by Midhun HP News | Jun 30, 2026 | Latest News, കേരളം
കൊച്ചി: വർഗീയ അധിക്ഷേപം നടത്തിയെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ നിർദേശിച്ച് കോടതി. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പൊലീസ് കേസെടുക്കാത്തതിനെ തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്
സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള പരാതികൾ എല്ലാം അന്വേഷിക്കണമെന്നും കോടതി നിർദേശത്തിലുണ്ട്. ഈ പരാതിയിൽ കേസ് എടുക്കാൻ തെളിവ് ഇല്ലെന്നായിരുന്നു കടവന്ത്ര പൊലീസിൻ്റെ നിലപാട്.
അൻസിബയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിൽ പൊലീസ് റിപ്പോർട്ട് നൽകുകയും ചെയ്തു. ഈ പരാതിയിൽ മതിയായ തെളിവുകൾ ഇല്ല. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ള പരാതിയാണ്. അതുകൊണ്ട് കേസെടുക്കാനാകില്ല എന്ന നിലപാടിലായിരുന്നു പൊലീസ്. തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്. തന്നെ ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചു.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ളതാണ് ടിനിയുടെ പ്രവർത്തികൾ. താൻ ചിലരെ മതം മാറ്റാൻ പ്രേരിപ്പിച്ചു എന്ന തരത്തിലുള്ള പരാമർശങ്ങളും ടിനി ഉന്നയിച്ചിട്ടുണ്ട്. അത് മറ്റുള്ളവരിൽ നിന്ന് തനിക്ക് അറിയാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇതിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു അൻസിബയുടെ പരാതി.
സംഭവത്തിൽ ടിനി ടോമിനെ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ടിനി ഈ ആരോപണം നിഷേധിക്കുകയും ചെയ്തിരുന്നു. ബോധപൂർവം കെട്ടിചമച്ചതാണെന്നായിരുന്നു ടിനി ടോമിന്റെ വാദം.

by Midhun HP News | Jun 30, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അമിതമായ വെളിച്ചവും ശബ്ദവും പുറത്തേക്ക് വരുന്ന തരത്തിലുള്ള മോഡിഫിക്കേഷന്‍ അംഗീകരിക്കാന്‍ സാധ്യമല്ലെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. മോഡിഫിക്കേഷന്‍ അനുവദിക്കുന്നതില്‍ കേന്ദ്രത്തിന്റെ നിയമാവലി ബാധകമാണെന്ന് മന്ത്രി പറഞ്ഞു. കളര്‍കോഡ്, അപകടകരമല്ലാത്ത ഫിറ്റിങ്‌സ് വാഹനത്തിന്റെ പുറത്തേക്ക് തുറിച്ചുനില്‍ക്കാത്ത തരത്തിലുള്ള കാര്യങ്ങള്‍ പിടിപ്പിക്കുന്നതുള്‍പ്പെടെയുള്ള മോഡിഫിക്കേഷനെക്കുറിച്ച് വിശദമായി പരിശോധിക്കുകയാണെന്നും ഗതാഗത മന്ത്രി സഭയില്‍ വ്യക്തമാക്കി. സഭയില്‍ സജി ചെറിയാന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തില്‍ വാഹനങ്ങളുടെ മോഡിഫിക്കേഷന്‍ സംബന്ധിച്ച കര്‍ശന നിയമങ്ങള്‍ നിലവിലുണ്ട്. നിയമവിരുദ്ധമായ മാറ്റങ്ങള്‍ വരുത്തിയാല്‍ പിഴ ചുമത്തപ്പെടാനും, വാഹനത്തിന്റെ ഇന്‍ഷുറന്‍സ് ക്ലെയിം റദ്ദാകാനും സാധ്യതയുണ്ട്. എന്നാല്‍, അനുമതിയില്ലാതെ വരുത്താവുന്ന മാറ്റങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ചകളും വിദഗ്ധ സമിതിയുടെ പഠനങ്ങളും പുരോഗമിക്കുകയാണ്.
