13-ാം നമ്പര്‍ കാറിന് വീണ്ടും ശനിദശ!, പുതിയ മന്ത്രിമാര്‍ക്ക് വേണ്ട

13-ാം നമ്പര്‍ കാറിന് വീണ്ടും ശനിദശ!, പുതിയ മന്ത്രിമാര്‍ക്ക് വേണ്ട

തിരുവനന്തപുരം: 13-ാം നമ്പറിന് വീണ്ടും ശനിദശ!. ഒന്നും രണ്ടും പിണറായി സര്‍ക്കാരില്‍ മന്ത്രിമാര്‍ കാറിന് ഉപയോഗിച്ച 13-ാം നമ്പര്‍ വി ഡി സതീശന്‍ സര്‍ക്കാരിലെ മന്ത്രിമാരില്‍ ആര്‍ക്കും വേണ്ടെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ സര്‍ക്കാരില്‍ കൃഷി മന്ത്രി പി പ്രസാദ് ആണ് 13-ാം നമ്പര്‍ കാര്‍ ഉപയോഗിച്ചത്. ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രി തോമസ് ഐസക് ആണ് ഈ നമ്പര്‍ ആവശ്യപ്പെട്ടത്.

ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വി ഡി സതീശന്‍ സര്‍ക്കാരിലെ മന്ത്രിമാരില്‍ ആരും തന്നെ 13-ാം നമ്പര്‍ കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ടൂറിസം വകുപ്പ് ആണ് മന്ത്രിമാര്‍ക്ക് കാര്‍ അനുവദിക്കുന്നത്. കീഴ് വഴക്കം അനുസരിച്ച് കഴിഞ്ഞ സര്‍ക്കാര്‍ ഉപയോഗിച്ച കാറുകള്‍ ഒരുക്കി നല്‍കുകയാണ് പതിവ്. ഇത്തവണ മന്ത്രിമാരില്‍ പലരും 13-ാം നമ്പര്‍ വേണ്ടെന്ന് അധികൃതരെ അറിയിച്ചതായാണ് വിവരം. ഇനി ആരെങ്കിലും 13-ാം നമ്പര്‍ കാര്‍ ആവശ്യപ്പെട്ടു വരുമോ എന്ന കാത്തിരിപ്പിലാണ് അധികൃതര്‍.

മന്ത്രിമാര്‍ ആവശ്യപ്പെടുന്ന നമ്പര്‍ നല്‍കുന്നതാണ് പതിവ്. ഷിബു ബേബി ജോണ്‍ കാറിന് 71-ാം നമ്പര്‍ ആണ് ആവശ്യപ്പെട്ടത്. ഒ ജനീഷിന് ആവശ്യപ്പെട്ട 10-ാം നമ്പര്‍ അനുവദിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തല 21-ാം നമ്പര്‍ ആണ് ആവശ്യപ്പെട്ടത്. പിണറായി സര്‍ക്കാരിന് തൊട്ടുമുന്‍പുള്ള ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലും ആരും തന്നെ 13-ാം നമ്പര്‍ ഉപയോഗിച്ചിട്ടില്ല. വി എസ് സര്‍ക്കാരില്‍ എം എ ബേബി ആണ് 13-ാം നമ്പര്‍ ചോദിച്ച് വാങ്ങിയത്.

അബ്ദുല്‍ റഹീമിന്റെ തിരിച്ച് വരവിന് കാത്ത് നാട്; ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും

അബ്ദുല്‍ റഹീമിന്റെ തിരിച്ച് വരവിന് കാത്ത് നാട്; ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ തിരിച്ച് വരവിന് കാത്ത് ബന്ധുക്കളും നാട്ടുകാരും. ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും. പെരുന്നാള്‍ അവധിക്ക് മുമ്പായി പുറത്തിറങ്ങല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് കുടുംബത്തിന്റെയും നിയമ സഹായ സമിതിയുടെയും നീക്കം. മരിച്ച ബാലന്റെ കുടുംബത്തിന് ദിയാധനം നല്‍കി വധശിക്ഷ ഒഴിവാക്കിയിരുന്നു. മറ്റ് വകുപ്പുകളില്‍ 20 വര്‍ഷം തടവ് ശിക്ഷ ആയിരുന്നു വിധി. അതാണ് 19ാം തീയതി അവസാനിക്കുന്നത്.

