by Midhun HP News | Jul 10, 2026 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി എന്ന നേട്ടത്തിനരികെ നാസ ശാസ്ത്രജ്ഞനായ ഡോ. അനില്‍ മേനോന്‍. ഒറ്റപ്പാലത്ത് വേരുകളുള്ള ഇന്ത്യന്‍ വംശജനായ അനില്‍ മേനോന്‍ നാസയിലെ ബഹിരാകാശ യാത്രികനും ഡോക്ടറും മുന്‍ സൈനിക ഉദ്യോഗസ്ഥനുമാണ്. ജൂലൈ 14നാണ് അനില്‍ മേനോന്‍ കസാക്കിസ്ഥാനില്‍ നിന്നും ബഹിരാകാശ നിലയത്തിലേയ്ക്കുള്ള തന്റെ ആദ്യ ദൗത്യം തുടങ്ങുക.
49-കാരനായ മേനോന്‍, റഷ്യന്‍ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടര്‍ ദുബ്രോവ്, അന്ന കികിന എന്നിവര്‍ക്കൊപ്പം കസാക്കിസ്ഥാനിലെ ബൈക്കോനൂര്‍ കോസ്‌മോഡ്രോമില്‍ നിന്ന് റോസ്‌കോസ്‌മോസ് സോയൂസ് എംഎസ്-29 എന്ന പേടകത്തിലാണ് യാത്ര തിരിക്കുന്നത്. ഈ ദൗത്യം ഏകദേശം എട്ട് മാസമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒറ്റപ്പാലം സ്വദേശിയായ ശങ്കരന്‍ മേനോന്‍ ആണ് ഡോ. അനില്‍ മേനോന്‍റെ പിതാവ്. അമ്മ യുക്രെനില്‍നിന്ന് അമേരിക്കയിലേക്കു കുടിയേറിയ എലിസബത്ത്. ഡോ. അനില്‍ മേനോന്‍ യുഎസ് എയര്‍ഫോഴ്‌സിലെ സേവനത്തിനിടയില്‍ ‘ഓപ്പറേഷന്‍ എന്‍ഡ്യൂറിംഗ് ഫ്രീഡം’ എന്ന ദൗത്യത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹിമാലയന്‍ റെസ്‌ക്യൂ അസോസിയേഷനൊപ്പം ചേര്‍ന്ന് എവറസ്റ്റ് കൊടുമുടി കയറുന്നവര്‍ക്ക് വൈദ്യസഹായം നല്‍കുന്ന ടീമിന്റെ ഭാഗമായിരുന്നു. റോട്ടറി അംബാസഡറിയല്‍ സ്‌കോളര്‍ എന്ന നിലയില്‍ ഒരു വര്‍ഷം ഇന്ത്യയില്‍ ചെലവഴിച്ച അദ്ദേഹം പോളിയോ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.
2014-ല്‍ ഫ്‌ലൈറ്റ് സര്‍ജനായി നാസയില്‍ ചേര്‍ന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ബഹിരാകാശ സഞ്ചാരികള്‍ക്ക് മെഡിക്കല്‍ പിന്തുണ നല്‍കി. 2018ല്‍ അദ്ദേഹം സ്‌പേസ് എക്‌സില്‍ ചേര്‍ന്നു. സ്‌പേസ് എക്‌സിന്റെ ആദ്യ ഫ്‌ളൈറ്റ് സര്‍ജനും മെഡിക്കല്‍ ഡയറക്ടറുമായിരുന്നു. 2021 ഡിസംബറിലാണ് നാസയുടെ ബഹിരാകാശ സഞ്ചാരിയായി തെരഞ്ഞെടുക്കപ്പെടുന്നത്. നാസയുടെ രണ്ട് വര്‍ഷത്തെ ബഹിരാകാശ പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് ആദ്യ ബഹിരാകാശ യാത്രയ്ക്ക് നിയോഗിക്കുന്നത്. ഭാര്യ അന്ന മേനോനും ബഹിരാകാശ സഞ്ചാരിയാണ്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ താമസത്തിനിടയില്‍, ദീര്‍ഘകാല ബഹിരാകാശ യാത്രകള്‍ മനുഷ്യശരീരത്തില്‍ ഉണ്ടാക്കുന്ന വ്യതിയാനങ്ങളെക്കുറിച്ച് പഠിക്കാന്‍ മേനോന്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തുന്നു. മൈക്രോ ഗ്രാവിറ്റിയില്‍ രക്തയോട്ടം, നാഡീവ്യൂഹങ്ങളുടെ ഘടന, രക്തത്തിലെ ഘടകങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പഠനം.
