രാത്രി ഒന്‍പതുമണി കഴിഞ്ഞാലും ആളെത്തിയാല്‍ മദ്യം നല്‍കണം; നിര്‍ദേശവുമായി ബെവ്‌കോ

രാത്രി ഒന്‍പതുമണി കഴിഞ്ഞാലും ആളെത്തിയാല്‍ മദ്യം നല്‍കണം; നിര്‍ദേശവുമായി ബെവ്‌കോ

തിരുവനന്തപുരം: രാത്രി ഒന്‍പതുമണി കഴിഞ്ഞ് മദ്യം വാങ്ങാന്‍ ആളെത്തിയാലും മദ്യം നല്‍കണമെന്ന് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്‌കോയുടെ നിര്‍ദേശം. നിലവില്‍ രാവിലെ പത്തുമണി മുതല്‍ രാത്രി ഒന്‍പതുമണിവരെയാണ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനസമയം. എന്നാല്‍ വരിയില്‍ അവസാനം നില്‍ക്കുന്നയാളുകള്‍ക്ക് വരെ മദ്യം നല്‍കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.

ഇത് സംബന്ധിച്ച നിര്‍ദേശം ഇന്നലെയാണ് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് ലഭിച്ചത്. ഇതോടെ ബെവ്‌കോ ഔട്ട് ലെറ്റുകളില്‍ ഒന്‍പതുമണിക്ക് ശേഷവും മദ്യം വില്‍ക്കുന്ന സാഹചര്യം ഉണ്ടാകും. ഒന്‍പത് മണിക്കുള്ളില്‍ എത്തിയവര്‍ക്കാണോ, അതോ മയം കഴിഞ്ഞ് എത്തുന്നവര്‍ക്കും മദ്യം നല്‍കണമെന്നാണോയെന്നുള്ള കാര്യത്തില്‍ നിര്‍ദേശത്തില്‍ അവ്യക്തതയുണ്ട്.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഗതാഗത നിയന്ത്രണം

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഗതാഗത നിയന്ത്രണം

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന നവീകരണ പ്രവൃത്തികളുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച മുതല്‍ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം. ബസ്, ട്രാവലര്‍ തുടങ്ങിയ വലിയ വാഹനങ്ങള്‍ റെയില്‍വേ സ്‌റ്റേഷന്‍ റോഡ് വഴി നേരിട്ട് സ്റ്റേഷനിലേക്ക് പ്രവേശിക്കേണ്ടതാണ്. യാത്രക്കാരെ മോണുമെന്റല്‍ ഫ്‌ലാഗിന്റെ വലതു വശത്തു ഇറക്കി, വീണ്ടും റെയില്‍വേ സ്റ്റേഷന്‍ റോഡ് വഴി തിരികെ പോകേണ്ടതാണ്.

ബൈക്ക്, കാര്‍ അടക്കമുള്ള ചെറിയ വാഹനങ്ങള്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലൂടെ പ്രവേശിച്ച് മോണുമെന്റല്‍ ഫ്‌ലാഗിന്റെ ഇടതുവശം വഴി പ്ലാറ്റ്‌ഫോം പ്രവേശന കവാടത്തില്‍ യാത്രക്കാരെ ഇറക്കേണ്ടതും പിന്നീട് ഏരിയ മാനേജര്‍ ആഫീസിന്റെ ഇടതു വശം ചേര്‍ന്ന് കാരക്കാട്ട് റോഡിലൂടെ ചിറ്റൂര്‍ റോഡിലേക്ക് പോകേണ്ടതുമാണ്.

