by Midhun HP News | Feb 17, 2025 | Latest News, കേരളം
തൃശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കില്‍ നിന്നും കൊള്ളയടിച്ച 15 ലക്ഷം രൂപയില്‍ നിന്ന്, 12 ലക്ഷം രൂപ പ്രതി റിജോയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. പ്രതിയെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് പണം കണ്ടെടുത്തത്. കിടപ്പുമുറിയിലെ ഷെല്‍ഫില്‍ നിന്നാണ് പണം കണ്ടെടുത്തത്. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി ബന്ദിയാക്കാന്‍ ഉപയോഗിച്ച കത്തിയും മോഷണ സമയത്ത് റിജോ ധരിച്ചിരുന്ന വസ്ത്രവും വീട്ടില്‍നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
അടുക്കളയില്‍ നിന്നാണ് കത്തി കണ്ടെടുത്തത്. കടം വീട്ടാനാണ് മോഷണം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. മോഷ്ടിച്ച പണത്തില്‍ നിന്നും 2,90,000 രൂപ വായ്പ വാങ്ങിയ അന്നനാട് സ്വദേശിക്ക് ഇയാള്‍ തിരികെ നല്‍കിയിരുന്നു. റിജോ ആന്റണിയെ അറസ്റ്റ് ചെയ്ത സമയത്തു തന്നെ അന്നനാട് സ്വദേശി ഈ പണം ചാലക്കുടി ഡിവൈഎസ്പി ഓഫീസിലെത്തി കൈമാറി. കൊള്ളയടിച്ച പണം കൊണ്ട് റിജോ മദ്യം ഉള്‍പ്പെടെ വാങ്ങിയതായി പൊലീസ് പറഞ്ഞു.
ബാങ്കില്‍ കവര്‍ച്ച നടത്തിയത് രണ്ടാം ശ്രമത്തിലാണെന്ന് പ്രതി റിജോ പൊലീസിനോട് പറഞ്ഞു. നാലു ദിവസം മുമ്പാണ് ആദ്യ ശ്രമം നടത്തിയത്. എന്നാല്‍ പൊലീസ് ജീപ്പ് കണ്ടതോടെയാണ് ശ്രമം ഉപേക്ഷിച്ചത്. ബാങ്ക് മാനേജര്‍ മണ്ടനാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കത്തി കാണിച്ചപ്പോള്‍ തന്നെ മാനേജര്‍ ഒഴിഞ്ഞുമാറി. ബാങ്കിലെ ജീവനക്കാര്‍ ആരെങ്കിലും എതിര്‍ത്തിരുന്നെങ്കില്‍ കവര്‍ച്ചയില്‍ നിന്നും പിന്മാറിയേനെ. ബാങ്കിലെ മുഴുവന്‍ പണവും എടുക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും റിജോ പറഞ്ഞു. ബാങ്ക് കൗണ്ടറില്‍ 45 ലക്ഷം രൂപ ഉണ്ടായിരുന്നു.
പ്രവാസിയായിരുന്ന റിജോ കോവിഡ് കാലത്താണ് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയത്. ഗള്‍ഫിലായിരുന്ന റിജോ രണ്ടു വര്‍ഷം മുന്‍പാണ് ആശാരിപ്പാറയിലേക്കു താമസത്തിനെത്തിയത്. സ്വന്തം അക്കൗണ്ടുള്ള പോട്ട ഫെഡറല്‍ ബാങ്ക് തന്നെയാണ് പ്രതി കവര്‍ച്ചയ്ക്കായി തെരഞ്ഞെടുത്തത്. കവര്‍ച്ചയ്ക്ക് മുമ്പായി ബാങ്ക് ശാഖയിലെത്തി വിശദമായി നിരീക്ഷിച്ചു. തുടര്‍ന്ന് ചാലക്കുടി പള്ളിപ്പെരുന്നാളിന് പോയി. അവിടെ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളില്‍ നിന്നും ഒരു നമ്പര്‍ തെരഞ്ഞെടുത്തു. ആ നമ്പര്‍ വച്ച് സ്വന്തം സ്കൂട്ടറിന് ഒരു വ്യജ നമ്പര്‍ പ്ലേറ്റ് അടിച്ചു.
