by Midhun HP News | Jun 1, 2025 | Latest News, കേരളം
കൊച്ചി: കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി ശില്പയെ ( D Shilpa IPS ) ഹോം കേഡറായ കര്‍ണാടകയിൽ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവ്. കര്‍ണാടക സ്വദേശിനിയായ ഡി ശില്പ നൽകിയ ഹർജിയിലാണ് വിധി. ശില്പ നിലവിൽ കേരള പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് എഐജിയാണ്. ശില്പയെ കര്‍ണാടക കേഡറില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ രണ്ടുമാസത്തിനുള്ളില്‍ തീരുമാനമെടുക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ഹര്‍ജിക്കാരിയായ ശില്പയെ കേരള കേഡറില്‍ ഉള്‍പ്പെടുത്തിയത് തെറ്റായിട്ടാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. 2015-ല്‍ കേഡര്‍ നിര്‍ണയിച്ചപ്പോള്‍ ഉണ്ടായ പിഴവു കാരണമാണ് കര്‍ണാടക കേഡറില്‍ ഉള്‍പ്പെടാതെ പോയതെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം.
കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍നിന്ന് അനുകൂല ഉത്തരവ് ഉണ്ടാകാതെ വന്നതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേഡര്‍ നിര്‍ണയത്തില്‍ പിഴവുണ്ടായി എന്ന ഹര്‍ജിക്കാരിയുടെ വാദം കോടതി അംഗീകരിച്ചു. ബംഗളൂരു എച്ച്എസ്ആർ ലേഔട്ട് സ്വദേശിയായ ശില്പ ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്ങിൽ ബിരുദവും ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.
ടാറ്റാ കൺസൽറ്റൻസി സർവീസസിൽ ബിസിനസ് അനലിസ്റ്റായി ജോലി ചെയ്യവെയാണ് സിവിൽ സർവീസ് പരീക്ഷ എഴുതുന്നത്. 2016 ൽ കേരള കേഡറിൽ ശില്പയ്ക്ക് നിയമനം ലഭിച്ചു. പൊലീസ് സേനയിൽ ആദ്യ നിയമനം കാസർകോട്ടായിരുന്നു. 2019-ൽ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായിട്ടായിരുന്നു നിയമനം. 2020-ൽ ജില്ലാ പൊലീസ് മേധാവിയായും പ്രവർത്തിച്ചു. കണ്ണൂർ എഎസ്പി, വനിതാ ബറ്റാലിയൻ കമൻഡന്റ്, കോട്ടയം എസ്പി, എന്നീ തസ്തികകൾ വഹിച്ചിട്ടുണ്ട്.
by Midhun HP News | Jun 1, 2025 | Latest News, കേരളം
കൊച്ചി: ആലുവയില്‍ പതിനാലുവയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. കുട്ടിയെ ഒരുവര്‍ഷത്തോളം ഇയാള്‍ പീഡിപ്പിച്ചതായാണ് കണ്ടെത്തല്‍. പ്രതി കൊച്ചയിലെ സ്വകാര്യ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറാണ്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി അമ്മയും മകളും അച്ഛനുമായി പിരിഞ്ഞ് താമസിക്കുകയാണ്. ഒരുവര്‍ഷം മുന്‍പാണ് പ്രതിയായിട്ടുള്ള ഇയാള്‍ ഇവരുടെ ജീവിതത്തിലേക്ക് വരുന്നത്. കഴിഞ്ഞ ഒരുവര്‍ഷമായി ഇയാള്‍ പീഡിപ്പിച്ചിരുന്നതായാണ് കുട്ടിയുടെ മൊഴി.
