by Midhun HP News | Aug 8, 2024 | Latest News, കേരളം
മുംബൈ: വ്യാജ ലോണ്‍ ആപ്പുകളുടെ കെണിയില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കുന്നതിന് അംഗീകൃത ലോണ്‍ ആപ്പുകളുടെ കേന്ദ്രീകൃത ഡേറ്റാബേസിന് രൂപം നല്‍കാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക്. ഇതിലൂടെ അംഗീകാരമില്ലാത്ത ലോണ്‍ ആപ്പുകള്‍ ഏതെല്ലാമാണ് എന്ന് ഉപഭോക്താവിന് തിരിച്ചറിയാന്‍ സാധിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.
നിലവില്‍ രാജ്യത്ത് ഓരോ ദിവസവും നിരവധിപ്പേരാണ് ലോണ്‍ ആപ്പുകളുടെ കെണിയില്‍ വീഴുന്നത്. ഇതില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് റിസര്‍വ് ബാങ്ക് പുതിയ സംവിധാനം ഒരുക്കുന്നത്. ആര്‍ബിഐയുടെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ അംഗീകൃത ലോണ്‍ ആപ്പുകളുടെ കേന്ദ്രീകൃത ഡേറ്റാബേസിന് മേല്‍നോട്ടം വഹിക്കുന്ന തരത്തിലാണ് പദ്ധതിക്ക് രൂപം നല്‍കുന്നത്. ലോണ്‍ ആപ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയും വിശദാംശങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുന്ന തരത്തിലാണ് ആര്‍ബിഐയുടെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക.
പണവായ്പ നയ പ്രഖ്യാപനത്തിന് ശേഷമാണ് പുതിയ സംവിധാനം ഒരുക്കുന്നതിനെ കുറിച്ച് ആര്‍ബിഐ വ്യക്തമാക്കിയത്. നിലവില്‍ വ്യാജ ലോണ്‍ ആപ്പുകളെ നിയന്ത്രിക്കുന്നതിന് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് പുതിയ സംവിധാനം ഒരുക്കുന്നത്. അംഗീകൃത ലോണ്‍ ആപ്പുകളുടെ കേന്ദ്രീകൃത ഡേറ്റാ ബേസ് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്ന തരത്തിലാണ് പുതിയ സംവിധാനം. അംഗീകൃതവും വ്യാജവുമായ ലോണ്‍ ആപ്പുകള്‍ ഏതെല്ലാം ആണെന്ന് തിരിച്ചറിയാന്‍ ഇത് സഹായിക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.
by Midhun HP News | Aug 8, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ സന്ദര്‍ശനം നടത്തും. ഡല്‍ഹിയില്‍ നിന്ന് വിമാനത്തില്‍ രാവിലെ 11.20 ഓടെ കണ്ണൂരിലെത്തുമെന്നാണ് വിവരം. അവിടെ നിന്നും ഹെലികോപ്റ്ററിൽ കൽപ്പറ്റയിലേക്ക് പോകും.
കൽപ്പറ്റയിൽ അവലോകന യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുത്തേക്കും. ദുരന്തപ്രദേശത്ത് ആകാശ നിരീക്ഷണം നടത്തും. ദുരന്തബാധിതര്‍ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലും സന്ദര്‍ശനം നടത്തും. മൂന്നു മണിക്കൂറോളം പ്രധാനമന്ത്രി ദുരന്ത ബാധിത മേഖലയിൽ ചെലവഴിക്കും. അതിനുശേഷം വൈകീട്ട് 3.45 ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഡൽഹിയിലേക്ക് മടങ്ങും.പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് സംസ്ഥാന പൊലീസുമായി പ്രധാനമന്ത്രിയുടെ സുരക്ഷാവിഭാഗം ചര്‍ച്ച നടത്തിയിരുന്നു. ദുരന്തബാധിത പ്രദേശങ്ങളിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ ചമതലയുള്ള എസ്പിജി പരിശോധന നടത്തിവരികയാണ്. സന്ദര്‍ശനത്തില്‍ കണ്ണൂരില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പ്രധാനമന്ത്രിക്കൊപ്പം ചേരുമെന്നാണ് വിവരം.
