by Midhun HP News | Mar 8, 2026 | Latest News, ജില്ലാ വാർത്ത
രാജ്യാനന്തരവനിതാ ദിനത്തിനോട് അനുബന്ധിച്ചു ചെമ്പകത്തിൻമൂട് ചാതുര്യ ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച നേത്ര പരിശോധനാ ക്യാമ്പിൽ വച്ച് കുടുംബശ്രീ സി ഡി എസ് വൈസ് ചെയർപേഴ്സൺ ആയി തെരഞ്ഞെടുത്ത ക്ലബ്ബിന്റെ വനിതാ വിഭാഗം ഭാരവാഹി കൂടിയായ എസ്. ജലജാഭായിയെ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർഴ്സൺ എം ഹസീന ചെമ്പകത്തിൻമൂട് ‘യുവധാര’ യിൽ വച്ച് ആദരിച്ചു.


by Midhun HP News | Mar 8, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പ്രസിദ്ധമായ പള്ളിയറ കാളിയൂട്ടിന് ഇളമ്പ ഏറത്ത് പള്ളിയറ ഭഗവതിക്ഷേത്രത്തിൽ തുടക്കമായി. വെള്ളിയാഴ്ച രാത്രി 8-ന് ഉച്ചബലിക്രിയകളോടെ കാളീനാടകത്തിന്റെ ചടങ്ങുകൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം വെളുപ്പിന് 4-ന് കലശം കെട്ടും മുടിയെടുപ്പും നടന്നു. രാത്രി 8-ന്. വെള്ളാട്ടംകളിയും കുരുത്തോലത്തുള്ളലും. എട്ടിന് രാത്രി 8-ന് നാരദൻ പുറപ്പാട്. ഒൻപതിന് രാത്രി 8-ന് നായർപുറപ്പാട്. 10-ന് രാത്രി 8-ന് ഐരാണിപ്പറ പുറപ്പാട്. 11-ന് രാത്രി 8-ന് കണിയാരുപുറപ്പാടും വേലൻ പുറപ്പാടും. 12-ന് രാത്രി 8-ന് പുലയർ പുറപ്പാട്, മുക്കണ്ണൻ പുറപ്പാട്, കള്ളുകുടിയൻ പുറപ്പാട്, പാണ്ഡുബ്രാഹ്മണൻ പുറപ്പാട്, വെളുപ്പിന് 4-ന് വള്ളി-സുബ്രഹ്മണ്യ പരിണയം, കുറത്തിമാലവയ്പ്. 13-ന് വൈകീട്ട് 4-ന് മുടിയേറ്റ് തുടർന്ന് നിലത്തിൽപ്പോരും പറണേറ്റും നടക്കും.
മൂന്നുവർഷത്തിലൊരിക്കലാണ് പള്ളിയറയിൽ കാളിയൂട്ട് നടത്തുന്നത്. കൊയ്തൊഴിഞ്ഞ പാടശേഖരത്തിനു നടുവിൽ തീർക്കുന്ന കൂറ്റൻ പറണുകളാണ് പള്ളിയറക്ഷേത്രത്തിലെ കാളിയൂട്ടിന്റെ ആകർഷകങ്ങളിലൊന്ന്. നിലത്തിൽപ്പോരിന് കാളിക്കൊപ്പം സേവകരായ കൂളികളും അരങ്ങത്തെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽനിന്നു ധാരാളമാളുകൾ ഇവിടെ കാളിയൂട്ട് ചടങ്ങുകൾക്ക് സാക്ഷ്യംവഹിക്കാനെത്തും.
നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് പള്ളിയറ കാളിയൂട്ട്. തിന്മയുടെമേൽ നന്മയുടെ വിജയം ഉദ്ഘോഷിക്കുന്ന കാളിയൂട്ടിന് ഒരു ഗ്രാമം അര ങ്ങായി മാറുന്ന സവിശേഷക്കാഴ്ചയാണ് പള്ളിയറയിലേത്. ക്ഷേത്രത്തിനു സമീപത്തായി പ്രത്യേകം തയ്യാറാക്കിയ തുള്ളൽപ്പുരയിലാണ് കാളിയൂട്ട് ചടങ്ങുകൾ നടത്തുന്നത്.


