മദ്യപാനത്തിനിടെ യുവാവിനെ തലയ്ക്ക് അടിച്ചുകൊന്നു; സുഹൃത്തുക്കളായ മൂന്നുപേര്‍ പിടിയില്‍

മദ്യപാനത്തിനിടെ യുവാവിനെ തലയ്ക്ക് അടിച്ചുകൊന്നു; സുഹൃത്തുക്കളായ മൂന്നുപേര്‍ പിടിയില്‍

കൊച്ചി: എറണാകുളം ജില്ലയിലെ മുളന്തുരുത്തിയില്‍ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം സ്വദേശി മുജീബ് ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. മുജീബിനൊപ്പം ജോലി ചെയ്തിരുന്ന മൂന്നുപേര്‍ പൊലീസിന്റെ പിടിയിലായി.

മുളന്തുരുത്തിക്ക് സമീപത്തെ പാടശേഖരത്തിലെ ഷെഡ്ഡില്‍ വെച്ചാണ് കൊലപാതകം നടക്കുന്നത്. പ്രതികള്‍ മൂവരും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ മുജീബ് അവിടെയെത്തുകയായിരുന്നു. പിന്നീട് തര്‍ക്കമുണ്ടായി. ഇതേത്തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന വാക്കത്തി കൊണ്ട് അടിച്ചു. തലയ്ക്ക് അടിയേറ്റ മുജീബ് അവിടെ വീണു.

വീണുകിടന്ന മുജീബിനെ അവിടെ ഉപേക്ഷിച്ച് മൂവരും സ്ഥലത്തു നിന്നും കടന്നു കളയുകയായിരുന്നു. പിന്നീട് സമീപവാസികളാണ് മരിച്ചു കിടക്കുന്ന മുജീബിനെ കണ്ടെത്തുന്നത്. തുടര്‍ന്ന് മുളന്തുരുത്തി പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

നേരത്തെയുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ മുജീബ് വന്ന് പ്രകോപനമുണ്ടായപ്പോള്‍ സംഭവിച്ചുപോയതാണെന്നാണ് ആദ്യം ഇവര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണോ കൊലപാതക കാരണം എന്നതില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു. മരിച്ച മുജീബിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിടം തകര്‍ന്നുവീണു; ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിടം തകര്‍ന്നുവീണു; ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിടം തകര്‍ന്നുവീണു. ക്ലോക്ക് ടവര്‍ ആണ് തകര്‍ന്ന് രണ്ടാം പ്ലാറ്റ്‌ഫോമില്‍ വീണത്. ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കെട്ടിടം തകര്‍ന്നുവീണ ഭാഗത്ത് യാത്രക്കാര്‍ ആരും ഇല്ലാതിരുന്നത് വന്‍ദുരന്തം ഒഴിവാക്കി.

ഇന്ന് രാവിലെയാണ് സംഭവം. കാലപ്പഴക്കം മൂലമാണ് കെട്ടിടം തകര്‍ന്നുവീണത് എന്നാണ് പ്രാഥമിക നിഗമനം. രണ്ടാം പ്ലാറ്റ്‌ഫോമില്‍ പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നു. പ്ലാറ്റ്‌ഫോമിനും ട്രാക്കിനും ഇടയിലേക്കാണ് കെട്ടിടം തകര്‍ന്നുവീണത്. പ്ലാറ്റ്‌ഫോമില്‍ നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കുപോലും ഏല്‍ക്കാതിരുന്നത് ആശ്വാസമായി. കെട്ടിടം തകര്‍ന്നുവീണ ഭാഗത്ത് യാത്രക്കാര്‍ ആരും ഉണ്ടാവാതിരുന്നതാണ് വന്‍അപകടം ഒഴിവാക്കിയത്.

കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. വൈദ്യുതി ലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് 1,2,3 പ്ലാറ്റ്‌ഫോമുകളിലെ വൈദ്യുതി ഓഫാക്കി. കനത്തമഴയെ തുടര്‍ന്നാണ് കാലപ്പഴക്കം വന്ന കെട്ടിടം തകര്‍ന്നുവീണതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

വ്യാജ പീഡന പരാതിയില്‍ കസ്റ്റഡി മര്‍ദ്ദനം : എസ്‌ഐയെ സ്ഥലംമാറ്റി; സിഐക്കെതിരെ നടപടിക്ക് ശുപാര്‍ശ

വ്യാജ പീഡന പരാതിയില്‍ കസ്റ്റഡി മര്‍ദ്ദനം : എസ്‌ഐയെ സ്ഥലംമാറ്റി; സിഐക്കെതിരെ നടപടിക്ക് ശുപാര്‍ശ

പത്തനംതിട്ട: പതിമൂന്നു വയസ്സുകാരിയുടെ വ്യാജ ആരോപണത്തില്‍ കസ്റ്റഡിയിലെടുത്തവരെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കൂടല്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി. എസ്‌ഐ ജയ്‌മോനെ സ്ഥലംമാറ്റി. സിഐക്കെതിരായ നടപടി ഡിഐജി തീരുമാനിക്കും. കോന്നി സിഐയാണ് കൂടല്‍ സ്‌റ്റേഷന്റെ ചുമതല വഹിച്ചിരുന്നത്. അച്ചടക്ക നടപടി ശുപാര്‍ശ ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവി ഡിഐജിക്ക് കൈമാറിയിട്ടുണ്ട്.

കേസില്‍ ഹൃദ്രോഗിയായ 20 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ അടക്കം ആറോളം പേരെയാണ് കൂടല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. പത്തനാപുരത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന പാട്ടം സ്വദേശിയായ ഹൃദ്രോഗിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ക്വാര്‍ട്ടേഴ്‌സിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചത്.

ബൂട്ട് കൊണ്ട് ചവിട്ടി കറക്കിയെന്നും, ചെവിയിലും തലമുടിയിലും പിടിച്ചുവലിച്ച് മര്‍ദ്ദിച്ചെന്ന് യുവാവ് പറയുന്നു. ഹൃദ്രാഗിയാണെന്ന് പറഞ്ഞപ്പോള്‍ ക്രൂരമായി തല്ലിച്ചതച്ചെന്നും കൂടല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. പൊലീസ് ഉപദ്രവിച്ചതായി കാണിച്ച് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളും ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ കൂടല്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവിക്ക് സമര്‍പ്പിച്ചിരുന്നു.

ഈ മാസം ആറാം തീയതിയായിരുന്നു കേസിന് ആസ്പദമായ സംഭവം. തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പതിമൂന്നുകാരി പരാതിപ്പെട്ടതോടെയാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ ഉണ്ടാകുന്നത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നിരവധി ചെറുപ്പക്കാരെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പ്രണയ നൈരാശ്യത്തില്‍ പെണ്‍കുട്ടി കെട്ടിച്ചമച്ച കള്ളക്കഥയാണ് പീഡനപരാതിയെന്ന് തെളിഞ്ഞു.

നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം ഏഴായി; ഇനി കണ്ടെത്താനുള്ളത് ഒരാളെ

നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം ഏഴായി; ഇനി കണ്ടെത്താനുള്ളത് ഒരാളെ

കോഴിക്കോട്: കള്ളാടി ദുരന്തത്തില്‍ നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരണം ഏഴായി. സര്‍വേയറായ ഉത്തരപ്രദേശ് പ്രദേശ് സ്വദേശി അസ്ഹറുദ്ദീന്‍ അന്‍സാരിയുടേതാണ് മൃതദേഹം. ഹിമാചൽപ്രദേശ് സ്വദേശി രാഹുൽ ശർമ്മ (എൻജിനീയർ), ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ (എസ്കവേറ്റർ ഓപറേറ്റർ) എന്നിവരുവരുടെ മൃതദേഹങ്ങളാണ് രാവിലെ ലഭിച്ചത്.

മൃതദേഹങ്ങള്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി എംബാമിങ്ങിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും. ശേഷം മൃതദേഹങ്ങൾ അതത് സംസ്ഥാനങ്ങളിലേക്ക് അയക്കുമെന്നും അധികൃതർ അറിയിച്ചു. മണ്ണിടിച്ചിലില്‍ ഇതുവരെ ഏഴ് പേരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്.

