by Midhun HP News | Jul 7, 2025 | Latest News, ജില്ലാ വാർത്ത
മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന സുനിൽ കൊടുവഴന്നൂരിൻ്റെ പുസ്തക ശേഖരം അദ്ദേഹത്തിൻ്റെ സ്മരണക്കായി മകൻ ആര്യൻ .എസ് .ബി നായർ തക്ഷശില ലൈബ്രറിക്ക് കൈമാറി. തക്ഷശില ലൈബ്രറി ഹാളിൽ നടന്നചടങ്ങിൽപ്രസിഡൻ്റ് ജയകുമാർ അദ്ധ്യക്ഷനായി.
കവിയും എഴുത്തുകാരനും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ലൈബ്രറി എക്സിക്യൂട്ടീവ് അംഗം ശ്യാംകൃഷ്ണ സ്വാഗതം പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം നന്ദു നാരായൺ, വനിതവേദി എക്സിക്യൂട്ടീവ് അംഗം പ്രമീളദേവി എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി വേണുക്കുട്ടൻ നായർ നന്ദി പറഞ്ഞു. പ്രമുഖ എഴുത്തുകാരുടെ നോവലുകൾ, വിജ്ഞാനപഠനഗ്രന്ഥങ്ങൾ, ഇംഗ്ലീഷ് സാഹിത്യ രചനകൾ എന്നിവ അടങ്ങിയ പുസ്തകക്കൂടാണ് വായനക്കാർക്കായി കൈമാറിയത്.
by Midhun HP News | Jul 7, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ ഹരിത കർമ്മ സേനാംഗവും തച്ചൂർകുന്ന് താന്നിമൂട്ട് വിളവീട്ടിൽ സരളയുടെ പേഴ്സാണ് കഴിഞ്ഞദിവസം രാവിലെ ജോലിക്ക് പോകുന്ന വഴി തച്ചൂർകുന്നിനും ആറ്റിങ്ങലിനും ഇടയിൽ നഷ്ടപ്പെട്ടത്. ആധാർ കാർഡ്, നഗരസഭയുടെ ഐഡി കാർഡ്, ഹെൽത്ത് കാർഡ് കൂടാതെ 700 രൂപയും പേഴ്സിൽ ഉണ്ടായിരുന്നു. കണ്ടുകിട്ടുന്നവർ താഴെക്കാണുന്ന മൊബൈൽ നമ്പറിൽ അറിയിക്കുക.
964518 6059
by Midhun HP News | Jul 7, 2025 | Latest News, കേരളം
തിരുവനന്തപുരം: പശ്ചിമ ബംഗാളിലെ ഗംഗാതടത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കൻ ഗുജറാത്ത് തീരം മുതൽ തെക്കൻ കർണാടക തീരം വരെ ന്യൂനമർദ്ദപാത്തിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതും മഴയെ സ്വാധീനിക്കുന്നതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഗംഗാതടത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം അടുത്ത 2-3 ദിവസം ഝാർഖണ്ഡ്, ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ന്യൂനമർദ്ദത്തിന്റെയും ന്യൂനമർദ്ദപാത്തിയുടെയും സ്വാധീനഫലമായി വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
വടക്കൻ ജില്ലകളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസം മഴയുടെ ശക്തി കുറയുമെങ്കിലും പിന്നീട് മഴ ശക്തി പ്രാപിക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ കണ്ണൂരും കാസർകോടും യെല്ലോ മുന്നറിയിപ്പാണുള്ളത്.
by Midhun HP News | Jul 6, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐ.യിലെ ഇൻസ്റ്റിറ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കമ്മിറ്റി മുഖേന നടത്തുന്ന ഒരു വർഷത്തേക്കുള്ള ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു. എസ്.എസ്.എൽ.സി അല്ലെങ്കിൽ പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഈ കോഴ്സിൽ ചേരാവുന്നതാണ്.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് വിദേശ രാജ്യങ്ങളിലെ ഉയർന്ന ശമ്പളമുള്ള തൊഴിൽ അവസരങ്ങൾ കണ്ടെത്തുന്നതിനായി പരിശീലനവും പ്രൊഫഷണൽ ഗൈഡൻസും ഒരുക്കിയിട്ടുണ്ട്.
by Midhun HP News | Jul 6, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പേപ്പാറ അഞ്ചുമരുതുമൂട്ടിലെ ജനവാസ കേന്ദ്രത്തില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി. വനംവകുപ്പ് ഉദ്യോഗസ്ഥ റോഷ്‌നിയുടെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്.
ഇന്ന് രാവിലെയാണ് സംഭവം. സമീപത്തെ തോട്ടില്‍ കുളിക്കാനിറങ്ങിയ നാട്ടുകാരാണ് കടവിലെ പാറയ്ക്ക് മുകളിലായി കിടന്നിരുന്ന രാജവെമ്പാലയെ കണ്ടത്. ഏതാണ്ട് പതിനെട്ടടിയോളം വരുന്ന രാജവെമ്പാലയെ കണ്ട് ഭയന്ന നാട്ടുകാര്‍ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. പ്രദേശത്ത് അടുത്ത കാലത്തൊന്നും രാജവെമ്പാലയെ കണ്ടിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് പരുത്തിപ്പള്ളി റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റോഷ്‌നി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പ്രദീപ്കുമാര്‍ ഉള്‍പ്പടെയുള്ളവരുടെ സംഘം സ്ഥലത്തെത്തിയത്. തോടിന് കരയിലുണ്ടായിരുന്ന രാജവെമ്പാലയെ ആറ് മിനിറ്റോളമെടുത്താണ് പിടികൂടാനായത്. ഇതിനകം അഞ്ഞൂറില്‍പരം പാമ്പുകളെ പിടികൂടിയിട്ടുണ്ടെങ്കിലും രാജവെമ്പാലയെ പിടിക്കുന്നത് ആദ്യമായാണെന്ന് റോഷ്‌നി പറഞ്ഞു.
തിരുവനന്തപുരം ജില്ലയില്‍ രാജവെമ്പാലയെ കാണുന്നത് അപൂര്‍വമായിട്ടാണ്. പിടികൂടാന്‍ ശ്രമിച്ചതോടെ ഇത് വെള്ളത്തിലേക്ക് ഇറങ്ങിയത് അല്‍പം ബുദ്ധിമുട്ടുണ്ടാക്കി. നീളം കൂടുതലായിരുന്നെങ്കിലും പെട്ടെന്ന് തന്നെ വരുതിയിലാക്കാനായെന്നും റോഷ്‌നി പറഞ്ഞു. രാജവെമ്പാലയെ ഉള്‍ക്കാട്ടില്‍ തുറന്നുവിടാനാണ് തീരുമാനം.
Recent Comments