വാഹനങ്ങളില്‍ സ്റ്റിക്കറുകളും ലൈറ്റ്കളുകളും പിടിപ്പിക്കുന്നതടക്കം 18 തരം മോഡിഫിക്കേഷന്‍ അനുവദിക്കാമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്. നിയമ തടസങ്ങളില്ലാത്ത 18 തരം സ്റ്റാന്‍ഡേര്‍ഡ് എക്യുപ്‌മെന്റുകള്‍ക്ക് മാത്രമാണ് മുന്‍കൂര്‍ അനുമതി ആവശ്യമില്ലാത്തത്. സീറ്റ് കവറുകള്‍, ഫ്‌ളോര്‍ മാറ്റുകള്‍, ഡോര്‍ വൈസറുകള്‍, മഡ് ഫ്‌ലാപ്പുകള്‍ എന്നിവയ്ക്കും, അശ്ലീലമല്ലാത്ത ബോഡി സ്റ്റിക്കറുകള്‍ പതിക്കുന്നതിനും നിയമ തടസമില്ല. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്പീക്കറുകള്‍, ഡാഷ് കാമറ, റിവേഴ്‌സ് കാമറ, പാര്‍ക്കിംഗ് സെന്‍സറുകള്‍, ജിപിഎസ്, റൂഫ് കാരിയറുകള്‍, 50 ശതമാനം കാഴ്ച ലഭിക്കുന്ന സണ്‍ ഫിലിമുകള്‍ എന്നിവയും ഈ പട്ടികയിലുണ്ട്.

by Midhun HP News | Jun 30, 2026 | Latest News, കേരളം
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ അടിമുടി പരിഷ്‌കരിക്കാന്‍ രാജ്യത്ത് ആദ്യമായി സ്ഥാപിക്കുന്ന അഞ്ച് യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പുകളില്‍ ഒന്ന് തിരുവനന്തപുരത്ത്. വ്യാവസായിക, ലോജിസ്റ്റിക് ഇടനാഴികളുടെ സമീപത്തായി ഒന്നിലേറെ സര്‍വകലാശാലകളെയും ഗവേഷണ-നൈപുണ്യ വികസന സ്ഥാപനങ്ങളെയും സംയോജിപ്പിച്ച് ടൗണ്‍ഷിപ്പ് സ്ഥാപിക്കുമെന്നാണ് കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം.
വിഴിഞ്ഞം രാജ്യാന്തര തുറമുഖവും വിസ്എസ്‌സിയും ടെക്‌നോപാര്‍ക്കും ഒത്തുവന്നതാണ് തിരുവനന്തപുരത്തിന് വഴിതുറന്നത്. കേരള സര്‍വകലാശാല കൂടി ആയപ്പോള്‍ പശ്ചാത്തലം അനുകൂലമായി. ഡിജിറ്റല്‍,സാങ്കേതിക സര്‍വകലാശാലകളുടെ സാമീപ്യവുമുണ്ട്.
സി.ഇ.ടി, യൂണിവേഴ്‌സിറ്റി കോളജ് പോലെ മികവുറ്റ കോളജുകളും ടൗണ്‍ഷിപ്പിന്റെ ഭാഗമാവും. ഇതെല്ലാം പരിഗണിച്ച കേന്ദ്ര സര്‍ക്കാര്‍, നോഡല്‍ ഓഫീസറെ നിയമിക്കാന്‍ കേരളത്തോട് ആവശ്യപ്പെട്ടു. കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ അഫ്‌സാന പര്‍വീണിനെ പദ്ധതിയുടെ നോഡല്‍ ഓഫീസറാക്കി ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. വ്യവസായ,ലോജിസിറ്റിക്‌സ് മേഖലയോട് സര്‍വകലാശാലകളെയും കോളജുകളെയും ഗവേഷണ സ്ഥാപനങ്ങളെയും കൂട്ടിച്ചേര്‍ക്കുന്നതോടെ സംയോജിത അക്കാഡമിക് ഹബുകള്‍ രൂപപ്പെടും.
ഈ ഹബുകള്‍ക്ക് വിശാലമായ സ്ഥലം കണ്ടെത്തണം. അവിടെ റസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകളും നൈപുണ്യ വികസന കേന്ദ്രങ്ങളും ആശുപത്രികളും മാളുകളുമടക്കം വന്‍ നിക്ഷേപമുണ്ടാവും. വിവിധ സ്ഥാപനങ്ങള്‍ ഒരേ ക്യാമ്പസായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക, തൊഴിൽ, നൈപുണ്യവികസന,സംരംഭത്വ മേഖലകള്‍ക്ക് ഗുണകരമാവും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയില്‍ ഉന്നതവിദ്യാഭ്യാസം,നഗരവികസനം,നൈപുണ്യവികസനം വകുപ്പുകളും പങ്കാളികളാണ്.
സംസ്ഥാനം മുടക്കേണ്ടത്: അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ചെലവില്‍ 40 ശതമാനം സംസ്ഥാനം മുടക്കണം. ഇതിനായി കേന്ദ്രവുമായി കരാറൊപ്പിടണം.