by Midhun HP News | Aug 8, 2024 | Latest News, കേരളം
മുംബൈ: ഉപഭോക്തൃ സേവനത്തിന്റെ ഭാഗമായി ചെക്ക് ക്ലിയറിങ് സമയം വെട്ടിക്കുറച്ച് റിസര്‍വ് ബാങ്ക്. ചെക്ക് ക്ലിയറിങ് സൈക്കിള്‍ ടി+1ല്‍ നിന്ന് ഏതാനും മണിക്കൂറുകളാക്കിയാണ് റിസര്‍വ് ബാങ്ക് സമയം കുറച്ചത്. ഇടപാട് നടന്ന ദിവസത്തിന് ശേഷം ഒരു ദിവസത്തിനുള്ളില്‍ സെറ്റില്‍മെറ്റ് എന്നതാണ് ടി+1 എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.
ചെക്ക് ക്ലിയറിങ്ങിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സെറ്റില്‍മെന്റ് റിസ്‌ക് കുറയ്ക്കുന്നതിനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുമാണ് പുതിയ പരിഷ്‌കാരമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ചെക്കുകള്‍ ബാച്ചായി പ്രോസസ് ചെയ്യുന്നതിന് പകരം തുടര്‍ച്ചയായി ക്ലിയര്‍ ചെയ്യുന്ന തരത്തിലാണ് പുതിയ സംവിധാനം വരിക. ചെക്ക് നല്‍കുന്ന വേളയില്‍ തന്നെ സെറ്റില്‍മെന്റിന് നടപടികള്‍ സ്വീകരിക്കുന്ന തരത്തിലാണ് പുതിയ സംവിധാനം വരുന്നത്.
by Midhun HP News | Aug 8, 2024 | Latest News, കേരളം
ഡല്‍ഹി: സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് ചെലവ് കുറഞ്ഞ കുഞ്ഞന്‍ റോക്കറ്റ് ഐഎസ്ആര്‍ഒ വിക്ഷേപിക്കും. ഇത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ ഭാവിയില്‍ കുഞ്ഞന്‍ സാറ്റലൈറ്റുകള്‍ വഹിച്ച് കൊണ്ടുള്ള വിക്ഷേപണത്തിന് ചെലവ് കുറഞ്ഞ ചെറുകിട ബഹിരാകാശ പേടകം (എസ്എസ്എല്‍വി) സജ്ജമായി എന്ന് ഐഎസ്ആര്‍ഒ പ്രഖ്യാപിക്കും.
‘ഓഗസ്റ്റ് 15ന് രാവിലെ 9.27നാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപണം. എസ്എസ്എല്‍വി വികസന പദ്ധതിയുടെ പൂര്‍ത്തീകരണത്തിനാണ് വിക്ഷേപണം സാക്ഷ്യം വഹിക്കുക. ഇന്ത്യന്‍ വ്യവസായത്തിന്റെയും ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെയും പുതിയ ദൗത്യങ്ങള്‍ക്ക് ഇത് തുടക്കം കുറിക്കും’- ഐഎസ്ആര്‍ഒ വ്യക്തമാക്കി. 500 കിലോഗ്രാം ഭാരമുള്ള ചെറിയ ഉപഗ്രഹങ്ങള്‍ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ എത്തിക്കുന്ന, അതിവേഗം വളരുന്ന വിപണിയെ തൃപ്തിപ്പെടുത്തുന്നതിനായാണ് വിക്ഷേപണ വാഹനമായ എസ്എസ്എല്‍വി വികസിപ്പിച്ചത്. കുറഞ്ഞ ചെലവില്‍ ബഹിരാകാശത്ത് എത്തിക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഇത് വികസിപ്പിച്ചത്. കുറഞ്ഞ സമയത്തിനുള്ളില്‍ ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന 34 മീറ്റര്‍ നീളമുള്ള റോക്കറ്റാണ് വികസിപ്പിച്ചത്.