പെരുംതേനീച്ചയുടെ കുത്തേറ്റ് തൊഴിലാളി മരിച്ചു

പെരുംതേനീച്ചയുടെ കുത്തേറ്റ് തൊഴിലാളി മരിച്ചു

തൊടുപുഴ: ഇടുക്കിയില്‍ പെരുംതേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ഉടുമ്പഞ്ചോല ആട്ടുപാറ സ്വദേശി സുബ്രഹ്മണി ആണ് മരിച്ചത്. ഈ മാസം ഒന്നാം തീയതിയാണ് സുബ്രഹ്മണിയ്ക്ക് പെരുംതേനീച്ചയുടെ കുത്തേറ്റത്

വെള്ളം ശേഖരിയ്ക്കുന്നതിനിടെ തേനീച്ച കൂട്ടം ആക്രമിയ്ക്കുകയായിരുന്നു. ആക്രമണത്തില്‍ ബോധരഹിതനായ സുബ്രഹ്മണിയെ രക്ഷിയ്ക്കുന്നതിനിടെ മറ്റ് നാലു പേര്‍ക്കും കുത്തേറ്റു.സുബ്രഹ്മണിയെ ആദ്യം നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തമിഴ്‌നാട്ടിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരിച്ചു

തെരുവുനായകളുടെ ദുര്‍ഗന്ധവും കുരയും സഹിക്കാനാകാതെ നാട്ടുകാര്‍; നായകളെ സംരക്ഷിക്കാന്‍ ലൈസന്‍സ് ഇല്ലെന്ന് ജില്ലാ ഭരണകൂടം

തെരുവുനായകളുടെ ദുര്‍ഗന്ധവും കുരയും സഹിക്കാനാകാതെ നാട്ടുകാര്‍; നായകളെ സംരക്ഷിക്കാന്‍ ലൈസന്‍സ് ഇല്ലെന്ന് ജില്ലാ ഭരണകൂടം

കൊച്ചി: എറണാകുളം കുന്നത്തുനാട് പറക്കോട് തെരുവുനായകളെ സംരക്ഷിക്കുന്നത് ലൈസന്‍സ് ഇല്ലാതെയെന്ന് ജില്ലാ ഭരണകൂടം. ഉടമയ്ക്ക് നായ വളര്‍ത്തല്‍ കേന്ദ്രം തുടങ്ങാന്‍ ലൈസന്‍സ് ഇല്ല. അതിനാല്‍ വീട്ടില്‍ പാര്‍പ്പിച്ച നായകളെ ഒഴിപ്പിക്കും. ആര്‍ഡിഒ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി. ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് നായകളെ പരിശോധിച്ചിരുന്നു. റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറും.

വീടിനു മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. എന്നാല്‍ നായകളെ മാറ്റില്ലെന്ന നിലപാടിലാണ് വാശിയിലാണ് വീട് വാടകയ്ക്ക് എടുത്ത വീണ ജനാര്‍ദ്ദനന്‍. നാട്ടുകാര്‍ പുറത്ത് ബഹളം വയ്ക്കുമ്പോള്‍ മാത്രമാണ് നായകള്‍ കുരയ്ക്കുന്നത് എന്നും വീണ പറയുന്നു. വീട് വാടകയ്ക്ക് എടുത്തപ്പോള്‍ മൃഗങ്ങളെ വളര്‍ത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. അതിന്റെ എഗ്രിമെന്റ് തന്റെ കയ്യിലുണ്ട്. നായകളുടെ എണ്ണമൊന്നും അതില്‍ പറഞ്ഞിട്ടില്ലെന്നും, താന്‍ റെസ്‌ക്യുവര്‍ ആണെന്നും വീണ ജനാര്‍ദ്ദനന്‍ വ്യക്തമാക്കി.

പഞ്ചായത്ത് റൂള്‍സ് പ്രകാരം പഞ്ചായത്ത് സെക്രട്ടറിയുടെ ലൈസന്‍സ് ഇതിന് ആവശ്യമാണെന്ന് പി വി ശ്രീനിജിന്‍ എംഎല്‍എ പറഞ്ഞു. എന്നാല്‍ ഇവര്‍ സംരക്ഷിക്കുന്ന നായകള്‍ക്കൊന്നും കുന്നത്തുനാട് പഞ്ചായത്തില്‍ നിന്ന് ലൈസന്‍സ് ഇല്ലെന്നാണ് മനസ്സിലാക്കുന്നതെന്ന് ശ്രീനിജിന്‍ പറഞ്ഞു. ജനവാസമേഖലയില്‍ ഇത്രയധികം നായകളെ പാര്‍പ്പിക്കുന്നതുമൂലമുള്ള ദുര്‍ഗന്ധം സഹിക്കാന്‍ പറ്റില്ലെന്ന നിലപാടിലാണ് പ്രദേശവാസികള്‍.