ടൗണ്‍ഷിപ്പ് അമേരിക്കയിലെ ‘റിസര്‍ച്ച് ട്രയാങ്കിള്‍’ മാതൃകയില്‍
വ്യത്യസ്ത സ്വഭാവമുള്ള സര്‍വകലാശാലകളും സ്ഥാപനങ്ങളും ഒന്നിച്ചുവരുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനും ഗവേഷണത്തിനും ഗുണകരം.
വിദ്യാഭ്യാസത്തെ തൊഴിലുമായും സംരംഭകത്വവുമായും ബന്ധിപ്പിക്കപ്പെടും. ക്യാമ്പസുകള്‍ വ്യവസായ സഹകരണത്തിന്റെയും ഗവേഷണാധിഷ്ഠിത പഠനത്തിന്റെയും കേന്ദ്രങ്ങളാകും.
ശാസ്ത്രശാഖകളുടെ സംയോജനത്തിലൂടെ പുതിയ ആശയങ്ങളുമുണ്ടാവും. കോളേജുകള്‍ക്ക് ലാബുകളും ലൈബ്രറികളും ഗവേഷണ സൗകര്യങ്ങളും പങ്കിടാം.
ഗവേഷണ ഗ്രാന്റുകള്‍ ലഭിക്കാന്‍ വഴിയൊരുങ്ങും. ആഗോള കമ്പനികളെ ആകര്‍ഷിക്കാം. തൊഴിലിനപ്പുറം പരസ്പരം സഹകരിക്കുന്ന അറിവിന്റെ കേന്ദ്രങ്ങളായിരിക്കും ടൗണ്‍ഷിപ്പുകള്‍.
by Midhun HP News | Jun 30, 2026 | Latest News, കായികം
ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടങ്ങളിലെ പോരാട്ടങ്ങൾ അവസാനിച്ചപ്പോൾ കിരീട സാധ്യതയിൽ മുന്നിൽ നിൽക്കുന്ന പോർച്ചുഗലിന്റേയും അവരുടെ സൂപ്പർ താരവും നായകനുമായ 41കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടേയും പ്രകടനം ഫുട്ബോൾ ലോകത്ത് നിരവധി ചോദ്യങ്ങൾ ഉയർത്തിയിരുന്നു. ഇപ്പോൾ, ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം മാഞ്ചസ്റ്റർ യുനൈറ്റഡിൽ സഹ താരമായി കളിച്ച, 2010 ലോകകപ്പിലെ ഗോൾഡൻ ബൂട്ട് ജേതാവായ ഉറുഗ്വെ ഇതിഹാസം ഡീഗോ ഫോർലാൻ പോർച്ചുഗൽ വെറ്ററൻ താരത്തെ വിമർശിച്ച് രംഗത്തെത്തി. റൊണാൾഡോയാണ് പോർച്ചുഗലിന്റെ യഥാർഥ തലവേദന എന്നു തുറന്നു പറയുകയാണ് ഫോർലാൻ.
ആദ്യ കളിയിൽ കോംഗോയോടു സമനില വഴങ്ങിയ പോരിൽ അമ്പേ നിറം മങ്ങിയ റൊണാൾഡോ ഉസ്ബെക്കിസ്ഥാനെതിരായ രണ്ടാം മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിക്കൊണ്ട് താൻ ഫോമിലേക്ക് തിരിച്ചെത്തി എന്ന് ലോകത്തോട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ കൊളംബിയക്കെതിരെ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു സിആർ സെവന്റേത്. പോർച്ചുഗൽ നോക്കൗട്ടിലേക്ക് യോഗ്യത നേടിയെങ്കിലും സൂപ്പർ താരത്തിൽ നിന്ന് ആരാധകർ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
റൊണാൾഡോയ്ക്ക് എവിടെയാണ് പിഴയ്ക്കുന്നത് എന്ന് കൃത്യമായി ചൂണ്ടിക്കാട്ടിയാണ് ഫോർലാൻ തന്റെ വാദങ്ങൾ നിരത്തുന്നത്. ഇഎസ്പിഎൻ ചാനലിൽ സംസാരിക്കവേയാണ് ഫോർലാൻ റൊണാൾഡോയുടെ മൈതാനത്തെ സാന്നിധ്യത്തെ ചോദ്യം ചെയ്യുന്നത്.
