by Midhun HP News | Jan 7, 2026 | Latest News, കേരളം
കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കക്ഷി ചേരാനുള്ള അതിജീവിതയുടെ അപേക്ഷയും സിംഗിള്‍ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് എ.ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് അപേക്ഷയും പരിഗണിക്കുക.
രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.എസ്ഐടി രജിസ്റ്റര്‍ ചെയ്ത ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അന്തിമ തീരുമാനം എടുക്കുംവരെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.
ബലാത്സംഗം, വിവാഹ വാഗ്ദാനം നല്കി പീഡനം, ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കല്‍, വീട്ടില്‍ അതിക്രമിച്ചുകയറല്‍ തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്. ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പരാതിക്കാരിയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസില്‍ തന്നെയും കക്ഷിചേര്‍ക്കണമെന്നും തന്നെ കേള്‍ക്കണമെന്നും സൈബര്‍ ആക്രമണം നേരിടുന്നതായും അതിജീവിത പരാതിയില്‍ പറയുന്നു.
by Midhun HP News | Jan 6, 2026 | Latest News, കേരളം
മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേക്ഷകർ. ചിത്രം ഏപ്രിലിൽ എത്തുമെന്നും വലിയ പ്രതീക്ഷകളില്ലാതെ വേണം തിയറ്ററിൽ വരാനെന്നും ജീത്തു ജോസഫ് പറഞ്ഞു. രാജഗിരി ആശുപത്രിയിൽ ആരംഭിച്ച സെന്റർ ഫോർ അഡ്വാൻസ്ഡ് യൂറോ-ഓങ്കോളജിയുടെ ഉദ്ഘാടന വേദിയിലാണ് ജീത്തു ജോസഫ് സിനിമയുടെ റിലീസിനെക്കുറിച്ച് സൂചന നൽകിയത്.
ദൃശ്യം 3’ക്കായി കാത്തിരിക്കുകയാണെന്ന് സ്വാഗത പ്രസംഗത്തിൽ യൂറോളജി വിഭാഗം മേധാവി ഡോ ബാലഗോപാൽ നായർ പറഞ്ഞതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സിനിമയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ പോലെയാണ് ജീവിതത്തിൽ രോഗങ്ങൾ കടന്നുവരുന്നതെന്നും, എന്നാൽ ആത്മവിശ്വാസത്തോടെ പോരാടുക എന്നതാണ് പ്രധാനമെന്നും ജീത്തു ജോസഫ് അഭിപ്രായപ്പെട്ടു.
ദൃശ്യം ഒരുപാട് ആളുകളെ സ്വാധീനിച്ച സിനിമയാണ്. അതിന്റെ തന്നെ വലിയ ഭാരം ഉള്ളിലുണ്ട്. അതുകൊണ്ട് വലിയ പ്രതീക്ഷകളൊന്നുമില്ലാതെ ഏപ്രിൽ ആദ്യവാരം ചിത്രം തിയറ്ററിൽ കാണാം. അതിന്റെ ഔദ്യോഗിക റിലീസ് പ്രഖ്യാപനം ഉടനുണ്ടാകും.
ജനുവരി 30ന് എന്റെ മറ്റൊരു സിനിമയായ ‘വലതുവശത്തെ കള്ളൻ’ റിലീസ് ചെയ്യുന്നുണ്ട്. ഒരു നല്ല സിനിമയായിരിക്കും, എനിക്കു നല്ല ആത്മവിശ്വാസമുണ്ട്.’’–ജീത്തു ജോസഫ് പറഞ്ഞു. ദൃശ്യം 3യുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ.
by Midhun HP News | Jan 6, 2026 | Latest News, കേരളം
പാലക്കാട്: വൈദ്യുതി കുടിശ്ശിക അരലക്ഷം രൂപ കടന്നതോടെ എംവിഡിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബന്ധം വിഛേദിച്ചതോടെ പാലക്കാട് ജില്ലയിലെ മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനവും നിലച്ചു. ഇതോടെ എഐ ക്യാമറകളുടെ നിരീക്ഷണവും സാങ്കേതിക സംവിധാനങ്ങളും ഒരുക്കുന്ന ഓഫീസ് പ്രവര്‍ത്തനം ഇരുട്ടിലായി.
വകുപ്പിന്റെ ആകെയുള്ള 5 ഇലക്ട്രോണിക് വാഹനങ്ങളും ചാര്‍ജ് ചെയ്യാനാവാത്ത സ്ഥിതിയില്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകളുടെ പ്രവര്‍ത്തനവും നിശ്ചലമായി.