നേരത്തെ പതിനാലുകാരിയുടെ ചിത്രം ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതിന് ദുസ്സൂചന നല്‍കിയ ക്യാപ്ഷന്‍ കോടുക്കുകയും ചെയ്തിരുന്നു. ഇത് മറ്റൊരു സുഹൃത്ത് പെണ്‍കുട്ടിയുടെ അമ്മയുടെ ശ്രദ്ധയില്‍പ്പെടുത്തി തുടര്‍ന്ന് അമ്മ മകളോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് പീഡനവിവരം പെണ്‍കുട്ടി പുറത്തറിഞ്ഞത്.
by Midhun HP News | Jun 1, 2025 | Latest News, കേരളം
ഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ മൂവായിരം കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 3395 പേർക്ക് രോഗം സ്ഥിരീകരിച്ചു. കേരളത്തിലാണ് രോഗവ്യാപനം കൂടുതൽ. 1336 പേർക്ക് കേരളത്തിൽ രോഗം സ്ഥിരീകരിച്ചതായും ഒരു മരണം റിപ്പോർട്ട് ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഡൽഹി, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ഓരോ മരണം റിപ്പോർട്ട് ചെയ്തു. കേരളത്തിൽ 425 പേരുൾപ്പെടെ രാജ്യത്താകെ 1435 പേർ രോഗമുക്തി നേടുകയും ചെയ്തു. മഹാരാഷ്ട്ര- 467, ഡൽഹി- 375, ഗുജറാത്ത്- 265, കർണാടക- 234, പശ്ചിമബംഗാൾ- 205, തമിഴ്നാട്- 185, ഉത്തർപ്രദേശ്- 117 – എന്നിങ്ങനെയാണ് മറ്റുസംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്ത കേസുകൾ.
ഒമിക്രോൺ ജെഎൻ 1 വകഭേദങ്ങളായ എൽഎഫ് 7, എൻബി 1.8 എന്നിവയ്ക്ക് രോഗവ്യാപന ശേഷി കൂടുതലാണ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരും ആശുപത്രികളിൽ പോകുന്നവരും മാസ്‌ക് നിർബന്ധമായും ധരിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
by Midhun HP News | Jun 1, 2025 | Latest News, ജില്ലാ വാർത്ത
സ്കൂളുകളിൽ പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പി ജി) സ്ഥാപിക്കുന്ന പെട്ടിയിലെ പരാതികളിൽ നടപടി സ്വീകരിക്കുക പൊലീസാവും. ഓരോ സ്കൂളിലും അതാത് സ്ഥലത്തെ പോലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനു ചുമതല നൽകും. പരാതി പെട്ടികളിൽ നിന്നും ലഭിച്ച പരാതികളിൽ ഓരോ മാസവും സ്കൂൾ തലവന്റെ സാന്നിധ്യത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ആയത് തുറന്നു പരിശോധിച്ച് അതിന്മേലുള്ള പരാതികളിൽ ഉചിതമായ നടപടി സ്വീകരിക്കും.
പരാതിപെട്ടികൾ കൃത്യമായി എല്ലാ സ്കൂളുകളിലും സ്ഥാപിക്കുകയും സ്കൂൾ തുറക്കുന്ന സമയത്ത് ആഴ്ചയിൽ ഒരിക്കൽ വീതവും പിന്നീട് മൂന്നു മാസങ്ങൾക്ക് ശേഷം മാസത്തിൽ ഒരു തവണ വീതം കൃത്യമായി പരാതികൾ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കും. വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. സ്കൂളിൽ പരിഹരിക്കേണ്ട പരാതികൾ അവിടെ പരിഹരിക്കും. ഗൗരവമായതിൽ ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കും. മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടവ അവർക്കു കൈമാറും.
