by Midhun HP News | Dec 27, 2024 | Latest News, കേരളം
തൃശൂര്‍: ഹൃദയം തുറക്കാതെ അതിനൂതന സംവിധാനത്തിലൂടെ ഹൃദയ വാല്‍വ് മാറ്റിവച്ച് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്. അക്കിക്കാവ് സ്വദേശിനിയായ എഴുപത്തിനാല് വയസുള്ള വീട്ടമ്മയ്ക്കാണ് വാല്‍വ് മാറ്റിവച്ചത്. ശസ്ത്രക്രിയയുടെ പ്രയാസങ്ങള്‍ ഇല്ലാതെ വാല്‍വ് മാറ്റിവയ്ക്കുക എന്നത് രോഗികള്‍ക്ക് വളരെയേറെ ഗുണപ്രദമാണ്. കേരളത്തിലെ ചുരുക്കം ചില ആശുപത്രികളില്‍ മാത്രം ചെയ്യാറുള്ള ഈ ചികിത്സ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ആദ്യമായിട്ടാണ് നടത്തിയത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഈ ചികിത്സ ലഭ്യമാണ്. വിജയകരമായ നൂതന ചികിത്സയിലൂടെ രോഗിയുടെ ജീവന്‍ രക്ഷിച്ച മെഡിക്കല്‍ കോളജിലെ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
നടക്കുമ്പോള്‍ കിതപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന, ഇടയ്ക്കിടെ ബോധം കെട്ടുവീഴല്‍ എന്നീ രോഗലക്ഷണങ്ങളോട് കൂടിയാണ് 74 വയസുകാരി മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി ഒപിയില്‍ വന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ ഇവരുടെ ഹൃദയത്തിന്റെ അകത്തുള്ള അയോര്‍ട്ടിക് വാല്‍വ് വളരെ അധികം ചുരുങ്ങിയതായി കണ്ടെത്തി. ഹൃദയം ശരീരത്തിലേക്ക് ആവശ്യമുള്ള രക്തം പമ്പ് ചെയ്യുമ്പോള്‍ അയോര്‍ട്ടിക് വാല്‍വിലൂടെ വേണം കടന്നു പോവാന്‍. അതിനാല്‍ ആ വാല്‍വ് ചുരുങ്ങിയാല്‍ ഹൃദയത്തിന് ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും വേണ്ട വിധം രക്തം പമ്പ് ചെയ്ത് എത്തിക്കാനാവില്ല. നെഞ്ചും ഹൃദയവും തുറന്ന് ചുരുങ്ങിയ വാല്‍വ് മുറിച്ചു മാറ്റി കൃത്രിമ വാല്‍വ് ഘടിപ്പിക്കുന്ന ശസ്ത്രക്രിയയാണ് ഇതിനുള്ള പ്രധാന ചികിത്സ.
ഈ രോഗിക്കും ഇപ്രകാരമുള്ള ചികിത്സ നിര്‍ദേശിച്ചെങ്കിലും പ്രായാധിക്യം, ശാരീരികാവശത എന്നിവ മൂലം അവര്‍ക്ക് അതിന് സാധിക്കുമായിരുന്നില്ല. അതിനാല്‍ സര്‍ജറി അല്ലാത്ത ടിഎവിആര്‍ എന്ന ചികിത്സ രോഗിയും ബന്ധുക്കളുമായി ചര്‍ച്ച ചെയ്ത് നിശ്ചയിച്ചു.
നെഞ്ചോ, ഹൃദയമോ തുറക്കാതെ കാലിലെ രക്തകുഴലിലൂടെ കത്തീറ്റര്‍ എന്ന ഒരു ട്യൂബ് കടത്തി, ഒരു ബലൂണ്‍ ഉപയാഗിച്ച് ചുരുങ്ങിയ വാല്‍വ് വികസിപ്പിക്കുകയും തുടര്‍ന്ന് മറ്റൊരു കത്തീറ്റര്‍ ട്യൂബിലൂടെ കൃത്രിമ വാല്‍വ് ഹൃദയത്തിലേക്ക് എത്തിച്ച് അവിടെ സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ടിഎവിആര്‍ ചികിത്സ. ചികിത്സാ സമയത് രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാകാവുന്ന തരത്തില്‍ രക്തധമനി പൊട്ടാനോ, ഹൃദയമിടിപ്പ് നിലച്ചു പോകാനോ, ഹൃദയത്തിലേക്കുള്ള രക്തധമനി അടഞ്ഞു പോകാനോ, കൃത്രിമ വാല്‍വ് ഇളകിപ്പോകാനോ സാധ്യതയുണ്ട്. അതിനാല്‍ ചികിത്സാ വേളയില്‍ വളരെയധികം ശ്രദ്ധ ആവശ്യമാണ്.
