‘ഭർത്താവിന്റെയും ബിനാമികളുടെയും പേരിൽ പി പി ദിവ്യ സ്ഥലങ്ങൾ വാങ്ങിക്കൂട്ടി’; ഭൂമി ഇടപാട് രേഖയുമായി കെ എസ് യു

‘ഭർത്താവിന്റെയും ബിനാമികളുടെയും പേരിൽ പി പി ദിവ്യ സ്ഥലങ്ങൾ വാങ്ങിക്കൂട്ടി’; ഭൂമി ഇടപാട് രേഖയുമായി കെ എസ് യു

പി.പി ദിവ്യക്ക് ബിനാമി സ്വത്ത് ഇടപാടുകളുണ്ടെന്ന് KSU സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. ഭർത്താവിന്റെയും ബിനാമികളുടെയും പേരിൽ സ്ഥലങ്ങൾ വാങ്ങിക്കൂട്ടി. ഭൂമി ഇടപാട് രേഖകളുമായി കെ.എസ്‌.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് രംഗത്തെത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കരാറുകൾ ബിനാമി കമ്പനിക്ക് നൽകി. കമ്പനി ഉടമയായ ആസിഫിന്റേയും ദിവ്യയുടെ ഭർത്താവിന്റേയും പേരിൽ സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയെന്നും ഷമ്മാസ് ആരോപിച്ചു.

അതേസമയം സോഷ്യൽ മീഡിയയിൽ അശ്ലീല കമന്‍റിട്ടയാൾക്കെതിരെ പി പി ദിവ്യ പരാതി നൽകി. ഹണി റോസ് ന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങൾക്കും കിട്ടട്ടെ എന്ന് കുറിച്ച് കൊണ്ട് കമന്‍റിട്ടയാളുടെ വിവരങ്ങളും സ്ക്രീൻ ഷോട്ടുകളും ദിവ്യ പങ്കുവെച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങൾ, അപമാനങ്ങൾ വർധിക്കുകയാണ്.

സർവ്വ മേഖലയിലും സ്ത്രീകളുടെ കടന്നു വരവ് അവളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. അതിൽ അസ്വസ്ഥമാവുന്ന ഒരു വലിയ വിഭാഗം ഉണ്ട്. ചിലർക്ക് എന്ത് അശ്ലീലവും വിളിച്ചു പറയാൻ ഒരിടം. അത്തരം ആളുകളുടെ മുഖം പലപ്പോഴും അദൃശ്യമാണ്. അമ്മയോടും പെങ്ങളോടും, ഭാര്യയോടും ഉള്ള സമീപനം എന്താണോ അതു തന്നെയാണ് ഇത്തരക്കാർ സമൂഹ മാധ്യമങ്ങളിൽ ചെയ്യുന്നതെന്നും ദിവ്യ ഫേസ്ബുക്കിൽ കുറിച്ചത്.

സെയ്ഫ് അലിഖാന് തിരിച്ചടി; 15,000 കോടി രൂപയുടെ സ്വത്ത് സര്‍ക്കാര്‍ ഏറ്റെടുക്കും

സെയ്ഫ് അലിഖാന് തിരിച്ചടി; 15,000 കോടി രൂപയുടെ സ്വത്ത് സര്‍ക്കാര്‍ ഏറ്റെടുക്കും

ഭോപ്പാല്‍: പട്ടൗഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 15,000 കോടി രൂപയുടെ വസ്തു ശത്രുസ്വത്തായി പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരായ സെയ്ഫ് അലിഖാന്റെ ഹര്‍ജി മധ്യപേദേശ് ഹൈക്കോടതി തള്ളി. ഇതോടെ സെയ്ഫ് അലിഖാന്റെ കുടുംബം കൈവശം വയ്ക്കുന്ന മധ്യപ്രദേശിലെ 15,000 കോടി രൂപയുടെ സ്വത്ത് സര്‍ക്കാരിന് ഏറ്റെടുക്കാനുള്ള വഴിയൊരുങ്ങും.

