വിഴിഞ്ഞത്തേക്ക് വന്‍വിദേശ നിക്ഷേപം; അദാനിയുടെ 49 ശതമാനം ഓഹരി വാങ്ങി തുറമുഖ ഭീമന്‍ എംഎസ്‌സി

വിഴിഞ്ഞത്തേക്ക് വന്‍വിദേശ നിക്ഷേപം; അദാനിയുടെ 49 ശതമാനം ഓഹരി വാങ്ങി തുറമുഖ ഭീമന്‍ എംഎസ്‌സി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വികസനത്തില്‍ വന്‍ നിക്ഷേത്തിന് ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ എംഎസ്‌സിയും. അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി പോര്‍ട്‌സിന് കീഴിലെ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (എവിപിപിഎല്‍) 49 ശതമാനം ഓഹരികളാണ് എംഎസ്‌സി സ്വന്തമാക്കുന്നത്. എംഎസ്‌സിയുടെ ഉപവിഭാഗമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് വിഴിഞ്ഞം തുറമുഖത്തില്‍ പതിമൂവായിരം കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്.

വിഴിഞ്ഞം തുറമുഖത്ത് ഇപ്പോള്‍ രണ്ടാംഘട്ട വികസന പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 16 ലക്ഷം ട്വന്റി ഫൂട്ട് ഇക്വിലന്റ് യൂണിറ്റാണ് (ടിഇയു) ആണ് നിലവില്‍ കണ്ടെയ്‌നര്‍ കൈകാര്യശേഷി. 2028 ഡിസംബറില്‍ വികസന പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെ ഇത് 3.5 മടങ്ങ് ഉയര്‍ന്ന് 57 ലക്ഷം ടിഇയു ആകും.

കേരളത്തിലെ ഏറ്റവും ഉയര്‍ന്ന വിദേശ നിക്ഷേപമാണ് എംഎസ്‌സി നടത്തുന്നത്. തുറമുഖ വളര്‍ച്ചയില്‍ വന്‍കുതിച്ചു ചാട്ടമെന്നാണ് എംഎസ്‌സിയുടെ വരവില്‍ അദാനിയുടെ പ്രതികരണം.

വിഴിഞ്ഞത്ത് കൂടുതല്‍ കണ്ടെയ്‌നറുകള്‍ എത്താനും പശ്ചാത്തല വികസനം കൂടുതല്‍ മികച്ചതാക്കാനും എംഎസ്‌സിയുമായുള്ള സഹകരണം വഴി കഴിയുമെന്നാണ് കരുതുന്നത്. അദാനിയും എംഎസ്‌സിയും തമ്മില്‍ ഇന്ത്യയിലെ മൂന്നാമത്തെ തുറമുഖ സഹകരണമാണിത്.

സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന്‍ ഇന്നു കൂടി; എങ്ങനെ ചെയ്യാം

സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന്‍ ഇന്നു കൂടി; എങ്ങനെ ചെയ്യാം

തിരുവനന്തപുരം: സെൻസസ് 2027 ഒന്നാംഘട്ടത്തിന്റെ ഭാഗമായി സെൽഫ് എന്യൂമറേഷൻ നടപടികൾ ഓൺലൈനായി ഇന്നു കൂടി നടത്താം. https://se.census.gov.in/ പോർട്ടലിൽ ഇന്നു രാത്രി 12 വരെ വിവരങ്ങൾ നൽകാമെന്നു അധികൃതർ വ്യക്തമാക്കി.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വാടകയ്ക്കു താമസിക്കുന്നവർക്ക് വീടിന്റെ ഉടമസ്ഥർ അല്ലെന്നു വ്യക്തമാക്കാൻ ഓപ്‌ഷനുണ്ട്.

സ്ഥിര മേൽവിലാസം വേറെയാണെങ്കിലും ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളാണു നൽകേണ്ടത്.

വിവരങ്ങൾ സമർപ്പിച്ചു കഴിഞ്ഞാൽ H എന്നു തുടങ്ങുന്ന ഇംഗ്ലിഷ് അക്ഷരത്തിൽ തുടങ്ങി 11 അക്കങ്ങൾ ഉള്ള എസ്ഇ ഐഡി (സെൽഫ് എന്യൂമറേഷൻ ഐഡി) സൃഷ്ടിക്കപ്പെടും.

ഇത് എസ്എംഎസ്, ഇമെയിൽ എന്നിവ വഴി ലഭിക്കും. ഇതിന്റെ സ്ക്രീൻ ഷോട്ട് എടുക്കുകയോ എഴുതി സൂക്ഷിക്കുകയോ വേണം.

സെൽഫ് എന്യൂമറേഷൻ നടത്താത്തവരുടെ വിവരങ്ങൾ വീട്ടിലെത്തുന്ന എന്യൂമറേറ്റർ ചോദിച്ചറിഞ്ഞു രേഖപ്പെടുത്തും. നാളെ മുതൽ ജൂലൈ 31 വരെയാണ് എന്യൂമറേറ്ററുടെ സന്ദർശനം.

