പോറ്റിയെ കേറ്റിയത് കെ സി വേണുഗോപാൽ ? സ്വർണക്കൊള്ളയുടെ ആസൂത്രകൻ ശബരിമലയിൽ എത്തിയത് 2004 ൽ

പോറ്റിയെ കേറ്റിയത് കെ സി വേണുഗോപാൽ ? സ്വർണക്കൊള്ളയുടെ ആസൂത്രകൻ ശബരിമലയിൽ എത്തിയത് 2004 ൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സർക്കാരിനെതിരെ കോൺഗ്രസ് ആക്രമണം ശക്തമാക്കുമ്പോൾ, കൊള്ളയുടെ മുഖ്യ സൂത്രധാരൻ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ എത്തിയത് എന്നെന്ന ചോദ്യം ചർച്ചയാവുന്നു. കോൺഗ്രസ് നേതാക്കളായ ജി കാർത്തികേയനും കെ സി വേണുഗോപാലും ദേവസ്വം മന്ത്രിമാരായിരുന്ന കാലയളവിലാണ് പോറ്റി ശബരിമലയിൽ എത്തിയതെന്നാണ് വിവരം.

തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്ത് സ്വദേശിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. 2004ലാണ്, ശബരിമലയില്‍ കീഴ്ശാന്തിയുടെ സഹായിയായി ഉണ്ണികൃഷ്ണന്‍ പോറ്റി എത്തിയത്. ഈ സമയത്ത് ശബരിമലയിലെ താന്ത്രികച്ചുമതല കണ്ഠരര് രാജീവരായിരുന്നു. വളരെപ്പെട്ടെന്നു തന്നെ പരികര്‍മികളില്‍ പ്രധാനിയായി ഉണ്ണികൃഷ്ണന്‍ പോറ്റി മാറി. കണ്ഠരര് രാജീവരും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ 2004 ന് മുമ്പേ തന്നെ ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

2004 നു മുമ്പ് ഉണ്ണികൃഷ്ണന്‍ പോറ്റി ബംഗളൂരുവിലെ ശ്രീരാംപുര അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്നു. ഈ ക്ഷേത്രത്തിലെ തന്ത്രി കണ്ഠരര് രാജീവരാണ്. ഈ സമയത്ത് ഇരുവരും തമ്മില്‍ അടുപ്പം തുടങ്ങിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. കീഴ്ശാന്തിയുടെ സഹായിയായി തുടങ്ങിയ ഉണ്ണികൃഷ്ണന്‍ പോറ്റി, വളരെപ്പെട്ടെന്നു തന്നെ സന്നിധാനത്തെ പ്രധാനികളിലൊന്നായി വളര്‍ന്നു. 2007-ലെ ഉത്സവച്ചടങ്ങുകളില്‍ തന്ത്രിയുടെ പിന്നില്‍ പ്രധാന റോളില്‍ ഉണ്ണികൃഷ്ണന്‍ നില്‍ക്കുന്ന ചിത്രവും പുറത്തു വന്നിരുന്നു.

വര്‍ഷങ്ങള്‍ക്കുള്ളില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെയും ദേവസ്വം മന്ത്രി അടക്കമുള്ള ഉന്നതരുടെയും അടുത്തയാളായി മാറുന്ന പോറ്റിയെയാണ് എല്ലാവരും കണ്ടത്. ഇടക്കാലത്ത് പൂജകളില്‍ നിന്നു മാറിയ പിന്നീട് സ്‌പോണ്‍സറായി വീണ്ടും ശബരിമലയില്‍ രംഗത്തെത്തി. ആദ്യം ശബരിമലയില്‍ സ്വര്‍ണം പൊതിഞ്ഞ വാതില്‍ മാറ്റി പുതിയ വാതില്‍ നിര്‍മ്മിച്ച് സ്വര്‍ണം പൂശി നല്‍കി. മറ്റു സംസ്ഥാനങ്ങളിലെ സമ്പന്നരെ ശബരിമലയുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി വളര്‍ന്നു. തന്ത്രിയും പോറ്റിയുംതമ്മില്‍ അടുത്തബന്ധം ഉണ്ടായിരുന്നതായും, കാലാകാലങ്ങളായി ഇരുവരും ഈ ബന്ധം കാത്തുസൂക്ഷിച്ചിരുന്നതായും എസ്ഐടി സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ മേല്‍പ്പാലം, അരൂര്‍- തുറവൂര്‍ ഉയരപ്പാത നിര്‍മാണം അവസാന ഘട്ടത്തില്‍

