by Midhun HP News | Feb 8, 2025 | Latest News, സിനിമ
മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ ആവേശമായി മാറിയ ചിത്രമായിരുന്നു ലൂസിഫർ. ചിത്രത്തിന്റെ രണ്ടാം ഭാഗം എംപുരാൻ പ്രഖ്യാപിച്ചതു മുതൽ ഇരട്ടി ആവേശത്തിൽ ചിത്രത്തിനായുള്ള കാത്തിരിപ്പും പ്രേക്ഷകർ തുടങ്ങിയിരുന്നു. ചിത്രത്തിന്റേതായി ലഭിക്കുന്ന ഓരോ അപ്ഡേറ്റും വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്.
വരും ദിവസങ്ങളിൽ ചിത്രത്തിലെ 36 കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുമെന്നാണ് പൃഥ്വിരാജ് അറിയിച്ചിരിക്കുന്നത്. “എംപുരാനിലെ കഥാപാത്രങ്ങളെ പരിചയപ്പെടൂ. അത് അവതരിപ്പിച്ച അഭിനേതാക്കൾ അനുഭവം നിങ്ങളോട് പങ്കുവയ്ക്കും. 36 കഥാപാത്രങ്ങൾ, 18 ദിവസം! നാളെ മുതൽ രാവിലെ 10നും വൈകിട്ട് 6 മണിക്കും ആകും അപ്ഡേറ്റ് റിലീസ് ചെയ്യുക”.- എന്നാണ് പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് എംപുരാൻ റിലീസ് ചെയ്യുക. മാർച്ച് 27 നാണ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന്റെ ടീസറും തരംഗമായി മാറിയിരുന്നു. മോഹൻലാലിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായി മാറും എംപുരാൻ എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. ‘500 കോടിയിൽ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കുന്നില്ല’- എന്നാണ് എംപുരാന്റെ ഓരോ അപ്ഡേറ്റിനും താഴെ നിറയുന്ന കമന്റുകൾ. വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
by Midhun HP News | Feb 7, 2025 | Latest News, സിനിമ
മമ്മൂട്ടി ആരാധകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് പല തവണ മാറ്റി വച്ചിരുന്നു. ഒടുവിൽ ഫെബ്രുവരി 14 ന് ചിത്രം എത്തുമെന്നും അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ബസൂക്കയുടെ റിലീസ് വീണ്ടും മാറ്റി വച്ചതായാണ് റിപ്പോർട്ട്. ബസൂക്കയുടെ സിജിഐ വർക്കുകൾ പൂർത്തിയാകാത്തത് കാരണമാണ് സിനിമയുടെ റിലീസ് മാറ്റിയതെന്നാണ് പുറത്തുവരുന്ന വിവരം. വിഷു റിലീസായി ഏപ്രിൽ 10 ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് സൂചന.
എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. വൈകാതെ തന്നെ റിലീസ് സംബന്ധിച്ചുള്ള അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിടുമെന്നാണ് സിനിമ പ്രേക്ഷകരുടെ പ്രതീക്ഷ. ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും യൂഡ്ലി ഫിലിമും തിയറ്റർ ഓഫ് ഡ്രീംസും ചേർന്നാണ്.
by Midhun HP News | Feb 6, 2025 | Latest News, സിനിമ
തമിഴകം ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് അജിത് കുമാർ നായകനായെത്തിയ വിടാമുയർച്ചി. ഇന്ന് പ്രദർശനത്തിനെത്തിയ ചിത്രത്തിന്റെ ആദ്യ ഷോ വലിയ ആഘോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തതും. ‘അജിത്തിന്റെ ബോക്സോഫീസ് തിരിച്ചു വരവ് ആണ്’ ചിത്രമെന്നാണ് എക്സിൽ നിറയുന്ന പ്രതികരണങ്ങൾ.
ഇപ്പോഴിതാ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ചിത്രത്തിന്റെ വ്യാജ പതിപ്പ് വിവിധ ഓൺലൈൻ സൈറ്റുകളിൽ ചോർന്നതായാണ് റിപ്പോർട്ടുകൾ. 1080p, 720p, 480p എന്നീ HD റെസല്യൂഷനുകളിലാണ് ചിത്രം ഓൺലൈനിൽ പ്രചരിക്കുന്നത്. ആദ്യ ദിനം തന്നെ ഓൺലൈനിൽ വ്യാജ പതിപ്പ് പ്രചരിക്കുന്നത് ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷനെ തന്നെ ബാധിച്ചേക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇതിന് മുൻപ് ഗെയിം ചെയ്ഞ്ചർ, പുഷ്പ 2, മാർക്കോ, ബറോസ്, കങ്കുവ തുടങ്ങി നിരവധി സിനിമകളുടെ വ്യാജ പതിപ്പ് റിലീസ് ചെയ്ത ഉടനെ തന്നെ വിവിധ ഓൺലൈൻ സൈറ്റുകളിലെത്തിയിരുന്നു. ‘മങ്കാത്ത’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം അജിത് – അർജുൻ – തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.