എന്യൂമറേഷന്‍ നടപടികള്‍ എങ്ങനെ നടത്താം

ഡിജിറ്റല്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്ന് സംസ്ഥാനം തെരഞ്ഞെടുക്കുക. കാപ്ച കോഡ് നല്‍കി മുന്നോട്ടു പോവുക.

ഗാര്‍ഹിക രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ കുടുംബനാഥന്റെ പേര് കൃത്യമായി നല്‍കണം. കുടുംബനാഥനായി കണക്കാക്കേണ്ടത് ആരെയാണെന്ന് അറിയാന്‍ ഈ ഫീല്‍ഡിന് പകരം ഒരു ടൂള്‍ടിപ്പ് സഹായകരമായി നല്‍കിയിട്ടുണ്ട്.ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ഈ പേര് മാറ്റാന്‍ കഴിയില്ല. വീട്ടിലെ ഏതെങ്കിലും ഒരംഗത്തിന്റെ പേര് നല്‍കുക. ഒരു വീടിന് ഒരു മൊബൈല്‍ മാത്രമേ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ.

അനുയോജ്യമായ ഭാഷ തെരഞ്ഞെടുക്കുക. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒറ്റത്തവണ പാസ് വേഡ് അഥവാ ഒടിപി ലഭിക്കും. ഇത് നല്‍കി പരിശോധന പൂര്‍ത്തിയാക്കുക.

ജില്ല തെരഞ്ഞെടുത്ത ശേഷം പിൻ കോഡ് നൽകുക. തുടർന്ന് ഗ്രാമം അല്ലെങ്കിൽ ടൗൺ, ലോക്കാലിറ്റി, അടുത്തുള്ള പ്രധാന ലാൻഡ്മാർക്ക് എന്നിവയുടെ പേര് നൽകി സെർച്ച് ബട്ടൺ ക്ലിക്ക് ചെയ്യുക.

ചുവന്ന മാർക്കറോട് കൂടിയ ഒരു ഇന്ററാക്ടീവ് മാപ്പ് സ്ക്രീനിൽ ദൃശ്യമാകും. ഈ റെസിഡൻഷ്യൽ കെട്ടിടത്തിന്റെ കൃത്യമായ സ്ഥാനം അടയാളപ്പെടുത്താൻ ആ മാർക്കർ നിങ്ങളുടെ താമസസ്ഥലത്തേക്ക് കൃത്യമായി ഡ്രാഗ് ചെയ്ത് മാറ്റുക. ശേഷം സേവ് ആൻഡ് നെക്സ്റ്റ് ക്ലിക്ക് ചെയ്യുമ്പോൾ ലൊക്കേഷൻ വിവരങ്ങൾ സാധൂകരിക്കുന്നതിനുള്ള ഒരു സ്ഥിരീകരണ സന്ദേശം കാണാം

ഹൗസ് ലിസ്റ്റ്, ഹൗസിംഗ് സെൻസസ് ചോദ്യാവലി എന്നിവ ഇവിടെ പൂരിപ്പിക്കേണ്ടതുണ്ട്. സംശയങ്ങളുള്ള ചോദ്യങ്ങൾക്ക് താഴെയുള്ള കുറിപ്പുകൾ, ടൂൾടിപ്പുകൾ, പതിവുചോദ്യങ്ങൾ എന്നിവ സഹായത്തിനായി ഉപയോഗിക്കാം.

വിഭാഗം തിരിച്ചുള്ള എല്ലാ ഡാറ്റയും പരിശോധിക്കാൻ പ്രിവ്യൂ സ്ക്രീൻ ഉപയോഗിക്കുക. ഈ ഘട്ടത്തിൽ ആവശ്യമായ തിരുത്തലുകൾ വരുത്താം. അവസാന തീയതിക്ക് മുൻപായി വിവരങ്ങൾ അന്തിമരൂപത്തിൽ സമർപ്പിക്കുന്നതിനായി നിലവിലെ വിവരങ്ങൾ ഡ്രാഫ്റ്റായി സേവ് ചെയ്യാനും സാധിക്കും.

നൽകിയ വിവരങ്ങളിൽ പൂർണ്ണ തൃപ്തി വന്നതിന് ശേഷം ഫൈനൽ സബ്‌മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. ഇതിന് ശേഷം വിവരങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ഉപയോക്താവിന് സാധിക്കില്ല.