മലയാളികള്‍ ഒരുമിച്ചാണ് 34 കോടി രൂപ ദിയാധനം നല്‍കിയത്. ആ ദൗത്യം ആണ് വിജയത്തിലേക്ക് എത്തുന്നത്. 2006 നവംബറിലാണ് സൗദി ബാലന്‍ അനസ് അല്‍ ഫായിസിന്റെ കൊലപാതകക്കേസില്‍ അബ്ദുല്‍ റഹീം അറസ്റ്റിലാകുന്നത്. 2012 ലാണ് വധശിക്ഷ വിധിച്ചത്. പിന്നീട് ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിയാധനം (മോചനദ്രവ്യം) നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ കോടതി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ ഒഴിവാക്കിയിരുന്നു.

റഹീമിന്റെ മോചനത്തിനായി പിരിഞ്ഞുകിട്ടിയതില്‍ പതിനൊന്നരക്കോടി രൂപയോളം ബാക്കിയുണ്ട്. റഹീം നാട്ടിലെത്തിയ ശേഷം കമ്മിറ്റി ചേര്‍ന്ന് ഫണ്ട് എന്ത് ചെയ്യണമെന്ന കാര്യം തീരുമാനിക്കുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

വൈദ്യുതിബില്‍ അടയ്ക്കാന്‍ മറന്നോ?, ആശങ്ക വേണ്ട, പുതിയ സേവനവുമായി കെഎസ്ഇബി

വൈദ്യുതിബില്‍ അടയ്ക്കാന്‍ മറന്നോ?, ആശങ്ക വേണ്ട, പുതിയ സേവനവുമായി കെഎസ്ഇബി

തിരുവനന്തപുരം: ഇനി വൈദ്യുതിബില്‍ അടയ്ക്കാന്‍ മറന്നുപോകുമെന്ന ആശങ്ക വേണ്ട!. e-NACH സൗകര്യത്തിലൂടെ കൃത്യസമയത്ത് അനായാസം ബില്ലടയ്ക്കാമെന്ന് കെഎസ്ഇബി അറിയിച്ചു.

വൈദ്യുതി ബില്‍ തയ്യാറാക്കി അഞ്ചാം ദിവസം ബില്‍ തുക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് കെഎസ്ഇബിയിലേക്ക് ഈടാക്കുന്ന സംവിധാനമാണിത്. National Payment Corporation of India (NPCI)യുടെ NACH പ്ലാറ്റ്‌ഫോം നല്‍കുന്ന സുരക്ഷിത സേവനമാണിതെന്നും കെഎസ്ഇബി അറിയിച്ചു.

KSEB മൊബൈല്‍ ആപ്പ്/ wss.kseb.in എന്ന വെബ്‌സൈറ്റ് വഴി കണ്‍സ്യൂമര്‍ നമ്പരും വിശദാംശങ്ങളും നല്‍കി രജിസ്റ്റര്‍ ചെയ്യാം. നെറ്റ് ബാങ്കിങ്/ ഡെബിറ്റ് കാര്‍ഡ്/ ആധാര്‍ വഴി അനുമതി നല്‍കാം. വളരെ കുറഞ്ഞ സര്‍വ്വീസ് ചാര്‍ജ് ആണ് ഈടാക്കുന്നത് (ഒറ്റത്തവണ രജിസ്‌ട്രേഷന്‍ 10 + GST ബില്ലടയ്ക്കുമ്പോള്‍ 1.9 + GST).യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ആണ് സേവനം നല്‍കുന്നതെന്നും കെഎസ്ഇബി അറിയിച്ചു.

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. 9 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മഴയ്‌ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്. തെക്കന്‍, വടക്കന്‍ ജില്ലകളിലാണ് മഴ ശക്തമാവുക.

സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം കേരളത്തില്‍ കള്ളക്കടല്‍ ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കണ്ണൂര്‍ (വളപട്ടണം മുതല്‍ ന്യൂമാഹി വരെ), കാസര്‍കോഡ് (കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് (19/05/2026) രാവിലെ 08.30 മുതല്‍ (20/05/2026) ഉച്ചയ്ക്ക് 02.30 വരെ 0.9 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിപ്പ്.

