അച്ഛന്റെ ചായക്കടയിലെ പാത്രങ്ങള്‍ കഴുകി പഠനം, കെഎസ്‌യു നേതാവായപ്പോഴും ജോലി തുടര്‍ന്നു; ബിന്ദു കൃഷ്ണ ഇന്ന് മന്ത്രി

അച്ഛന്റെ ചായക്കടയിലെ പാത്രങ്ങള്‍ കഴുകി പഠനം, കെഎസ്‌യു നേതാവായപ്പോഴും ജോലി തുടര്‍ന്നു; ബിന്ദു കൃഷ്ണ ഇന്ന് മന്ത്രി

കൊല്ലം: ജീവിതം കരുപ്പിടിപ്പിക്കാനായി അച്ഛന്‍ തുടങ്ങിയ ചായക്കടയിലെ പാത്രം കഴുകല്‍കാരിയായിരുന്നു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന അഡ്വ. ബിന്ദുകൃഷ്ണ. ചായക്കടയിലെ ജോലിക്കു പുറമേ വീട്ടുജോലികളെല്ലാം തീര്‍ത്തിട്ടാണ് ബിന്ദു സ്‌കൂളിലേക്കും കോളജിലേക്കും പോയിരുന്നത്.

ബിന്ദു കൃഷ്ണയുടെ അച്ഛന്‍ പി സുകുമാരന് ആദ്യകാലത്ത് ചിട്ടിയായിരുന്നു. അമ്മ ബി വസുമതി കശുവണ്ടി തൊഴിലാളിയും. രണ്ടാം ക്ലാസുവരെ ബിന്ദുവിന് കാര്യമായ കഷ്ടപ്പാടുകള്‍ ഉണ്ടായിരുന്നില്ല. അതിനിടെ ജില്ലാ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് അമ്മയുടെ ആരോഗ്യസ്ഥിതി വഷളാകുന്നത്. പിന്നീട് അമ്മയുമായി ആശുപത്രികള്‍ തോറുമുള്ള ഓട്ടത്തിലായിരുന്നു അച്ഛന്‍. ബിന്ദു കൃഷ്ണയ്ക്കും ചേട്ടനും പിന്നീട് തണലായത് അച്ചാമ്മ മാത്രമാണ്.

അമ്മയുടെ ചികിത്സ ഫലം കണ്ടില്ല. നേരിയ ഭാരം പോലും എടുക്കാന്‍ കഴിയാതെ വന്നു. അതോടെ അടുക്കള ജോലികളെല്ലാം തീര്‍ത്തിട്ടാണ് ബിന്ദു സ്‌കൂളിലേക്ക് പോയിരുന്നത്. ജീവിതം തിരിച്ചുപിടിക്കാന്‍ അച്ഛന്‍ ചായക്കട തുടങ്ങിയതോടെ ബിന്ദുവും ഒപ്പം കൂടി. രാത്രി ചായക്കടയിലെ ജോലി തീര്‍ത്തിട്ടാണ് ബിന്ദു പഠിച്ചിരുന്നത്. കോളജ് കാലത്ത് കെഎസ്‌യു നേതാവായപ്പോഴും അച്ഛന്റെ ചായക്കയില്‍ ബിന്ദു പതിവ് ജോലിയില്‍ എത്താതിരുന്നില്ല.

കോളജ് യൂണിയന്‍ മുതല്‍ പാര്‍ലമെന്റിലേക്ക് വരെ മത്സരിച്ചിട്ടുള്ള ബിന്ദുവിന്റെ ആദ്യ നിയമസഭാ വിജയമായിരുന്നു കൊല്ലത്തേത്. കൊല്ലം എസ് എന്‍ കോളജില്‍ യുയുസി, കൊല്ലം ജില്ലാ പഞ്ചായത്ത്, കൊല്ലം, ചാത്തന്നൂര്‍ മണ്ഡലങ്ങളില്‍ നിന്ന് നിയമസഭയിലേക്കും ആറ്റിങ്ങലില്‍ നിന്ന് പാര്‍ലമെന്റിലേക്കും മത്സരിച്ചിട്ടുണ്ട്. 2021ല്‍ കൊല്ലത്ത് എം മുകേഷിനോട് 2072 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

കണ്ണൂരില്‍ വിവാഹ ദിവസം നാടിനെ നടുക്കി ദുരന്തം; വരന്‍ വീട്ടില്‍ മരിച്ചനിലയില്‍

കണ്ണൂരില്‍ വിവാഹ ദിവസം നാടിനെ നടുക്കി ദുരന്തം; വരന്‍ വീട്ടില്‍ മരിച്ചനിലയില്‍

കണ്ണൂര്‍: കണ്ണൂരില്‍ വിവാഹ ദിവസം വരനെ മരിച്ച നിലയില്‍ കണ്ടെത്തി. ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഏച്ചൂര്‍ മാവിലാച്ചാലില്‍ നാരായണീയത്തില്‍ ഷബിനെയാണ് (29) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ജമ്മു കശ്മീരില്‍ എസ്എസ്ബി ബോര്‍ഡര്‍ പൊലീസായി ജോലി ചെയ്തു വരികയായിരുന്നു. ഇന്നാണ് ഷബിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്.