ബഹിരാകാശ നിലയത്തിലെ കുടിവെള്ള സംവിധാനം ഉപയോഗിച്ച് ഐവി ഫ്‌ലൂയിഡുകള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കലാണ് അടുത്ത പരീക്ഷണം. ദീര്‍ഘദൂര ബഹിരാകാശ ദൗത്യങ്ങളില്‍ ഈ സാങ്കേതികവിദ്യ വളരെ നിര്‍ണായകമായി മാറിയേക്കാം. ഒപ്പം, ഓഗ്മെന്റഡ് റിയാലിറ്റിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗിച്ചുള്ള അള്‍ട്രാസൗണ്ട് പരിശോധനകളും മേനോന്‍ നടത്തും. ഭാവിയിലെ ദീര്‍ഘകാല ദൗത്യങ്ങളില്‍ ഭൂമിയില്‍ നിന്നുള്ള മെഡിക്കല്‍ സഹായത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

by Midhun HP News | Jul 10, 2026 | Latest News, ദേശീയ വാർത്ത
ടെഹ്‌റാന്‍: ആറ് ദിവസം നീണ്ടുനിന്ന ഔദ്യോഗിക വിലാപയാത്രകള്‍ക്കും ചടങ്ങുകള്‍ക്കും ഒടുവില്‍, കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ഭൗതികശരീരം സംസ്‌കരിച്ചു. കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലും, പശ്ചിമേഷ്യയില്‍ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ഇറാന്‍ തങ്ങളുടെ പരമോന്നത നേതാവിന് വിടചൊല്ലിയത്. വിവിധ നഗരങ്ങളില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത വിലാപയാത്രകള്‍ക്ക് ശേഷമാണ് ഖമേനിയുടെ ഭൗതികശരീരം ജന്മനാടായ മഷാദിലെ മണ്ണിലേക്ക് ചേര്‍ത്തത്.
ഇറാനുമായി ബന്ധമുള്ള മേഖലകളിലെ സൈനിക താവളങ്ങള്‍ക്ക് നേരെ അമേരിക്കന്‍ വ്യോമസേന ശക്തമായ ആക്രമണം തുടരുന്നതിനിടയിലാണ് ജനലക്ഷങ്ങളുടെ സാന്നിധ്യത്തില്‍ ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ആക്രമണങ്ങള്‍ക്കിടയിലും ഭയം കൂടാതെ ജനങ്ങള്‍ തെരുവിലിറങ്ങി തങ്ങളുടെ നേതാവിനോടുള്ള ആദരവ് പ്രകടിപ്പിച്ചതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ യുഎസ് സൈനിക നീക്കങ്ങള്‍ ഇറാനെ പ്രതിരോധത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നു.
അതേസമയം, സംസ്‌കാര ചടങ്ങിന്റെ അവസാന ദിനത്തിലും ആയത്തുല്ല ഖമേനിയുടെ പിന്‍ഗാമി മുജ്തബ ഖമേനി പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടില്ല. സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് മുജ്തബ എത്താത്തതെന്നാണ് സൂചന. എന്നാല്‍ ഖമേനിയുടെ വിയോഗവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ടെഹ്‌റാനില്‍ നടക്കുന്ന ദുഖാചരണ ചടങ്ങിന് മുജ്തബ നേതൃത്വം നല്‍കുമെന്നാണ് വിവരം. ഫെബ്രുവരി 28ന് പിതാവ് കൊല്ലപ്പെട്ട അതേ ആക്രമണത്തില്‍ മുജ്തബയ്ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.