1968ലെ എനിമി പ്രോപ്പര്‍ട്ടി ആക്ട് പ്രകാരം ഇന്ത്യ വിഭജനത്തിന് ശേഷം പാകിസ്ഥാനിലേക്ക് കുടിയേറിയവരുടെ സ്വത്തില്‍ സര്‍ക്കാരിന് നിയമപ്രകാരം അവകാശം ഉന്നയിക്കാം. വിഭജനകാലത്ത് പാകിസ്ഥാനിലേക്ക് പോയി പൗരത്വം നേടിയവര്‍ക്ക് ഇന്ത്യയിലുണ്ടായിരുന്ന സ്വത്തുക്കളെയാണ് ശത്രുസ്വത്തായി പ്രഖ്യാപിക്കുന്നത്.

ഭോപ്പാലില്‍ കൊഹേഫിസ മുതല്‍ ചിക്ലോദ് വരെ നീണ്ടുകിടക്കുന്നതാണ് ചരിത്രപ്രാധാന്യമുള്ള ഈ വസ്തുവകകള്‍. 2014ലാണ് കസ്റ്റോഡിയന്‍ ഓഫ് എനിമി പ്രോപര്‍ട്ടി വിഭാഗം സെയ്ഫ് അലി ഖാനു നോട്ടീസ് നല്‍കിയത്. പട്ടൗഡി കുടുംബത്തിന്റെ കൈവശമുള്ള വസ്തുക്കള്‍ ശത്രുസ്വത്തായി പ്രഖ്യാപിച്ചായിരുന്നു നോട്ടീസ്. 2015ല്‍ സെയ്ഫ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയിരുന്നു.

കര്‍ണാടകയില്‍ ചരക്കുലോറി നിയന്ത്രണം വിട്ടു മറിഞ്ഞു; 10 മരണം

കര്‍ണാടകയില്‍ ചരക്കുലോറി നിയന്ത്രണം വിട്ടു മറിഞ്ഞു; 10 മരണം

ബംഗലൂരു: കര്‍ണാടകയിലെ യെല്ലാപുരയില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് 10 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. പച്ചക്കറി കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. ഉത്തര കന്നഡയില്‍ പുലര്‍ച്ചെയായിരുന്നു അപകടം.

ലോറിയില്‍ 25 പേരാണ് ഉണ്ടായിരുന്നത്. സാവനൂരില്‍ നിന്ന് കുംത മാര്‍ക്കറ്റിലേക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ വേണ്ടി പോയവരാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

‘വിക്കറ്റ് കീപ്പർ സഞ്ജു തന്നെ, അക്കാര്യത്തിൽ ഒരു ചോദ്യവുമില്ല’- വിവാദങ്ങൾക്കിടെ സൂര്യയുടെ കട്ട സപ്പോർട്ട്

‘വിക്കറ്റ് കീപ്പർ സഞ്ജു തന്നെ, അക്കാര്യത്തിൽ ഒരു ചോദ്യവുമില്ല’- വിവാദങ്ങൾക്കിടെ സൂര്യയുടെ കട്ട സപ്പോർട്ട്

കൊൽക്കത്ത: കേരള ക്രിക്കറ്റ് അസോസിയേഷനുമായുള്ള പ്രശ്നങ്ങൾ സംബന്ധിച്ച വിവാ​ദം ഒരു വശത്തു നിൽക്കുന്നതിനിടെ സഞ്ജു സാംസണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഉറച്ച പിന്തുണ. ഇന്ത്യൻ ടി20 ടീമിന്റെ വിക്കറ്റ് കീപ്പർ ആരെന്ന കാര്യത്തിൽ ഒരു സംശയത്തിനും ഇടമില്ലെന്നും അതു സഞ്ജു സാംസൺ തന്നെയാണെന്നും സൂര്യ പരസ്യമായി തന്നെ പ്രഖ്യാപിച്ചു. ഇം​ഗ്ലണ്ടിനെതിരായ ആദ്യ പോരാട്ടത്തിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘നിലവിലെ സാഹചര്യത്തിൽ വിക്കറ്റ് കീപ്പർ ആരാണെന്ന കാര്യത്തിൽ ഒരു ചോദ്യത്തിനും പ്രസക്തിയില്ല. കഴിഞ്ഞ 7, 8 മത്സരങ്ങളിലായി തകർപ്പൻ പ്രകടനമാണ് സഞ്ജു പുറത്തെടുക്കുന്നത്. എന്തൊക്കെ സാധിക്കുമെന്നു അദ്ദേഹം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു’- സൂര്യ പറഞ്ഞു.

