ഇറാന്‍-യുഎസ് സമാധാന ചര്‍ച്ച പരാജയം

ഇറാന്‍-യുഎസ് സമാധാന ചര്‍ച്ച പരാജയം

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ 21 മണിക്കൂറോളം നീണ്ട യുഎസ്-ഇറാന്‍ മാരത്തണ്‍ ചര്‍ച്ച ഫലം കണ്ടില്ല. ആണവായുധം വികസിപ്പിക്കരുതെന്ന അമേരിക്കന്‍ നിബന്ധനകള്‍ ഇറാന്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന്, സമാധാന കരാറില്ലാതെ ചര്‍ച്ചകള്‍ അവസാനിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പറഞ്ഞു. വാര്‍ത്താസമ്മേളനം നടത്തിയ വാന്‍സ്, ഇറാനുമായുള്ള ചര്‍ച്ചകളില്‍ ഒരു ഉടമ്പടിയില്ലാതെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പാകിസ്ഥാനില്‍ നിന്ന് മടങ്ങിപ്പോകുകയാണെന്നും അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായും ഭരണകൂടത്തിലെ മറ്റ് ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ക്കിടെ നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.

ആണവായുധവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച തടസപ്പെട്ടത്. ഞങ്ങള്‍ക്ക് ഒരു ഉടമ്പടിയിലെത്താന്‍ കഴിഞ്ഞില്ല എന്നത് ദുഃഖകരമായ വാര്‍ത്തയാണ്. ഇത് അമേരിക്കയെക്കാള്‍ ഇറാനാണ് കൂടുതല്‍ ബാധിക്കുക എന്ന് ഞാന്‍ കരുതുന്നു. അതിനാല്‍, ഞങ്ങള്‍ ഒരു ഉടമ്പടിയിലെത്താതെ അമേരിക്കയിലേക്ക് മടങ്ങുകയാണ്. ഞങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല. ചര്‍ച്ചകളില്‍ എന്തെങ്കിലും കുറവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പാകിസ്ഥാനികളുടെ ഭാഗത്തുനിന്നല്ല. അവര്‍ ഒരു അത്ഭുതകരമായ ജോലി ചെയ്യുകയും ഇറാനികള്‍ക്കും ഞങ്ങള്‍ക്കും ഇടയിലുള്ള വിടവ് നികത്തി ഒരു കരാറിലെത്താന്‍ സഹായിക്കാന്‍ തീവ്രമായി ശ്രമിക്കുകയും ചെയ്തു. ഞങ്ങള്‍ ഇപ്പോള്‍ 21 മണിക്കൂറായി ഇത് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്, ഇറാനികളുമായി ധാരാളം വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. അതാണ് നല്ല വാര്‍ത്ത. ഞങ്ങള്‍ക്ക് ഒരു ഉടമ്പടിയിലെത്താന്‍ കഴിഞ്ഞില്ല എന്നതാണ് ദുഃഖകരമായ വാര്‍ത്ത’ -വാന്‍സ് പറഞ്ഞു.

അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ കരാറില്ലാതെ അവസാനിച്ചതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സികളും സ്ഥികരിച്ചു.

യുഎസിന്റെ ‘അമിതമായ ആവശ്യങ്ങള്‍ പൊതുവായ ഒരു ചട്ടക്കൂട് രൂപപ്പെടുത്തുന്നതിന് തടസ്സമുണ്ടാക്കി’ ഇറാന്‍ അധികൃതര്‍ പറഞ്ഞു. ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള ഗതാഗത അവകാശങ്ങള്‍, ഇറാന്റെ ആണവ അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും ഇറാന്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ചര്‍ച്ച പരാജയപ്പെട്ടതോടെ ഇറാനും യുഎസും തമ്മിലുണ്ടാക്കിയ രണ്ടാഴ്ചത്തെ വെടിനിര്‍ത്തലും അനിശ്ചിതത്വത്തിലാവും.

‘അതിരുകളില്ലാത്ത സംഗീതം’; ആശാ ഭോസ്‌ലെ അന്തരിച്ചു

‘അതിരുകളില്ലാത്ത സംഗീതം’; ആശാ ഭോസ്‌ലെ അന്തരിച്ചു

മുംബൈ: ഇന്ത്യന്‍ സംഗീതരംഗത്തെ വിസ്മയ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസ്സായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. ​ഭോസ് ലെയുടെ മരണത്തിൽ പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർ അനുശോചനം അറിയിച്ചു.

പ്രശസ്ത ചലച്ചിത്രപിന്നണിഗായികയായ ലതാ മങ്കേഷ്‌കരുടെ സഹോദരിയാണ്‌. ഒപി നയ്യാർ, ബോംബൈ രവി, എസ്ഡി.ബർമൻ, ആർഡി ബർമൻ, നൗഷാദ്‌, ഇളയരാജ, റഹ്മാൻ, ജയ്‌ദേവ്, ശങ്കർ–ജയ്കിഷൻ, നനൌ അനുമാലിക്ക് തുടങ്ങി ബോളിവുഡ് ലോകത്തെ പ്രശസ്തരായ നിരവധി സംഗീതസംവിധായകരുടെ ഈണങ്ങൾക്ക്‌ ആശ പാടിയിട്ടുണ്ട്‌.