‘ഒരു ഫോർവേഡ് എന്ന നിലയിലുള്ള എന്റെ അനുഭവത്തിൽ നിന്ന് പറയുകയാണെങ്കിൽ, ക്രിസ്റ്റ്യാനോ കളിയിൽ എപ്പോഴും ബോക്സിലും തൊട്ടു പുറത്തും മധ്യഭാഗത്ത് തന്നെ നിലയുറപ്പിക്കുന്നു എന്നതാണ് പ്രധാന പ്രശ്നം. അതാണ് അദ്ദേഹത്തിന്റെ ശൈലി. അദ്ദേഹം ഒരു നമ്പർ ‘9’ (പരമ്പരാഗത സ്ട്രൈക്കർ) ആയി ഒരേ സ്ഥാനത്ത് തുടരുകയും ഗോളടിക്കാനുള്ള അവസരങ്ങൾക്കായി കാത്തു നിൽക്കുകയും ചെയ്യുന്നു. പന്ത് സ്വീകരിക്കാനായി അദ്ദേഹം ഇപ്പോൾ അധികം പുറത്തേക്ക് ഇറങ്ങി വരുന്നില്ല. എന്നാൽ ഈ ശൈലി ഒടുവിൽ പോർച്ചുഗൽ ടീമിന്റെ മുന്നേറ്റങ്ങളെ മൊത്തത്തിൽ പരിമിതപ്പെടുത്തുകയാണ് സത്യത്തിൽ ചെയ്യുന്നത്.’
‘മൈതാനത്ത് ഒരാൾ ഒരേ സ്ഥാനത്ത് അനങ്ങാതെ നിൽക്കുന്നുണ്ടെങ്കിൽ അത് ടീമിനെ മൊത്തത്തിൽ ബാധിക്കും. ഫുട്ബോളിൽ സാധാരണയായി കാണാറുള്ള ഒരു ക്ലാസിക് സാഹചര്യമാണിത്. ഞാൻ ഇവിടെത്തന്നെ നിൽക്കാം, കാരണം പോസ്റ്റിന് അടുത്താണെങ്കിൽ എനിക്ക് പെട്ടെന്ന് ഗോളടിക്കാൻ സാധിക്കും എന്ന് റൊണാൾഡോ ചിന്തിക്കുന്നുണ്ടാകാം. പക്ഷേ, ഒരേ സ്ഥാനത്ത് ചലനമില്ലാതെ നിൽക്കുന്നത് വഴി നിങ്ങൾ സ്വന്തം ടീമിനെ തന്നെ കുഴപ്പത്തിൽ ചാടിക്കുന്നു എന്നാണ് മനസിലാക്കേണ്ടത്. എന്നാൽ അതു നിങ്ങൾക്ക് മാത്രം തിരിച്ചറിയാൻ സാധിക്കാത്തതാണ് വലിയ ദുരന്തം.’
‘നിങ്ങൾ ഒരേ സ്ഥലത്ത് തന്നെ നിൽക്കുമ്പോൾ എതിർ ടീമിന്റെ രണ്ട് സെന്റർ ബാക്കുകൾക്കും കാര്യങ്ങൾ എളുപ്പമാകുന്നു. അവർക്കും അവിടെത്തന്നെ തുടരാം. അതിൽ ഒരു ഡിഫെൻഡർ നിങ്ങളെ കൃത്യമായി മാർക്ക് ചെയ്യുമ്പോൾ, മറ്റേയാൾക്ക് സുരക്ഷിതമായി നിൽക്കാൻ സാധിക്കുന്നു. അതോടെ നിങ്ങളിലേക്ക് പന്തെത്തിക്കാൻ ആർക്കും കഴിയാതെയും വരുന്നു. കാരണം നിങ്ങൾ തന്നെ ആ സ്പേസ് ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.’
‘പോർച്ചുഗൽ ടീമിനെ സഹായിക്കാൻ ക്രിസ്റ്റ്യാനോ അദ്ദേഹത്തിന്റെ ചിന്താഗതിയിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. അദ്ദേഹം വിങിലൂടെയെല്ലാം മാറി മാറി കളിക്കുകയും കുറേക്കൂടി ആക്ടീവായി ഇടപെടുകയും ചെയ്താൽ ടീമിലെ മറ്റ് കളിക്കാർക്ക് മധ്യത്തിലൂടെ മുന്നേറാനും റൊണാൾഡോയ്ക്ക് മികച്ച നീക്കം സൃഷ്ടിക്കാനും സാധിക്കും.’