1989 മുതല്‍ നീണ്ട 36 വര്‍ഷക്കാലം ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമേനി തന്റെ 86-ാം വയസ്സിലാണ് കൊല്ലപ്പെട്ടത്. തനിക്ക് മഷാദില്‍ അന്ത്യവിശ്രമം കൊള്ളണമെന്നത് ഖമേനിയുടെ വ്യക്തിപരമായ ആഗ്രഹമായിരുന്നു. ഖമേനിക്കൊപ്പം ആക്രമണത്തില്‍ കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ കൊച്ചുമകള്‍, മകള്‍, മരുമകന്‍, മകന്‍ മുജ്തബ ഖമേനിയുടെ ഭാര്യ സഹ്റ ഹദ്ദാദ് അദേല്‍ എന്നിവരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.

by Midhun HP News | Jul 10, 2026 | Latest News, കേരളം
കൽപ്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും. ഇന്നലെ നടത്തിയ തിരച്ചിലിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. അവശേഷിക്കുന്ന രണ്ടുപേർക്കായുള്ള തിരച്ചിലാണ് ഇന്ന് തുടരുക. മീനാക്ഷിപുഴ കേന്ദ്രീകരിച്ചും സോൺ ഒന്നിലും മൂന്നിലുമാണ് തിരച്ചിൽ നടത്തുക.അതേസമയം മണ്ണിടിച്ചിൽ പശ്ചാത്തലത്തിൽ നിർദിഷ്ട തുരങ്കപതയുടെ ആനക്കാംപൊയിൽ ഭാഗത്തെ നിർമാണ പ്രവർത്തികളും താൽക്കാലികമായി നിർത്തിവച്ചു. രണ്ട് ഷിഫ്റ്റുകളിലായി മുന്നൂറോളം തൊഴിലാളികളാണ് നിർമാണ പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നത്. നിർമാണം നടക്കുന്ന ഭൂരിഭാഗം മേഖലയും പാറക്കെട്ടുകൾ ആയതിനാൽ ഇവിടെ മണ്ണിടിച്ചിൽ സാധ്യത കുറവാണെന്നാണ് അധികൃതരുടെ നിഗമനം.
അതിനിടെ, കൊങ്കൺ റെയിൽവേ കോർപ്പറേഷൻ്റെ ഡൽഹിയിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് വയനാട് എത്തും. മണ്ണിടിച്ചിലുണ്ടായ മേഖലയിൽ സംഘം വിശദമായ പരിശോധന നടത്തും. സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയും ഉടൻ സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കും. എത്രയും വേഗം റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചേക്കും.

by Midhun HP News | Jul 10, 2026 | Latest News, കേരളം
തിരുവനന്തപുരം: തിരുവല്ലത്ത് യുവാവും യുവതിയും വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. അപകടകാരണം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതല്ലെന്ന് പൊലീസ് കണ്ടെത്തി. കാര്‍ ബൈക്കിന് പിന്നിലിടിച്ചതാണ് അപകടത്തിന് കാരണമായത്. സംഭവത്തില്‍ കാര്‍ ഓടിച്ച വിഷ്ണു എന്ന യുവാവ് പിടിയിലായി. അപകടമുണ്ടാക്കിയ കാറും കസ്റ്റഡിയിലെടുത്തു. ബൈക്ക് അപകടത്തില്‍ സുഹൃത്തുക്കളായ എറണാകുളം സ്വദേശി നവീന്‍ സിബി, തൊടുപുഴ സ്വദേശി മൃദുല അന്ന ഉമ്മന്‍ എന്നിവരാണ് മരിച്ചത്.