വിവാഹത്തിന് ഒരുങ്ങിയ വരന്റെ വീട്ടില്‍ അവിചാരിതമായി എത്തിയ ദുരന്തം ഏച്ചൂര്‍ ഗ്രാമത്തെ നടുക്കി. ചക്കരക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.

നിര്‍മാതാവ് കെ രാജന്‍ നദിയില്‍ ചാടി ജീവനൊടുക്കി; നടുക്കുന്ന വാര്‍ത്തയെന്ന് സിനിമാ ലോകം

നിര്‍മാതാവ് കെ രാജന്‍ നദിയില്‍ ചാടി ജീവനൊടുക്കി; നടുക്കുന്ന വാര്‍ത്തയെന്ന് സിനിമാ ലോകം

ചെന്നൈ: പ്രമുഖ തമിഴ് സിനിമ നിര്‍മാതാവ് കെ രാജന്‍ (85) ജീവനൊടുക്കി. ചെന്നൈയിലെ അടയാര്‍ പാലത്തില്‍ നിന്ന് അടയാര്‍ നദിയിലേയ്ക്ക് ചാടി ജീവനൊടുക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ ആന്റ് റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തി നദിയില്‍ നിന്ന് മൃദതേഹം കണ്ടെടുക്കുകയായിരുന്നു. കുടുംബവുമായി അകന്നു കഴിയുകയായിരുന്നുവെന്നാണ് വിവരം.

ഖുശ്ബുവടക്കമുള്ളവര്‍ സമൂഹമാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തി. ‘നടുക്കുന്ന വാര്‍ത്തയാണിത്. ചലച്ചിത്ര ലോകത്തെ ഏറ്റവും പ്രിയപ്പെട്ടൊരാളായിരുന്നു കെ രാജന്‍ സര്‍. അദ്ദേഹം ജീവനൊടുക്കിയെന്ന് വിശ്വസിക്കാനാവുന്നില്ല. തെറ്റിനെ തെറ്റെന്ന് പറയാന്‍ ഒരുകാലത്തും അദ്ദേഹം മടിച്ചില്ല. തീരാ ദുഃഖമാണിത്. ആ ആത്മാവിന് നിത്യശാന്തി നേരുന്നു’- ഖുശ്ബു കുറിച്ചു. രാജന്റെ മരണവാര്‍ത്തയറിഞ്ഞതിന്റെ ആഘാതത്തിലാണ് താനെന്ന് ആര്‍ ശരത്കുമാറും കുറിച്ചു. രാജന്റെ മരണം തമിഴ് ചലച്ചിത്രലോകത്തിന് നഷ്ടം തന്നെയാണെന്നും ഈ ഒരു തീരുമാനത്തിലേക്ക് അദ്ദേഹത്തെ നയിച്ച കാരണമെന്തായാലും ദൗര്‍ഭാഗ്യകരമാണെന്നും പോസ്റ്റില്‍ പറയുന്നു. മരണമറിഞ്ഞതിനെത്തുടര്‍ന്ന് തമിഴ് സിനിമാ ലോകം ഞെട്ടിയിരിക്കുകയാണ്.

1983 ല്‍ ‘ബ്രഹ്മചാരികള്‍’ എന്ന സിനിമയിലൂടെയാണ് കെ.രാജന്‍ ചലച്ചിത്രമേഖലയിലേക്ക് കടന്ന് വരുന്നത്. ഡബിള്‍സ്, അവള്‍ പാവം, നിനയ്ക്കാത്ത നാളിലൈ തുടങ്ങിയ സിനിമകള്‍ നിര്‍മിച്ചു. ‘മൈക്കിള്‍ രാജ്’, ‘സൊന്തക്കാരന്‍’,’വീട്ടുടെ മാപ്പിളൈ’, ‘പാമ്പു സട്ടൈ’,’തുണിവ്’, ‘ബകാസുരന്‍’ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.

