ഓസ്‌കറില്‍ തിളങ്ങി അനോറ; മെക്കി മാഡിസണ്‍ മികച്ച നടി, ഷോണ്‍ ബേക്കര്‍ സംവിധായകന്‍

ഓസ്‌കറില്‍ തിളങ്ങി അനോറ; മെക്കി മാഡിസണ്‍ മികച്ച നടി, ഷോണ്‍ ബേക്കര്‍ സംവിധായകന്‍

ലോസാഞ്ചലസ്: 97-ാമത് ഓസ്‌ര്‍ പുരസ്‌കാരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ച് അമേരിക്കന്‍ ചിത്രം അനോറ. റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന അനോറ മികച്ച ചിത്രം ഉള്‍പ്പെടെ അഞ്ച് പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. സംവിധായകന്‍ ഷോണ്‍ ബേക്കര്‍ മികച്ച സംവിധായകനായപ്പോള്‍ ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മെക്കി മാഡിസണ്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

സമ്പന്ന റഷ്യന്‍ കുടുംബത്തിലെ അംഗമായ ഇവാന്‍ എന്ന യുവാവിനെ വിവാഹം കഴിക്കുന്ന ആനി എന്ന വിദേശ നര്‍ത്തകിയുടെ വേഷമാണ് ‘അനോറ’യില്‍, മാഡിസണ്‍ അവതരിപ്പിച്ചത്. ആനിയുടെ ജീവിതവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആഗോള തലത്തില്‍ കഴിഞ്ഞ വര്‍ഷം വലിയ പ്രശംസകളും അനോറ ഏറ്റവാങ്ങിയിരുന്നു. മികച്ച ഒറിജിനല്‍ തിരക്കഥ, മികച്ച എഡിറ്റിങ് എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളും അനോറ സ്വന്തമാക്കി.

ദി ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് അഡ്രിയന്‍ ബ്രോഡി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരവും ദി ബ്രൂട്ടലിസ്റ്റ് സ്വന്തമാക്കി. ഐ ആം സ്റ്റില്‍ ഹിയര്‍ മികച്ച ഇന്‍ര്‍നാഷണല്‍ ഫീച്ചര്‍ വിഭാഗത്തില്‍ പുരസ്‌കാരം നേടി.

മികച്ച സഹനടനുള്ള പുരസ്‌കാരമായിരുന്നു അവാര്‍ഡ് നിശയിലെ ആദ്യ പ്രഖ്യാപനം.’എ റിയല്‍ പെയ്ന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് കീരണ്‍ കള്‍ക്കിന്‍ ആണ് മികച്ച സഹനടനുള്ള ഓസ്‌കര്‍. 42കാരനായ താരം ‘ഹോം എലോണ്‍’ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്.

ദ ഷാഡോ ഓഫ് സൈപ്രസ് എന്ന ചിത്രത്തിനാണ് ഓസ്‌കര്‍ 2025ലെ മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം. മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരം ഫ്‌ളോ എന്ന ചിത്രത്തിനാണ്. ലാത്വിവിയയില്‍ നിന്ന് ഓസ്‌കര്‍ നേടുന്ന ആദ്യത്തെ ചിത്രമാണിത്.

ലൊസാഞ്ചലസിലെ ഹോളിവുഡ് ആന്‍ഡ് ഹൈലാന്‍ഡ് സെന്ററിലുള്ള ഡോള്‍ബി തിയറ്ററിലാണ് പുരസ്‌കാര വിതരണം. കൊമേഡിയനും അമേരിക്കന്‍ ടിവി ഷോ സ്റ്റാറുമായ കൊനാന്‍ ഒബ്രയോണ്‍ ആണ് ഇത്തവണ ഓസ്‌കറിലെ അവതാരകന്‍. ഇതാദ്യമായാണ് ഒബ്രയോണ്‍ അവതാരകനായെത്തുന്നത്.

ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം: കീരണ്‍ കള്‍ക്കിന്‍ മികച്ച സഹനടന്‍

ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം: കീരണ്‍ കള്‍ക്കിന്‍ മികച്ച സഹനടന്‍

ലോസാഞ്ചലസ്: 97ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. മികച്ച സഹനടനുള്ള പുരസ്‌കാരമായിരുന്നു അവാര്‍ഡ് നിശയിലെ ആദ്യ പ്രഖ്യാപനം.’എ റിയല്‍ പെയ്ന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് കീരണ്‍ കള്‍ക്കിന്‍ ആണ് മികച്ച സഹനടനുള്ള ഓസ്‌കര്‍. 42കാരനായ താരം ‘ഹോം എലോണ്‍’ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്. ലൊസാഞ്ചലസിലെ ഹോളിവുഡ് ആന്‍ഡ് ഹൈലാന്‍ഡ് സെന്ററിലുള്ള ഡോള്‍ബി തിയറ്ററിലാണ് പുരസ്‌കാര വിതരണം. കൊമേഡിയനും അമേരിക്കന്‍ ടിവി ഷോ സ്റ്റാറുമായ കൊനാന്‍ ഒബ്രയോണ്‍ ആണ് ഇത്തവണ ഓസ്‌കറിലെ അവതാരകന്‍. ഇതാദ്യമായാണ് ഒബ്രയോണ്‍ അവതാരകനായെത്തുന്നത്.