ഹെല്‍മറ്റ്, മങ്കി ക്യാപ്പ്, ഷൂസ്, കയ്യില്‍ ഗ്ലൗസ് എന്നിവ ധരിച്ചാണ് കവര്‍ച്ചയ്ക്ക് പോയത്. വീട്ടില്‍ നിന്നും ബാങ്കിലേക്കും അവിടുന്ന് തിരിച്ചും പോകുമ്പോള്‍ ഇടവേളയിട്ട് മാറാന്‍ മൂന്ന് വസ്ത്രങ്ങളും കയ്യില്‍ കരുതി. സിസിടിവി പരിശോധിച്ചാലും കുടുങ്ങാതിരിക്കാനായിരുന്നു നീക്കം. മോഷണം കഴിഞ്ഞ് മടങ്ങുമ്പോള്‍ സ്കൂട്ടറില്‍ മാറ്റം തോന്നാന്‍ റിയര്‍ വ്യൂ മിററും ഫിറ്റ് ചെയ്തു. കവര്‍ച്ചയ്ക്കു ശേഷം ദേശീയപാതയില്‍ അടക്കം നിരീക്ഷണ കാമറകള്‍ ഒഴിവാക്കിയാണ് റിജോ വീട്ടിലെത്തിയത്. മൂന്ന് ഡ്രസ് എടുക്കാന്‍ വരെ ബുദ്ധി കാണിച്ച റിജോ ഷൂസ് മാറ്റാന്‍ മറന്നതാണ് പൊലീസിന് പിടിവള്ളിയായത്.
by Midhun HP News | Feb 17, 2025 | Latest News, കേരളം
കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതികള്‍ പരോളിന് അപേക്ഷ നല്കി. എട്ടാം പ്രതി സുബീഷും പതിനഞ്ചാം പ്രതി സുരേന്ദ്രനുമാണ് പരോള്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. വിധി വന്ന് ഒരു മാസത്തിനുള്ളിലാണ് അപേക്ഷ. വ്യക്തിപരമായ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരോളിന് അപേക്ഷ നല്‍കിയിരിക്കുന്നതെന്നാണ് വിവരം. ബേക്കല്‍ പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പരോളില്‍ തീരുമാനമുണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്.
2019 ഫെബ്രുവരി 17-നായിരുന്നു പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. കൃത്യം നടന്ന് ആറു വര്‍ഷം പൂര്‍ത്തിയാകുന്ന അന്നുതന്നെയാണ് പ്രതികളുടെ പരോള്‍ അപേക്ഷയും വരുന്നത്.
കേസില്‍ സുബീഷ്, സുരേന്ദ്രന് ഉള്‍പ്പെടെ പത്തുപ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. സിപിഎം പ്രാദേശികനേതാക്കള്‍ ഉള്‍പ്പെടെ പ്രതികളായ കേസില്‍ 2022 ഏപ്രില്‍ 27-നാണ് സാക്ഷിവിസ്താരം തുടങ്ങിയത്. 22 മാസംകൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്. ഡിസംബര്‍ 28-ന് 14 പ്രതികള്‍ കുറ്റക്കാരെന്നു കണ്ടെത്തിയിരുന്നു. 10 പേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയക്കുകയും ചെയ്തു.
by Midhun HP News | Feb 17, 2025 | Latest News, കേരളം
കൊച്ചി: പാതിവില തട്ടിപ്പിലെ മുഖ്യ പ്രതി അനന്തു കൃഷ്ണന് 21 ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്. തട്ടിപ്പിന്റെ ഭാഗമായി 20,163 പേരില്‍ നിന്ന് 60,000 രൂപ വീതവും, 40,035 പേരില്‍ നിന്ന് 56,000 രൂപ വീതവും കൈപ്പറ്റിയിട്ടുണ്ട്. വിവിധ അക്കൗണ്ടുകള്‍ വഴി ഈ ഇനത്തില്‍ മാത്രം 143.5 കോടി രൂപ എത്തിയെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. അനന്തു കൃഷ്ണനെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയപ്പോൾ അന്വേഷണ സംഘം നല്കിയ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം അറിയിച്ചത്.
