by Midhun HP News | Jan 2, 2025 | Latest News, കായികം
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കില്ല. രോഹിതിനു പകരം ജസ്പ്രിത് ബുംറ ടീമിനെ നയിക്കും. ബാറ്റിങില്‍ അമ്പേ പരാജയപ്പെട്ടു നില്‍ക്കുന്ന രോഹിത് സ്വയം മാറാന്‍ സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
രോഹിത് അവസാന ടെസ്റ്റ് കളിക്കുമോ എന്ന ചോദ്യത്തിനു പരിശീലകന്‍ ഗൗതം ഗംഭീര്‍ കൃത്യമായ ഉത്തരം പറഞ്ഞിരുന്നില്ല. അന്തിമ ഇലവനെ മത്സരത്തിന്റെ അന്ന് പ്രഖ്യാപിക്കമെന്നായിരുന്നു മറുപടി.
അഞ്ചാം ടെസ്റ്റില്‍ രോഹിത് പിന്‍മാറുന്നതിലൂടെ നാലാം ടെസ്റ്റില്‍ പുറത്തിരുന്ന ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തും. പേസര്‍ ആകാശ് ദീപിനു പകരം പ്രസിദ്ധ് കൃഷ്ണയും ഇടം കാണും. ഓപ്പണിങില്‍ കെഎല്‍ രാഹുല്‍- യശസ്വി ജയ്‌സ്വാള്‍ സഖ്യവും തിരിച്ചെത്തും.
രോഹിതിന്റെ ടെസ്റ്റ് കരിയറിനു ഏതാണ്ട് അവസാനമായെന്നു ഈ തീരുമാനത്തിലൂടെ മനസിലാക്കാം. കഴിഞ്ഞ 5 ഇന്നിങ്‌സുകളില്‍ നിന്നായി താരം ആകെ കണ്ടെത്തിയത് 31 റണ്‍സ് മാത്രമാണ്.
by Midhun HP News | Jan 2, 2025 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: സംസ്ഥാന സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് കിളിമാനൂർ ഉപ ജില്ലയിലെ വിദ്യാലയങ്ങളിൽ നിന്ന് ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ വിദ്യാഭ്യാസ വകുപ്പിന് കൈമാറി. 73 വിദ്യാലയങ്ങളിൽ നിന്നായി 35 ഇനം ഭക്ഷ്യ വസ്തുക്കളാണ് ശേഖരിച്ചത്. വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നാലര ടൺ ഭക്ഷ്യവസ്തുക്കളാണ് വിദ്യാഭ്യാസവകുപ്പിലെ കൈമാറിയത്.
എംഎൽഎ ഒ എസ് അംബിക ഉപജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ബിആർസിയിൽ ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തിലെ കലവറയിൽ വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ, എംഎൽഎ കടകംപള്ളി സുരേന്ദ്രൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ബിപിസി നവാസ് കെ ട്രെയിനർ വൈശാഖ് കെ എസ്, സി ആർ സി സി കോ ഓർഡിനേറ്റർ മാരായ അഖില പിദാസ്, സുരേഷ് കുമാർ എസ്, രഞ്ജിഷ് കെ എസ് എന്നിവർ പങ്കെടുത്തു.
by Midhun HP News | Jan 2, 2025 | Latest News, ജില്ലാ വാർത്ത
പ്രൊഫ. ജി. ശങ്കരപ്പിള്ള മെമ്മോറിയൽ സെന്റർ ഓഫ് പെർഫോർമിങ് ആർട്സ് വട്ടിയൂർകാവ് ഗാന്ധിഗൃഹത്തിൽ വച്ച് പ്രൊഫ. ജി ശങ്കരപ്പിള്ള സ്മൃതി 2025 സംഘടിപ്പിച്ചു. പ്രൊഫ. ജി. ശങ്കരപ്പിള്ള മെമ്മോറിയൽ സെന്റർ ഓഫ് പെർഫോർമിങ് ആർട്സ് ചെയർമാൻ ഡോ. എൻ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വട്ടിയൂർകാവ് എം എൽ. എ അഡ്വ. വി. കെ. പ്രശാന്ത് ഉദ്ഘാടന കർമ്മം നിർവഹിച്ചുകൊണ്ട് സംസാരിച്ചു.

വട്ടിയൂർകാവ് വാർഡ് കൗൺസിലർ എം പദ്മ മുഖ്യാതിഥിയായി പങ്കെടുത്തു. ശങ്കരപ്പിള്ളയുടെ ശിഷ്യനും അഭിനയ തീയേറ്റർ ഗ്രൂപ്പിന്റെ ഡയറക്ടറുമായ ഡി രഘുത്തമൻ അനുസ്മരണ പ്രഭാഷണം നടത്തി. നാടക പ്രവർത്തകനും തിരുവനന്തപുരം കേന്ദ്ര കലാസമിതി എക്സിക്ക്യൂട്ടീവ് മെമ്പറുമായ തെഴുവൻകോട് ജയൻ, പ്ലാവോട് റസിഡൻസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് രവീന്ദ്രൻ നായർ എന്നിവർ ആശംസകൾ നേർന്നു.
