തോമസ് ഐസക്ക് അടക്കം 9 സെക്രട്ടേറിയറ്റ് അംഗങ്ങള്‍ മത്സരരംഗത്തേക്ക്?; മൂന്നുപേര്‍ സ്ഥാനാര്‍ഥികളാവില്ല

തോമസ് ഐസക്ക് അടക്കം 9 സെക്രട്ടേറിയറ്റ് അംഗങ്ങള്‍ മത്സരരംഗത്തേക്ക്?; മൂന്നുപേര്‍ സ്ഥാനാര്‍ഥികളാവില്ല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ ചൂടുപിടിച്ചതോടെ, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അടക്കമുള്ള ഘട്ടങ്ങളിലേക്ക് കടക്കാന്‍ സിപിഎം ഒരുങ്ങുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ വലിയൊരു പങ്ക് നേതാക്കളും ഇത്തവണ മത്സരരംഗത്തുണ്ടാകുമെന്നാണ് ചാനലുകൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സെക്രട്ടേറിയറ്റിലെ 17 അംഗങ്ങളില്‍ ഒമ്പത് പേര്‍ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. മറ്റു ചില നേതാക്കന്മാര്‍ കൂടി ഇത്തവണ പോരാട്ടത്തിനിറങ്ങുമെന്നാണ് സൂചന. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി രാജീവ്, സജി ചെറിയാന്‍, വി എന്‍ വാസവന്‍, പി എ മുഹമ്മദ് റിയാസ് എന്നിവര്‍ മത്സരിക്കും.

മുന്‍മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജയും മത്സരിക്കാന്‍ സാധ്യതയേറെയാണ്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ ഇ പി ജയരാജന്‍ മത്സരിക്കാന്‍ സാധ്യതയില്ല. അതേസമയം മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗമായ മുന്‍ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിനെ മത്സരത്തിനായി പരിഗണിക്കുന്നുണ്ട്. 2001 മുതല്‍ 2011 വരെ ഇപ്പോള്‍ നിലവിലില്ലാത്ത മാരാരിക്കുളം മണ്ഡലത്തില്‍ നിന്ന് രണ്ടുതവണ തോമസ് ഐസക്ക് വിജയിച്ചു.

പിന്നീട് ആലപ്പുഴയില്‍ നിന്ന് (2011 മുതല്‍ 2021 വരെ) രണ്ടുതവണ വിജയിച്ചിട്ടുണ്ട്. ഇപ്പോള്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി പി ചിതരഞ്ജന്‍ ആണ് ആലപ്പുഴയുടെ എംഎല്‍എ. ഇത്തവണ ആലപ്പുഴയ്ക്ക് പകരം പത്തനംതിട്ടയിലെ ഒരു മണ്ഡലത്തില്‍ മത്സരിക്കാന്‍ തോമസ് ഐസക്ക് താല്‍പ്പര്യം പ്രകടിപ്പിച്ചതായാണ് സൂചന. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തോമസ് ഐസക്ക് പത്തനംതിട്ടയില്‍ മത്സരിച്ചിരുന്നു. ജില്ലയിലെ അഞ്ച് സീറ്റുകളും ഇപ്പോള്‍ ഇടതുപക്ഷത്തിന്റേതാണ്.

ശേഷിക്കുന്ന സിപിഎം സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ എം സ്വരാജിന്റെ പേര് നിലമ്പൂര്‍ മണ്ഡലത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. മുന്‍ എംപി പി കെ ബിജു, മുന്‍ എംഎല്‍എ എം വി ജയരാജന്‍ എന്നിവരെ കൂടാതെ ഇടതുമുന്നണി കണ്‍വീനറും പേരാമ്പ്ര എംഎല്‍എയുമായ ടിപി രാമകൃഷ്ണന്‍ എന്നിവര്‍ മത്സരിക്കണോ എന്നതിലും ഉടന്‍ അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം സൂചിപ്പിക്കുന്നത്.