മഗിഴ് തിരുമേനി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അജിത്തിന്റെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ ആയിരിക്കും ചിത്രമെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. ലൈക്ക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീത സംവിധാനമൊരുക്കിയിരിക്കുന്നത്.
by Midhun HP News | Feb 4, 2025 | Latest News, സിനിമ
മോഹൻലാൽ നായകനായെത്തി സൂപ്പർ ഹിറ്റായി മാറിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 2007 ൽ പുറത്തിറങ്ങിയ ചിത്രം റീ റിലീസിനൊരുങ്ങുകയാണ്. അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രം ഒരു കോമഡി ആക്ഷനായാണ് പ്രേക്ഷകരിലേക്കെത്തിയത്. മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജ് ആണ് റീ റിലീസ് വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. വസ്കോഡ ഗാമയായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രം ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.
നിരഞ്ജിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ ഛോട്ടാ മുംബൈ’ 4 കെ യിൽ റീ റിലീസ് ചെയ്യുമോ എന്ന ആരാധകന്റെ കമ്മന്റിനാണ് നടൻ മറുപടി നൽകിയത്. ഇതിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും റീ റിലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് ഛോട്ടാ മുംബൈ. ചിത്രത്തിന്റെ റീ റിലീസിങ് വാർത്തയും ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.
‘റീ റിലീസിങ് കിങ് ലാലേട്ടൻ തന്നെ’യെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. മണിയൻ പിള്ള രാജു ആണ് ഛോട്ടാ മുംബൈ നിർമിച്ചത്. മോഹൻലാലിന് പുറമേ ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ തുടങ്ങിയവരും പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരുന്നു. സിനിമയിലെ പാട്ടുകളും ഡയലോഗുകളുമെല്ലാം ഇപ്പോഴും ട്രെൻഡിങ് ആണ്. രാഹുൽ രാജായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ.
by Midhun HP News | Jan 31, 2025 | Latest News, സിനിമ
അല്ലു അർജുന്റെ കരിയറിൽ വഴിത്തിരിവായ ചിത്രങ്ങളിലൊന്നാണ് പുഷ്പ 2. 2000 കോടിയോളമാണ് ചിത്രം ബോക്സോഫീസിൽ നേടിയത്. സുകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായികയായെത്തിയത്. കഴിഞ്ഞ ദിവസം ചിത്രം ഒടിടിയിൽ സ്ട്രീമിങ് തുടങ്ങിയിരുന്നു. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ഒടിടിയിൽ വന്നതോടെ ചിത്രത്തിന് ട്രോൾ പൂരമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
പുഷ്പ 2-ന്റെ ക്ലൈമാക്സ് സംഘട്ടന രംഗമാണ് പുതിയ ചർച്ചകൾക്കും ട്രോളുകൾക്കും കാരണമായിരിക്കുന്നത്. ഗുണ്ടകളിൽ നിന്നും തന്റെ സഹോദരന്റെ മകളെ രക്ഷിക്കുകയാണ് അല്ലു അർജുൻ അവതരിപ്പിച്ച പുഷ്പ എന്ന കഥാപാത്രം. വില്ലന്മാരെ ഒന്നടങ്കം ഇല്ലാതാക്കുകയാണ് പുഷ്പ. തിയറ്ററുകളിൽ വലിയ കയ്യടി കിട്ടിയ സംഘട്ടനരംഗം ഒടിടിയിൽ രൂക്ഷമായ പരിഹാസമാണ് ഏറ്റുവാങ്ങുന്നത്.
ഇത് മാസ് ഹീറോ രംഗമാണോ അതോ കോമഡി രംഗമാണോ എന്ന തലക്കെട്ടിലാണ് ചർച്ചകൾ നടക്കുന്നത്. ‘ചിരിയടക്കാൻ പറ്റുന്നില്ലെന്നാ’ണ് ഒരാൾ കമന്റ് ചെയ്തത്. ‘നമുക്ക് സൂപ്പർ ഹീറോകളില്ല, കാരണം നമ്മുടെ മാസ് ഹീറോകൾ അവർ ചെയ്യുന്നതു പോലുള്ള ജോലി ചെയ്യുന്നുണ്ട്. അതും യാതൊരുതരത്തിലുള്ള സൂപ്പർ പവറുകളോ അതിന് സഹായിക്കുന്ന ഉപകരണങ്ങളോ ഇല്ലാതെ വളരെ റിയലിസ്റ്റിക്കായ സിറ്റുവേഷനുകളിൽ’.
