വയോധിക കിണറ്റില്‍ വീണു മരിച്ച സംഭവം കൊലപാതകം; മകന്‍ അറസ്റ്റില്‍

വയോധിക കിണറ്റില്‍ വീണു മരിച്ച സംഭവം കൊലപാതകം; മകന്‍ അറസ്റ്റില്‍

കൊല്ലം: വൃദ്ധ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തല്‍. തൃക്കരുവ ഞാറയ്ക്കല്‍ ആനചുട്ടമുക്കിനു സമീപം ഈരത്തഴികത്ത് പൊന്നമ്മ (62) മരിച്ചതാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. സംഭവത്തില്‍ മകന്‍ വര്‍ഗീസ് (32) അറസ്റ്റിലായി.

കഴിഞ്ഞ 15-ന് മൂന്നുമണിയോടെയാണ് പൊന്നമ്മയെ വീട്ടുപറമ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അമ്മ കിണറ്റില്‍ വീണുകിടക്കുന്നതായി വര്‍ഗീസ് ബഹളംവെച്ച് അയല്‍ക്കാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി പൊന്നമ്മയെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. മൃതദേഹപരിശോധനയില്‍ അസ്വാഭാവികത കണ്ടതിനെത്തുടര്‍ന്ന് വര്‍ഗീസ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അമ്മയെ കിണറ്റില്‍ തള്ളിയിട്ടതാണെന്ന് വര്‍ഗീസ് ചിലരോടു പറഞ്ഞതായി പോലീസിനു വിവരം ലഭിച്ചു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

‘എന്റെ പെരുമാറ്റം നന്നായിപ്പോയേ എന്നു പറഞ്ഞ് നടക്കേണ്ട കാര്യം എനിക്കില്ല’

‘എന്റെ പെരുമാറ്റം നന്നായിപ്പോയേ എന്നു പറഞ്ഞ് നടക്കേണ്ട കാര്യം എനിക്കില്ല’

മലപ്പുറം: തന്റെ പെരുമാറ്റം ശരിയാണോയെന്ന് ജനം വിലയിരുത്തട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘എന്റെ പെരുമാറ്റം നന്നായിപ്പോയേ എന്നു പറഞ്ഞ് നാട്ടിൽ നടക്കേണ്ട കാര്യം എനിക്കില്ല’ എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെയോ ഇന്നോ വന്ന് പ്രവര്‍ത്തനം നടത്തിയ ആളല്ലോ എന്നും പിണറായി വിജയന്‍ പറഞ്ഞു. നിങ്ങള്‍ തന്നെ വിലയിരുത്തിക്കോളൂ. മുഖ്യമന്ത്രിയുടെ പെരുമാറ്റം ശരിയല്ലെന്ന യുഡിഎഫ് വിമര്‍ശനം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

എവിടെയാണ് ഭരണവിരുദ്ധ വികാരമുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഏതു കാര്യത്തിലാണ് വിരുദ്ധ വികാരമുള്ളത്. കേരളത്തില്‍ 10 വര്‍ഷം ഭരിച്ച സര്‍ക്കാര്‍ ഇന്ന കാര്യങ്ങളില്‍ പരാജയപ്പെട്ടു എന്നു ചൂണ്ടിക്കാണിക്കൂ. അത്തരം കാര്യമുണ്ടെങ്കില്‍ പറയൂ. അതിനല്ലേ വാര്‍ത്താസമ്മേളനം നടത്തുന്നത്. അത്തരം കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്യരുതെന്നാണ്, ഇവരെല്ലാം ആഗ്രഹിക്കുന്നതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. പിവി അന്‍വര്‍ ഉന്നയിച്ച മരുമോനിസത്തെക്കുറിച്ചുള്ള ചോദ്യത്തിലും മുഖ്യമന്ത്രി രോഷം പ്രകടിപ്പിച്ചു.