മറാഠി നാടകവേദിയിലെ നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമാതിയുടേയും മകളായി ഇൻഡോറിലാണ് ആശ ജനിച്ചത്. ലതാ മങ്കേഷ്‌കർ, ഹൃദ്യനാഥ് മങ്കേഷ്‌കർ, ഉഷാ മങ്കേഷ്‌കർ, മീനാ മങ്കേഷ്‌കർ എന്നിവരാണ് സഹോദരങ്ങൾ. പ്രശസ്ത നടനും ഗായകനുമായ ദീനാനാഥ് മങ്കേഷ്‌കറിന്റെ പുത്രിമാരായ ആശയും ലതയും അച്ഛന്റെ ശിക്ഷണത്തിലായിരുന്നു സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിച്ചത്.1943 ൽ മജാബാൽ എന്ന മറാഠി ചിത്രത്തിലെ ‘ചലാ ചലാ നവ്ബാല’ എന്ന ഗാനം പാടിക്കൊണ്ട് പിന്നണി ഗാനരംഗത്ത് അരങ്ങേറി.

1956ൽ ഒ.പി.നയ്യാറിന്റെ സംഗീതസംവിധാനത്തിൻ കീഴിൽ സിഐഡി എന്ന ചിത്രത്തിൽ പാടിയതാണ് ആശയുടെ സംഗീത ജീവിതത്തിൽ വഴിത്തിരിവായത്. പിന്നീട് 1974ൽ വഴിപിരിയുന്നതുവരെ ഈ സംഗീതജോഡി നിരവധി ഹിറ്റുകൾ സമ്മാനിച്ചു (ഹൗറ ബ്രിഡ്ജ്, കശ്മീർ കി കലി, തുംസാ നഹി ദേഖാ, ഏക് മുസാഫിർ ഏക് ഹസീന, മേരെ സനം). ബിആർ ബാനറിന്റെ പ്രമുഖ ചിത്രങ്ങളിലെല്ലാം പാടാൻ ആശയ്ക്ക് അവസരം ലഭിച്ചു. 1966 ൽ പുറത്തിറങ്ങിയ തീസിരി മൻസിലിൽ പാടിക്കൊണ്ടായിരുന്നു ആശാ ഭോസ്‌ലെ – ആർഡി ബർമൻ കൂട്ടുകെട്ടിന്റെ തുടക്കം. പിന്നീട് ആർ.ഡി.ബർമന്റെ പ്രിയപ്പെട്ട ഗായികയായി മാറി. ആർഡി ബർമന്റെ കീഴിലാണ് ആശ ഒരു സമ്പൂർണ ഗായികയായി തീരുന്നത്. ആ കൂട്ടുകെട്ട് വിവാഹം വരെ എത്തി. 1990 കളിൽ സിനിമയിൽനിന്ന് പതിയെ പിൻവാങ്ങിയ ആശയെ എആർ റഹ്മാനാണ് തിരിച്ചുകൊണ്ടുവന്നത്. 1995 ൽ പുറത്തിറങ്ങിയ രംഗീല എന്ന ചിത്രത്തിൽ ഊർമിള മണ്ഡോദ്കറിന് വേണ്ടി പാടിയ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റുകളായി. തുടർന്ന് താൽ, ലഗാൻ, ദൗഡ്, ഇരുവർ, ലഗാൻ തുടങ്ങി നിരവധി റഹ്മാൻ ചിത്രങ്ങളിൽ ആശ പാടിയിട്ടുണ്ട്

ഗ്രാമിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരിയാണ് ആശാ ഭോസ‌്‌ലെ. 2000ൽ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരവും 2008ൽ പത്മവിഭൂഷണും നൽകി രാജ്യം ഗായികയെ ആദരിച്ചു. 20 ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകൾ ആശ പാടിയിട്ടുണ്ട്.