പ്രൊഫ. ജി. ശങ്കരപ്പിള്ള മെമ്മോറിയൽ സെന്റർ ഓഫ് പെർഫോർമിങ് ആർട്സ് ട്രസ്റ്റ് മെമ്പർ എസ് ഹരികൃഷ്ണൻ സ്വാഗതവും രംഗപ്രഭാത് ട്രസ്റ്റ് മെമ്പർ രാജീവ് വെഞ്ഞാറമൂട് നന്ദിയും പറഞ്ഞു. തുടർന്ന് പ്രശസ്ത സിനിമ നടൻ നെടുമുടി വേണു രചന നിർവഹിച്ച് അഭിഷേക് രംഗപ്രഭാത് സംവിധാനം ചെയ്ത് രംഗപ്രഭാത് അവതരിപ്പിച്ച കൊട്ടാരംകളി എന്ന നാടകവും അവതരിപ്പിച്ചു. ജി.കീർത്തി കൃഷ്ണ, കെ എസ് ഗീത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
by Midhun HP News | Jan 2, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നാഷണൽ പോസ്റ്റൽ & ആർ. എം. എസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ജനുവരി 5-ന് ആറ്റിങ്ങൽ ഭജനമടം ഹാളിൽ മുൻ കെ. പി
സി. സി പ്രസിഡന്റ് കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. മുൻ എം. പി എൻ. പീതാമ്പരകുറുപ്പ് സംഘടനയുടെ സ്ഥാപക നേതാവായ കെ. രാമമൂർത്തിയുടെ പേരിലുള്ള പ്രഥമ പുരസ്‌കാരം കെ. മുരളീധരന് സമർപ്പിക്കും.
ഐ. എൻ. റ്റി. യൂ. സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ അദ്ധ്യക്ഷത വഹിക്കും. അപകടത്തിൽ മരണ മടഞ്ഞ ആർ. സുഗതന്റെ കുടുംബത്തിനു വേണ്ടി സമാഹരിച്ച കുടുംബ സഹായ നിധി കുടുംബത്തിന് കൈമാറും. വയോജന ആരോഗ്യ സെമിനാർ, കലാസാഹിത്യ സെമിനാർ, ട്രേഡ് യൂണിയൻ സമ്മേളനം, കലാ വിരുന്ന് എന്നിവ സമ്മേളനത്തിൽ ഉണ്ടായിരിക്കും.
മുതിർന്ന അംഗങ്ങളെയും ഗ്രാമീണ ഡാക്ക് സേവകരെയും ആദരിക്കും. വിവിധ സമ്മേളനങ്ങളിലായി പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കൾ സംസാരിക്കും. പത്ര സമ്മേളനത്തിന് സംസ്ഥാന ജനറൽ സെക്രട്ടറി പുല്ലമ്പാറ പൂക്കുഞ്ഞു, സ്വാഗതസംഘം ചെയർമാൻ ഡോ. വി. എസ് അജിത് കുമാർ എന്നിവർ നേതൃത്വം നൽകി.
by Midhun HP News | Jan 2, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ‘ഉജ്ജ്വല ബാല്യം പുരസ്‌കാരം’ നേടി വിദ്യുത്. പകൽക്കുറി ചെമ്പകത്തിൻമൂട് കൃഷ്ണ വിലാസത്തിൽ രാമന്‍ കുട്ടിയുടെ മകനാണ്. പകൽക്കുറി ഗവ.ജി വി & എച്ച് എസ് എസ്സിലെ വിദ്യാർത്ഥിയാണ്.
വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തില്‍ വനിത ശിശു വികസന വകുപ്പ് നല്‍കുന്ന ‘ഉജ്ജ്വല ബാല്യം പുരസ്‌കാരം’ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആണ് പ്രഖ്യാപിച്ചത്.
കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി. മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പ നിര്‍മ്മാണം, ധീരത എന്നീ മേഖലകളില്‍ മികവ് തെളിയിച്ചവരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. കുട്ടികളെ 6 വയസ് മുതല്‍ 11 വയസ് വരെ, 12 വയസ് മുതല്‍ 18 വയസ് വരെ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ച് പൊതു വിഭാഗത്തിനും ഭിന്നശേഷി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം അവാര്‍ഡുകള്‍ നല്‍കുന്നു. ഓരോ ജില്ലയില്‍ നിന്നും ഈ വിഭാഗത്തില്‍പ്പെട്ട ആകെ 4 കുട്ടികളേയാണ് അവാര്‍ഡിന് പരിഗണിച്ചത്. 25,000 രൂപയും പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ജില്ലാതലത്തില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായുള്ള കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാധവന്‍ കുട്ടിയുടെ സഹോദരന്‍ രാമന്‍ കുട്ടിയുടെ മകനാണ് വിദ്യുത്.
Recent Comments