അതേസമയം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ കെ ജയചന്ദ്രന്‍, പുത്തലത്ത് ദിനേശന്‍, സി എന്‍ മോഹനന്‍ എന്നിവര്‍ മത്സരരംഗത്തു നിന്നും വിട്ടുനില്‍ക്കാനാണ് സാധ്യത. ”മുഖ്യമന്ത്രി മത്സരിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി വിട്ടുനില്‍ക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തെ ആശ്രയിച്ച്, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള മാനദണ്ഡങ്ങളും ഫോര്‍മുലകളും സെക്രട്ടേറിയറ്റ് ഉടന്‍ രൂപപ്പെടുത്തും.” മുതിര്‍ന്ന സിപിഎം നേതാവ് മധ്യമങ്ങളോട് പറഞ്ഞു.

പിസി ജോര്‍ജിന് മുന്നില്‍ ഓഫര്‍ വച്ച് ബിജെപി കേന്ദ്ര നേതൃത്വം, ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ ആക്കാം

പിസി ജോര്‍ജിന് മുന്നില്‍ ഓഫര്‍ വച്ച് ബിജെപി കേന്ദ്ര നേതൃത്വം, ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ ആക്കാം

തിരുവനന്തപുരം: പൂഞ്ഞാര്‍ മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ പി സി ജോര്‍ജിന് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കാമെന്ന് വാഗ്ദാനം. ബിജെപി കേന്ദ്രനേതൃത്വമാണ് ഈ ഓഫര്‍ നല്‍കിയിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ പുതിയ വാഗ്ദാനമെന്ന് ചാനലുകൾ റിപ്പോര്‍ട്ട് ചെയ്തു.

‘ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് അദ്ദേഹത്തിന് ഓഫര്‍ ലഭിച്ചിട്ടുണ്ടെന്നത് ശരിയാണ്. എന്നിരുന്നാലും, ത്രികോണ മത്സരത്തില്‍ പി സി ജോര്‍ജിന്റെ വിജയസാധ്യത ശക്തമാണെന്ന ഇന്റലിജന്‍സ് സൂചനകളുണ്ട്. അതുകൊണ്ട് നേതൃത്വം അദ്ദേഹത്തെ മത്സരിപ്പിക്കാനും ആഗ്രഹിക്കുന്നുണ്ട്.’ പി സി ജോര്‍ജിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

പൂഞ്ഞാറില്‍ സ്ഥാനാര്‍ത്ഥിത്വവുമായി മുന്നോട്ട് പോകാനും പി സി ജോര്‍ജിന് പാര്‍ട്ടി കേന്ദ്രനേതൃത്വം അനുമതി നല്‍കിയിട്ടുണ്ട്. ദീര്‍ഘകാലമായി കേരള കോണ്‍ഗ്രസ്സിന്റെ വിവിധ വിഭാഗങ്ങളുടെ ഭാഗമായിരുന്ന പി സി ജോര്‍ജ്, യുഡിഎഫില്‍ ഉമ്മന്‍ചാണ്ടി സാര്‍ക്കാരിന്റെ കാലത്ത് ചീഫ് വിപ്പായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് കേരള ജനപക്ഷം പാര്‍ട്ടി രൂപീകരിച്ച പിസി ജോര്‍ജ്, ബിജെപിയില്‍ ചേര്‍ന്നു.

പൂഞ്ഞാറില്‍ നിന്ന് ഏഴ് തവണ നിയമസഭാംഗമായ ജോര്‍ജ് 1980, 1982, 1996, 2001, 2006, 2011, 2016 വര്‍ഷങ്ങളില്‍ വിജയിച്ചിട്ടുണ്ട്. 2021-ലെ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (മാണി) യുടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുംകലിനോട് 16,817 വോട്ടുകള്‍ക്കാണ് പി സി ജോര്‍ജ് പരാജയപ്പെട്ടത്. മണ്ഡലത്തിലെ പി സി ജോര്‍ജിന്റെ ജനപ്രീതി കണക്കിലെടുത്ത്, തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം പച്ചക്കൊടി കാണിച്ചിട്ടുമുണ്ട്.