120 ടണ്‍ ആണ് ഇതിന്റെ ലിഫ്റ്റ് ഓഫ് മാസ്. 2022 ഓഗസ്റ്റില്‍ നടന്ന ആദ്യ ദൗത്യം വിജയിച്ചില്ലെങ്കിലും 2023 ഫെബ്രുവരിയില്‍ നടന്ന രണ്ടാമത്തെ ദൗത്യം ലക്ഷ്യം കണ്ടിരുന്നു. മൂന്നാമത്തെ വിക്ഷേപണവും വിജയിച്ചാല്‍ കുഞ്ഞന്‍ സാറ്റലൈറ്റുകള്‍ വഹിച്ച്് കൊണ്ടുള്ള വിക്ഷേപണത്തിന് ചെലവ് കുറഞ്ഞ ചെറുകിട ബഹിരാകാശ പേടകം സജ്ജമായി എന്ന് ഐഎസ്ആര്‍ഒ പ്രഖ്യാപിക്കും.
ഏജന്‍സിയുടെ ഏറ്റവും പുതിയ മൈക്രോ സാറ്റലൈറ്റായ EOS-08 വഹിച്ച് കൊണ്ടാണ് കുഞ്ഞന്‍ റോക്കറ്റ് പറന്നുയരുക. ഭൂമി നിരീക്ഷണത്തിനായാണ് ഉപഗ്രഹ വിക്ഷേപണം. ഒരു വര്‍ഷത്തെ ദൗത്യമാണ് ഉദ്ദേശിക്കുന്നത്. ഒരു മൈക്രോ സാറ്റലൈറ്റ് രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ഐഎസ്ആര്‍ഒ പ്രധാനമായി ലക്ഷ്യമിടുന്നത്.
EOS-08 ന് ഏകദേശം 175.5 കിലോഗ്രാം ഭാരമുണ്ട്. ഉപഗ്രഹ അധിഷ്ഠിത നിരീക്ഷണം, ദുരന്തം/പരിസ്ഥിതി നിരീക്ഷണം, തുടങ്ങി വിവിധ ദൗത്യങ്ങള്‍ക്കായി രാവും പകലും ചിത്രങ്ങള്‍ പകര്‍ത്താന്‍ രൂപകല്‍പ്പന ചെയ്ത മൂന്ന് പേലോഡുകളും വഹിച്ചാണ് റോക്കറ്റ് പറന്നുയരുക. 475 കിലോമീറ്റര്‍ ഉയരത്തില്‍ വൃത്താകൃതിയിലുള്ള ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ ഉറപ്പിക്കുന്ന ഉപഗ്രഹത്തിന് ഒരു വര്‍ഷത്തെ ദൗത്യമുണ്ട്. ഇതിന് ഏകദേശം 420 W വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും.
by Midhun HP News | Aug 8, 2024 | Latest News, കേരളം
കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തിരച്ചില്‍ അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. സൈന്യത്തിലെ 500 ഓളം അംഗങ്ങളാണ് മടങ്ങുന്നത്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മടങ്ങുന്ന സൈനിക വിഭാഗത്തിന് ഊഷ്മളമായ യാത്രയയപ്പ് നല്‍കി. മന്ത്രിമാരായ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും സൈനികസംഘത്തിന്റെ മേധാവിമാര്‍ക്ക് മെമന്റോകള്‍ നല്‍കി. കലക്ടര്‍ മേഘശ്രീയും ചടങ്ങില്‍ സംബന്ധിച്ചു.