അയ്യനെ കണികാണാന്‍ ഭക്തര്‍; സന്നിധാനത്ത് വിഷുക്കണി 15ന്

അയ്യനെ കണികാണാന്‍ ഭക്തര്‍; സന്നിധാനത്ത് വിഷുക്കണി 15ന്

ശബരിമല: ഐശ്വര്യ സമൃദ്ധിക്കും സൗഭാഗ്യത്തിനുമായി ഭക്തര്‍ കാത്തിരുന്ന വിഷുക്കണി ദര്‍ശനം 15ന്. ഭക്തര്‍ക്ക് കണികണ്ട് തൊഴുന്നതിനൊപ്പം ശ്രീകോവിലില്‍ നിന്ന് വിഷു കൈനീട്ടവും ലഭിക്കും. അയ്യപ്പസന്നിധിയില്‍ വിഷുക്കണി ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

15ന് പുലര്‍ച്ചെ നാലുമുതല്‍ ഏഴുമണിവരെയാണ് വിഷുക്കണി ദര്‍ശനം. പതിനാലിന് രാത്രി അത്താഴ പൂജയ്ക്ക് ശേഷം മേല്‍ശാന്തി, കീഴ്ശാന്തി പരികര്‍മികള്‍ എന്നിവര്‍ ചേര്‍ന്നു ശ്രീകോവിലില്‍ വിഷുക്കണി ഒരുക്കിയ ശേഷമാണ് രാത്രി ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്നത്. പുലര്‍ച്ചെ നട തുറന്ന് ശ്രീകോവിലിലെ ദീപങ്ങള്‍ തെളിയിച്ചു ആദ്യം ശബരീശനെയാണ് കണി കാണിക്കുന്നത്. അതിനുശേഷമാണ് ഭക്തര്‍ക്ക് വിഷുക്കണിക്ക് അവസരം.

തിരക്ക് നിയന്ത്രണത്തിന് വിപുലമായ പൊലീസ് ക്രമീകരണമാണ് ഒരുക്കുന്നത്. കൂടുതല്‍ പൊലീസും എത്തുന്നുണ്ട്. പമ്പയില്‍ കെഎസ്ആര്‍ടിസി താത്കാലിക ഡിപ്പോ തുടങ്ങി. പമ്പ – നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിന് 76 ബസ് എത്തിയിട്ടുണ്ട്. ഇതിനുപുറമെ തിരുവനന്തപുരം, ചെങ്ങന്നൂര്‍, പത്തനംതിട്ട, കുമളി എന്നിവടങ്ങളില്‍ നിന്ന് പമ്പയിലേക്ക് പ്രത്യേക സര്‍വീസും തുടങ്ങി.

ഹണി എം വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശുപാര്‍ശ

ഹണി എം വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശുപാര്‍ശ

കൊച്ചി: ഹണി എം വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ ശുപാര്‍ശ. ഹൈക്കോടതി കൊളീജിയമാണ് ശുപാര്‍ശ നല്‍കിയത്. നിലവില്‍ ആലപ്പുഴ ജില്ല ജഡ്ജിയാണ് ഹണി എം വര്‍ഗീസ്. ദിലീപ് കേസില്‍ വിധി പ്രസ്താവിച്ചത് ഹണി എം വര്‍ഗീസ് ആയിരുന്നു.

ഹണി എം വര്‍ഗീസിന് പുറമെ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിമാരായ പിഎശ് ശശികുമാര്‍ , കെകെ ബാലകൃഷ്ണന്‍, എന്‍ ഹരികുമാര്‍, എസ് നസീറെ എന്നിവരെയും ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളിജിയം ശുപാര്‍ശ ചെയ്തു. ഹൈക്കോടതിയില്‍ നിലവില്‍ ഒന്‍പത് ജഡ്ജിമാരുടെ ഒഴിവാണുള്ളത്.

ആശാ ഭോസ്ലെ അത്യാഹിത വിഭാഗത്തില്‍ തുടരുന്നു, ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി

ആശാ ഭോസ്ലെ അത്യാഹിത വിഭാഗത്തില്‍ തുടരുന്നു, ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി

ഡല്‍ഹി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗായിക ആശാ ബോസ്‌ലെയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ലെന്ന് സൂചന. ആശ ബോസ് ലെയുടെ ആരോഗ്യ നിലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക പ്രകടിപ്പിച്ചു. ആശാ ബോസ്‌ലെയുടെ ആരോഗ്യത്തിനും അവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാനും പ്രാര്‍ഥിക്കുന്നതായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ശനിയാഴ്ച വൈകീട്ടാണ് ആശ ബോസ്‌ലെയെ ഹൃദയാഘാതവും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് നിലവില്‍ ആശ ബോസ്‌ലെ. ആശാ ഭോസ്ലെയെ കടുത്ത ക്ഷീണവും നെഞ്ചിലെ അണുബാധയും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി തൊച്ചുമകള്‍ സനായി ഭോസ്ലെ ആണ് അറിയിച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലായിരുന്നു പ്രതികരണം. അനാവശ്യ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം എന്നും കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും കൊച്ചുമകള്‍ സനായ് ഭോസ്ലെ അഭ്യര്‍ഥിച്ചു.

ശ്വാസകോശ സംബന്ധമായ അണുബാധയും കടുത്ത ക്ഷീണവും ആശാ ഭോസ്ലെയ്ക്ക് ഉണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അത്യാഹിത വിഭാഗത്തില്‍ വിദ്ഗധ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ആശ ഭോസ്ലെ.