ഷമ്മി കപൂർ (56) നിര്യാതനായി

ഷമ്മി കപൂർ (56) നിര്യാതനായി

ആറ്റിങ്ങൽ ബി എസ് എൻ എൽ ലൈൻ ടിബി ജംഗ്ഷൻ ശ്രീമംഗലത്ത് ഷമ്മി കപൂർ (56) നിര്യാതനായി. ആറ്റിങ്ങൽ ഗോകുലം മെഡിക്കൽ സെന്ററിന്റെ മുൻവശത്തുള്ള വിശ്വാസ് കമ്മ്യൂണിറ്റി ഫാർമസി മുൻ ഉടമയായിരുന്നു ഇദ്ദേഹം. ഉച്ചയ്ക്കുശേഷം 3 മണി വരെ വീട്ടിൽ പൊതുദർശനത്തിനുശേഷം കബറടക്കത്തിന് കൊണ്ടുപോകും.

രാവിലെ നടക്കാനിറങ്ങിയ 18കാരിയെ തട്ടിക്കൊണ്ടുപോയി

രാവിലെ നടക്കാനിറങ്ങിയ 18കാരിയെ തട്ടിക്കൊണ്ടുപോയി

ദിസ്പുർ: പ്രഭാത സവാരിക്കിറങ്ങിയ 18 വയസുള്ള പെൺകുട്ടിയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി. അസമിലെ ദിബ്രു​ഗഢ് ജില്ലയിലാണ് സംഭവം. മണിക്കൂറുകൾക്കു ശേഷം പെൺകുട്ടിയെ ടിൻസുകിയ റെയിൽവേ സ്റ്റേഷനിൽ ചാക്കിനുള്ളിൽ കെട്ടിയിട്ട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

ദിബ്രുഗഡിലെ ശാന്തിപ്പാറ ഏരിയയിലെ പിഎൻ റോഡിന് സമീപം പതിവ് പ്രഭാത നടത്തത്തിന് ഇറങ്ങിയതായിരുന്നു പെൺകുട്ടി. അജ്ഞാതരായ പ്രതികൾ സംഭവ സ്ഥലത്തെത്തി പെൺകുട്ടിയെ ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി. പരിഭ്രാന്തരായ കുടുംബം ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു.മണിക്കൂറുകൾക്ക് ശേഷം, ടിൻസുകിയ റെയിൽവേ സ്റ്റേഷനിലെ ഒരു യാത്രക്കാരൻ സംശയാസ്പദമായ നിലയിൽ പ്ലാറ്റ്‌ഫോമിൽ ഒരു ചാക്ക് കണ്ടതോടെ റെയിൽവേ അധികൃതരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.

പ്രതികളെ കണ്ടെത്തുന്നതിനായി ദിബ്രുഗഡ് പൊലീസ് വൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിൻ്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളും പരിസര പ്രദേശങ്ങളും ഉൾപ്പെടെ പ്രധാന സ്ഥലങ്ങളിലെ നിരീക്ഷണ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

മാസപ്പടിക്കേസ്: ടി വീണയ്ക്ക് ഇ ഡി സമന്‍സ്, വെള്ളിയാഴ്ച ഹാജരാകണം

മാസപ്പടിക്കേസ്: ടി വീണയ്ക്ക് ഇ ഡി സമന്‍സ്, വെള്ളിയാഴ്ച ഹാജരാകണം

കൊച്ചി: മാസപ്പടിക്കേസില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ ടി വീണയ്ക്ക് ഇ ഡി സമന്‍സ്. സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ വീണ ഉള്‍പ്പെടെ 9 പേര്‍ വെള്ളിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി സമന്‍സ്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ശരണ്‍ എസ് കര്‍ത്ത, ചീഫ് ജനറല്‍ മാനേജര്‍ കെഎസ് സുശേഷ് കുമാര്‍, സിഎംആര്‍എല്‍ ജീവനക്കാര്‍ എന്നിവരും സമന്‍സ് ലഭിച്ചവരുടെ കൂട്ടത്തിലുണ്ട്.