ഫ്യൂസ് ഊരിയതോടെ പാലക്കാട് ജില്ലയിലെ 6 താലൂക്കുകളിലായി സ്ഥാപിച്ച 47 എഐ കാമറകളുടെ നിരീക്ഷണ സംവിധാനവും നിലച്ചു. ഇതോടെ വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുന്ന പ്രവര്‍ത്തനവും നിര്‍ത്തിവച്ചു.
എഐ കാമറകളിലൂടെയും സ്ക്വാഡുകളുടെ നേരിട്ടുള്ള പരിശോധനയിലും പിടികൂടുന്ന ഗതാഗത നിയമലംഘനത്തിനും പിഴത്തുകയും മറ്റുമായി മാസം രണ്ടരക്കോടി രൂപയുടെ വരുമാനം സര്‍ക്കാരിന് നല്കുന്ന ഓഫീസാണ് ഇത്. നേരത്തെ ഓഫീസ് മെയ്ന്റനന്‍സ് ചുമതലയുള്ള കെല്‍ട്രോണ്‍ അടച്ചിരുന്ന വൈദ്യുതി ബില്‍ കഴിഞ്ഞ വര്‍ഷം ജനുവരി മുതലാണ് മോട്ടോര്‍ വാഹന വകുപ്പിന് കൈമാറിയത്. ബില്‍ കൃത്യമായി അടച്ചിരുന്നെങ്കിലും നവംബര്‍ മുതല്‍ കുടിശികയായി.
നേരത്തേ ഓഫിസ് മെയ്ന്റനന്‍സ് ചുമതലയുള്ള കെല്‍ട്രോണ്‍ അടച്ചിരുന്ന വൈദ്യുതി ബില്‍ കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ മോട്ടര്‍ വാഹന വകുപ്പിനു കൈമാറി. ആദ്യ മാസങ്ങളില്‍ സംസ്ഥാന ഫിനാന്‍സ് വകുപ്പിനു കൈമാറിയിരുന്ന ബില്‍ കൃത്യമായി അടച്ചിരുന്നെങ്കിലും നവംബര്‍ മുതല്‍ കുടിശിക വരുകയായിരുന്നു. പോയ മാസവും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ മുഖേന ഫിനാന്‍സ് വിഭാഗത്തിനു ബില്‍ കൈമാറിയെങ്കിലും തുക കൈമാറിയിട്ടില്ലെന്നാണു ആര്‍ടിഒ അറിയിക്കുന്നത്.
by Midhun HP News | Jan 6, 2026 | Latest News, കേരളം
രാജ്യത്തെ വിവിധ കേന്ദ്ര സർവകലാശാലകളിലും പ്രമുഖ കോളേജുകളിലും ബിരുദതല പ്രോഗ്രാമുകളിൽ പ്രവേശനം നേടാനുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് – അണ്ടർ ഗ്രാജ്വേറ്റ് (CUET-UG) 2026-ന് ഇപ്പോൾ അപേക്ഷിക്കാം.
നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ഈ ഒരു പരീക്ഷയിലൂടെ രാജ്യത്തെ വിവിധ കോളേജുകളിൽ ബിരുദ പ്രവേശനത്തിന് അവസരം ലഭിക്കും എന്നതാണ് പ്രത്യേകത. പരീക്ഷ മേയ് 11-നും 31-നും ഇടയിലാണ് നടക്കുന്നത്.
വിദ്യാർത്ഥികൾക്ക് https://cuet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ നൽകാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 30.
കേരളത്തിലെ എല്ലാ ജില്ലകളിലും ലക്ഷദ്വീപിലെ കവരത്തിയിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ദുബൈ,ഷാർജ,അബുദാബി,മനാമ,ദോഹ,കുവൈത്ത്,മസ്കത്ത്,റിയാദ്,സിംഗപ്പൂർ,വാഷിഗ്ടൺ തുടങ്ങിയ സ്ഥലങ്ങളിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്.
വിദ്യാർത്ഥിക്ക് 4 പരീക്ഷ കേന്ദ്രങ്ങൾ വരെ തെരഞ്ഞെടുക്കാം. ജനറൽ കാറ്റഗറി വിഭാഗത്തിന് 1000 രൂപയും, ഒ.ബി.സി (എൻ.സി.എൽ), ഇ.ഡബ്ല്യു.എസ് വിഭാഗത്തിന് 900 രൂപയും, എസ്.സി, എസ്.ടി, പി.ഡബ്ല്യു.ബി.ഡി എന്നിവർക്ക് 800 രൂപയുമാണ് അപേക്ഷ ഫീസ്.