മീനാക്ഷി പാലത്തിന്റെ താഴെ വലതു ഭാഗത്തു നിന്നാണ് ഒരു മൃതദേഹം ലഭിച്ചതെന്ന് മന്ത്രി എ പി അനില്‍ കുമാര്‍ പറഞ്ഞു. രണ്ടാമത്തെ മൃതദേഹം പുഴയിൽ നിന്നാണ് കിട്ടിയത്. പ്രദേശത്ത് നാലു സോണായി തിരിച്ചാണ് തിരച്ചില്‍ നടത്തുന്നത്.

ഒന്നാമത്തെ സോണില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അനുമാനിക്കുന്നത്. അവിടെയും രണ്ടാമത്തെ സോണുമാകും ഇന്ന് പ്രധാനമായും സെര്‍ച്ച് ചെയ്യുന്നത്. മീനാക്ഷി പുഴയുടെ വലതു ഭാഗത്തു നിന്നാണ് മൃതദേഹം ലഭിച്ചിട്ടുള്ളത്. പുഴയിലും പരിശോധന നടത്തുന്നുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡിഎന്‍എ ടെസ്റ്റ് നടത്തണോ വേണ്ടയോ എന്നെല്ലാം തീരുമാനിക്കേണ്ടത് ഡോക്ടേഴ്‌സാണെന്നും മന്ത്രി പറഞ്ഞു.

പോസ്റ്റ് മോര്‍ട്ടം മാത്രം മതിയോ, തിരിച്ചറിയാന്‍ പ്രയാസമുണ്ടോ എന്നെല്ലാം പരിശോധിച്ചു മാത്രമേ തീരുമാനിക്കാനാകൂ. തിരിച്ചറിയാന്‍ പ്രയാസമുണ്ടെങ്കില്‍ മാത്രം ഡിഎന്‍എ ടെസ്റ്റ് നടത്തിയാല്‍ മതിയാകുമെന്നും മന്ത്രി അനില്‍ കുമാര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ എംബാം ചെയ്ത് മാത്രമേ സ്വദേശത്തേക്ക് അയക്കുകയുള്ളൂ. മണ്ണിനടിയില്‍ അധികം താഴെയല്ലാതെയുള്ള ഭാഗത്ത്, പൈപ്പുകളും വാഹനങ്ങളുടെ പാര്‍ട്‌സ്‌കളുടെയും ഇടയില്‍ നിന്നാണ് മൃതദേഹം ലഭിച്ചതെന്നും മന്ത്രി അറിയിച്ചു.

ദുരന്തമുണ്ടായ കള്ളാടിയില്‍ തിരച്ചില്‍ മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ നടത്തിയ തിരിച്ചിലില്‍ ആരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കഡാവര്‍ നായകള്‍ അടക്കം തിരിച്ചലിനായി എത്തിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ തുടരുന്ന ശക്തമായ മഴയും പുഴയിലെ ഒഴുക്കും തിരച്ചിലിന് തടസ്സമാകുന്നുണ്ട്. മന്ത്രിമാരായ ടി സിദ്ദിഖ്, എ.പി അനില്‍കുമാര്‍ എന്നിവര്‍ ജില്ലയില്‍ തുടരുന്നുണ്ട്. ദുരന്തം അനേഷിക്കാനുള്ള പ്രത്യേക സമിതി ഇന്ന് രൂപീകരിക്കും. പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ ഇന്ന് ദുരന്തസ്ഥലമായ കള്ളാടി സന്ദര്‍ശിക്കും.

മുന്നറിയിപ്പില്‍ മാറ്റം, വടക്കന്‍ കേരളത്തില്‍ തീവ്രമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

മുന്നറിയിപ്പില്‍ മാറ്റം, വടക്കന്‍ കേരളത്തില്‍ തീവ്രമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് അഞ്ചു ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഒന്‍പത് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കന്‍ കേരളത്തിലാണ് ശക്തമായ മഴ തുടരുന്നത്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.