അനന്തു കൃഷ്ണനെ അഞ്ചു ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. മൂവാറ്റുപുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ പ്രതിയെ വിട്ടു. അനന്തു കൃഷ്ണന്റെ കടവന്ത്രയിലെ സോഷ്യല്‍ ബീ വെഞ്ച്വേഴ്സ് എന്ന സ്ഥാപനത്തിലെ 11 അക്കൗണ്ടുകള്‍ വഴി മാത്രം 548 കോടി രൂപ വിവിധ ഇടങ്ങളില്‍ നിന്നെത്തിയിട്ടുണ്ട്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.
പാതി വില തട്ടിപ്പില്‍ മാറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ?, ഏതെങ്കിലും വഴികളിലൂടെ മറ്റ് ഫണ്ടുകള്‍ വന്നിട്ടുണ്ടോ?, ലഭിച്ച ഫണ്ട് ഏതൊക്കെ മാര്‍ഗങ്ങളിലൂടെ ചെലവഴിച്ചു?, തുടങ്ങിയ കാര്യങ്ങള്‍ അറിയുന്നതിന് പ്രതിയെ വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും വേണമെന്ന് അന്വേഷണ സംഘം കോടതി അറിയിച്ചു. എന്നാല്‍ പൊലീസിന്റെ കസ്റ്റഡി അപേക്ഷയെ അനന്തു കൃഷ്ണന്റെ അഭിഭാഷകന് എതിര്‍ത്തു. നേരത്തെ മൂവാറ്റുപുഴ പൊലീസ് അഞ്ചു ദിവസം കസ്റ്റഡിയില്‍ വെച്ച് അന്വേഷിച്ചതാണെന്നും, അതില്‍ കൂടുതലൊന്നും തനിക്ക് പറയാനില്ലെന്നും അനന്തു കോടതിയെ അറിയിച്ചു. തുടര്‍ന്ന് പ്രതിയെ കോടതി രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.
by Midhun HP News | Feb 17, 2025 | Latest News, കേരളം
പത്തനംതിട്ട പെരുന്നാട് മഠത്തുംമൂഴിയില്‍ കത്തിക്കുത്തില്‍ യുവാവ് മരിച്ചു. സിഐടിയു പ്രവര്‍ത്തകനായ ജിതിനാണ് മരിച്ചത്. 36 വയസായിരുന്നു. രാത്രി 10 മണിയോടെയാണ് ശേഷമാണ് സംഭവമുണ്ടായത്. യുവാക്കള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രാഷ്ട്രീയ സംഘര്‍ഷമാണോ എന്ന സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.മൃതദേഹം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മറ്റൊരു യുവാവിനും കത്തിക്കുത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
by Midhun HP News | Feb 17, 2025 | Latest News, ജില്ലാ വാർത്ത
തോന്നയ്ക്കൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ യൂണിറ്റുകൾക്ക് ലോഷൻ നിർമ്മാണ പരിശീലനം നൽകി. എച്ച്. എം സുജിത്ത്.എസ് സ്വാഗതം പറയുകയും പി.ടി.എ. അംഗം വി. മധുസൂദനൻ നായർ അധ്യക്ഷത വഹിക്കുകയും കുടവൂർ വാർഡ് അംഗം തോന്നയ്ക്കൽ രവി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
തുടർന്ന് പി.ടി. എ അംഗങ്ങളായ സുജി. എസ്. കെ, സാഗർ ഖാൻ. എ. എസ്, വിനയ്. എം. എസ്, സീനിയർ അസിസ്റ്റന്റ്മാരായ ബിന്ദു. എൽ.എസ്, കലാകരുണാകരൻ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. ക്ലബ്ബ് കൺവീനർ ആശ.എസ് നന്ദി പറഞ്ഞു. സ്കൂളിലെ പ്രവർത്തനങ്ങളെ സമൂഹവുമായി ബന്ധിപ്പിക്കുക, വ്യക്തികളെ സ്വയം പര്യാപ്തമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. ക്ലബ്ബ് അംഗങ്ങളും അധ്യാപകരും പി.ടി.എ അംഗങ്ങളും കുടുംബശ്രീ അംഗങ്ങളും ഉൾപ്പെടെ നാല്പതോളം പേർ പങ്കെടുത്തു.
Recent Comments