വിട്ടുപോയവർക്ക് ഇപ്പോൾ അപേക്ഷിക്കാം, സിയുഇടി യുജി സമയം നീട്ടീ; അപേക്ഷാ വിൻഡോ തുറന്ന് എൻടിഎ

വിട്ടുപോയവർക്ക് ഇപ്പോൾ അപേക്ഷിക്കാം, സിയുഇടി യുജി സമയം നീട്ടീ; അപേക്ഷാ വിൻഡോ തുറന്ന് എൻടിഎ

2026 ലെ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET-UG) ന്റെ അപേക്ഷാ വിൻഡോ നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) വീണ്ടും തുറന്നു. നാല് ദിവസമാണ് അപേക്ഷിക്കാൻ പ്രത്യേക സമയമായി നൽകിയിട്ടുള്ളത്.

പ്രവേശന പരീക്ഷ 2026 മെയ് 11 മുതൽ മെയ് 31 വരെ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) രീതിയിൽ നടക്കും. ഇന്ത്യയിലുടനീളവും രാജ്യത്തിന് പുറത്തുള്ള തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലുമാണ് പരീക്ഷ നടക്കുക.

പുതുക്കിയ അവസരം എന്ന് വരെ ലഭിക്കും?

ഈ മാസം ആദ്യം ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ അവസാനിപ്പിച്ചിരുന്നു. എന്നാൽ, വിദ്യാർത്ഥികളുടെ അഭ്യർത്ഥനയെ തുടർന്നാണ്, വീണ്ടും അപേക്ഷിക്കാൻ എൻടിഎ പ്രത്യേക അവസരം നൽകിയത്. വീണ്ടും അപേക്ഷിക്കാനുള്ള അവസരം ഇന്ന് (ഫെബ്രുവരി 23 ഉച്ചയ്ക്ക് ശേഷം) മുതൽ ആരംഭിച്ചു. ഫെബ്രുവരി 26, രാത്രി 11:50 വരെ അപേക്ഷിക്കാനാവും.

നേരത്തെ അപേക്ഷിക്കാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്ക് ഇപ്പോൾ ഈ കാലയളവിനുള്ളിൽ രജിസ്ട്രേഷനും ഫീസ് പേയ്‌മെന്റും പൂർത്തിയാക്കാം എന്ന് എൻടിഎ അറിയിച്ചു.

സിയുഇടി യുജി 2026 ന് അപേക്ഷിക്കാനുള്ള സമയം ആദ്യം ജനുവരി മൂന്ന് മുതൽ ജനുവരി 30, വരെ ആയിരുന്നു. അപേക്ഷാ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജനുവരി 31 രാത്രി 11:50വരെ ആയിരുന്നു. പിന്നീട്, അവസാന തീയതി ഫെബ്രുവരി നാല് വരെ നീട്ടി, ഫീസ് അടയ്ക്കാൻ ഫെബ്രുവരി ഏഴ് വരെ സമയം അനുവദിച്ചു.

എന്നാൽ, കൂടുതൽ സമയത്തിനായി നിരവധി അഭ്യർത്ഥനകൾ ലഭിച്ചതിനെത്തുടർന്ന്, ഫോം സമർപ്പിക്കലും ഫീസ് അടയ്ക്കൽ സൗകര്യവും വീണ്ടും തുറക്കാൻ തീരുമാനിച്ചതെന്ന് എൻടിഎ അറിയിച്ചു.

പുതിയ അപേക്ഷകർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയയിൽ നൽകുന്ന എല്ലാ വിവരങ്ങളും കൃത്യവും പൂർണ്ണവുമാണെന്ന് പരീക്ഷാർത്ഥികൾ ഉറപ്പാക്കണമെന്ന് എൻടിഎനിർദ്ദേശിക്കുന്നു. ഇത് ഒരു പ്രത്യേക കാലയളവ് ആയി ദീർഘിപ്പിച്ചതിനാൽ, അപേക്ഷ സമർപ്പിച്ചതിന് ശേഷം തിരുത്തൽ സൗകര്യം നൽകുന്നതല്ലെന്ന് എൻടിഎ വ്യക്തമാക്കി.

എന്തെങ്കിലും സംശയങ്ങൾക്കോ ​​/ വിശദീകരണങ്ങൾക്കോ, എൻടിെ ഹെൽപ്പ് ഡെസ്‌കിനെ 011- 40759000 എന്ന നമ്പറിൽ ബന്ധപ്പെടാം അല്ലെങ്കിൽ cuet-ug@nta.ac.in എന്ന വിലാസത്തിൽ ഇമെയിലിൽ ബന്ധപ്പെടാം എന്ന് എൻടിഎ അറിയിച്ചു.