രാജ്യത്തെ ഏറ്റവും വലിയ മേല്‍പ്പാലം, അരൂര്‍- തുറവൂര്‍ ഉയരപ്പാത നിര്‍മാണം അവസാന ഘട്ടത്തില്‍

കൊച്ചി: ദേശീയപാത 66ലെ അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള ഉയരപ്പാത നിര്‍മാണം അവസാന ഘട്ടത്തില്‍. 86 ശതമാനം പണികള്‍ പൂര്‍ത്തിയായി. നാലിടത്തായി 40 ഗര്‍ഡറുകള്‍ മാത്രമാണ് സ്ഥാപിക്കാനുള്ളത്. 2605 ഗര്‍ഡറുകള്‍ ഇതിനകം സ്ഥാപിച്ചു. 374 ഒറ്റത്തൂണുകളിലാണ് 12 കിലോമീറ്റര്‍ ആറുവരിപ്പാത കടന്നുപോകുന്നത്.

രാജ്യത്തെ ഏറ്റവും വലിയ മേല്‍പ്പാലമാണ് അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളിലൂടെ ഒരുങ്ങുന്നത്. ഇനി അരൂര്‍ പള്ളി ജംഗ്ഷനില്‍ 10 ഗര്‍ഡറുകള്‍ ഉയര്‍ത്താനുണ്ട്. ഇവിടെ ജോലികള്‍ പുരോഗമിക്കുകയാണ്.

ഫോണുകള്‍ കസ്റ്റഡിയില്‍, ഡിജിറ്റല്‍ തെളിവുകള്‍ നിരത്തി എസ്‌ഐടി; പൊലീസിനോട് നിസ്സഹകരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ഫോണുകള്‍ കസ്റ്റഡിയില്‍, ഡിജിറ്റല്‍ തെളിവുകള്‍ നിരത്തി എസ്‌ഐടി; പൊലീസിനോട് നിസ്സഹകരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

പത്തനംതിട്ട : ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ചോദ്യം ചെയ്യലിനോട് നിസ്സഹകരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്തനംതിട്ട എ ആര്‍ ക്യാംപില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള ഡിഐജി ജി പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ ഐ ഫോണിന്റെ പാസ് വേര്‍ഡ് രാഹുല്‍ മാങ്കൂട്ടത്തില്‍ പൊലീസിനോട് വെളിപ്പെടുത്താന്‍ വിസമ്മതിച്ചു എന്നാണ് റിപ്പോര്‍ട്ട്.

പരാതിക്കാരിയെ അറിയില്ലെന്നും, വിദേശത്തു നിന്നും ഇമെയിലായി വന്ന പരാതിയില്‍ കഴമ്പില്ലെന്നുമാണ് രാഹുല്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം നിരത്തിയാണ് എസ്‌ഐടി ചോദ്യം ചെയ്തത്. ഇതോടെ രാഹുലിന് ചോദ്യങ്ങളില്‍ മറുപടിയുണ്ടായില്ല. പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ പൊലീസ് ശേഖരിച്ചിരുന്നു. തുടര്‍ന്ന് കൃത്യമായ തെളിവുകള്‍ എല്ലാം പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ശേഖരിച്ചിരുന്നു.

തെളിവുകള്‍ നിരത്തിയുള്ള നിരന്തര ചോദ്യം ചെയ്യലില്‍ യുവതിയെ അറിയാമെന്ന് രാഹുല്‍ സമ്മതിച്ചു. ബലാത്സംഗം ചെയ്തിട്ടില്ല. ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നത്. ഭ്രൂണഹത്യയ്ക്ക് നിര്‍ബന്ധിച്ചിട്ടില്ല. സാമ്പത്തിക ചൂഷണം ഉണ്ടായിട്ടില്ലെന്നും രാഹുല്‍ എസ്‌ഐടിയോട് പറഞ്ഞുവെന്നാണ് സൂചന. 2024 ഏപ്രില്‍ മാസത്തിലാണ് ക്രൂര പീഡനം നടന്നത്. ഗര്‍ഭിണിയായപ്പോള്‍ കുഞ്ഞ് തന്റേതല്ല, മറ്റാരുടേതായിരിക്കും എന്ന് രാഹുല്‍ പറഞ്ഞുവെന്നും യുവതി പരാതിയില്‍ പറഞ്ഞു.

