വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു; ദുരിതം, 34 മരണം

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു; ദുരിതം, 34 മരണം

ഗുവാഹത്തി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ രണ്ട് ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയിലും കാലവര്‍ഷക്കെടുതിയിലും വ്യാപക നാശം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലായി കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 34 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അസമിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 10 പേരാണ് സംസ്ഥാനത്ത് ഇതുവരെ കാലവര്‍ഷക്കെടുതിയില്‍ മരിച്ചത്.

അരുണാചല്‍പ്രദേശ്- 9, മിസോറാം-4, മേഘാലയ-3, ത്രിപുര-1, നാഗാലാന്‍ഡ്-1 എന്നിങ്ങനെയാണ് മരണ സംഖ്യ. റോഡ്, റെയില്‍ ഗതാഗതത്തെ മഴക്കെടുതി സാരമായി ബാധിച്ചിട്ടുണ്ട്. അസമില്‍ 15 ജില്ലകളിലായി 78000 പേരെ വെള്ളക്കെട്ട് ബാധിച്ചിട്ടുണ്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ചയും ശക്തമായ മഴയാണ് പെയ്തിറങ്ങിയത്. ഇതോടെ ബ്രഹ്മപുത്ര ഉള്‍പ്പെടെ പത്തോളം നദികള്‍ കരകവിഞ്ഞു. ദിബ്രുഗഡ്, നീമാതിഘട്ട് എന്നിവിടങ്ങളില്‍ ബ്രഹ്മപുത്ര നദിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലായി. വ്യോമ സേന ഉള്‍പ്പെടെ രക്ഷാ പ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. അസം അരുണാചല്‍ അതിര്‍ത്തിയിലെ ബൊംജീര്‍ നദിയില്‍ കുടുങ്ങിയ 14 പേരെ വ്യോമസേന രക്ഷപ്പെടുത്തി. അസമിലെ 19 ജില്ലകളിലായി 764 ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്.

ടീസ്റ്റ നദി കരകവിഞ്ഞൊഴുകിയതാണ് സിക്കിമിലെ സ്ഥിതിഗതികള്‍ രൂക്ഷമാക്കിയത്. വടക്കന്‍ സിക്കിമില്‍ 1,200-ലധികം വിനോദസഞ്ചാരികള്‍ കുടുങ്ങി. മെയ് 29-ന് മുന്‍ഷിതാങ്ങില്‍ ടീസ്റ്റ നദിയിലേക്ക് വാഹനം മറിഞ്ഞ് കാണാതായ എട്ട് വിനോദസഞ്ചാരികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

മണിപ്പൂരില്‍ 883 വീടുകള്‍ ഇതിനോടകം തകര്‍ന്നിട്ടുണ്ടെന്നാണ് കണക്കുകള്‍. അരുണാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍ ഒമ്പതുപേര്‍ മരിച്ചു. ത്രിപുരയിലും ശക്തമായ മഴയാണ്. അഗര്‍ത്തലയില്‍ 200 മില്ലി മീറ്റര്‍ മഴയാണ് മൂന്നുമണിക്കൂറില്‍ പെയ്തിറങ്ങിയത്. 1300 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ത്രിപുരയില്‍ പതിനായിരത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു.

മേഘാലയയിലെ 10 ജില്ലകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു. മേഘാലയയിലെ 10 ജില്ലകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു. ത്രിപുരയില്‍ പതിനായിരത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു.

വെറൈറ്റി കുടകള്‍, മഴക്കാലം കൊച്ചി മെട്രോയില്‍ ബാക്കിയാക്കുന്നത്; കഴിഞ്ഞ വര്‍ഷം ലഭിച്ചത് 766 എണ്ണം

വെറൈറ്റി കുടകള്‍, മഴക്കാലം കൊച്ചി മെട്രോയില്‍ ബാക്കിയാക്കുന്നത്; കഴിഞ്ഞ വര്‍ഷം ലഭിച്ചത് 766 എണ്ണം