ഈ രോഗിയുടെ അയോര്‍ട്ടിക് വാല്‍വ് ജന്മനാ വൈകല്യമുള്ളതും, കാല്‍സ്യം അടിഞ്ഞുകൂടി കട്ടിയുള്ളതുമായതിനാല്‍ ചികിത്സ കൂടുതല്‍ സങ്കീര്‍ണമായിരുന്നു. അപകട സാധ്യതകള്‍ ഒഴിവാക്കാനുള്ള എല്ലാ മുന്‍കരുതലുകളും എടുത്ത ശേഷം കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. കരുണദാസ്, കാര്‍ഡിയോളജിയിലെ ഡോക്ടര്‍മാരായ ആന്റണി പാത്താടന്‍, ബിജിലേഷ്, ഹരികൃഷ്ണ, നിതിന്‍, എന്നിവരും അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍മാരായ അമ്മിണികുട്ടി, അരുണ്‍ വര്‍ഗീസ്, ആതിര, ശ്രീലക്ഷ്മി എന്നിവരും ചേര്‍ന്ന് ഈ ചികിത്സ മൂന്നു മണിക്കൂറോളം നേരമെടുത്ത് വിജയകരമായി പൂര്‍ത്തിയാക്കി. ഡോ. ഷഫീക്ക് മട്ടുമ്മലും ചികിത്സയെ സഹായിച്ചു. കാത്ത് ലാബ് ടെക്നീഷ്യന്മാരായ അന്‍സിയ, അമൃത, നഴ്‌സുമാരായ ബീന പൗലോസ്, രജനി, മീത്തു എന്നിവരും ഇതില്‍ പങ്കെടുത്തു. വേണ്ടി വന്നാല്‍ ഉടനടി ശസ്ത്രക്രിയ ചെയ്യാന്‍ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ ഡോ. അഷ്റഫ് തയ്യാറായി കൂടെ നിന്നു. ചികിത്സയ്ക്ക് ശേഷം നടത്തിയ പരിശോധനകളില്‍ വാല്‍വ് വളരെ നന്നായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. രോഗി സുഖം പ്രാപിച്ചു വരുന്നു.
by Midhun HP News | Dec 27, 2024 | Latest News, ജില്ലാ വാർത്ത
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിൻ്റെ ദേഹവിയോഗത്തിൽ ആദരാഞ്ജലിയർപ്പിച്ച് അഴൂർ – പെരുങ്ങുഴി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ സ്ഥാപിക്കുകയും, പാർട്ടി പതാക താഴ്ത്തി കെട്ടുകയും ചെയ്തു.
പെരുങ്ങുഴി ജംഗ്ഷനിൽ അദ്ദേഹത്തിൻ്റെ ഛായാചിത്രം സ്ഥാപിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് കൃഷ്ണകുമാർ, മണ്ഡലം പ്രസിഡന്റ് എ.ആർ നിസാർ, കെ. ഓമന, മാടൻവിള നൗഷാദ്, എസ്.ജി അനിൽകുമാർ, ജി. സുരേന്ദ്രൻ, ചന്ദ്രബാബു, ജനകലത, രാജൻ കൃഷ്ണപുരം, എം. നിസാം, എസ്.സുരേന്ദ്രൻ, അനുരാജ്, ജയ് ജീ റാം, ചന്ദ്രസേനൻ, അശോകൻ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Dec 27, 2024 | Latest News, കേരളം
ഹൈദരബാദ്: ജമ്മു കശ്മീരിനെ ഏകപക്ഷീമായ ഒരു ഗോളിന് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമിഫൈനലില്‍. ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ രണ്ടാം പകുതിയിലാണ് വിജയഗോള്‍ പിറന്നത്.