ഐ ടി ജീവനക്കാരായ ഇരുവരും തിരുവല്ലത്ത് നിന്നും കോവളം ഭാഗത്തേക്ക് സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുവര്‍ക്കും 25 വയസ്സാണ്. ഇന്നലെ നവീന്റെ ജന്മദിനമായിരുന്നു. അത് ആഘോഷിക്കാനായി കോവളത്തേക്ക് പോകുകയായിരുന്നു നവീനും മൃദുലയും. ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ അപകടസ്ഥലത്ത് നടത്തിയ പരിശോധനയില്‍ പൊലീസിന് തോന്നിയ സംശയമാണ് സംഭവത്തില്‍ നിര്‍ണായകമായത്.
ബൈക്കിന് പിന്നിലിരുന്ന മൃദുല മീറ്ററുകളോളം ദൂരേയ്ക്ക് തെറിച്ചു വീണ് തലയിടിക്കുകയായിരുന്നു. കാറ്റ് പിടിച്ചു അപകടം ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് പൊലീസ് വിലയിരുത്തി. തുടര്‍ന്ന് സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ബൈക്കിന് പിന്നില്‍ ഒരു കാര്‍ പോകുന്നത് കണ്ടെത്തി. ഈ കാറിന്റെ ഉടമ മലയിന്‍കീവ് സ്വദേശി വിഷ്ണുവാണെന്നും പൊലീസ് മനസ്സിലാക്കി. തുടര്‍ന്ന് രാത്രി തന്നെ വിഷ്ണുവിന്റെ വീട്ടില്‍ പൊലീസ് സംഘമെത്തി.
വീടിന് മുന്നിലുണ്ടായിരുന്ന കാറില്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചതിന്റെ പാടുകളും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍, അമിത വേഗത്തിലെത്തിയ കാര്‍ ബൈക്കില്‍ ഇടിച്ച കാര്യം സമ്മതിച്ചു. അപകടമുണ്ടായശേഷം കാര്‍ നിര്‍ത്താതെ പോയെന്നും പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ നവീനും മൃദുലയും തലയിടിച്ചു വീണാണ് മരണം സംഭവിച്ചത്. പിടിയിലായ വിഷ്ണുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
നവീന്‍ ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനിയിലെ സോഫ്റ്റ് വെയർ എഞ്ചിനിയറും, മൃദുല കിന്‍ഫ്രയിലെ ഐടി ജീവനക്കാരിയുമാണ്. തിരുവല്ലം ടോള്‍ പ്ലാസ് കഴിഞ്ഞപ്പോഴാണ് അപകടമുണ്ടായത്. മൃദുല അപകട സ്ഥലത്തുവച്ചു തന്നെ മരിച്ചു, നവീനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പഠനകാലം മുതൽ ഇവർ സുഹൃത്തുക്കളായിരുന്നു.

by Midhun HP News | Jul 10, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. വടക്കന്‍ കേരളത്തിലാണ് ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുള്ളത്. വടക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.
ഇടിമിന്നലിനും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റ് വീശാനിടയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ സമുദ്രനിരപ്പില്‍ തീരദേശ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. തെക്ക്-പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിനും അതിനോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍ക്കും മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദ്ദ മേഖല സ്ഥിതി ചെയ്യുന്നു. ഇത് വടക്ക്-കിഴക്ക് ദിശയിലേക്ക് നീങ്ങാനും ക്രമേണ ശക്തി കുറയാനും സാധ്യത. ഇതിന്റെ സ്വാധീനഫലമായി ജൂലൈ 13 വരെ കേരളം, മാഹി എന്നിവിടങ്ങളില്‍ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരള -കര്‍ണാടക – ലക്ഷദീപ് തീരങ്ങളില്‍ ഇന്നും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള -കര്‍ണാടക – ലക്ഷദീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Recent Comments