‘ഗുരുത്വാകർഷണത്തെയും ഭൗതികശാസ്ത്ര നിയമങ്ങളേയും ബഹുമാനിക്കുന്ന സംഘട്ടന സംവിധായകരെയാണ് നമുക്കാവശ്യം’. ‘ഇങ്ങനെയാണ് നിങ്ങളപ്പോൾ 1800 കോടി കളക്ഷനുണ്ടാക്കിയത്’, ‘എല്ലാ ഫിസിക്സ് അധ്യാപകരും ഈ വിജയത്തിന് ഉത്തരവാദികളാണ്’- എന്നൊക്കെ നീളുന്നു പരിഹാസ കമന്റുകൾ. ഫഹദ് ഫാസിലും ചിത്രത്തിൽ നിർണായക വേഷത്തിലെത്തിയിരുന്നു. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമിച്ചത്. ചിത്രത്തിന്റെ മൂന്നാം ഭാഗവും ഒരുങ്ങുന്നുണ്ട്.
by Midhun HP News | Jan 28, 2025 | Latest News, സിനിമ
നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സിനും തിരിച്ചടി. ധനുഷ് നൽകിയ പകർപ്പ് അവകാശലംഘനക്കേസ് തള്ളണമെന്ന നെറ്റ്ഫ്ലിക്സിന്റെ ഹർജി തള്ളി. കേസ് നിലനിൽക്കും എന്ന് മദ്രാസ് ഹൈക്കോടതി അറിയിച്ചു. നയൻതാരയുടെ വിവാഹഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ആയിരുന്നു ധനുഷ് പകർപ്പ് അവകാശലംഘനക്കേസ് നൽകിയത്.
ധനുഷ് കോടതിയിൽ. നാനും റൗഡി താന്’ എന്ന ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളുടെയും, വസ്ത്രങ്ങളുടെയും വരെ പകര്പ്പവകാശം തങ്ങള്ക്കാണെന്നു നടന് ധനുഷിന്റെ നിര്മാണ സ്ഥാപനമായ വണ്ടര്ബാര് ഫിലിംസ് നേരത്തെ അറിയിച്ചിരുന്നു.
ചിത്രത്തിലെ നായികയായിരുന്ന നടി നയന്താര, നെറ്റ്ഫ്ലിക്സ് ഇന്ത്യയില് സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയില് ചിത്രത്തിലെ ബിടിഎസ് ദൃശ്യങ്ങള് അനുമതി കൂടാതെ ഉപയോഗിച്ചു. ഇത് പകര്പ്പവകാശ നിയമത്തിലെ വ്യവസ്ഥകള് ലംഘിക്കുന്നതാണെന്നാണ് ധനുഷിൻ്റെ വാദം.
ധനുഷിനുവേണ്ടി അഭിഭാഷകന് പിഎസ് രാമനാണ് കോടതിയിൽ ഇക്കാര്യം അറിയിച്ചത്. എന്നാല്, ധനുഷിന്റെ ഹര്ജികള് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് നെറ്റ്ഫ്ളിക്സ് ഇന്ത്യ നല്കിയ ഹര്ജികള് തീയതി വ്യക്തമാക്കാതെ വിധി പറയാനായി കോടതി മാറ്റിവെക്കുകയായിരുന്നു. ധനുഷിന്റെ ഹര്ജി മദ്രാസ് ഹൈക്കോടതിയുടെ പരിധിയില് വരുന്നതല്ലെന്നായിരുന്നു നെറ്റ്ഫ്ളിക്സിന്റെ വാദം.
നയന്താരയുടെ വിവാഹ വിശേഷങ്ങള് ചേര്ത്തൊരുക്കിയ ‘ബിയോണ്ട് ദ് ഫെയറി ടെയ്ല്’ ഡോക്യുമെന്ററിക്കെതിരെയാണു കേസ്. നാനും റൗഡി താന്’ എന്ന ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതിന് 10 കോടി രൂപ നഷ്ടപരിഹാരം ധനുഷ് ആവശ്യപ്പെട്ടിട്ടുണ്ട്.
Recent Comments