by Midhun HP News | Mar 8, 2026 | Latest News, ജില്ലാ വാർത്ത
വെഞ്ഞാറമൂട്–കോലിയക്കോട് റോഡിൽ കെ എസ് ആർ ടി സി ബസ് സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. കോലിയക്കോട് സ്വദേശിനി ഗംഗ (38) ആണ് മരിച്ചത്. സ്കൂട്ടറിൽ യുവതിയോടൊപ്പം യാത്ര ചെയ്തിരുന്ന മകൻ അമർനാഥ് (17) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
പോത്തൻകോട് ഭാഗത്തുനിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ കോലിയക്കോടിന് സമീപത്ത് വലതുവശത്തേക്ക് തിരിയുന്നതിനിടെ പിന്നിൽ നിന്നെത്തിയ കെ എസ് ആർ ടി സി ബസ് സ്കൂട്ടറിന്റെ പിന്നിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് മുന്നോട്ട് നീങ്ങി എതിരേ വന്ന കാറിൽ ഇടിക്കുകയും ചെയ്തു. കാറിനും ബസിനും ഇടയിൽ സ്കൂട്ടർ കുടുങ്ങുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗംഗയെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. റോഡിൽ നിന്ന് വീട്ടിലേക്ക് തിരിയുന്നതിനായി ഇൻഡിക്കേറ്റർ നൽകി സ്കൂട്ടർ നിർത്തി തിരിയുന്നതിനിടെയാണ് പിന്നിൽ നിന്നെത്തിയ കെ എസ് ആർ ടി സി ബസ് ഇടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.


by Midhun HP News | Mar 8, 2026 | Latest News, ജില്ലാ വാർത്ത, മരണം
19പാർവതിപുരം വാർഡിലേയും VRA 141 (വാണിഗാർഡൻസ്) അംഗവുമായ രഞ്ജിത്കുമാർ (71) നിര്യാതനായി.
ഭാര്യ: ഷീല
മക്കൾ: ദീപക്, കാവ്യ
by Midhun HP News | Mar 8, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയ്ക്കിടെ തുണിയും പഞ്ഞിയും സ്ത്രീയുടെ വയറ്റിനുള്ളിലാക്കി തുന്നിക്കെട്ടിയെന്ന സംഭവത്തില്‍ കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിയിലെ സര്‍ജന്‍ ഡോ. പ്രശാന്തിനെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. മേനംകുളം കൃഷ്‌ണേന്ദുവില്‍ ഷീബ പ്രമോദ് (47) ആണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.
വയറുവേദനയെ തുടര്‍ന്നു കഴിഞ്ഞ ഡിസംബര്‍ 3നാണ് ഷീബ ആശുപത്രിയില്‍ എത്തിയത്. സ്‌കാനിങ്ങില്‍, അപെന്റിസൈറ്റിസ് പഴുത്തു പൊട്ടിയതാണെന്നു ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്ന് അടുത്ത ദിവസം ശസ്ത്രക്രിയ നടത്തി. ഡിസംബര്‍ 12 ന് വീട്ടിലേക്കു മടങ്ങി. പിന്നീടു പലതവണ ഇതേ ആശുപത്രിയിലെത്തി മുറിവ് ഡ്രസ് ചെയ്‌തെങ്കിലും വയറില്‍ വേദന അനുഭവപ്പെടുകയും തുന്നിച്ചേര്‍ത്ത സ്ഥലത്തു മുറിവില്‍ പഴുപ്പുണ്ടായി. വീണ്ടും ഇതേ ആശുപത്രിയില്‍ എത്തി ചികിത്സ തേടിയപ്പോള്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ അവധിയിലാണെന്നും മറ്റൊരു ഡോക്ടര്‍ പരിശോധിച്ച ശേഷം കുഴപ്പമില്ലെന്നും പറയുകയായിരുന്നു. മുറിവുണങ്ങാന്‍ മരുന്നുകളും നല്‍കി.
വേദന കുറയാതെ വന്നപ്പോള്‍ ഷീബ നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തി. അവിടെ നടത്തിയ പരിശോധനയില്‍ മുറിവിന്റെ ഒരു വശത്തു കൂടി നൂല്‍ പുറത്തുവന്നത് കണ്ടെത്തി. വിശദമായ പരിശോധനയില്‍ വയറ്റിനുള്ളില്‍ തുണിയും പഞ്ഞിയുടെ ഭാഗങ്ങളും ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. വീണ്ടും കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തുകയും ഫെബ്രുവരി 4നു വീണ്ടും ശസ്ത്രക്രിയ നടത്തി. തുണിയുടെയും പഞ്ഞിയുടെയും ഭാഗങ്ങള്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.


Recent Comments