണ്. എനിക്കിപ്പോൾ പാർട്ടിയുമായി ബന്ധമില്ല. ഇഷ്ടമുള്ള കാര്യം ചെയ്യാമല്ലോ’യെന്നും അയിഷാ പോറ്റി പറഞ്ഞു. സിപിഎം നേതൃത്വവുമായുള്ള വിയോജിപ്പിനെ തുടർന്ന് കുറച്ചുകാലമായി പാർട്ടി പരിപാടികളിൽ നിന്ന് അയിഷാ പോറ്റി വിട്ടുനിൽക്കുകയാണ്. ജില്ലാ കമ്മിറ്റി അംഗമായിരുന്നിട്ടും സിപിഎം ജില്ലാസമ്മേളനത്തിൽ പങ്കെടുത്തില്ല. ഇതേത്തുടർന്ന് ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു.
സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന അയിഷാ പോറ്റിയെ കോൺഗ്രസിലെത്തിക്കാൻ നീക്കം ശക്തമാണ്. കോൺഗ്രസ് കൊട്ടാരക്കര നഗരസഭാ പ്രവർത്തക ക്യാമ്പിൽ അയിഷാ പോറ്റിയെ പുകഴ്ത്തി രാഷ്ട്രീയ പ്രമേയവും അവതരിപ്പിച്ചിരുന്നു. കൊട്ടാരക്കര നിയമസഭാ മണ്ഡലത്തിൽ കരുത്തനായ ആർ ബാലകൃഷ്ണ പിള്ളയെ തോൽപ്പിച്ചാണ് അയിഷാ പോറ്റി ആദ്യമായി നിയമസഭയിലെത്തുന്നത്. തുടർച്ചയായി മൂന്നുതവണ അയിഷാ പോറ്റി എംഎൽഎയായിരുന്നിട്ടുണ്ട്.
by Midhun HP News | Jul 17, 2025 | Latest News, ജില്ലാ വാർത്ത
ചെമ്പൂർ എൽപിഎസ് വിദ്യാരംഗം ക്ലബ്ബിൻ്റേയും, തണൽ സ്കൂൾ ഓപ്പൺ ലൈബ്രറിയുടടേയും നേതൃത്വത്തിൽ കുട്ടികൾക്കായി എഴുത്തുപുര ശില്പശാല വേറിട്ട അനുഭവമായിരുന്നു. എഴുത്തിൻ്റെ വഴികളിലൂടെ സഞ്ചരിക്കുന്നതിനെക്കുറിച്ചുള്ള കുഞ്ഞു ചോദ്യങ്ങൾക്ക് കവിതകളിലൂടെയും കഥകളിലൂടെയും എഴുത്തുകാർ മറുപടി പറഞ്ഞു. വിദ്യാരംഗം കലാസാഹിത്യവേദിയുടെയും എഴുത്തുപുരയുടെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പള്ളിയറ ശശി നിർവഹിച്ചു. വാർഡ് മെമ്പർ ലീലാമ്മ മുഖ്യപ്രഭാഷണം നടത്തി. എസ്. എം .സി ചെയർമാൻ പ്രവീൺ ഹരിശ്രീ അധ്യക്ഷനായിരുന്ന ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് ദിനേശ് എം ബി, പി.ടി.എ വൈസ് പ്രസിഡൻ്റ് അനിൽ ചന്നൂർ, സീനിയർ അസിസ്റ്റൻ്റ് മോളി ഡി എസ്, അധ്യാപകരായ ശബരി, സാബു എന്നിവർ സംസാരിച്ചു.
ശില്പശാലയിൽ യുവ എഴുത്തുകാരായ ബിനു വേലായുധൻ, സുനിൽ വെഞ്ഞാറമൂട്, മഞ്ജു ഗിരീഷ്, ഊർമ്മിള അഗസ്ത്യ, ആശാ ദേവി എന്നിവർ പങ്കെടുത്തു. വായന മാസാചരണത്തിന്റെ ഭാഗമായി നടന്ന ശില്പശാലയിൽ എഴുത്ത് വഴികളെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും എഴുത്തുകാർ കുട്ടികളുമായി സംവദിച്ചു. പിടിഎ, എസ് എം സി, എം പി ടി എ അംഗങ്ങൾ പങ്കെടുത്തു.
by Midhun HP News | Jul 17, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: അവനവഞ്ചേരി വടക്കതിൽ വീട്ടിൽ (എം.എൻ.ആർ.എ:81) പരേതനായ എൻ. ശിവശങ്കരപ്പിള്ളയുടെ (റിട്ടയേർഡ് അധ്യാപകൻ) സഹധർമ്മിണി കെ ലക്ഷ്മിക്കുട്ടി അമ്മ (96) അന്തരിച്ചു.