‘ഇവിടെയാണ് പോർച്ചുഗലിന് പാളിച്ച സംഭവിക്കുന്നത്. കാരണം മൈതാനത്തെ ശൂന്യമായ ഇടങ്ങൾ മുതലെടുക്കാൻ അവർക്ക് കഴിയുന്നില്ല. ആക്രമണങ്ങളെല്ലാം ഒരു വശത്തേക്ക് മാത്രമായി ചുരുങ്ങുന്നു. ഒടുവിൽ ഒരു വഴിയും കിട്ടാതെ, ഒരു പ്രയോജനവും ഇല്ലാതെ ഒരാളിൽ മുന്നേറ്റം അവസാനിക്കുന്നു.’
‘ഇതെല്ലാം വലിയ എന്തോ പ്രശ്നമാണ് എന്നൊന്നും ഞാൻ പറയുന്നില്ല. ഇക്കാര്യങ്ങളെല്ലാം അദ്ദേഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അദ്ദേഹത്തോട് മാറി സഞ്ചരിക്കാനും പുറത്തേക്കിറങ്ങി കളിക്കാനും പറഞ്ഞു നോക്കു. അപ്പോൾ നിങ്ങൾക്ക് അത്ഭുതങ്ങൾ പിറക്കുന്നതു കാണാൻ സാധിക്കും’- ഫോർലാൻ വിശദമാക്കി.
പോർച്ചുഗൽ നോക്കൗട്ട് പോരാട്ടങ്ങളിലേക്ക് കടക്കുമ്പോൾ ഡീഗോ ഫോർലാൻ ചൂണ്ടിക്കാണിച്ച ഈ തന്ത്രപരമായ മാറ്റങ്ങൾ ഉൾക്കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കളിശൈലി പുതുക്കുമോ എന്നാണ് ഫുട്ബോൾ ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്. റൗണ്ട് ഓഫ് 32ൽ കരുത്തരും 2018ലെ ഫൈനലിസ്റ്റുകളുമായ ക്രൊയേഷ്യയാണ് പോർച്ചുഗലിന്റെ എതിരാളികൾ. ജൂലൈ മൂന്നിന് ഇന്ത്യൻ സമയം പുലർച്ചെ 4.30നാണ് പോരാട്ടം.

by Midhun HP News | Jun 30, 2026 | Latest News, കേരളം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വികസനത്തില്‍ വന്‍ നിക്ഷേത്തിന് ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ എംഎസ്‌സിയും. അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി പോര്‍ട്‌സിന് കീഴിലെ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (എവിപിപിഎല്‍) 49 ശതമാനം ഓഹരികളാണ് എംഎസ്‌സി സ്വന്തമാക്കുന്നത്. എംഎസ്‌സിയുടെ ഉപവിഭാഗമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് വിഴിഞ്ഞം തുറമുഖത്തില്‍ പതിമൂവായിരം കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്.
വിഴിഞ്ഞം തുറമുഖത്ത് ഇപ്പോള്‍ രണ്ടാംഘട്ട വികസന പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 16 ലക്ഷം ട്വന്റി ഫൂട്ട് ഇക്വിലന്റ് യൂണിറ്റാണ് (ടിഇയു) ആണ് നിലവില്‍ കണ്ടെയ്‌നര്‍ കൈകാര്യശേഷി. 2028 ഡിസംബറില്‍ വികസന പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെ ഇത് 3.5 മടങ്ങ് ഉയര്‍ന്ന് 57 ലക്ഷം ടിഇയു ആകും.
കേരളത്തിലെ ഏറ്റവും ഉയര്‍ന്ന വിദേശ നിക്ഷേപമാണ് എംഎസ്‌സി നടത്തുന്നത്. തുറമുഖ വളര്‍ച്ചയില്‍ വന്‍കുതിച്ചു ചാട്ടമെന്നാണ് എംഎസ്‌സിയുടെ വരവില്‍ അദാനിയുടെ പ്രതികരണം.
വിഴിഞ്ഞത്ത് കൂടുതല്‍ കണ്ടെയ്‌നറുകള്‍ എത്താനും പശ്ചാത്തല വികസനം കൂടുതല്‍ മികച്ചതാക്കാനും എംഎസ്‌സിയുമായുള്ള സഹകരണം വഴി കഴിയുമെന്നാണ് കരുതുന്നത്. അദാനിയും എംഎസ്‌സിയും തമ്മില്‍ ഇന്ത്യയിലെ മൂന്നാമത്തെ തുറമുഖ സഹകരണമാണിത്.
Recent Comments