വിവാദങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍, കലൂരില്‍ റോഡ് ഷോ

വിവാദങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍, കലൂരില്‍ റോഡ് ഷോ

കൊച്ചി: വിവാദങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. രാവിലെ 11.29 നാണ് പ്രധാനമന്ത്രിയുടെ വിമാനം നെടുമ്പാശ്ശേരിയിലെത്തിയത്. വിമാനത്താവളത്തില്‍ സംസ്ഥാനത്തിന്റെ ഔദ്യോഗിക സ്വീകരണം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഹെലികോപ്റ്റര്‍ മാര്‍ഗം കൊച്ചി നാവികസേന ആസ്ഥാനത്തെത്തും. അവിടെ നിന്നും റോഡ് മാര്‍ഗം പ്രധാനമന്ത്രി മറൈന്‍ ഡ്രൈവിലെത്തും.

മറൈന്‍ഡ്രൈവില്‍ ധീവരസഭയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷമാണ് മോദിയുടെ ആദ്യ പരിപാടി. ഉച്ചയ്ക്ക് 12 ന് കലൂര്‍ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം കവാടത്തില്‍ നിന്നും മോദിയുടെ റോഡ് ഷോ നടക്കും.തുടര്‍ന്ന് 12.30 ന് കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഇതില്‍ റെയില്‍വേയുടെ അടക്കം പതിനായിരം കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.

അതിനുശേഷം, കലൂര്‍ സ്റ്റേഡിയത്തിലെ രണ്ടാമത്തെ വേദിയില്‍ എന്‍ഡിഎ കേരളം തെരഞ്ഞെടുപ്പ് റാലി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. എന്‍ഡിഎ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നായി അര ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കും. കേന്ദ്ര നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ചടങ്ങില്‍ ബിഡിജെഎസ്, ട്വന്റി 20, നാഷനലിസ്റ്റ് കേരള കോണ്‍ഗ്രസ് തുടങ്ങി എന്‍ഡിഎയിലെ പന്ത്രണ്ടോളം പാര്‍ട്ടികളുടെ പ്രമുഖ നേതാക്കളും പ്രവര്‍ത്തകരും അണിനിരക്കും.

തെരഞ്ഞെടുപ്പിലെ പാര്‍ട്ടി നിലപാടുകളും നീക്കങ്ങളുമായി ബന്ധപ്പെട്ടു നിര്‍ണായക പ്രഖ്യാപനങ്ങള്‍ പ്രധാനമന്ത്രി ചടങ്ങില്‍ നടത്തിയേക്കും. കണ്‍വെന്‍ഷനോടു കൂടി എന്‍ഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചരണങ്ങള്‍ക്കും തുടക്കമാകും. കേരള സന്ദർശനം പൂർത്തിയാക്കി ഉച്ചയ്ക്ക് 2.30ന് പ്രധാനമന്ത്രി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് പോകും. പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന പരിപാടിയിൽ നിന്നും സംസ്ഥാന പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു.

കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സ് & ഒന്നാം ഘട്ടം ടെർമിനൽ നിർമ്മാണ ഉദ്ഘാടനം നാളെ

കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സ് & ഒന്നാം ഘട്ടം ടെർമിനൽ നിർമ്മാണ ഉദ്ഘാടനം നാളെ

സംസ്ഥാന സർക്കാരിൻറെ വാർഷിക ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെടുത്തി പത്തു കോടി 30 ലക്ഷം രൂപ വിനിയോഗിച്ച് ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സ് & ഒന്നാം ഘട്ടം ടെർമിനൽ നിർമ്മാണ ഉദ്ഘാടനം 2026 മാർച്ച് 12 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ സജ്ജീകരിക്കുന്ന വേദിയിൽ ഗതാഗത വകുപ്പ് മന്ത്രി കെ .ബി .ഗണേഷ് കുമാർ നിർവഹിക്കും.

‘മരുമകനെയും ക്ഷണിക്കണോ? കുടുംബത്തിലെ എല്ലാവരെയും വിളിക്കണമെന്ന് എവിടെയാണ് എഴുതിയിരിക്കുന്നത്?’

‘മരുമകനെയും ക്ഷണിക്കണോ? കുടുംബത്തിലെ എല്ലാവരെയും വിളിക്കണമെന്ന് എവിടെയാണ് എഴുതിയിരിക്കുന്നത്?’

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് സംസംസ്ഥാന സര്‍ക്കാര്‍ ബഹിഷ്‌കരിക്കുന്നത് അനാവശ്യ വിവാദങ്ങളുണ്ടാക്കാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സംസ്ഥാന സര്‍ക്കാരിന്റെ തലവന്‍ മുഖ്യമന്ത്രിയാണ്. ‘പരിപാടിക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കുന്നു, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല. അത് അവര്‍ക്ക് ഒരു പ്രശ്‌നമാണെങ്കില്‍ ആയിക്കോട്ടെ. കേന്ദ്ര സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ പ്രകാരം സംസ്ഥാനത്തിന്റെ തലവനായ മുഖ്യമന്ത്രിയെ പരിപാടിക്ക് ക്ഷണിച്ചിട്ടുണ്ടെന്നും’ അദ്ദേഹം പറഞ്ഞു.