എന്തു കാര്യവും പറയുന്ന എല്ലില്ലാത്ത നാക്കുള്ള ആളാണ് അന്‍വര്‍. അതുകേട്ട് അതുപോലെ വര്‍ത്തമാനം പറയാന്‍ നിക്കേണ്ട. അതു നല്ല ഗുണമല്ല. മാധ്യമപ്രവര്‍ത്തനം എന്നത് എന്തെങ്കിലും കേട്ട്, അതുമുഴുവന്‍ സ്വീകരിച്ച് അതിപോലെ തന്നെ വിളമ്പേണ്ടവരല്ല. അല്‍പ്പം ബുദ്ധി ഉപയോഗിക്കണം. അതു നമുക്കെല്ലാവര്‍ക്കുമുണ്ടല്ലോ. എന്നിട്ട് സ്വയം ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ വേണം ചോദിക്കാന്‍. അല്ലെങ്കില്‍ അന്‍വര്‍ വന്നിരുന്ന് ചോദിച്ചാല്‍ മതിയല്ലോ?. അന്‍വറിന്റെ പ്രതിപുരുഷന്‍ ആയിട്ട് വന്നിരുന്നു ചോദിക്കേണ്ട ആവശ്യമില്ലല്ലോ എന്നും പിണറായി വിജയന്‍ പറഞ്ഞു.

കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ലഭിച്ച തുടർഭരണം കേവലം ഏതെങ്കിലും തരത്തിലുള്ള ഗിമ്മിക്കുകൾ കൊണ്ടല്ല, മറിച്ച് നാടിന്റെ പുരോഗതിക്കും ജനക്ഷേമത്തിനുമായി എൽഡിഎഫ് നടത്തിയ ആത്മാർഥമായ പ്രവർത്തനങ്ങൾ കൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ വിദ്യഭ്യാസം, ആരോഗ്യം, സാമ്പത്തികം തുടങ്ങി എല്ലാ മേഖലകളിലും കൈവരിച്ച നേട്ടങ്ങൾ ഇതിന് തെളിവാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കേരളം കൈവരിച്ച മാറ്റങ്ങൾ യാദൃശ്ചികമല്ലെന്നും അത് കൃത്യമായ രാഷ്ട്രീയ നൈതികതയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചത് വഴി സംസ്ഥാനത്ത് സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സർക്കാരിന് സാധിച്ചു. വസ്തുതകൾ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പ്രതിപക്ഷം നുണപ്രചാരണങ്ങൾ നടത്തുകയാണ്. വികസനത്തിലൂടെയും ദാരിദ്ര്യനിർമ്മാർജ്ജനത്തിലൂടെയും കേരളം കൈവരിച്ച ആഗോള ശ്രദ്ധ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

വിദ്യാഭ്യാസവും ആരോഗ്യവും ഉൾപ്പെടെയുള്ള എല്ലാ മേഖലകളും അഭിവൃദ്ധി പ്രാപിച്ചു. കേരളം അതിദാരിദ്ര്യ മുക്തമായത് ലോകം തന്നെ ശ്രദ്ധിച്ച കാര്യമാണ്. സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനവും നികുതിയേതര വരുമാനവും വർധിക്കുകയും മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ വലിയ വളർച്ച ഉണ്ടാവുകയും ചെയ്തു. രാജ്യത്തെ വികസിച്ചുവരുന്ന സംസ്ഥാനങ്ങളിൽ മുൻപന്തിയിൽ കേരളം ഇന്ന് പരിഗണിക്കപ്പെടുന്നു. യുഡിഎഫ് ഉന്നയിക്കുന്ന ആരോപണങ്ങൾ വസ്തുതകളിലല്ല, മറിച്ച് നുണകളിലാണ് അധിഷ്ഠിതമായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഞാനുമൊരു മനുഷ്യനാണ്, ആത്മഹത്യ ചെയ്യാത്തത് ചില കാര്യങ്ങള്‍ ഉള്ളതിനാല്‍’; പൊട്ടിക്കരഞ്ഞ് രേണു സുധി

‘ഞാനുമൊരു മനുഷ്യനാണ്, ആത്മഹത്യ ചെയ്യാത്തത് ചില കാര്യങ്ങള്‍ ഉള്ളതിനാല്‍’; പൊട്ടിക്കരഞ്ഞ് രേണു സുധി

കിച്ചു സുധിയുടെ വിഡിയോ വൈറലാകുന്നതിനിടെ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ രേണു സുധി. പൊട്ടിക്കരഞ്ഞു കൊണ്ടാണ് രേണു സുധി വിഡിയോയില്‍ സംസാരിക്കുന്നത്. താന്‍ ആത്മഹത്യയുടെ വക്കിലാണെന്നാണ് രേണു പറയുന്നത്. മോശം കമന്റുകള്‍ കാരണം കമന്റ് ബോക്‌സ് തുറക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നാണ് രേണു പറയുന്നത്.

