by Midhun HP News | Jun 2, 2025 | Latest News, ജില്ലാ വാർത്ത
മുദാക്കാൽ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സ്നേഹതീരം ബഡ്‌സ് സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു. മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി ഉദ്ഘാടനം നിർവഹിച്ചു. പ്രകാശ്. ബി അധ്യക്ഷനായി.
കുടുംബശ്രീ സി ഡി എസ് ചെയർ പേഴ്സൺ പ്രേമലത, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പൂവണത്തും മൂട് മണികണ്ഠൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, വാർഡ് മെമ്പർ ബാദുഷ, മറ്റ് മെമ്പർമാരായ സുജിത, ഷൈനി, മനോജ്, പ്രീത, അതുല്യ.(ബ്ലോക്ക് കോഡിനേറ്റർ) സി ഡി എസ് മെമ്പർമാർ, കിഴുവിലം, ബാലസഭ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.പ്രസ്തുത പരിപാടിക്ക് വൈസ് പ്രസിഡന്റ് ഗീതാരാജൻ നന്ദി അർപ്പിച്ചു.
by Midhun HP News | Jun 2, 2025 | Latest News, കേരളം
കൊല്ലം കുണ്ടറയില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം. പെരുമ്പുഴ തലപ്പറമ്പ് ജംക്ഷന് സമീപം പത്മാലയത്തില്‍ ഗോപാലകൃഷ്ണന്‍ പിള്ളയാണ് മരിച്ചത്. 72 വയസായിരുന്നു.
ഇന്നലെ വൈകീട്ടാണ് അപകടം നടന്നത്. വീടിന് സമീപത്തെ പറമ്പില്‍ പുല്ല് ശേഖരിക്കുന്നതിനിടെ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ അറിയാതെ സ്പര്‍ശിക്കുകയായിരുന്നു. ഗോപാലകൃഷ്ണന് ഒപ്പമുണ്ടായിരുന്ന മകളുടെ കൈയ്ക്കും പൊള്ളലേറ്റു.പിതാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മകളുടെ കൈയ്ക്ക് പൊള്ളലേറ്റത്. ഗോപാലകൃഷ്ണന്‍ പിള്ള ഷോക്കേറ്റ് തല്‍ക്ഷണം മരിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുണ്ടറയിലെ പല പ്രദേശങ്ങളിലും വൈദ്യുതി ലൈന്‍ പൊട്ടിക്കിടക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. കുണ്ടറ കെഎസ്ഇബി ഓഫിസില്‍ നിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്നും നാട്ടുകാര്‍ ആക്ഷേപിക്കുന്നുണ്ട്.
by Midhun HP News | Jun 2, 2025 | Latest News, ജില്ലാ വാർത്ത, ദേശീയ വാർത്ത
ചെന്നൈ: അണ്ണാ സര്‍വകലാശാല ക്യാംപസില്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ജ്ഞാനശേഖരന് (37) ജീവപര്യന്തം തടവ്. രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി സുഹൃത്തിനൊപ്പം ക്യാംപസിലെ ഹോസ്റ്റലിലേക്കു മടങ്ങും വഴി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമുള്ള കേസില്‍ മഹിളാ കോടതിയുടേതാണ് ഉത്തരവ്. പ്രതിയ്‌ക്കെതിരെ 11 കുറ്റങ്ങള്‍ സംശയാതീതമായി തെളിഞ്ഞതായും ഇയാളെ 30 വര്‍ഷം കഴിയാതെ പുറത്തുവിടരുതെന്നും ജഡ്ജി എം. രാജലക്ഷ്മി വിധിയില്‍ വ്യക്തമാക്കുന്നു.
2024 ഡിസംബര്‍ 23 ന് നടന്ന സംഭവത്തില്‍ ഫെബ്രുവരി 24നാണു പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് ഇപ്പോള്‍ വിധി പറഞ്ഞിരിക്കുന്നത്. ക്യാംപസിന് സമീപം ബിരിയാണി വില്‍ക്കുന്നയാളാണ് ജ്ഞാനശേഖരന്‍. കുടുംബത്തിന്റെ ഏക ആശ്രയം താനാണെന്നും കടുത്ത ശിക്ഷ നല്‍കരുത് എന്നും പ്രതി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ വാദത്തെ എതിര്‍ത്ത പ്രോസിക്യൂഷന്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
തമിഴ്‌നാട്ടില്‍ രാഷ്ട്രീയ വിവാദത്തിന് വഴി തുറന്ന കേസ് കൂടിയാണിത്. പ്രതി ജ്ഞാനശേഖരന്‍ ഡിഎംകെ യുവജന വിഭാഗം പ്രവര്‍ത്തകനാണെന്നും ഡിഎംകെ നേതാക്കളില്‍ ചിലര്‍ ഇയാളെ സഹായിക്കാന്‍ ശ്രമിച്ചെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. അന്വേഷണത്തിനിടെ പ്രഥമവിവര റിപ്പോര്‍ട്ടിലെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നതും വിവാദമായി. തുടര്‍ന്നു ഹൈക്കോടതി നിര്‍ദേശപ്രകാരം വനിതാ ഐപിഎസ് ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണു കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിനിടെ, കോട്ടൂര്‍പുരത്തെ ജ്ഞാനശേഖരന്റെ വീട് സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ചതാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു ഭാഗം കോര്‍പറേഷന്‍ പൊളിച്ചുനീക്കുകയും ചെയ്തിരുന്നു.