സൈബര്‍, ഫോറന്‍സിക്, വിരലടയാള വിദഗ്ധരെയെല്ലാം രാഹുലിനെ ചോദ്യം ചെയ്യുന്ന പത്തനംതിട്ട എ ആര്‍ ക്യാംപിലെത്തിച്ചിരുന്നു. ഹോട്ടലില്‍ നിന്നും കസ്റ്റഡിയിലെടുത്തത് അടക്കമുള്ള തെളിവുകള്‍ പരിശോധിക്കാനാണ് സംഘത്തെയെത്തിച്ചത്. രാഹുലിന്റെ ഫോണുകളെല്ലാം വിശദ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയയ്ക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ചോദ്യം ചെയ്യലിനുശേഷം ഇന്നു തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനാണ് എസ്‌ഐടിയുടെ നീക്കം.

മൂന്നാം ബലാത്സംഗക്കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്തത്. പാലക്കാട്ടെ ഹോട്ടലില്‍ നിന്നും രാത്രി 12.30 ഓടെയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ക്രൂരമായ ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭഛിദ്രവും, സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച് പത്തനംതിട്ട സ്വദേശിനി ഇ-മെയില്‍ വഴി നല്‍കിയ പരാതിയിലാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. യുവതി അടുത്ത ദിവസം നാട്ടിലെത്തി അന്വേഷണ സംഘത്തിനു നേരിട്ട് മൊഴി നല്‍കുമെന്നാണ് സൂചന.

വർക്കലയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു

വർക്കലയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു

വർക്കല ഇടവ ജനതാ മുക്ക് ഗേറ്റിന് സമീപം ട്രെയിൻ തട്ടി ഒരാൾ മരിച്ചു. കാപ്പിൽ അമ്പാടിയിൽ സുനിൽകുമാർ 41 ആണ് മരണപ്പെട്ടത്. കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന വഞ്ചിനാട് എക്സ്പ്രസ് ആണ് തട്ടിയത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.

നിയുക്തി മെഗാ തൊഴിൽമേള, ജനുവരി 31 ന് തിരുവനന്തപുരത്ത്

നിയുക്തി മെഗാ തൊഴിൽമേള, ജനുവരി 31 ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മേഖല ‘നിയുക്തി മെഗാ തൊഴിൽ മേള 2025-26’ നടത്തുന്നു. ജനുവരി 31ന് ആണ് മെഗാ തൊഴിൽ മേള നടക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ളവർക്ക് ഇതിൽ പങ്കെടുക്കാം.

തിരുവനന്തപുരം പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ വച്ചാണ് നിയുക്തി മെഗാ തൊഴിൽ മേള നടക്കുക.

തൊഴിൽ മേളയിൽ ഐ ടി, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, പാരാമെഡിക്കൽ, മാനേജ്മെന്റ്, ടെക്‌നിക്കൽ, മാർക്കറ്റിങ്, മേഖലകളിലെ തൊഴിൽ ദായകർ പങ്കെടുക്കും.എസ് എസ് എൽസി, പ്ലസ്ടു, ബിരുദം, ഐ ടി ഐ, ഡിപ്ലോമ, ബിടെക്, നഴ്സിങ്, പാരാമെഡിക്കൽ, ട്രാവൽ ആൻഡ് ടൂറിസം യോഗ്യതയുള്ളവർക്കായി നിരവധി ഒഴിവുകളുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

കൂടുതൽവിവരങ്ങൾക്ക് ഫോൺ: 8921916220 (തിരുവനന്തപുരം), 8304852968 (കൊല്ലം), 8304057735 (ആലപ്പുഴ), 9496443878 (പത്തനംതിട്ട).