സൈന്യത്തിന്റെ രണ്ടു സംഘങ്ങള്‍ ദുരന്തഭൂമിയില്‍ തുടരും. ബെയ്‌ലി പാലം മെയിന്റനന്‍സിനുള്ള ടീമും ഹെലികോപ്റ്റര്‍ തിരച്ചില്‍ സംഘവുമാകും തുടരുക. തിരച്ചിലിന് എന്‍ഡിആര്‍എഫ്, അഗ്നിശമന സേന എന്നിവരുമുണ്ടാകും. ദുരന്തമറിഞ്ഞ് ഒരു നിമിഷം പോലും വൈകാതെ സൈന്യം ദുരന്തഭൂമിയില്‍ എത്തിയെന്നും, എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ സാധ്യമാകുമോ അതൊക്കെ സൈന്യം ചെയ്തുവെന്ന് യാത്രയയപ്പ് ചടങ്ങില്‍ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ഒരൊറ്റ ടീമായാണ് സൈന്യം പ്രവര്‍ത്തിച്ചത്. ഒത്തൊരുമിച്ച് ഒരു ശരീരം പോലെ പ്രവര്‍ത്തിച്ചു. ബെയ്‌ലി പാലം നിര്‍മ്മാണം ഏറ്റവും എടുത്തുപറയേണ്ടതാണ്. രക്ഷാപ്രവര്‍ത്തനം വളരെ നല്ല നിലയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ അതു സഹായിച്ചു. എല്ലാ നിലയിലും അവര്‍ക്കൊപ്പം നിന്നുകൊണ്ട് സംസ്ഥാനത്തെ സര്‍ക്കാര്‍ സംവിധാനങ്ങളും ജില്ലാ ഭരണകൂടങ്ങളും ജനങ്ങളും ഒരു മനസ്സും ഒരു ശരീരവും പോലെയാണ് പ്രവര്‍ത്തിച്ചത്. സൈന്യം നടത്തിയ സേവനം വാക്കുകള്‍ കൊണ്ട് വിവരിക്കുന്നതിനും അപ്പുറത്താണ്. ഞങ്ങള്‍ നിങ്ങളെ സല്യൂട്ട് ചെയ്യുന്നുവെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
വല്ലാത്ത വൈകാരികമായ ഘട്ടത്തിലാണ് നമ്മള്‍ ഒരുമിച്ചു നിന്ന് അവശേഷിക്കുന്നവരില്‍ ഒരു ജീവന്‍ പോലും നഷ്ടപ്പെടരുതെന്ന ചിന്തയോടെ കഠിനാധ്വാനം ചെയ്തു. മൃതശരീരങ്ങള്‍, ശരീരഭാഗങ്ങള്‍ തുടങ്ങിയവയെല്ലാം കണ്ടെത്തി. സൈന്യം ഇപ്പോള്‍ ദൗത്യം അവസാനിപ്പിച്ച് പോകുമ്പോള്‍, ടീമിലെ അംഗം പോകുന്ന വേദനയുണ്ട്. സൈന്യത്തിന്റെ ജോലി പരിപൂര്‍ണ ഉത്തരവാദിത്തത്തോടെ ചെയ്തു കഴിഞ്ഞു. സൈന്യം ചെയ്ത സേവനത്തെ ഹൃദയത്തോടു ചേര്‍ത്തുപിടിച്ച് അഭിവാദ്യം ചെയ്യുന്നതായി മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.
അപകടസമയത്ത് സേവനം നല്‍കാനായതില്‍ സന്തോഷമുണ്ടെന്ന് സൈന്യം അറിയിച്ചു. വയനാട്ടില്‍ നിന്നും വിട്ടുപോയാലും മനസ്സ് ഇവിടെ തന്നെയുണ്ടാകും. വയനാട്ടിലെ ദുരന്തഭൂമിയിലുള്ളവര്‍ എല്ലാം നഷ്ടപ്പെട്ടവരാണ്. നമ്മുടെ ജനത വരും ദിവസങ്ങളില്‍ അവര്‍ക്കു വേണ്ടി നില്‍ക്കാന്‍ കഴിയട്ടെ എന്നും തിരച്ചിലിന് നേതൃത്വം നല്‍കിയ ലെഫ്. കേണല്‍ ഋഷി പറഞ്ഞു. ദുരന്തഭൂമിയില്‍ ജനങ്ങള്‍ നല്‍കിയ സേവനങ്ങള്‍ക്ക് സൈന്യം നന്ദി അറിയിച്ചു. പ്രദേശത്ത് മറ്റു വിഭാഗങ്ങൾ തിരച്ചിൽ തുടരുമെന്ന് ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു.
Recent Comments