എണ്ണവിലയില്‍ വന്‍ കുതിപ്പ്, ബാരലിന് 114 ഡോളര്‍ കടന്നു; 23 ശതമാനത്തിന്റെ വര്‍ധന

എണ്ണവിലയില്‍ വന്‍ കുതിപ്പ്, ബാരലിന് 114 ഡോളര്‍ കടന്നു; 23 ശതമാനത്തിന്റെ വര്‍ധന

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ, ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. 2022 മുതൽ പരിശോധിച്ചാല്‍ ആദ്യമായി അസംസ്‌കൃത എണ്ണവില ബാരലിന് 114 ഡോളറില്‍ എത്തി. ഇറാനെതിരെ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനിക നീക്കത്തെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലെ എണ്ണ ഉല്‍പ്പാദനവും കയറ്റുമതിയും തടസ്സപ്പെട്ടതിനാലാണ് എണ്ണവില കുത്തനെ ഉയര്‍ന്നത്.

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ 23 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബാരലിന് 114 ഡോളറിന് മുകളില്‍ എത്തിയിരിക്കുകയാണ് വില. വെള്ളിയാഴ്ചത്തെ ക്ലോസിങ് വിലയായ 92.69 ഡോളറില്‍ നിന്ന് 16.5 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. അമേരിക്കയില്‍ ഉല്‍പ്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയായ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റും ബാരലിന് 114 ഡോളറിനാണ് വില്‍പ്പന നടത്തുന്നത്. വെള്ളിയാഴ്ചത്തെ ക്ലോസിങ് നിരക്കായ ബാരലിന് 90.90 ഡോളറിനേക്കാള്‍ 25 ശതമാനത്തിന്റെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്.

യുഎസ് ക്രൂഡ് ഓയില്‍ വിലയില്‍ കഴിഞ്ഞയാഴ്ച 36 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വിലയില്‍ കഴിഞ്ഞയാഴ്ച ഉണ്ടായ വര്‍ധന 28 ശതമാനമാണ്. പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നുള്ള എണ്ണയുടെയും വാതകത്തിന്റെയും ഉല്‍പ്പാദനത്തിലും വിതരണത്തിലും നിര്‍ണായക പങ്കുവഹിച്ചിരുന്ന രാജ്യങ്ങള്‍ കുരുക്കിലായിരിക്കുകയാണ്.

ലോക എണ്ണ ആവശ്യകതയുടെ ഏകദേശം 20 ശതമാനം വരുന്ന ഏകദേശം 15 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ സാധാരണയായി എല്ലാ ദിവസവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് കയറ്റുമതി ചെയ്യുന്നതെന്ന് സ്വതന്ത്ര ഗവേഷണ സ്ഥാപനമായ റിസ്റ്റാഡ് എനര്‍ജി പറയുന്നു. ഇറാനിയന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുടെ ഭീഷണി കാരണം സൗദി അറേബ്യ, കുവൈറ്റ്, ഇറാഖ്, ഖത്തര്‍, ബഹ്റൈന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്ന് എണ്ണയും വാതകവും കൊണ്ടുപോകുന്ന ടാങ്കറുകള്‍ ഇറാന്‍ കടലിടുക്കിലൂടെ സഞ്ചരിക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്.

ഇറാഖ്, കുവൈറ്റ്, യുഎഇ എന്നീ രാജ്യങ്ങള്‍ എണ്ണ ഉല്‍പാദനം കുറച്ചിരിക്കുകയാണ്. ക്രൂഡ് കയറ്റുമതി കുറഞ്ഞതിനാല്‍ സംഭരണ ടാങ്കുകള്‍ നിറയുകയാണ്. യുദ്ധം ആരംഭിച്ചതിനുശേഷം ഇറാന്‍, ഇസ്രായേല്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവ എണ്ണ, വാതക സൗകര്യങ്ങള്‍ ആക്രമിച്ചിട്ടുണ്ട്. ഇത് വിതരണ ആശങ്കകള്‍ രൂക്ഷമാക്കിയിട്ടുണ്ട്.