by Midhun HP News | Jun 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിഴിഞ്ഞത്തുനിന്നു മത്സ്യബന്ധനത്തിനു പോയി ഉൾക്കടലിൽ കുടുങ്ങിയ എട്ടു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി തീരത്തെത്തിച്ചു. വ്യാഴാഴ്ച രാത്രി ശക്തമായ തിരയിൽപ്പെട്ടു മറിഞ്ഞ ഫാത്തിമമാത എന്ന വള്ളത്തിലെ നാലുപേരെ മൂന്നാംദിവസം തമിഴ്‌നാട് ഭാഗത്തെ ഉൾക്കടലിലാണ് കണ്ടെത്തിയത്. എൻജിനുകൾ തകരാറിലായി കടലിൽ അകപ്പെട്ട മറ്റൊരു വള്ളത്തിലുണ്ടായിരുന്ന നാലുപേരെ ഫിഷറീസ് ബോട്ട് കണ്ടെത്തി തീരത്തെത്തിച്ചു. ശനിയാഴ്ച വൈകീട്ട് നാലോടെ മത്സ്യത്തൊഴിലാളികളെല്ലാം സുരക്ഷിതരാണെന്ന വിവരം ലഭിച്ചതോടെയാണ് വിഴിഞ്ഞം തീരത്തെ ആശങ്കയൊഴിഞ്ഞത്. അതേസമയം മറിഞ്ഞ ‘അനു’ എന്ന വള്ളത്തിലുണ്ടായിരുന്ന പുല്ലുവിള സ്വദേശി സ്റ്റെല്ലസിനെ ഇതുവരെ കണ്ടെത്താനായില്ല. ഇദ്ദേഹത്തിനായുള്ള തിരച്ചിൽ തുടരുകയാണ്.
എൻജിനുകൾ തകരാറിലായി കടലിൽ അകപ്പെട്ട സഹായമാത എന്ന വള്ളത്തെ കുളച്ചൽ ഭാഗത്തെ ഉൾക്കടലിലാണ് കണ്ടെത്തിയത്. വള്ളത്തിന്റെ ഉടമ റോബിൻസൺ, ഡേവിഡ്‌സൺ, ദാസൻ, യേശുദാസൻ എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. അപകടവിവരം ഇവർ വെള്ളിയാഴ്ച വീട്ടിൽ അറിയിച്ചിരുന്നു. ബന്ധുക്കൾ മറ്റൊരു വള്ളത്തിൽ അന്വേഷിച്ചുപോയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെ ഫിഷറീസ് വകുപ്പിന് ഇവർ ലൊക്കേഷൻ അയച്ചു. ഫിഷറീസിന്റെ ബോട്ടാണ് സ്ഥലം കണ്ടെത്തി വൈകീട്ട് നാലോടെ ഇവരെ തിരിച്ചെത്തിച്ചത്. ഫാത്തിമമാത എന്ന വള്ളത്തിലുണ്ടായിരുന്ന നാലുപേരെ രക്ഷപ്പെടുത്തി എന്ന വിവരം വിഴിഞ്ഞം തീരത്ത് ലഭിക്കുന്നത് ശനിയാഴ്ച വൈകീട്ട് മൂന്നേകാലോടെയാണ്. കന്യാകുമാരിയിൽനിന്നു പോയ ട്രോളിങ്ബോട്ട് രാവിലെ 11-ഓടെയാണ് ഇവരെ കണ്ടെത്തിയത്.
ശക്തമായ തിരയിൽ മറിഞ്ഞ വള്ളത്തിന്റെ മുകളിൽ കയറിയിരിക്കുകയായിരുന്നു മത്സ്യത്തൊഴിലാളികൾ. വിഴിഞ്ഞത്തുനിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് മത്സ്യബന്ധനത്തിനു പോയ വള്ളങ്ങളിലെ 17 പേരെയാണ് കാണാതായത്. ഇതിൽ പുല്ലുവിള സ്വദേശി പി. ആന്റണി വള്ളംമറിഞ്ഞ് മരിച്ചു. ഇതേ വള്ളത്തിലുണ്ടായിരുന്ന സ്റ്റെല്ലസിനെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന മൂന്നുപേർ നീന്തിരക്ഷപ്പെട്ടിരുന്നു. ബാക്കിയുള്ളവരെല്ലാം രക്ഷപ്പെട്ടു.
Recent Comments