നിലവിൽ സൗജന്യ യാത്ര എട്ട് സംസ്ഥാനങ്ങളില്‍

നിലവിൽ സൗജന്യ യാത്ര എട്ട് സംസ്ഥാനങ്ങളില്‍

കേരളത്തില്‍ കെഎസ്‌ആര്‍ടിസിയില്‍ സൗജന്യ യാത്ര നടപ്പിലാകുന്നതിന് മുമ്പ് എട്ട് സംസ്ഥാനങ്ങളില്‍ ഈ രീതി നടപ്പിലാക്കിയിട്ടുണ്ട്. തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവയ്ക്ക് പുറമേ കേരളത്തിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കുമ്പോള്‍ ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകള്‍ക്ക് ഈ സൗകര്യം എന്ന സവിശേഷതയുണ്ട്.

കേരളത്തില്‍ എല്ലാ ബസുകളിലും സൗജന്യയാത്ര എന്നതാണ് പ്രഖ്യാപനമെങ്കിലും അന്തിമ രൂപം അറിയാന്‍ വിശദമായ ഉത്തരവ് പുറത്തിറങ്ങേണ്ടതുണ്ട്.

ഡല്‍ഹി, പഞ്ചാബ്, ജമ്മു കാശ്മീര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് പിന്നെ സൗജന്യയാത്രയുള്ളത്.

2019ല്‍ ഡല്‍ഹിയിലാണ് ആദ്യമായി സ്ത്രീകള്‍ക്ക് സൗജന്യയാത്ര എന്ന സൗകര്യം ലഭിച്ചത്. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍,ക്ലസ്റ്റര്‍ ബസുകള്‍ എന്നിവയിലാണ് പൂര്‍ണമായും സൗജന്യയാത്ര സൗകര്യം ലഭിക്കുക. തമിഴ്‌നാട്ടില്‍ 2021ല്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ ഓര്‍ഡിനറി ടൗണ്‍ ബസുകളില്‍ മാത്രമാണ് സൗജന്യമായി യാത്രയ്ക്ക് അവസരമൊരുങ്ങിയത്. 2023ല്‍ കര്‍ണാടകയിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്.

ശക്തി എന്ന പേരില്‍ ആരംഭിച്ച പദ്ധതി പ്രകാരം കര്‍ണാടകത്തിലെ ലക്ഷ്വറി വിഭാഗത്തില്‍ പെടാത്ത ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാനാവും. സ്ത്രീകള്‍ക്ക് പുറമേ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും കര്‍ണാടക സര്‍ക്കാര്‍ സൗജന്യ യാത്രാ സൗകര്യം അവതരിപ്പിച്ചിരുന്നു. 2023 ഡിസംബറിലാണ് തെലങ്കാന സര്‍ക്കാര്‍ മഹാലക്ഷ്മി പദ്ധതിക്ക് തുടക്കമിട്ടത്. സ്ത്രീകള്‍ക്കു പുറമേ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും എസി വിഭാഗത്തില്‍ ഒഴികെയുള്ള സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്രക്കുള്ള അവസരം നല്‍കിയിരുന്നു.

തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ എക്സ്പ്രസ്, ഓര്‍ഡിനറി ബസുകളിലാണ് സൗജന്യ യാത്രാ ആനുകൂല്യം ലഭിക്കുക. ആന്ധ്രയില്‍ 2025 മുതലും പഞ്ചാബില്‍ 2021മുതലും ജമ്മു കാശ്മീരില്‍ 2025 മുതലുമാണ് സൗജന്യ യാത്രയുള്ളത്. പശ്ചിമ ബംഗാളില്‍ അടുത്ത മാസം മുതലാണ് ഈ സൗകര്യം ലഭിക്കുക. കേരളത്തില്‍ ഈ സൗകര്യം യാഥാര്‍ത്ഥ്യമാകുമ്പോള്‍ അതിലൂടെ വരുന്ന നഷ്ടം സര്‍ക്കാര്‍ നികത്തും എന്നാണ് പ്രഖ്യാപനം.