മക്കൾ: എസ് ഭാസി രാജ് (റിട്ടയേർഡ് പ്രൊഫസർ,നിലമേൽ എൻ.എസ്.എസ് കോളേജ്), പരേതനായ എസ് ബേബി രാജ്.
മരുമകൾ: രാധ എം.ആർ (റിട്ടയേർഡ് അധ്യാപിക,ഗവ:എൽ.പി.എസ് പരവൂർക്കോണം).
സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക്.
by Midhun HP News | Jul 17, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മാനസിക നില തകരാറിലായ മകന്റെ മർദ്ദനമേറ്റ പിതാവ് മരിച്ചു. അതിയന്നൂർ വെൺപകലിനു സമീപം പട്ട്യക്കാല സംഗീതിൽ സുനിൽകുമാറാണ് മരിച്ചത്. സംഭവത്തിൽ മകൻ സിജോയി സാമുവേലിനെ (19) പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ സിജോയിയെ റിമാൻഡ് ചെയ്തു.
അമിതമായ മൊബൈൽ ഫോൺ ഉപയോഗവും വീഡിയോ ഗെയിം ആസക്തിയും മൂലമാണ് മകൻ സിജോയിയുടെ മാനസിക നില തകരാറിലായതെന്നാണ് റിപ്പോർട്ട്. മൊബൈല്‍ ഉപയോഗം അമിതമായതോടെ രക്ഷിതാക്കള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചത് സിജോയിയെ കൂടുതല്‍ ചൊടിപ്പിച്ചിരുന്നു. സുനിൽകുമാർ- ലളിതകുമാരി ദമ്പതികളുടെ മൂന്നു മക്കളിൽ ഇളയവനാണ് സിജോയി.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സിജോയിയുടെ മാനസികനില തകരാറിലായിരുന്നു. ഇടയ്ക്ക് ചികിത്സ നടത്തുകയും സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തിരുന്നെങ്കിലും ആക്രമണം തുടർന്നു. ഇതോടെ സുനിൽ കുമാറും ഭാര്യ ലളിത കുമാരിയും കാഞ്ഞിരംകുളത്ത് വാടകയ്ക്ക് താമസം മാറി. എന്നാൽ സിജോയിക്ക് ദിവസവും ഇവർ ഭക്ഷണം എത്തിച്ചിരുന്നു.
ഭക്ഷണവുമായി എത്തിയ പിതാവിനോട്, ഇയാൾ പണം ആവശ്യപ്പെടുകയും അതു ലഭിക്കാതെ വന്നതോടെ ആക്രമിക്കുകയുമായിരുന്നു. അടിയേറ്റ് വീണ സുനിൽ കുമാറിനെ നാട്ടുകാരാണ് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കാൽതെറ്റി വീണെന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ വീഴ്ചയിലേറ്റ പരിക്കല്ലെന്ന് മനസ്സിലാക്കിയ ഡോക്ടർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
അടുത്തിടെ സിജോയ് ആവശ്യപ്പെട്ടതുപ്രകാരം രക്ഷിതാക്കള്‍ ബൈക്ക് വാങ്ങിനല്‍കിയിരുന്നു. എന്നാല്‍, ഇതിന് മൈലേജില്ലെന്ന് പറഞ്ഞ് മറ്റൊരു ബൈക്ക് വാങ്ങിത്തരാന്‍ സിജോയ് വാശിപിടിച്ചിരുന്നു. ബേക്കറി ഉടമയായ സുനില്‍കുമാര്‍ എല്ലാദിവസവും മകന് പോക്കറ്റ് മണിയായി 150 രൂപയും നല്‍കിയിരുന്നു. വീഡിയോ ഗെയിമുകളും കൂടാതെ ഇന്റര്‍നെറ്റ് വഴിയുള്ള പല സാമ്പത്തിക ഇടപാടുകളും സിജോയിക്ക് ഉണ്ടായിരുന്നോയെന്നും സംശയമുണ്ട്. ഇക്കാര്യങ്ങളെല്ലാം പൊലീസ് അന്വേഷിച്ചു വരികയാണ്. സുനില്‍കുമാര്‍ മരിച്ചതോടെ പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Recent Comments