നഗരൂരിൽ നടന്ന തീപിടുത്തത്തിൽ തീ പൂർണമായി കെടുത്തി ആളപായമില്ല

നഗരൂരിൽ നടന്ന തീപിടുത്തത്തിൽ തീ പൂർണമായി കെടുത്തി ആളപായമില്ല

തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ മൂന്ന് നില കെട്ടിടത്തിൽ തീപിടിച്ചു. സൂപ്പര്‍മാര്‍ക്കറ്റ് അടക്കം പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിച്ചത്. കെട്ടിടത്തിലെ ജിംനേഷ്യത്തിലാണ് ആദ്യം തീപിടുത്തം ഉണ്ടായത്. പിന്നീട് ഇതേ കെട്ടിടത്തിലെ ഗ്യാസ് സിലിണ്ടർ ഗോഡൗണിലും തീ പടർന്നു. തൊട്ട് അടുത്ത കെഎസ്എഫ്ഇ ശാഖയിലേക്ക് തീ പടർന്നത് ഉടന്‍ അണയ്ക്കാനായി. ആറ്റിങ്ങൽ, വർക്കല, കിളിമാനൂർ, കടയ്ക്കൽ തുടങ്ങി പത്തോളം യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ പൂർണ്ണമായി കെടുത്തി. ആളപായമില്ല.

ആറ്റിങ്ങൽ ഗവൺമെൻറ് ഐടിഐ പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു,വനിതാ സംവരണ സീറ്റുകളിലേക്ക് കൗൺസിലിംഗ് 15 മുതൽ

ആറ്റിങ്ങൽ ഗവൺമെൻറ് ഐടിഐ പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു,വനിതാ സംവരണ സീറ്റുകളിലേക്ക് കൗൺസിലിംഗ് 15 മുതൽ

ആറ്റിങ്ങൽ ഗവൺമെൻറ് ഐടിഐ.യിൽ ഈ വർഷത്തെ പ്രവേശനത്തിനായുള്ള കരട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഐടിഐ നോട്ടീസ് ബോർഡിലും iti admissions.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. അപേക്ഷകർ ലിസ്റ്റ് പരിശോധിച്ച് അപാകതകൾ ഉണ്ടെങ്കിൽ ജൂലൈ 14 തിങ്കൾ വൈകുന്നേരം 5 മണിക്ക് മുമ്പ് ഐ.ടി.ഐ.ൽ നേരിട്ട് എത്തി പരിഹരിക്കേണ്ടതാണ്.

വനിതാ സംവരണ സീറ്റുകളിലേക്ക് 200 ഇൻഡക്സ് മാർക്ക് വരെയുള്ളവരുടെ കൗൺസിലിംഗ് 15 ന് നടക്കുന്നതാണ്. സെലക്ഷൻ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് രജിസ്റ്റേർഡ് മൊബൈൽ നമ്പരിൽ എസ്.എം.എസിലൂടെയും അറിയിപ്പ് നൽകുന്നതാണ്. എസ്.എം.എസ്.പ്രകാരമുള്ള സമയക്രമം കൃത്യമായും പാലിക്കേണ്ടതാണ്. ഫോൺ 0470 2622391, 94951 22391.

കൊക്കെയ്ന്‍ ക്യാപ്‌സൂളുകളാക്കി വിഴുങ്ങി; കൊച്ചി വിമാനത്താവളത്തില്‍ ദമ്പതികള്‍ പിടിയില്‍; ലഹരിക്കടത്ത്?

കൊക്കെയ്ന്‍ ക്യാപ്‌സൂളുകളാക്കി വിഴുങ്ങി; കൊച്ചി വിമാനത്താവളത്തില്‍ ദമ്പതികള്‍ പിടിയില്‍; ലഹരിക്കടത്ത്?