തന്റെ കരച്ചില്‍ കള്ളക്കരച്ചിലാാണെന്നാകും പറയുകയെന്നും രേണു പറയുന്നു. എല്ലാവര്‍ക്കും രേണു സുധി കണ്ടന്റ് മാത്രമാണെന്നും താരം പറയുന്നു. ചില കാര്യങ്ങള്‍ ഉള്ളതിനാലാണ് താന്‍ ആത്മഹത്യ ചെയ്യാതിരിക്കണമെന്നും രേണു പറയുന്നു. വികാരഭരിതയായ രേണു വിഡിയോയില്‍ പൊട്ടിക്കരയുന്നുണ്ട്.

‘ഫേസ്ബുക്കും ഇന്‍സ്റ്റയും ഒന്നും തുറക്കാന്‍ പറ്റുന്നില്ല. കണ്ടന്റ് ഉണ്ടാക്കുന്നവര്‍ക്ക് രേണു സുധി എന്ന കണ്ടന്റ് മാത്രമേ ഉള്ളോ? ചിലതൊക്കെ എന്നെ ബാധിക്കും. എനിക്ക് എന്തെങ്കിലും വീഡിയോ കാണാന്‍ ഫേസ്ബുക്ക് തുറക്കുമ്പോഴേക്ക് ഇതിങ്ങനെ വന്നുകൊണ്ടിരിക്കും. കമന്റ് ബോക്‌സ് തുറന്നുകഴിഞ്ഞാല്‍ ഞാന്‍ എന്തോ അപരാധം ചെയ്തു എന്ന മട്ടിലാണ് കമന്റുകള്‍ മുഴുവന്‍. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് ഒരു കണ്ടന്റ് ആണ് രേണു സുധി. കാശ് കിട്ടുന്നുണ്ടായിരിക്കും ഇവര്‍ക്ക് മാസം.” താരം പറയുന്നു.

”ഈ വീഡിയോ ഞാന്‍ ഇട്ടുകഴിഞ്ഞാലും ആഘോഷിക്കാന്‍ ആളുകള്‍ കാണും ഇഷ്ടം പോലെ. അവള്‍ കള്ളക്കരച്ചിലുമായിട്ട് ഇറങ്ങി. അവള്‍ മുതലക്കരച്ചിലുമായിട്ട് ഇറങ്ങി. ഞാനും ഒരു മനുഷ്യനാണ്. എനിക്ക് വേണമെങ്കില്‍ ഇപ്പോള്‍ സുയിഡൈസ് ചെയ്യാം. കാരണം കേള്‍ക്കാവുന്നതിന്റെ അപ്പുറം ഞാന്‍ കേട്ടു. ചില കാര്യങ്ങള്‍ എന്നെ പിന്നിലേക്ക് വലിക്കുകയാണ്. ചില കാര്യങ്ങള്‍ എന്നെ പിടിച്ചുവെക്കുകയാണ് സുയിസൈഡ് ചെയ്യാതിരിക്കാന്‍ വേണ്ടി. പക്ഷേ ഈ സ്‌ട്രെസ് താങ്ങാനാവാതെ ചിലപ്പോള്‍ ഞാന്‍ അങ്ങനെ തന്നെ ചെയ്യുമായിരിക്കും. നിങ്ങള്‍ എന്ത് അറിഞ്ഞിട്ടാണ് എന്നെ തെറി വിളിക്കുന്നതെന്ന് അറിയില്ല”’ എന്നും രേണു പറയുന്നു.

അതേസമയം കൊല്ലം സുധിയുടെ മകന്‍ കിച്ചു സുധിയുടെ വിഡിയോ വൈറലാവുകയാണ്. താന്‍ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളേയും അവഗണനകളേയും കുറിച്ചാണ് കിച്ചു വിഡിയോയില്‍ സംസാരിക്കുന്നത്. വീട്ടില്‍ താന്‍ ഒറ്റപ്പെട്ടുപോയതിനെക്കുറിച്ചും കിച്ചു സംസാരിക്കുന്നുണ്ട്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈസ്റ്ററിനും വിഷുവിനും 42 അധിക സർവീസുമായി കെഎസ്ആർടിസി

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈസ്റ്ററിനും വിഷുവിനും 42 അധിക സർവീസുമായി കെഎസ്ആർടിസി

തിരുവനന്തപുരം: ഈസ്റ്റർ, വിഷു ദിനങ്ങളിൽ അധിക സർവീസുമായി കെഎസ്ആർടിസി. ഏപ്രിൽ ഒന്ന് മുതൽ 21 വരെയാണ് കെഎസ്ആർടിസി അധിക സർവീസുകൾ നടത്തുക. പെസഹ, ദുഃഖവെള്ളി, ഇ‍ൗസ്റ്റർ, വിഷു അവധിദിനങ്ങളോടനുബന്ധിച്ചാണ് അധിക സർവീസ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്.

ബംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിൽ നിന്ന്‌ കേരളത്തിലേക്കും തിരിച്ചുമായി 42 സർവീസുണ്ടാകും. തിരുവനന്തപുരം, എറണാകുളം, കോട്ടയം, പാല, തൃശൂർ, കോഴിക്കോട്‌, ബത്തേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്‌ എന്നിവിടങ്ങളിലേക്കും സർവീസുണ്ടാകും.
തിരക്കിന്‌ അനുസരിച്ച്‌ 13 ബസും സജ്ജമാക്കും. ഏപ്രിൽ ഒമ്പതിന്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്നതിനാൽ ഇതര സംസ്ഥാനങ്ങളിൽ നാട്ടിലേക്ക്‌ ട്രെയിൻ ടിക്കറ്റ്‌ കിട്ടാതെ യാത്രക്കാർ വലയുകയാണ്‌.

സ്റ്റാര്‍ ഹോട്ടലിലെ ലഹരിവേട്ട: അന്വേഷണം ക്രൂയ്‌സ് പാര്‍ട്ടിയിലേക്ക്; മയക്കുമരുന്ന് എത്തിച്ചത് വിദേശത്തു നിന്ന്

സ്റ്റാര്‍ ഹോട്ടലിലെ ലഹരിവേട്ട: അന്വേഷണം ക്രൂയ്‌സ് പാര്‍ട്ടിയിലേക്ക്; മയക്കുമരുന്ന് എത്തിച്ചത് വിദേശത്തു നിന്ന്

കൊച്ചി: കൊച്ചിയിലെ ആഡംബര ഹോട്ടലിലെ ലഹരിവേട്ടയില്‍ ഡോക്ടര്‍ അടക്കം പിടിയിലായ സംഭവത്തില്‍ അന്വേഷണം ക്രൂയിസ് പാര്‍ട്ടിയിലേക്കും. അറസ്റ്റിലായ ഇവന്റ് മാനേജ്‌മെന്റ് ഉടമ ഷോണ്‍ ശനിയാഴ്ച കൊച്ചിയില്‍ ക്രൂയിസ് പാര്‍ട്ടി നടത്തിയിരുന്നു. ഇതിലേക്കും ലഹരി എത്തിയിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്.

ഡോക്ടര്‍, ന്യൂട്രീഷ്യന്‍, അഭിഭാഷകന്‍, ഇവന്റ് മാനേജ്‌മെന്റ് ഉടമ തുടങ്ങിയവരാണ് ഇന്നലെ രാത്രി കൊച്ചി കടവന്ത്ര പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും 5 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 0.34 ഗ്രാം കൊക്കെയ്ന്‍, 0.36 ഗ്രാം മെത്താഫിറ്റമിന്‍, 0.44 ഗ്രാം എക്സ്റ്റസി പില്‍ എന്നിവയാണ് പ്രതികളുടെ പക്കല്‍ നിന്നും കണ്ടെടുത്തത്.

യുവതികളടക്കം ഏഴുപേരാണ് പൊലീസിന്റെ പിടിയിലായത്. ഇവന്റ് മാനേജ്‌മെന്റ് ഉടമ ഷോണിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഷോണ്‍ രണ്ടു ദിവസം മുമ്പ് നെഫര്‍റ്റിറ്റി എന്ന സര്‍ക്കാരിന്റെ ആഡംബര ഹോട്ടലില്‍ ഷോണ്‍ ഒരു പാര്‍ട്ടി നടത്തിയിരുന്നു. ഈ പാര്‍ട്ടിയില്‍ ലഹരി വസ്തുക്കള്‍ എത്തിയിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്.

ക്രൂയിസ് പാര്‍ട്ടിയുടെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ക്രൂയിസ് പാര്‍ട്ടിയില്‍ ഇപ്പോള്‍ പിടിയിലായ ആളുകള്‍ അടക്കം പങ്കെടുത്തവരെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. പിടിച്ചെടുത്ത കൊക്കെയ്ന്‍, മെത്താഫിറ്റമിന്‍, ഹൈബ്രിഡ് കഞ്ചാവ് എന്നിവ വിദേശത്തു നിന്നാണ് എത്തിച്ചതെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. സംഭവത്തില്‍ കസ്റ്റംസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.