‘സൗദിയിലുള്ളവര്‍ മടങ്ങണം’, പൗരന്‍മാരെ തിരിച്ചുവിളിച്ച് അമേരിക്ക

‘സൗദിയിലുള്ളവര്‍ മടങ്ങണം’, പൗരന്‍മാരെ തിരിച്ചുവിളിച്ച് അമേരിക്ക

റിയാദ്: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലെ പൗരന്‍മാരെ തിരിച്ചുവിളിച്ച് അമേരിക്ക. സൗദി അറേബ്യയിലുള്ള അവശ്യ സേവനമേഖലയ്ക്ക് പുറത്തുള്ള ജീവനക്കാരും, കുടുംബാംഗങ്ങളും ഉടന്‍ മടങ്ങണമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ നിര്‍ദേശം. സുരക്ഷാ വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.

ഇസ്രേയേല്‍ – യുഎസ് ആക്രമണത്തിന് മറുപടിയായി ഇറാന്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ തിരിച്ചടിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. കഴിഞ്ഞ ദിവസങ്ങളില്‍ സൗദിക്ക് നേരെ ഇറാന്‍ ശക്തമായ ആക്രമണമാണ് നടത്തിയത്. ഇതിന് പിന്നാലെയാണ് യുഎസ് തങ്ങളുടെ പൗരന്‍മാരെ തിരിച്ചുവിളിച്ചിരിക്കുന്നത്. ഫെബ്രുവരി 28 ന് ആരംഭിച്ച പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് യുഎസ് മേഖലയിലെ തങ്ങളുടെ പൗരന്‍മാര്‍ക്കായി ഇത്തരം ഒരു നിര്‍ദേശം പുറപ്പെടുവിക്കുന്നത്.

ഒറ്റയടിക്ക് 1440 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 1,20,000ല്‍ താഴെ

ഒറ്റയടിക്ക് 1440 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 1,20,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 1440 രൂപ കുറഞ്ഞതോടെ സ്വര്‍ണവില വീണ്ടും 1,20,000ല്‍ താഴെയെത്തി. 1,18,560 രൂപയാണ് പുതിയ പവന്‍ വില. ഗ്രാമിന് ആനുപാതികമായി 180 രൂപയാണ് കുറഞ്ഞത്. 14,820 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. ആറുദിവസത്തിനിടെ 8000ല്‍പ്പരം രൂപ ഇടിഞ്ഞ ശേഷം കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിഞ്ഞത്.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

സര്‍വം സഞ്ജുമയം, മൂന്നാം തവണയും ടി20 ലോകകപ്പ് ഉയര്‍ത്തി ഇന്ത്യ; കലാശപ്പോരില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്തത് 96 റണ്‍സിന്

സര്‍വം സഞ്ജുമയം, മൂന്നാം തവണയും ടി20 ലോകകപ്പ് ഉയര്‍ത്തി ഇന്ത്യ; കലാശപ്പോരില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്തത് 96 റണ്‍സിന്

അഹമ്മദാബാദ്: ടി20 ലോകകപ്പ് നിലനിര്‍ത്തി ഇന്ത്യ. ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും ലോകകിരീടം ഉയര്‍ത്തിയത്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ സഞ്ജു സാംസണിന്റെ (46 പന്തില്‍ 89) ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഇഷാന്‍ കിഷന്‍ (25 പന്തില്‍ 54), അഭിഷേക് ശര്‍മ (21 പന്തില്‍ 52) എന്നിവര്‍ നിര്‍ണായക പിന്തുണ നല്‍കി. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 19 ഓവറില്‍ 159 റണ്‍സിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ജസ്പ്രിത് ബുംറയാണ് ന്യൂസിലഡിനെ തകര്‍ത്തത്. 26 പന്തില്‍ 52 റണ്‍സ് നേടിയ ടിം സീഫെര്‍ട്ടാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍.