കൊച്ചി: മഴക്കാലത്ത് ഏറ്റവും അത്യാവശ്യമായ ഒന്നാണ് കുടകള്‍. എന്നാല്‍ മഴയൊന്ന് മാറിയാല്‍ ഏറ്റവും ആദ്യം മറന്നു വയ്ക്കുന്നതും കുടകളാണ്. ഇത്തരത്തില്‍ യാത്രക്കാര്‍ മറന്നു വച്ച കുടകളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട് കൊച്ചി മെട്രോ അധികൃതരുടെ പക്കല്‍. നേരത്തെ എത്തിയ മണ്‍സൂണ്‍ സംസ്ഥാനത്ത് മെയ് അവസാനവാരത്തില്‍ തന്നെ കനത്ത മഴയ്ക്കിടയാക്കി. ഈ ദിവസങ്ങള്‍ക്ക് ശേഷം മഴ കുറഞ്ഞ മെയ് 30, 31 തീയ്യതികളില്‍ തന്നെ മെട്രോയില്‍ മറന്നുവയ്ക്കുന്ന കുടകളുടെ എണ്ണം വര്‍ധിച്ചുകഴിഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പത്തോളം കുടകളാണ് മെട്രോ അധികൃതര്‍ക്ക് ലഭിച്ചിട്ടുള്ളത്. വൈറ്റിലയില്‍ നിന്നും ആറെണ്ണവും കടവന്ത്രയില്‍ നിന്ന് നാലെണ്ണവുമാണ് ഉടമസ്ഥനില്ലാത്ത നിലയില്‍ കണ്ടെത്തിയത്. ഇതോടെ കഴിഞ്ഞ മഴക്കാലത്തെ ട്രെന്‍ഡ് ഇത്തവണയും തുടരുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.

766 കുടകളാണ് കഴിഞ്ഞ വര്‍ഷം കൊച്ചി മെട്രോയില്‍ നിന്നും ആകെ കണ്ടെത്തിയത്. ഇതില്‍ 30 എണ്ണം മാത്രമാണ് മടക്കി നല്‍കിയത്. തങ്ങളുടെ പക്കല്‍ വിവിധ തരം കുടകളുടെ ഒരു വലിയ ശേഖരം തന്നെയുണ്ടെന്ന് മെട്രോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നു. എന്നാല്‍, കുടകള്‍ മാത്രമല്ല മെട്രൊയില്‍ നിന്ന് ഉടമസ്ഥരില്ലാത്ത നിലയില്‍ ലഭിക്കാറുള്ളത്. ഹെല്‍മറ്റ്, പണം, വാച്ച്, ബാഗ്, രേഖകള്‍, വിലപിടിപ്പുള്ള ആഭരണങ്ങള്‍ എന്നിവയും ലഭിക്കാറുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന സാധനങ്ങളുടെ വിവരങ്ങള്‍ കൊച്ചി മെട്രോയുടെ വെബ് സൈറ്റില്‍ ഉള്‍പ്പെടെ പങ്കുവയ്ക്കാറുണ്ടെന്നും മതിയായ രേഖകള്‍ സമര്‍പ്പിച്ച് തിരികെ സ്വന്തമാക്കാന്‍ അവസരം ഉണ്ടെന്നും അധികൃതര്‍ പറയുന്നു.

ഉടമസ്ഥനില്ലാത്ത നിലയില്‍ കണ്ടെത്തുന്ന എല്ലാ വസ്തുക്കളും സ്റ്റേഷന്‍ കണ്‍ട്രോളര്‍ക്ക് കൈമാറുന്നതാണ് രീതി. ഇത്തരം സാധനങ്ങളുടെ വിവരങ്ങള്‍ ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തി സുക്ഷിക്കും. ഈ വിവരങ്ങളാണ് പിന്നീട് കെഎംആര്‍എല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്. വസ്തുക്കള്‍ കണ്ടെത്തിയ തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ ഉടമസ്ഥര്‍ എത്തിയില്ലെങ്കില്‍ അത് സ്റ്റേഷനുകളില്‍ നിന്നും മുട്ടത്തുള്ള ഡി-കോസിലേക്ക് മാറ്റുകയും ഗസറ്റ് വിജ്ഞാപനത്തിന് ശേഷം എല്ലാ വര്‍ഷവും ലേലത്തിലൂടെ നീക്കം ചെയ്യുന്നതുമാണ് രീതിയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

കെഎംആര്‍എല്ലിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് 1565 സാധനങ്ങളാണ് 2024 ല്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ കണ്ടെത്തിയത്. ഇതില്‍ 123 എണ്ണം ഉടമസ്ഥര്‍ക്ക് തിരികെ നല്‍കി. മുട്ടത്തെ ഡി കോസിലേക്ക് 1237 എണ്ണം മാറ്റിയപ്പോള്‍ 140 എണ്ണം ബാങ്കിലേക്ക് മാറ്റി. ഉടമസ്ഥനില്ലാതെ കണ്ടെത്തിയ 9 രേഖകള്‍ (കാര്‍ഡുകള്‍ ഉള്‍പ്പെടെ) ബന്ധപ്പെട്ടവര്‍ക്ക് അയച്ചുനല്‍കിയിട്ടുണ്ടെന്നും കെഎംആര്‍എല്‍ വ്യക്തമാക്കുന്നു.