സിഎംആര്‍എല്ലും എക്‌സാലോജികും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ സുപ്രധാന രേഖകള്‍ ഇഡിയ്ക്ക് കൈമാറാന്‍ കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് ഇഡി സമന്‍സ് അയച്ചിരിക്കുന്നത്.എസ്എഫ്‌ഐഒ കസ്റ്റഡിയിലെടുത്ത 134 രേഖകള്‍ പത്ത് ദിവസത്തിനകം ഇഡിക്ക് കൈമാറാനാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടത്. രേഖകള്‍ കൈമാറുന്നതിനെതിരായ സിഎംആര്‍എല്‍ എതിര്‍പ്പ് തള്ളിയായിരുന്നു കോടതി നടപടി.

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്രം; നാലെണ്ണമായി ചുരുക്കി

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്രം; നാലെണ്ണമായി ചുരുക്കി

ന്യൂഡല്‍ഹി: സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതി പ്രകാരം നല്‍കുന്ന സിലിണ്ടറുകളുടെ എണ്ണമാണ് വെട്ടിക്കുറച്ചത്. ഒരു വര്‍ഷം ഒന്‍പത് സിലിണ്ടറുകള്‍ നല്‍കിയിരുന്നത് നാലായിട്ടാണ് കുറച്ചിരിക്കുന്നത്.

പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന ഗുണഭോക്താക്കള്‍ക്ക് 14.2 കിലോയുടെ സിലിണ്ടറിന് 300 രൂപയുടെ സബ്‌സിഡിയാണ് നല്‍കുന്നത്. പശ്ചിമേഷ്യയിലെ നിലവിലെ പ്രശ്‌നങ്ങളും, ആഗോള വിപണിയിലെ ദ്രവീകൃത പെട്രോളിയം ഗ്യാസ് രംഗത്തെ കുത്തനെയുള്ള വില വര്‍ധനവുമാണ്, സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ച നടപടിക്ക് കാരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിക്കുന്നത്.

പുതിയ തീരുമാനപ്രകാരം, PMUY ഗുണഭോക്താക്കള്‍ക്ക് ആദ്യത്തെ നാല് റീഫില്ലുകള്‍ക്ക് പ്രതിവര്‍ഷം സിലിണ്ടറിന് 642 രൂപയായിരിക്കുമെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി പ്രവീണ്‍ ഖനൂജ പറഞ്ഞു. ഇത് LPG യുടെ യഥാര്‍ത്ഥ അന്താരാഷ്ട്ര വിലയേക്കാള്‍ ഏകദേശം 60% കിഴിവാണ്. PMUY അല്ലാത്ത ഉപഭോക്താക്കള്‍ക്ക്, 942 രൂപയാണ് ചില്ലറ വില്‍പ്പന വിലയെന്നും ഖനൂജ വ്യക്തമാക്കി. 2016 മെയ് മാസത്തില്‍ ആരംഭിച്ച ഫ്‌ലാഗ്ഷിപ്പ് പദ്ധതി പ്രകാരം, ഗുണഭോക്താക്കള്‍ക്ക് തുടക്കത്തില്‍ പ്രതിവര്‍ഷം 14.2 കിലോഗ്രാം സബ്സിഡിയുള്ള 12 എല്‍പിജി സിലിണ്ടറുകള്‍ക്ക് അര്‍ഹതയുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ക്വാട്ട ഒമ്പത് സിലിണ്ടറുകളായി കുറച്ചത്.

പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും  ധർണയും നടന്നു

പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടന്നു

ആറ്റിങ്ങൽ: ഇന്ധന വില വർദ്ധനവിനെതിരെ ആറ്റിങ്ങൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടന്നു. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം പ്രദീപ് ഉദ്ഘാടനം ചെയ്തു. ടി ഡി പി ബി ഒ പ്രസിഡന്റ് സി. ഷാജി അധ്യക്ഷനായി. സെക്രട്ടറി വി ജയറാം, ഖജാൻജി ഷാൻ മഠത്തിൽ തുടങ്ങിയവർ പങ്കെടുത്തു.