സിപി ജോണും ഷിബു ബേബി ജോണും സഗൗരവം; മുഖ്യമന്ത്രിയും 18 മന്ത്രിമാരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ

സിപി ജോണും ഷിബു ബേബി ജോണും സഗൗരവം; മുഖ്യമന്ത്രിയും 18 മന്ത്രിമാരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ

തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വിഡി സതീശനും പതിനെട്ട് മന്ത്രിമാരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ആര്‍എസ്പിയുടെ ഷിബു ബേബി ജോണും സിഎംപി നേതാവ് സിപി ജോണും സൗഗൗരവം ആണ് സത്യപ്രതിജ്ഞ ചെയ്തത്.

ഇത് രണ്ടാം തവണയാണ് ഷിബു ബേബി ജോണ്‍ മന്ത്രിയാകുന്നത്. 2011ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ അംഗമായിരുന്നു. ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായ ഷിബുബേബിജോണ്‍ ചവറയില്‍നിന്ന് നിയമസഭാംഗമാകുന്നത് ഇത് മൂന്നാംതവണയാണ്. നേരത്തെ 2016ലും 2021ലും ചവറയില്‍ നിന്ന് പരാജയപ്പെട്ടു.സിപി ജോണ്‍ ഇത്തവണ ആദ്യമായാണ് എംഎല്‍എയും മന്ത്രിയും ആകുന്നത്. എംവി രാഘവന് ശേഷം സിഎംപിയെ പ്രതിനിധീകരിക്കുന്ന നിയമസഭയിലെ ആദ്യഅംഗം കൂടിയാണ് സിപി ജോണ്‍. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയായിരുന്നു ജോണിന്റെ രാഷ്ട്രീയ പ്രവേശം. തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് സിപിഎം സ്ഥാനാര്‍ഥി സുധീര്‍ കരമനെയെയാണ് സിപി ജോണ്‍ തോല്‍പ്പിച്ചത്.

മുഖ്യമന്ത്രി വിഡി സതീശന്‍, പികെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, എപി അനില്‍കുമാര്‍, എന്‍ ഷംസുദ്ദീന്‍, പിസി വിഷ്ണുനാഥ്, റോജി എം ജോണ്‍, ബിന്ദു കൃഷ്ണ, എം ലിജു, കെഎം ഷാജി, പികെ ബഷീര്‍, വിഇ അബ്ദുള്‍ ഗഫൂര്‍, ടി സിദ്ദിഖ്‌. കെഎ തുളസി, ഒജെ ജനീഷ് എന്നിവര്‍ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിക്ക് പിന്നാലെ പികെ കുഞ്ഞാലിക്കുട്ടിയും ഏറ്റവും അവസാനമായി സത്യപ്രതിജ്ഞ ചെയതത് ഒജെ ജനീഷുമാണ്.

കൊല്ലൂരില്‍ വാഹനാപകടം: രണ്ട് മലയാളി യുവതികള്‍ക്ക് ദാരുണാന്ത്യം, മൂന്ന് കുട്ടികള്‍ ചികിത്സയില്‍

കൊല്ലൂരില്‍ വാഹനാപകടം: രണ്ട് മലയാളി യുവതികള്‍ക്ക് ദാരുണാന്ത്യം, മൂന്ന് കുട്ടികള്‍ ചികിത്സയില്‍

ബംഗളൂരു: കര്‍ണാടകയിലെ കൊല്ലൂരില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളി യുവതികള്‍ക്ക് ദാരുണാന്ത്യം. കൊല്ലൂരിനു സമീപം ദേളിയെന്ന സ്ഥലത്ത് രണ്ടുമണിയോടെയാണ് അപകടം.

പാല സ്വദേശിനി ആര്യ അനൂപ്, ജ്യോതി എന്നിവരാണ് മരിച്ചത്. ഏഴു മലയാളികളടക്കം എട്ട് പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ചികില്‍സയിലുള്ളവരില്‍ 3 പേര്‍ കുട്ടികളാണ്.പാലായില്‍ നിന്നു കൊല്ലൂര്‍ കുടജാദ്രിയിലേയ്ക്ക് തീര്‍ഥാടനത്തിനായി എത്തിയ സംഘം ക്ഷേത്ര ദര്‍ശനത്തിനുശേഷം കുടജാദ്രി മലയിലേക്ക് ജീപ്പില്‍ ട്രക്കിങിനായി പുറപ്പെടുകയായിരുന്നു. തിരിച്ചുവരുന്നതിനിടെ മീന്‍ലോറിയുമായി നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവര്‍ കുന്താപുരയിലെയും ഉഡുപ്പിയിലെയും ആശുപത്രികളില്‍ ചികിത്സയിലാണ്.