ടോൾഫ്രീ 1855

എന്യൂമറേറ്റർമാർ എച്ച്എൽഒ ആപ് ഉപയോഗിച്ചായിരിക്കും വിവരങ്ങൾ ശേഖരിക്കുക. സെൻസസുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും ടോൾ ഫ്രീ നമ്പറുണ്ട്: 1855

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് തുടരുന്നു. പവന് ഒറ്റയടിക്ക് 1320 രൂപയാണ് കുറഞ്ഞത്. 102,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 165 രൂപയാണ് കുറഞ്ഞു. ഒരു ഗ്രാമിന് 12,845 രൂപയാണ് ഇന്നത്തെ വില.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ആഗോള വിപണിയില്‍ എണ്ണവില കുറയുന്നതും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.വിലക്കയറ്റം നിയന്ത്രിക്കുന്നതിന് യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടുമെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എന്നാല്‍ അമേരിക്ക- ഇറാന്‍ സമാധാന കരാറിനെ തുടര്‍ന്ന് എണ്ണവില ഗണ്യമായി കുറഞ്ഞതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,14,560 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

കെഎസ്ആര്‍ടിസിക്ക് പിന്നാലെ വനിതകള്‍ക്ക് വീണ്ടും സൗജന്യ യാത്ര; പുതിയ പദ്ധതിയുമായി കൊച്ചി കോര്‍പ്പറേഷന്‍

കെഎസ്ആര്‍ടിസിക്ക് പിന്നാലെ വനിതകള്‍ക്ക് വീണ്ടും സൗജന്യ യാത്ര; പുതിയ പദ്ധതിയുമായി കൊച്ചി കോര്‍പ്പറേഷന്‍

കൊച്ചി: ഫോര്‍ട്ട് കൊച്ചി – വൈപ്പിന്‍ റോ- റോ ഫെറി സര്‍വീസില്‍ വനിതകള്‍ക്ക് സൗജന്യയാത്ര പ്രഖ്യാപിച്ച് കൊച്ചി കോര്‍പ്പറേഷന്‍. പുതിയതായി നിര്‍മിച്ച റോ- റോ സര്‍വീസ് ആരംഭിക്കുന്നതിനൊപ്പം വനിതകള്‍ക്ക് സൗജന്യയാത്രയും തുടങ്ങുമെന്ന് മേയര്‍ വികെ മിനിമോള്‍ പറഞ്ഞു. കോര്‍പ്പറേഷന് വേണ്ടി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് നിര്‍മിച്ച മൂന്നാമത്തെ റോ- റോ സേതുസാഹര്‍ 3 അടുത്തിടെ നീറ്റിലിറക്കിയിരുന്നു. മുഖ്യമന്ത്രി വിഡി സതീശന്റെ സൗകര്യം കൂടി പരിഗണിച്ച ശേഷം പുതിയ റോ- റോയുടെ സര്‍വീസ് ഉദ്ഘാടനം ചെയ്യും.

വനിത യാത്രക്കാര്‍ക്ക് മാത്രമാണ് സൗജന്യം. മൂന്ന് രൂപയാണ് റോ- റോയിലെ യാത്രാനിരക്ക്. അതേസമയം റോ- റോയില്‍ കയറ്റുന്ന വനിതകള്‍ ഡ്രൈവ് ചെയ്യുന്ന വാഹനങ്ങള്‍ക്ക് സൗജന്യം ബാധകമാകില്ല. അവര്‍ പതിവുപോലെ ടിക്കറ്റ് എടുക്കണം. റോ- റോയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥിരസമിതി ചെയര്‍മാന്‍ കെഎ മനാഫ് അവതരിപ്പിച്ച പ്രമേയം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു.

കൊച്ചി കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലാണെങ്കിലും കേരള ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷനാണ് റോ- റോ സര്‍വീസ് നടത്തുന്നത്. സര്‍വീസ് നഷ്ടത്തിലാകുന്നതുമായി ബന്ധപ്പെട്ട് കെഎസ്‌ഐഎന്‍സിയും കോര്‍പ്പറേഷനും തമ്മില്‍ തര്‍ക്കമുണ്ട്. റോ- റോ സര്‍വീസ് നടത്തിപ്പിന് പ്രത്യേക സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപികരിക്കുന്നത് പഠിക്കാന്‍ കോര്‍പ്പറേഷന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ; രണ്ടിടത്ത് ഓറഞ്ച്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ; രണ്ടിടത്ത് ഓറഞ്ച്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ അടുത്ത് നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് തിവ്രമഴ കണക്കിലെടുത്ത് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

ഇന്ന് ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളിലും ബുധനാഴ്ച ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് വ്യാഴാഴ്ച തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

മഹാരാഷ്ട്ര തീരത്തോട് ചേര്‍ന്ന്, മധ്യ-കിഴക്കന്‍ അറബിക്കടലിന് മുകളിലായി ചക്രവാത ചുഴി നിലകൊള്ളുന്നു. വടക്കന്‍ തെലങ്കാനയ്ക്കും സമീപപ്രദേശങ്ങള്‍ക്കും മുകളിലായുള്ള ചക്രവാത ചുഴി തുടരുന്നു. ജൂലൈ 03 വരെ, കേരളം, മാഹി & ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കേരളത്തില്‍ ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും ജൂലൈ 3 വരെ തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. അതോടൊപ്പം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ (ചിലപ്പോള്‍ പരമാവധി 60 കി.മീ വരെ) വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.