അറിയിപ്പില്ലാതെ ഡിവിഷന്‍ നിര്‍ത്തി, അടിമാലിയില്‍ പ്രവേശനോത്സവത്തിനിടെ പ്രതിഷേധം

അറിയിപ്പില്ലാതെ ഡിവിഷന്‍ നിര്‍ത്തി, അടിമാലിയില്‍ പ്രവേശനോത്സവത്തിനിടെ പ്രതിഷേധം

അടിമാലി: അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ ഒമ്പതാംക്ലാസിലെ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ നിര്‍ത്തലാക്കുന്നുവെന്നാരോപിച്ച് സ്‌കൂളില്‍ രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളുടെയും പ്രതിഷേധം. അപ്രതീക്ഷിതമായി ഡിവിഷന്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചാല്‍ വിദ്യാര്‍ത്ഥികളുടെ പഠനം അവതാളത്തിലാകുമെന്നാരോപിച്ചായിരുന്നു പ്രധാനാധ്യാപികയുടെ ഓഫീസില്‍ പ്രതിഷേധം നടന്നത്. തല്‍സ്ഥിതി തുടരാമെന്ന ഉറപ്പിന്‍മേല്‍ പ്രതിഷേധം അവസാനിച്ചു.

അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ ഇംഗ്ലീഷ് മീഡിയമായാണ് ഒമ്പതാം ക്ലാസിലെ സി ഡിവിഷന്‍ പ്രവര്‍ത്തിച്ച് വന്നിരുന്നത്. അപ്രതീക്ഷിതമായി ഡിവിഷന്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചാല്‍ വിദ്യാര്‍ത്ഥികളുടെ പഠനം അവതാളത്തിലാകുമെന്ന് സ്‌കൂളിലേക്ക് പ്രതിഷേധവുമായി എത്തിയ രക്ഷിതാക്കള്‍ പറഞ്ഞു.

പ്രതിഷേധം തുടര്‍ന്നതോടെ പൊലീസ് സ്ഥലത്തെത്തി ഓഫീസില്‍ നിന്നും പ്രതിഷേധക്കാരെ മാറ്റി. തല്‍സ്ഥിതി തുടരാമെന്ന ഉറപ്പിന്‍മേല്‍ പിന്നീട് പ്രതിഷേധം അവസാനിപ്പിച്ചു. ഡിവിഷന്റെ പ്രവര്‍ത്തനത്തിനായി സ്‌പെഷ്യല്‍ ഓര്‍ഡര്‍ വഴി അധ്യാപരെ നിയമിക്കാന്‍ ഇടപെടല്‍ നടത്തുമെന്ന് സ്‌കൂളിന്റെ പ്രധാനാധ്യാപിക പറഞ്ഞു. സ്‌കൂളില്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ നിര്‍ത്തലാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഡിവിഷന്‍ തുടരുവാന്‍ വേണ്ടുന്ന ഇടപെടല്‍ നടത്തുമെന്നും അടിമാലി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി ഡി ഷാജി പറഞ്ഞു.

മഹാ കുംഭാഭിഷേകത്തിന് ഒരുങ്ങി ശ്രീ പത്മനാഭസ്വാമി ക്ഷേത്രം; അപൂര്‍വ ചടങ്ങ് 270 വര്‍ഷത്തിന് ശേഷം

മഹാ കുംഭാഭിഷേകത്തിന് ഒരുങ്ങി ശ്രീ പത്മനാഭസ്വാമി ക്ഷേത്രം; അപൂര്‍വ ചടങ്ങ് 270 വര്‍ഷത്തിന് ശേഷം

