by Midhun HP News | Jul 13, 2025 | Latest News, കേരളം
തൃശ്ശൂര്‍: വര്‍ഷംതോറും നടത്തിവരാറുള്ള നാലമ്പല യാത്ര ഇത്തവണ ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 16 വരെയുള്ള ദിവസങ്ങളില്‍ സംഘടിപ്പിക്കുമെന്ന് ഡിടിപിസി. രാവിലെ 5.30ന് തൃശൂരില്‍ നിന്നും പുറപ്പെടുന്ന യാത്ര ആദ്യം പോകുക തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലേക്കാണ്. അവിടെ ദര്‍ശനം നടത്തിയ ശേഷം നേരെ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്ക് പോകും.
തുടര്‍ന്ന് മൂഴിക്കുളം ലക്ഷ്മണ പെരുമാള്‍ ക്ഷേത്രവും പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രവും ദര്‍ശിച്ച ശേഷം വീണ്ടും തൃപ്രയാര്‍ ശ്രീരാമ ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. മലയാള മാസം കര്‍ക്കിടകം ഒന്ന് മുതല്‍ മുപ്പത്തിയൊന്ന് വരെ ഒരുക്കിയിരിക്കുന്ന യാത്ര രാവിലെ 5.30ന് പുറപ്പെട്ട് വൈകീട്ട് മൂന്ന് മണിക്ക് തൃശൂരില്‍ തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
യാത്രയില്‍ ഫെസിലിറ്റേറ്റര്‍ സേവനം ലഭ്യമായിരിക്കും. കര്‍ക്കിടക കഞ്ഞിക്കൂട്ട്, മലയാള പഞ്ചാംഗം, സന്ധ്യാനാമ പുസ്തകം, ഉച്ചഭക്ഷണം എന്നിവ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 24 സീറ്റുള്ള ഡിടിപിസിയുടെ എസി ബസ് ആണ് യാത്രക്കായി സജ്ജമാക്കിയിരിക്കുന്നത്. ഒരാള്‍ക്ക് 900 രൂപയാണ് ചാര്‍ജ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9496101737, 0487 2320800
by Midhun HP News | Jul 13, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: തമിഴ്‌നാട്ടില്‍ ചരക്ക് ട്രെയിനിന് തീപിടിച്ച് അപകടം. തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് ഗുഡ്സ് ട്രെയിനിന്റെ അഞ്ച് വാഗണുകളില്‍ ആണ് തീ പടര്‍ന്നത്. ഞായറാഴ്ച പുലര്‍ച്ചെ 5:30 ഓടെ ആണ് ഡീസല്‍ ശേഖരിച്ച ട്രെയിന്‍ വാഗണുകളില്‍ തീ പിടിച്ചത്. വലിയ തോതില്‍ തീ പടര്‍ന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം വച്ചായിരുന്നു ട്രയിനിന് തീപിടിച്ചത്.
സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തം നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. പത്തോളം അഗ്നിശമന സേനാ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. വന്‍ തോതില്‍ തീ പടര്‍ന്നെങ്കിലും ജീവഹാനിയോ ചുറ്റുമുള്ള വസ്തുക്കള്‍ക്ക് നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. മുന്‍കരുതല്‍ നടപടിയായി സമീപ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
തീപിടിത്തം സംഭന്ധിച്ച് അന്വേഷണം നടത്തുമെന്ന് റെയില്‍വെ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായി. ചെന്നൈയിലേക്കും തിരിച്ചുമുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. എട്ട് ട്രെയിനുകള്‍ റദ്ദാക്കി. നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
by Midhun HP News | Jul 13, 2025 | Latest News, കേരളം
സംസ്ഥാനത്തെ സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്നലെ 520 രൂപ വർദ്ധിച്ച് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ വിപണി ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഇതോടെ തുടർച്ചയായ രണ്ടാം ദിവസും ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലായിരുന്നു സ്വർണ വില. 73,120 രൂപയാണ് ഇന്നും ഒരു പവൻ സ്വർണത്തിൻ്റെ വില. 9140 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട്.
by Midhun HP News | Jul 13, 2025 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: പ്രമുഖ തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. സ്വഭാവ നടന്‍, ഹാസ്യനടന്‍ എന്നി നിലകളില്‍ പ്രശസ്തനായ കോട്ട ശ്രീനിവാസ റാവു ഇന്ന് രാവിലെ ഹൈദരാബാദില്‍ വച്ച് അനാരോഗ്യത്തെ തുടര്‍ന്നാണ് മരിച്ചത്. 83 വയസായിരുന്നു. സിനിമാ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ മാനിച്ച് 2015ല്‍ അദ്ദേഹത്തിന് പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു.
കോട്ട എന്നറിയപ്പെടുന്ന ശ്രീനിവാസ റാവു ഒരു നാടക കലാകാരനായിട്ടാണ് തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. 1978 ല്‍ പ്രണാമം ഖരീദു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാരംഗത്തേയ്ക്ക് കടന്നുവന്നത്. എന്നിരുന്നാലും, പ്രതിഘടന എന്ന ചിത്രത്തിലെ കസയ്യ എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ സ്വഭാവ നടനായും ഹാസ്യ നടനായും വില്ലനായും അദ്ദേഹം തിളങ്ങി. കോട്ട ശ്രീനിവാസ റാവുവും ബാബു മോഹനും തെലുങ്ക് ചലച്ചിത്രമേഖലയില്‍ ഒരു ഹിറ്റ് കോമഡി ജോഡിയായി മാറി.
ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹം 1999 ല്‍ വിജയവാഡ ഈസ്റ്റ് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. 1942 ജൂലൈ 10 ന് ആന്ധ്രാപ്രദേശിലെ വിജയവാഡ നഗരത്തിന്റെ പ്രാന്തപ്രദേശമായ കങ്കിപാടു ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്.
by Midhun HP News | Jul 13, 2025 | Latest News, കേരളം
കൊച്ചി: ലക്ഷദ്വീപ് സ്വദേശിയായ മൂന്ന് വയസുകാരന്‍ വിഴുങ്ങിയ നട്ട് പുറത്തെടുത്തു. എറണാകുളം ലക്ഷ്മി ആശുപത്രിയിലെ ചികിത്സയിലൂടെയാണ് നട്ട് പുറത്തെടുത്തത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് മുഹമ്മദ് ഐസം ആണ് നട്ട് വിഴുങ്ങിയത്. പിന്നീടുള്ള ദിവസങ്ങളില്‍ നടത്തിയ എക്‌സ്‌റേ പരിശോധനയില്‍ നട്ട് കുഞ്ഞിന്റെ വയറ്റില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് കണ്ടെത്തി. നട്ട് പുറത്തെടുക്കാന്‍ കഴിയാതിരുന്നതോടെ വ്യാഴാഴ്ച രാത്രി കുട്ടിയെ ലക്ഷദ്വീപില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം ലക്ഷ്മി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെ ഗ്യാസ്‌ട്രോ എന്ററോളജി ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. ജോണി സിറിയക്കിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് എന്‍ഡോസ്‌കോപ്പി ചികിത്സയിലൂടെ നട്ട് പുറത്തെടുത്തത്. കുട്ടി സുഖം പ്രാപിച്ചതായും അടുത്ത ദിവസം ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Recent Comments