CUET UG 2026 അപേക്ഷാ പ്രക്രിയ
Step 1: ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക – cuet.nta.nic.in
Step 2: CUET UG 2026 രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Step 3: വ്യക്തിഗത വിവരങ്ങൾ നൽകി CUET UG ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുക.
Step 4: വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ നൽകി ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുക.
Step 5: നിശ്ചയിച്ചിരിക്കുന്ന ഫോർമാറ്റിൽ ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത ചിത്രങ്ങൾ അപ്ലോഡ് ചെയ്യുക.
Step 6: ഓൺലൈൻ പേയ്മെന്റ് മാർഗം വഴി അപേക്ഷാ ഫീസ് അടയ്ക്കുക.
Step 7: CUET UG 2026 അപേക്ഷാ ഫോം സമർപ്പിച്ച് ഡൗൺലോഡ് ചെയ്യുക.
ഒരാൾക്ക് ഒരു അപേക്ഷ മാത്രമേ സമർപ്പിക്കാനാകൂ കൂടാതെ എൻടിഎയുടെ നിർദേശങ്ങൾ കർശനമായി പാലിച്ചിരിക്കണം. അപേക്ഷ സംബന്ധിച്ച സംശയങ്ങൾക്ക് 011-40759000 എന്ന നമ്പറിലോ cuet-ug@nta.ac.in എന്ന ഇമെയിലിലോ ബന്ധപ്പെടാം.
by Midhun HP News | Jan 6, 2026 | Latest News, കേരളം
ന്യൂഡല്‍ഹി: ഉദ്ഘാടനത്തിന് തയ്യാറെടുത്ത് ഇന്ത്യന്‍ റെയില്‍വേയുടെ ഏറ്റവും പുതിയ ട്രെയിനായ വന്ദേഭാരത് സ്ലീപ്പര്‍. റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ അവസാന അതിവേഗ പരീക്ഷണം കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കി. കൊല്‍ക്കത്ത-ഗുവാഹത്തി പാതയിലാണ് ആദ്യ സര്‍വീസ്. ഇതുള്‍പ്പെടെ ഈ വര്‍ഷം 12 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ പുറത്തിറങ്ങുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ഇതില്‍ രണ്ട് ട്രെയിനുകള്‍ കേരളത്തിന് കിട്ടിയേക്കുമെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ വന്ദേഭാരത് ട്രെയിനിന് മുന്‍ഗണന നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ആദ്യ സര്‍വീസ് നടക്കാനിരിക്കുന്ന അസമും ബംഗാളും കേരളത്തിനൊപ്പം തെരഞ്ഞടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളാണ്. അങ്ങനെയാണെങ്കില്‍ തിരുവനന്തപുരം-ചെന്നൈ റൂട്ടിലാകും കേരളത്തിലേക്കുള്ള ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ഓടുക. തിരുവനന്തപുരം-ബെംഗളൂരു പാതയാണ് രണ്ടാമത് പരിഗണനയിലുള്ളത്. ഈ വര്‍ഷം അവസാനം 12 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ട്രാക്കുകളിലെത്തും. അടുത്ത വര്‍ഷം ഇത് വിപുലീകരിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യാനിരിക്കുന്ന കൊല്‍ക്കത്ത-ഗുവാഹാട്ടി റൂട്ടിലെ ട്രെയിനിന് 16 കോച്ചുകളാണ് ഉള്ളത്. ഫ്ളാഗ് ഓഫ് ചടങ്ങിനായി ഒരു ട്രെയിന്‍ ഗുവാഹാത്തിയിലേക്കും ഒന്ന് കൊല്‍ക്കത്തയിലേക്കും എത്തിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. ഈ റൂട്ടില്‍ ഏകദേശ നിരക്ക് കഴിഞ്ഞ ദിവസം മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. തേര്‍ഡ് എസി ടിക്കറ്റ് നിരക്ക് ഏകദേശം 2,300 രൂപയും, സെക്കന്‍ഡ് എസി ഏകദേശം 3,000 രൂപയും, ഫസ്റ്റ് എസി ഏകദേശം 3,600 രൂപയുമായിരിക്കും, ഭക്ഷണം കൂടി ഉള്‍പ്പെടുത്തിയാണ് ഈ നിരക്ക്.
Recent Comments