by Midhun HP News | Jun 2, 2025 | Latest News, കേരളം
സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ ഉത്സവമായി മാറിയെന്ന് ചടങ്ങിൽ സംസാരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങ് നടന്നത്. മതനിരപേക്ഷത, ജനാധിപത്യ ബോധം എന്നിവ വിദ്യാർത്ഥികളിൽ വളർത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാലയ ജീവിതം അറിവ് ലഭിക്കുന്നതിനായി മാത്രം ചുരുങ്ങരുത്. ജീവിതം കെട്ടിപ്പടുക്കുക എന്നതാണ് പഠനത്തിന്റെ ലക്ഷ്യം. അറിവ് മാത്രം പോരാ, വിവേകവും വിവേചന ബുദ്ധിയും വേണം. കുട്ടികൾ വിമർശനാത്മക ബുദ്ധിയോടെ ഓരോന്നിനെയും സമീപിക്കണം. അതിനായി കുട്ടികളുടെ ചിന്താ ശേഷി വർദ്ധിക്കണം.വിദ്യാർത്ഥികളിൽ കൗതുകത്തിന്റെയും ജിജ്ഞാസയുടെയും അന്തരീക്ഷം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അറിവും തിരിച്ചറിവുമാണ് പഠനത്തിന്റെ ലക്ഷ്യം. ഔചിത്യം ബോധം , വിവേകം , വകതിരിവ് എന്നിവ വേണം. സമൂഹത്തിന് ഉപകരിക്കത്തക്ക രീതിയിൽ അറിവ് എത്തണമെന്നതാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുമുതൽ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികൾ തിരിച്ചറിയണം. സാരോപദേശകരീതി മാത്രമല്ല നല്ല കാര്യങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്താൻ ആവണമെന്ന് അദേഹം നിർദേശിച്ചു.
സംസ്ഥാനത്തിന്റെ മതനിരപേക്ഷത ബോധത്തിന് കേരളത്തിലെ വിദ്യാലയങ്ങൾ വഹിച്ച പങ്ക് വലുതാണ്. വിവിധ ജാതികളിൽ പെട്ടവർ ഒരേ ബെഞ്ചിൽ ഇരുന്നു പഠിച്ച ചരിത്രമാണ് നമുക്കുള്ളത്. ആ സാഹോദര്യ ബോധം ഇന്നും നമ്മുടെ ക്ലാസ് മുറികളിൽ നിലനിൽക്കുന്നു. പൊതുവിദ്യാലയങ്ങൾ അടഞ്ഞു പോകുന്ന അവസ്ഥ ഉണ്ടായിരുന്നു. 5 ലക്ഷം വിദ്യാർഥികൾ 2016 ൽ പൊതു വിദ്യാലയങ്ങളിൽ നിന്ന് ഒഴിഞ്ഞു പോയി. ആയിരം വിദ്യാലയങ്ങൾ അടച്ചുപൂട്ടാൻ തയ്യാറായിരുന്നു. പൊതുവിദ്യാഭ്യാസ യജ്ഞം എന്നൊരു മിഷൻ 2016 ൽ ആരംഭിച്ചു. അതിന്റെ ഭാഗമായി നടപ്പാക്കിയ മാസ്റ്റർ പ്ലാൻ ഭാഗമായിരുന്നു ഇന്ന് ഈ പരിപാടി നടക്കുന്ന കലവൂർ സ്കൂളെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്മാർട് ക്ലാസ് റൂം, ലൈബ്രറികൾ, ഹൈടെക് സ്കൂള് എന്നിവയെല്ലാം ഒരുക്കാൻ നമുക്ക് സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്കൂളുകൾ സാങ്കേതിക വിദ്യാ സൗഹൃദമായി മാറി കഴിഞ്ഞു. മൂല്യനിർണയ രീതിയിൽ മാറ്റങ്ങൾ വരും. സ്കൂൾ സംവിധാനങ്ങളെ ഒരു കുടകീഴിൽ കൊണ്ട് വരും. അതിനുള്ള നടപടികൾ ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അധ്യാപകരുടെ അറിവിന്റെ തലം ഉയർത്തുന്നതാണ് പ്രധാനമെന്നും മാറ്റങ്ങൾക്കനുസരിച്ച് അധ്യാപകർ മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ജീവിതത്തിൽ പ്രശ്നമുണ്ടായാൽ തകർന്ന് പോകരുതെന്ന് കുട്ടികളോട് മുഖ്യമന്ത്രി പറഞ്ഞു. മാനസിക വിഷമം നേരിടുമ്പോൾ ഞങ്ങൾ എല്ലാം ഒപ്പം. മനസ്സുറപ്പോടെ അതൊക്കെ നേരിടാം. എല്ലാ കാര്യങ്ങൾക്കും സർക്കാർ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.