തിരുവനന്തപുരം: 270 വര്‍ഷത്തിന് ശേഷം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അപൂര്‍വമായ മഹാ കുംഭാഭിഷേകം ചടങ്ങ് നടത്തുന്നു. ക്ഷേത്ര ശ്രീകോവിലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് മഹാ കുംഭാഭിഷേകം നടത്തുന്നത്. ജൂണ്‍ 8 നാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ശ്രീകോവിലിന്റെ പവിത്രത പുനരുജ്ജീവിപ്പിക്കുക എന്നതാണ് മഹാ കുംഭാഭിഷേകം ചടങ്ങ് കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

സുപ്രീം കോടതി 2017 ല്‍ നിയമിച്ച വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ കോവിഡ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നീണ്ടുപോയിരുന്നു. തുടര്‍ന്ന് 2021 മുതല്‍ ഘട്ടം ഘട്ടമായുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് ഇപ്പോള്‍ പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നതെന്ന് ക്ഷേത്ര മാനേജര്‍ ബി ശ്രീകുമാര്‍ അറിയിച്ചു.

നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വിപുലമായ ശ്രീകോവിലില്‍ പുനരുദ്ധാരണവും അനുബന്ധ ചടങ്ങുകളും നടക്കുന്നത്. ലോകമെമ്പാടുമുള്ള ഭക്തര്‍ക്ക് ഈ ആചാരങ്ങള്‍ കാണാന്‍ കഴിയുന്നത് അപൂര്‍വ അവസരം കൂടിയാണ് ലഭിക്കുന്നത് എന്നും ശ്രീകുമാര്‍ പറയുന്നു.

ശ്രീകോവിലിനു മുകളില്‍ മൂന്നെണ്ണവും ഒറ്റക്കല്‍ മണ്ഡപത്തിന് മുകളില്‍ ഒരെണ്ണവും ഉള്‍പ്പെടുന്ന പുതുതായി നിര്‍മ്മിച്ച താഴികക്കുടങ്ങളുടെ പ്രതിഷ്ഠ, പ്രധാന സമുച്ചയത്തിനുള്ളിലെ തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വിശ്വക്‌സേന വിഗ്രഹത്തിന്റെ പുനഃപ്രതിഷ്ഠ, അഷ്ടബന്ധകലശം എന്നിവയാണ് മഹാ കുംഭാഭിഷേക ചടങ്ങില്‍ ഉള്‍പ്പെടുന്നത്. മഹാ കുംഭാഭിഷേകത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ആചാര്യവരണം, പ്രസാദ ശുദ്ധി, ധാര, കലശം എന്നിവയുള്‍പ്പെടെ വിവിധ ആചാരങ്ങള്‍ നടത്തുമെന്ന് ക്ഷേത്ര വൃത്തങ്ങള്‍ അറിയിച്ചു.

കൊല്ലത്ത് സ്കൂൾ പ്രവേശനത്തിന് കാത്തിരുന്ന കുരുന്നിന് ഓടയിൽ വീണ് ദാരുണാന്ത്യം

കൊല്ലത്ത് സ്കൂൾ പ്രവേശനത്തിന് കാത്തിരുന്ന കുരുന്നിന് ഓടയിൽ വീണ് ദാരുണാന്ത്യം

സ്കൂൾ പ്രവേശനത്തിന് കാത്തിരുന്ന നാലര വയസുകാരിക്ക് ഓടയിൽ വീണ് ദാരുണാന്ത്യം. കൊട്ടാരക്കര പള്ളിക്കൽ സ്വദേശികളായ അനീഷ് – രശ്മി ദമ്പതികളുടെ മകൾ അക്ഷികയാണ് മരിച്ചത്. കൊല്ലം പന്മന വടുതലയിലെ മാതൃവീടിന് സമീപം ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

ഓടയിലേക്ക് ജലം ഒഴുകിവരുന്ന സ്ഥലത്ത് കളിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. 200 മീറ്ററോളം കുഞ്ഞ് വെള്ളത്തിൽ ഒഴുകിപ്പോയി. പ്രദേശവാസികൾ കുഞ്ഞിനെ പുറത്തെടുത്ത് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ കുറച്ചു നാളുകളായി പന്മനയിലെ അമ്മയുടെ വീട്ടിലായിരുന്നു കുട്ടി. സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകാനിരിക്കെയായിരുന്നു അപകടം. സംഭവം നടക്കുമ്പോൾ മകളുടെ സ്കൂൾ പ്രവേശനത്തിനുള്ള സാധനങ്ങൾ വാങ്ങാനായി മാതാപിതാക്കൾ കടയിൽ പോയിരിക്കുകയായിരുന്നു.