കൊച്ചി: കൊക്കെയ്ന്‍ എന്നു സംശയിക്കുന്ന ലഹരി മരുന്ന് ക്യാപ്‌സൂളുകളാക്കി വിഴുങ്ങിയ ബ്രസീല്‍ സ്വദേശികളായ ദമ്പതികള്‍ പിടിയില്‍. കൊച്ചി വിമാനത്താവളത്തില്‍ വച്ചാണ് ഡിആര്‍ഐ സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. 80 ക്യാപ്‌സൂളുകള്‍ ഇരുവരുടെയും ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ടുപേരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലഹരിക്കടത്ത് സംശയത്തിന്റെ പേരില്‍ ഡിആര്‍ഐ സംഘം ഇവരെ വിശദമായി പരിശോധിച്ചിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാല്‍ ശരീരത്തിലോ ബാഗുകളിലോ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങിലാണ് വിഴുങ്ങിയ നിലയില്‍ ക്യാപ്‌സൂളുകള്‍ കണ്ടെത്തിയത്.

കൊച്ചിയില്‍ വിമാനമിറങ്ങിയ ശേഷം തിരുവനന്തപുരത്തേക്കു പോകാനായിരുന്നു ഇവരുടെ പദ്ധതി. തിരുവനന്തപുരത്ത് ഹോട്ടല്‍ ബുക്ക് ചെയ്തതിന്റെ രേഖകളും ഇവരുടെ പക്കലുണ്ടായിരുന്നു. ലഹരി ഇടപാട് ഇവിടെ നടത്താനായിരുന്നു ഇവരുടെ പദ്ധതി എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ശരീരത്തില്‍ ലഹരി ഒളിപ്പിച്ച് എത്തുന്ന ഇത്തരത്തിലുള്ള ഒട്ടേറെ കേസുകള്‍ ഇപ്പോള്‍ നെടുമ്പാശേരിയില്‍ പിടിയിലാകുന്നുണ്ട്. കസ്റ്റഡിയിലായവരെ കുറിച്ചുള്ള കൂടുതല്‍ വിവവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു, ബുധനാഴ്ച വരെ മുന്നറിയിപ്പ്; രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു, ബുധനാഴ്ച വരെ മുന്നറിയിപ്പ്; രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ എട്ടു ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്.

സംസ്ഥാനത്ത് ദിവസങ്ങള്‍ക്ക് ശേഷം കാലവര്‍ഷം വീണ്ടും സജീവമായിരിക്കുകയാണ്. ഇന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ മഴ ലഭിച്ചു. വരുംദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ രണ്ടു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഞായറാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലും തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഈ ജില്ലകളില്‍ പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും അലര്‍ട്ട് ഉണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴ കണക്കിലെടുത്ത് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചത്.

നെടുമങ്ങാട് – വേങ്കവിള നീന്തൽ പരിശീലന കുളത്തിൽ കുളിയ്ക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

നെടുമങ്ങാട് – വേങ്കവിള നീന്തൽ പരിശീലന കുളത്തിൽ കുളിയ്ക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് – വേങ്കവിള നീന്തൽ പരിശീലന കുളത്തിൽ കുളിയ്ക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. ആരോമൽ (13), ഷിനിൽ (14) എന്നിവരാണ് മരിച്ചത്. കൂശർകോട് സ്വദേശികളാണ് ഇരുവരും. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിക്കാണ് അപകടം ഉണ്ടായത്. ആനാട് ഗ്രാമപഞ്ചായത്തിന്‍റെ നീന്തൽ പരിശീലന കുളത്തിലാണ് അപകടം ഉണ്ടായത്. രാവിലെയും വൈകിട്ടുമാണ് ഇവിടെ നീന്തൽ പരിശീലനം നടത്തുക. എന്നാല്‍ ഉച്ചയോടെ കുട്ടികളെത്തി കുളത്തില്‍ ഇറങ്ങുകയുമായിരുന്നു. ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടികൾ മതിൽ ചാടിയാണ് നീന്തൽ കുളത്തിലെത്തിയതെന്ന് ​​ജില്ലാ പഞ്ചായത്ത് മുൻ അം​ഗം ആനാട് ജയൻ പറഞ്ഞു.