മിച്ചല്‍ സാന്റ്‌നര്‍ (35 പന്തില്‍ 43), ഡാരില്‍ മിച്ചല്‍ (17) എന്നിവര്‍ മാത്രമാണ് ന്യൂസിലന്‍ഡ് നിരയില്‍ രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. പവര്‍ പ്ലേയില്‍ തന്നെ ന്യൂസിലന്‍ഡിന് ഫിന്‍ അലന്‍ (9), രചിന്‍ രവീന്ദ്ര (1), ഗ്ലെന്‍ ഫിലിപ്‌സ് (5) എന്നിവരുടെ വിക്കറ്റ് നഷ്ടമായിരുന്നു. കൂടെ മാര്‍ക് ചാപ്മാന്‍ (3), സീഫെര്‍ട്ട് എന്നിവര്‍ കൂടി മടങ്ങിയതോടെ അഞ്ചിന് 72 എന്ന നിലയിലായി ന്യൂസിലന്‍ഡ്. മിച്ചല്‍ – സാന്റ്‌നര്‍ സഖ്യം അല്‍പനേരം പിടിച്ചുനിന്നെങ്കിലും ബുമ്രയുടെ വരവില്‍ ന്യൂസിലന്‍ഡ് കീഴടങ്ങി. ജയിംസ് നീഷം (8), മാറ്റ് ഹെന്റി (0), ജേക്കബ് ഡഫി (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ലോക്കി ഫെര്‍ഗൂസണ്‍ (6) പുറത്താവാതെ നിന്നു.

നേരത്തെ, തകര്‍പ്പന്‍ തുടക്കമാണ് സഞ്ജു – അഭിഷേക് സഖ്യം ഇന്ത്യക്ക് നല്‍കിയത്. 98 റണ്‍സാണ് ഇരുവരും ഒന്നാം വിക്കറ്റില്‍ ചേര്‍ത്തത്. ഫോമിലേക്ക് തിരിച്ചെത്തിയ അഭിഷേക് 21 പന്തില്‍ 52 റണ്‍സ് നേടി. മൂന്ന് സിക്‌സും ആറ് ഫോറും നേടിയ അഭിഷേക് എട്ടാം ഓവറില്‍ രചിന്‍ രവീന്ദ്രയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന കിഷന്‍ – സഞ്ജു സഖ്യം 105 റണ്‍സ് കൂടി കൂട്ടിചേര്‍ത്തു. 15-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. നീഷമിന്റെ ആദ്യ പന്തില്‍ സഞ്ജു മടങ്ങി. ലോംഗ് ഓണില്‍ കോള്‍ മക്‌കോഞ്ഞിക്ക് ക്യാച്ച്. എട്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്.

വിമൺ’സ് ദന്തൽ കൗൺസിലിന്റെ നേതൃത്വത്തിൽ ‘പിങ്ക് റിബൺ ഡ്രൈവ്’ സംഘടിപ്പിച്ചു

വിമൺ’സ് ദന്തൽ കൗൺസിലിന്റെ നേതൃത്വത്തിൽ ‘പിങ്ക് റിബൺ ഡ്രൈവ്’ സംഘടിപ്പിച്ചു

ഇന്ത്യൻ ദന്തൽ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ച് വിമൺ’സ് ദന്തൽ കൗൺസിലിന്റെ നേതൃത്വത്തിൽ വനിതാദിനത്തോടനുബന്ധിച്ച് ഹോട്ടൽ സാവിത്രിയിൽ ‘പിങ്ക് റിബൺ ഡ്രൈവ്’ എന്ന പരിപാടി സംഘടിപ്പിച്ചു.

ഡബ്ലിയു ഡി സി പ്രതിനിധികളായ ഡോക്ടർ പ്രിയ ലക്ഷ്മി, ഡോ.ഷെറിൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഐ ഡി എ ആറ്റിങ്ങൽ പ്രസിഡന്റ് ഡോക്ടർ രാഖി രാകേഷ്, ഐ ഡി എ ആറ്റിങ്ങൽ മുൻ പ്രസിഡന്റ് ഡോക്ടർ ദീപ തുടങ്ങിയവർ അധ്യക്ഷത വഹിച്ചു. ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ്റ് ആയ ഡോ. അനില ട്രീസ ആലുക്കൽ, സ്‌തനാർബുദത്തെ കുറിച്ച് അവബോധ ക്ലാസ് നടത്തി.

കൂടാതെ പരിപാടിയിൽ വിമൺ’സ് ദന്തൽ കൗൺസിൽ, സ്ത്രീശക്തി അവാർഡ് ഐ ഡി എ മെമ്പറായ ഡോക്ടർ അദീനയ്ക്ക് നൽകി ആദരിക്കുകയും ചെയ്തു. ക്ലാസിനോടനുബന്ധിച്ച് സ്‌തനാർബുദ പരിശോധനയും നടത്തി.