72ാം മിനിറ്റില്‍ നസീബ് റഹ്മാനാണ് കേരളത്തിനായി ലക്ഷ്യം കണ്ടത്. ആദ്യ പകുതിയില്‍ ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോള്‍ നേടാനായില്ല.
by Midhun HP News | Dec 27, 2024 | Latest News, കേരളം
ആലപ്പുഴ: 16 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 19കാരി അറസ്റ്റിൽ. കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിയായ യുവതിയാണ് അറസ്റ്റിലായത്. 16 കാരനെയും കൊണ്ട് വീടുവിട്ട യുവതി പലസ്ഥലങ്ങളിൽ താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. ആൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് വള്ളിക്കുന്നം പൊലീസ് യുവതി അറസ്റ്റ് ചെയ്തത്.
യുവതി നേരത്തേ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവുമായുള്ള ബന്ധം അറിഞ്ഞ വീട്ടുകാർ പെൺകുട്ടിയെ ബന്ധു കൂടിയായ 16കാരന്റെ വീട്ടിൽ താമസിപ്പിച്ചു. ഇതിനിടെയാണ് പയ്യനുമായി പെൺകുട്ടി വീടുവിട്ടത്.
മൈസൂർ, മായി, പാലക്കാട്, പളനി, മലപ്പുറം തുടങ്ങി നിരവധി സ്‌ഥലങ്ങളിൽ 16കാരനൊപ്പം യുവതി ഒളിവിൽ താമസിച്ചു. അന്വേഷണം നടന്നു വരവെയാണ് പത്തനംതിട്ട ബസ് സ്‌റ്റാൻഡിൽനിന്ന് ഇരുവരെയും പിടികൂടിയത്. പല സ്‌ഥലങ്ങളിലായി താമസിപ്പിച്ചു പീഡിപ്പിച്ചെന്ന് ആൺകുട്ടി പൊലീസിനു മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു.
by Midhun HP News | Dec 27, 2024 | Latest News, കേരളം
കോഴിക്കോട്: കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ഡിഎംഒ) കസേരയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ വീണ്ടും ട്വിസ്റ്റ്. ഡോ. രാജേന്ദ്രനെ കോഴിക്കോട് നിന്നും സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. ഇതോടെയാണ് രാജേന്ദ്രന്‍ വീണ്ടും ഡിഎംഒ കസേരയില്‍ തിരിച്ചെത്തുന്നത്. കോടതി ഉത്തരവുമായി ഡോ. രാജേന്ദ്രന്‍ വീണ്ടും ഡിഎംഒ ഓഫീസിലെത്തി.
കോഴിക്കോട് ഡിഎംഒ ആയിരുന്ന ഡോ. രാജേന്ദ്രനെ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ അഡീഷണല്‍ ഡയറക്ടറായും, എറണാകുളം ഡിഎംഒ ആയിരുന്ന ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആയി സ്ഥലം മാറ്റിയുമാണ് കഴിഞ്ഞ ഒമ്പതാം തീയതി ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നത്. ഈ ഉത്തരവിനെതിരെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്രൂണലിനെ സമീപിച്ചു സ്റ്റേ വാങ്ങിയ ഡോ. രാജേന്ദ്രന്‍ ഡിഎംഒ ആയി തുടര്‍ന്നു.
അവധിയില്‍ പ്രവേശിച്ച ആശാദേവി സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത നടപടി ട്രൈബ്യൂണല്‍ പിന്‍വലിച്ചെന്നറിഞ്ഞ് ഓഫീസിലെത്തിയതോടെയാണ് കസേരകളി തർക്കത്തിലെത്തിയത്. ജോലിയില്‍നിന്ന് മാറണം എന്ന ഉത്തരവ് കിട്ടിയില്ലെന്നു പറഞ്ഞ് ഡോ. രാജേന്ദ്രന്‍ സ്ഥാനത്ത് തുടര്‍ന്നു. മാറാന്‍ തയ്യാറല്ലെന്ന് ഡോ. രാജേന്ദ്രന്‍ നിലപാട് സ്വീകരിച്ചതോടെ കോഴിക്കോട് ഡിഎംഒ ഓഫീസിലെ കാബിനില്‍ രണ്ട് പേര്‍ ഒന്നിച്ചിരിക്കുന്ന സ്ഥിതിയിലേക്കെത്തി.
ഇതേത്തുടർന്ന് കോഴിക്കോട് ഡിഎംഒ ആയി ഡോ. ആശാദേവിയെ നിയമിച്ച് ആരോഗ്യവകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കുകയും ചെയ്തു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ഡോ. രാജേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്.
Recent Comments