‘കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ മുഖ്യമന്ത്രിക്കൊപ്പം മരുമകനും കുടുംബവും എല്ലാവരെയും വിളിക്കണമെന്ന് എവിടെയാണ് എഴുതിയിരിക്കുന്നത്. അദ്ദേഹത്തിനൊപ്പം ആര് വരണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെ. തെരഞ്ഞെടുപ്പിന് ഇനി മുപ്പത് ദിവസമുണ്ട്. സിപിഎം വിവാദം തിരഞ്ഞ് നടക്കുന്ന പാര്‍ട്ടിയാണ്. 30 ദിവസം കഴിഞ്ഞിട്ട് പിണറായി മുഖ്യമന്ത്രി ആകില്ലെന്നും റിയാസ് മന്ത്രിയാകില്ലെന്നും അവര്‍ക്കറിയാം. എന്തെങ്കിലും ഒരു വിവാദം ഉണ്ടാക്കുകയാണ് ലക്ഷ്യം. അതില്‍ മാധ്യമങ്ങള്‍ പങ്കാളികളാകരുത്.’

പ്രധാനമന്ത്രി വരുന്ന കാര്യം ദിവസങ്ങള്‍ക്ക് മുന്നെ മുഖ്യമന്ത്രിക്കറിയാം. അന്ന് എന്തുകൊണ്ട് പറഞ്ഞില്ല. ഇതെല്ലാം വിവാദം സൃഷ്ടിക്കാനുള്ള തന്ത്രമാണെന്ന് ബഹുമാന്യനായ മുഖ്യമന്ത്രിയോട് പറയുന്നു. ഇത്തരം വിവാദങ്ങളുടെ കാലം കഴിഞ്ഞു, സര്‍ക്കാരിനെ ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കൊപ്പം ആര് വരണമെന്ന് കേന്ദ്രസര്‍ക്കാരിനോട് 7 ദിവസം മുമ്പ് എന്തുകൊണ്ട് പറഞ്ഞില്ല. ഇതെല്ലാം തെരഞ്ഞെടുപ്പിന് മുമ്പുള്ള ശ്രദ്ധതിരിക്കല്‍ തന്ത്രമാണ്. ജനങ്ങള്‍ക്ക് വേണ്ടി പ്രഖ്യാപിക്കുന്ന പദ്ധതികളുടെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക ക്വാര്‍ട്ടേഴ്‌സില്‍ ജീവനൊടുക്കി

കണ്ണൂരില്‍ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക ക്വാര്‍ട്ടേഴ്‌സില്‍ ജീവനൊടുക്കി

കണ്ണൂര്‍: പയ്യന്നൂര്‍ പിഎംശ്രീ കേന്ദ്രീയ വിദ്യാലയത്തിലെ പ്രൈമറി അദ്ധ്യാപിക ക്വാര്‍ട്ടേഴ്‌സില്‍ ജീവനൊടുക്കിയ നിലയില്‍. ഉത്തര്‍പ്രദേശ് മുസഫര്‍നഗര്‍ മെഹ്ലാക്കിയിലെ ലോകേഷ്‌കുമാറിന്റെ മകള്‍ സുരഭി പാല്‍ (29)നെയാണ് ഇന്നലെ രാത്രി ഒന്‍പതിന് കുഞ്ഞിമംഗലം എടാട്ടുള്ള ക്വാര്‍ട്ടേഴ്‌സിലെ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

2023 ഡിസംബര്‍ 13 നാണ് സുരഭിപാല്‍ പയ്യന്നൂരിലെ കേന്ദ്രീയവിദ്യാലയില്‍ അധ്യാപികയായി ചേര്‍ന്നത്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. കേന്ദ്രീയ വിദ്യാലയ പ്രിന്‍സിപ്പാള്‍ പാലക്കാട് കടമ്പൂരിലെ വെമ്മരത്തില്‍ വീട്ടില്‍ കെ രാജേന്ദ്രന്റെ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

എസ്എഫ്ഐ ജില്ലാ പ്രസിഡന്റായി വിജയ് വിമലിനെ തിരഞ്ഞെടുത്തു

എസ്എഫ്ഐ ജില്ലാ പ്രസിഡന്റായി വിജയ് വിമലിനെ തിരഞ്ഞെടുത്തു

ആറ്റിങ്ങൽ: എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ടായി വിജയ് വിമലിനെ തിരഞ്ഞെടുത്തു. നിലവിൽ എസ്എഫ്ഐയുടെ ജില്ലാ വൈസ് പ്രസിഡണ്ടായിരുന്നു. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തംഗം, കേരള സർവകലാശാല സ്റ്റുഡൻസ് കൗൺസിൽ അംഗം, കേരള സർവകലാശാല യൂണിയൻ മുൻ ചെയർമാൻ, എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറി, സിപിഎം ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാണ്. ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിൽ നിന്നും കൊമേഴ്സിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. തിരുവനന്തപുരം പേരൂർക്കട ലോ അക്കാദമി ലോ കോളേജിലെ ഒന്നാംവർഷ നിയമവിദ്യാർത്ഥിയാണ്.