പശുഫാമിന് സ്റ്റോപ് മെമ്മോ കൊടുത്ത പഞ്ചായത്തിലാണ് ഇത്രയധികം തെരുവുനായകളെ യാതൊരു കരുതലുമില്ലാതെ വീടിനകത്ത് വളര്‍ത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പ്രശ്നം പരിഹരിക്കാതെ വീട്ടുമുറ്റത്തുനിന്നും പിരിഞ്ഞുപോവില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. ജില്ലാ ഭരണകൂടം ഇടപെട്ടിട്ടും നാട്ടുകാര്‍ പിരിഞ്ഞുപോകാത്തതിനാല്‍ സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.

കടയ്ക്കൽ താലൂക്ക് ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരം

കടയ്ക്കൽ താലൂക്ക് ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര മാനദണ്ഡമായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ താലൂക്ക് ആശുപത്രി 90.34 ശതമാനം സ്‌കോര്‍ നേടിയാണ് എന്‍.ക്യു.എ.എസ്. കരസ്ഥമാക്കിയത്. ഇതോടെ സംസ്ഥാനത്തെ 202 ആശുപത്രികള്‍ എന്‍.ക്യു.എ.എസ്. അംഗീകാരവും 85 ആശുപത്രികള്‍ പുന:അംഗീകാരവും നേടിയെടുത്തു.

5 ജില്ലാ ആശുപത്രികള്‍, 5 താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 136 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 4 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എന്‍.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുണ്ട്.

ഈ സര്‍ക്കാരിന്റെ കാലത്ത് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി വലിയ ഇടപെടലുകളാണ് നടത്തിയത്. മന്ത്രി വീണാ ജോര്‍ജ് നിരവധി തവണ ആശുപത്രിയിലെത്തി വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി. ഈ സര്‍ക്കാരിന്റെ കാലത്ത് 15 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. സ്ഥലപരിമിതി കാരണം ബുദ്ധിമുട്ടിയ ആശുപത്രിയ്ക്കായി 20 സെന്റ് കൂടി അധികമായി ലഭ്യമാക്കി. ഇതില്‍ പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതി ആവിഷ്‌ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണ്.

മികച്ച സേവനങ്ങളാണ് ഇവിടെ നല്‍കി വരുന്നത്. അത്യാഹിത വിഭാഗം, ഗൈനക്കോളജി വിഭാഗം, ഓര്‍ത്തോപീഡിക്‌സ് വിഭാഗം തുടങ്ങിയ മികച്ച സ്‌പെഷ്യാലിറ്റി വിഭാഗങ്ങളാണിവിടെയുള്ളത്. ദിവസവും ആയിരത്തോളം പേരാണ് ഒപിയില്‍ ചികിത്സ തേടിയെത്തുന്നത്.

155 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവുമുണ്ട്. ഇവിടത്തെ ഡയാലിസിസ് യൂണിറ്റില്‍ ദിവസവും നാല് ഷിഫ്റ്റില്‍ നാല്‍പതോളം പേര്‍ക്ക് ഡയാലിസിസ് നല്‍കുന്നുണ്ട്. കിടപ്പ് രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ 9 കിടക്കകളുള്ള സെക്കന്ററി പാലിയേറ്റീവ് കെയര്‍ വാര്‍ഡും ഇവിടെയുണ്ട്. ലക്ഷ്യ നിലവാരമുള്ള ലേബര്‍ റൂം സൗകര്യങ്ങളും സജ്ജമാണ്. ഇങ്ങനെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബഹുമതിയാണ് ഈ ദേശീയ ഗുണനിലവാര അംഗീകാരം.