by Midhun HP News | Jun 2, 2025 | Latest News, ദേശീയ വാർത്ത
ഒട്ടും എളുപ്പമായിരുന്നില്ല, തയ്‌ലൻഡില്‍ നിന്നുള്ള ഒപാല്‍ സുചാത ചൊങ്സ്രി എന്ന 21കാരിക്ക് ലോകസുന്ദരി കിരീടം നേടുകയെന്നത്. പതിനാറാം വയസിൽ സ്തനത്തിൽ ബാധിച്ച ട്യൂമര്‍ എടുത്തു നീക്കുമ്പോള്‍ ഇനി അങ്ങോട്ടുള്ള തന്‍റെ ജീവിതം സ്തനാർബുദ അവബോധത്തിനായി നീക്കിവെക്കുമെന്ന് അവള്‍ അന്നേ തീരുമാനിച്ചുറപ്പിച്ചിരുന്നു. ഇന്ന് ലോകസുന്ദരി കിരീടം ചൂടാന്‍ പ്രചോദനമായതും ആ തീരുമാനമായിരുന്നുവെന്ന് ഒപാല്‍ പറയുന്നു.
ലോകസുന്ദരിപ്പട്ടം നേടുന്ന ആദ്യ തയ്‌ലൻഡ് സ്വദേശിയാണ് ഒപാല്‍. ‘ബ്യൂട്ടി വിത്ത് എ പർപ്പസ്’ എന്ന തന്റെ ലക്ഷ്യം വ്യക്തിപരമായ ഒരു അനുഭവത്തിൽ നിന്നാണ് ഉണ്ടായതെന്നും ഒപ്പൽ പറഞ്ഞു. പതിനാറാം വയസ്സിലാണ് ഒപാലിന് മാരകമല്ലാത്ത സ്തനാർബുദം സ്ഥിരീകരിക്കുന്നത്. സ്തനാർബുദത്തേക്കുറിച്ച് അവബോധം പകരാനും രോഗം നേരത്തേ കണ്ടുപിടിക്കേണ്ടത് എത്രത്തോളം പ്രധാനമാണെന്ന് പങ്കുവെക്കാനുമൊക്കെയായാണ് ‘ഒപാൽ ഫോർ ഹെർ’ എന്ന ക്യാംപയിൻ ആരംഭിച്ചത്.
സ്തനാർബുദത്തെക്കുറിച്ച് അവബോധം ഇല്ലാത്തതുകൊണ്ടും സാമ്പത്തിക പരാധീനതകളാലുമൊക്കെ നിരവധി സ്ത്രീകൾ ദുരിതം അനുഭവിക്കുന്നത് കണ്ടതുകൊണ്ടാണ് രംഗത്തിറങ്ങാന്‍ ഒപാൽ തീരുമാനച്ചത്. സ്തനാർബുദം കൗമാരക്കാരേയും ബാധിക്കാമെന്നും നേരത്തേ കണ്ടെത്തലാണ് രോഗപ്രതിരോധത്തിൽ ഏറ്റവും പ്രധാനമെന്നും ഒപാൽ വ്യക്തമാക്കുന്നു.
രോഗത്തേക്കുറിച്ച് അറിവ് പകരാനുള്ള പോഡ്കാസ്റ്റുകൾ ആരംഭിക്കുക, ആശുപത്രികളുമായി സഹകരിച്ച് സ്തനാർബുദ പരിശോധനകൾക്ക് തുടക്കമിടുക, ആരോഗ്യപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുക തുടങ്ങിയവയൊക്കെയാണ് ഒപാലിന്റെ മുന്നോട്ടുള്ള തീരുമാനങ്ങൾ. ലോകസുന്ദരിപ്പട്ടം കൂടി ലഭിച്ചതോടെ ഭാവിയിൽ തനിക്ക് ഇത്തരം ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട കൂടുതൽ പദ്ധതികളുടെ ഭാഗമാകാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒപാൽ പറയുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 108 സുന്ദരിമാരെ പിന്തള്ളിയാണ് മിസ് തായ്ലാൻറ് ആയ ഒപാൽ സുചാത കിരീടം ചൂടിയത്. ഹൈദരാബാദിലെ തെലങ്കാനയിലുള്ള ഹൈടെക്സ് എക്സിബിഷൻ സെന്ററിലാണ് ശനിയാഴ്ച വൈകുന്നേരം ആറരയോടെ എഴുപത്തിരണ്ടാമത് ലോകസുന്ദരി മത്സരം അരങ്ങേറിയത്.
Recent Comments