ടി20 നായകനായി ചുമതലയേറ്റ ശേഷം സൂര്യകുമാർ മലയാളി താരത്തിനു പിന്തുണ പ്രഖ്യാപിക്കുന്നത് ഇതാദ്യമല്ല. ക്യാപ്റ്റന്റെ ഉറച്ച പിന്തുണയിൽ സഞ്ജു ബം​ഗ്ലാദേശ്, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരായ പോരാട്ടത്തിൽ തകർപ്പൻ ഫോമിൽ ബാറ്റ് വീശിയിരുന്നു.

ഒരു കളിയിൽ പ്രകടനം മോശമായാൽ അടുത്ത കളിക്കു പരി​ഗണിക്കാതെ സഞ്ജുവിനെ തഴയുന്ന പതിവുണ്ടായിരുന്നു. എന്നാൽ ഒരു കളി മാത്രം അടിസ്ഥാനമാക്കി നടപടി ഉണ്ടാകില്ലെന്നു ഉറപ്പായതോടെ സഞ്ജു അനായാസം കളിക്കാനും തുടങ്ങി. ബം​ഗ്ലാദേശ്, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരായ പരമ്പരകളിൽ നിന്നു 3 സെഞ്ച്വറികളാണ് സഞ്ജു നേടിയത്.

രോഹിത് ശർമ ടി20യിൽ നിന്നു വിരമിച്ചതോടെയാണ് സഞ്ജുവിന്റെ സമയം തെളിഞ്ഞത് എന്നുകൂടി പറയാം. ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയ സഞ്ജു 12 കളിയിൽ നിന്നു 471 റൺസാണ് അടിച്ചെടുത്തത്. 42.81 ശരാശരി. സ്ട്രൈക്ക് റേറ്റ് 189.15.

ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് പാലഭിഷേകം; തടഞ്ഞ് പൊലീസ്

ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് പാലഭിഷേകം; തടഞ്ഞ് പൊലീസ്

തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ശ്രമം. ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംഘടനാ പ്രവര്‍ത്തകരാണ് ഷാരോണ്‍ കൊലക്കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍ വിധിച്ച നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ശ്രമിച്ചത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ചായിരുന്നു സംഭവം.

എന്നാല്‍ പൊലീസ് സംഘടനാ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കുകയും, കട്ടൗട്ട് നിര്‍മ്മിക്കാനായി കൊണ്ടുവന്ന ഫ്‌ലക്‌സ് പിടിച്ചെടുക്കുകയും ചെയ്തു. രാഹുല്‍ ഈശ്വറാണ് പരിപാടി ഉദ്ഘാടനം ചെയ്യാനായി എത്തിയിരുന്നത്. പരിപാടി നടത്തുന്ന വിവരം പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ അറിയിച്ചിരുന്നെന്നും, എന്നാല്‍ അപ്പോള്‍ പ്രത്യേക നിര്‍ദേശമൊന്നും നല്‍കിയിരുന്നില്ലെന്നും സംഘടനാ നേതാവ് പറഞ്ഞു.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിളിച്ച് എന്താണ് പരിപാടിയെന്നും എന്തൊക്കെയാണ് ചെയ്യാന്‍ പോകുന്നതെന്നും ചോദിച്ചു. തുടര്‍ന്ന് വേറെ വിഷയമൊന്നുമില്ലെന്നാണ് അറിയിച്ചത്. എന്നാല്‍ ഇന്നു പരിപാടിക്കെത്തിയപ്പോള്‍ മ്യൂസിയം എസ്‌ഐയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും വന്ന് എല്ലാവരുടേയും പേരില്‍ കേസെടുക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നും പറയുകയും നോട്ടീസ് ഒപ്പിട്ടു വാങ്ങുകയും ചെയ്തതായി പ്രവര്‍ത്തകര്‍ പറയുന്നു. കട്ടൗട്ട് പിടിച്ചെടുക്കുകയും ചെയ്തു.