ദ ഷാഡോ ഓഫ് സൈപ്രസ് എന്ന ചിത്രത്തിനാണ് ഓസ്‌കാര്‍ 2025ലെ മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം. മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരം ഫ്‌ളോ എന്ന ചിത്രത്തിനാണ്. ലാത്വിവിയയില്‍ നിന്ന് ഓസ്‌കാര്‍ നേടുന്ന ആദ്യത്തെ ചിത്രമാണിത്.

മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം പോള്‍ ടാസ് വെല്ലിനാണ്. വിക്ക്ഡ് എന്ന സിനിമയ്ക്ക് വേണ്ടിയാണ് പോള്‍ ടാസ് വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായത്. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് അനോറയും മികച്ച അവലംബിത തിരക്കഥ കോണ്‍ക്ലേവ് നേടി.

തിരിച്ചുകയറി രൂപ; ഒന്‍പത് പൈസയുടെ നേട്ടം, ഓഹരി വിപണിയിലും മുന്നേറ്റം

തിരിച്ചുകയറി രൂപ; ഒന്‍പത് പൈസയുടെ നേട്ടം, ഓഹരി വിപണിയിലും മുന്നേറ്റം

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. 9 പൈസയുടെ നേട്ടത്തോടെ 87.28 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഉയര്‍ന്ന നിലയില്‍ നിന്ന് ഡോളര്‍ തിരിച്ചിറങ്ങിയതും ഓഹരി വിപണിയിലെ മുന്നേറ്റവുമാണ് രൂപയ്ക്ക് തുണയായത്.

ഡിസംബര്‍ പാദത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 6.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കിയത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണിയിലേക്ക് വിദേശനിക്ഷേപം വീണ്ടും തിരിച്ചെത്തുമെന്ന പ്രത്യാശകളും രൂപയുടെ മുന്നേറ്റത്തിന് സഹായകമായി. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വിപണിയില്‍ ചാഞ്ചാട്ടത്തിന് കാരണമായേക്കാമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. അതിനിടെ ഓഹരി വിപണി തിരിച്ചുകയറി. കഴിഞ്ഞയാഴ്ച കനത്ത തിരിച്ചടിയാണ് ഓഹരി വിപണി നേരിട്ടത്. ബിഎസ്ഇ സെന്‍സെക്‌സ് 429 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി.

ബ്രേക്കില്‍ കാലുറപ്പിച്ച് സ്വര്‍ണവില; പവന് 64,000ല്‍ താഴെ തന്നെ

ബ്രേക്കില്‍ കാലുറപ്പിച്ച് സ്വര്‍ണവില; പവന് 64,000ല്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 63,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7940 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും വേറെയും.

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ ആയിരം രൂപയുടെ ഇടിവാണ് ഉണ്ടായത്. ഫെബ്രുവരി 25ന് പവന് 64,600 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ച ശേഷമാണ് സ്വര്‍ണവില താഴേക്ക് പോയത്. അടുത്ത ദിവസം തന്നെ 65,000 എന്ന സൈക്കോളജിക്കല്‍ ലെവലും കടന്ന് സ്വര്‍ണവില കുതിക്കുമെന്ന സൂചനയ്ക്കിടെയാണ് വില ഇടിഞ്ഞത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ ഡോ. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ മരിച്ച നിലയില്‍

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ ഡോ. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ മരിച്ച നിലയില്‍

കൊച്ചി: പ്രശസ്ത യൂറോളജിസ്റ്റും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ വിദ​​ഗ്ദനുമായ ഡോ. ജോർജ് പി എബ്രഹാം മരിച്ച നിലയിൽ. 70 വയസ്സായിരുന്നു. ആലുവയ്ക്കടുത്ത് നെടുമ്പാശ്ശേരിയിലെ ഫാം ഹൗസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊച്ചിയിലെ ഇളംകുളം സ്വദേശിയാണ്. എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലെ സീനിയര്‍ സര്‍ജനാണ്.

കൊച്ചിയിൽ ഏറ്റവും കൂടുതൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയതിന് പേരുകേട്ടയാളാണ് ഡോ. ജോർജ് പി എബ്രഹാം. ഞായറാഴ്ച വൈകുന്നേരം ജോർജും സഹോദരൻ പോളും നെടുമ്പാശ്ശേരിക്ക് സമീപമുള്ള തുരുത്തിശ്ശേരിയിലെ ജിപി ഫാംഹൗസിലെത്തി. തുടർന്ന് ജോർജ് സഹോദരനോട് കുറച്ചു സമയം തനിച്ചായിരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. ഇതേത്തുടർന്ന് പോൾ സ്ഥലം വിട്ടു.

പിന്നീട് ജോർജിന്റെ പ്രതികരണമൊന്നും ലഭിക്കാത്തതിനാൽ, ബന്ധുക്കൾ ഫാം ഹൗസിലെത്തിയപ്പോൾ പടിക്കെട്ടിന്റെ കൈവരികളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അസുഖത്തെത്തുടർന്ന് ഡോ. ജോർജ് കുറച്ചുനാളായി വിഷാദത്തിലായിരുന്നുവെന്നാണ് നെടുമ്പാശ്ശേരി പൊലീസ് വ്യക്തമാക്കുന്നത്. രാത്രി 7.30 നും രാത്രി 10.30 നും ഇടയിലാണ് മരണം സംഭവിച്ചത്. ഡോ. ജോർജ് പി എബ്രഹാമിന്റെ മൃതദേഹം ആലുവയിലെ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ നെടുമ്പാശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.