ഇടതുപക്ഷത്തിന്റെ കോട്ട തിരിച്ചുപിടിക്കാന്‍ പ്രമുഖ മാധ്യമപ്രവർത്തകനെ രംഗത്ത് ഇറക്കുവാനൊരുങ്ങുന്നു കോൺഗ്രസ്

ഇടതുപക്ഷത്തിന്റെ കോട്ട തിരിച്ചുപിടിക്കാന്‍ പ്രമുഖ മാധ്യമപ്രവർത്തകനെ രംഗത്ത് ഇറക്കുവാനൊരുങ്ങുന്നു കോൺഗ്രസ്

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ കോട്ടയായി അറിയപ്പെടുന്ന വാമനപുരം മണ്ഡലം തിരിച്ചുപിടിക്കാന്‍ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കുവാൻ ഒരുങ്ങുകയാണ് കോൺഗ്രസ്.

മാധ്യമപ്രവർത്തകനും സാമൂഹിക സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യവുമായ രതീഷ് അനിരുദ്ധന്റെ പേരാണ് പാർട്ടി മുന്നോട്ടുവയ്ക്കുന്നത്. മുതിര്‍ന്ന നേതാക്കളുടെ പേരുകള്‍ക്കൊപ്പം പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രതീഷ് അനിരുദ്ധന്റെ പേരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ സജീവമായി പരിഗണിക്കപ്പെടുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ പരിചിതനായ ഒരു പുതുമുഖത്തെ അണിനിരത്തി സര്‍പ്രൈസ് വിജയം നേടാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആലോചന.

ദീര്‍ഘകാലമായി മാധ്യമരംഗത്ത് സജീവമായ രതീഷ് അനിരുദ്ധന്‍ കെ എസ് യുവില്‍ സജീവ പ്രവര്‍ത്തകനായിരുന്നു. നിലമേല്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. മണ്ഡലത്തിലെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളില്‍ കൃത്യമായ ധാരണയുള്ള ഒരു വ്യക്തി എന്ന നിലയില്‍ രതീഷിനെ മത്സരിപ്പിക്കുന്നത് യുവാക്കളുടെയും നിഷ്പക്ഷ വോട്ടര്‍മാരുടെയും പിന്തുണ ഉറപ്പാക്കാന്‍ സഹായിക്കുമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. കെഎസ് യുവിന്റെ മുന്‍ സംസ്ഥാന ഭാരവാഹിയായിരുന്നു. കല്ലറ-പങ്ങോട് സ്വാതന്ത്ര്യ സമര സ്മൃതി വേദി ചെയര്‍മാന്‍ എന്ന നിലയില്‍ സജീവമാണ്.

സമുദായ സമവാക്യങ്ങളും പ്രാദേശിക ബന്ധങ്ങളും രതീഷിന് അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍. വാമനപുരത്ത് കഴിഞ്ഞ തവണയുണ്ടായ വോട്ട് ചോര്‍ച്ച പരിഹരിക്കാന്‍ പാര്‍ട്ടി സംവിധാനത്തെ ഒന്നിപ്പിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥി വേണമെന്ന നിര്‍ദ്ദേശമാണ് ഹൈക്കമാന്‍ഡ് മുന്നോട്ടുവെക്കുന്നത്.

വര്‍ഷങ്ങളായി എല്‍.ഡി.എഫ് തുടരുന്ന ആധിപത്യം തകര്‍ക്കാന്‍ ഇത്തവണ ‘സോഷ്യല്‍ എന്‍ജിനീയറിങ്’ പരീക്ഷിക്കാനാണ് യു.ഡി.എഫ് നീക്കം. സര്‍ക്കാരിനെതിരായ വികാരം വോട്ടാക്കി മാറ്റാന്‍ കഴിവുള്ള, ജനകീയനായ ഒരാളെ അണിനിരത്തുക എന്നതാണ് ലക്ഷ്യം.

രതീഷ് അനിരുദ്ധനെപ്പോലെയുള്ള മാധ്യമപ്രവര്‍ത്തകര്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് മണ്ഡലത്തില്‍ പുതിയൊരു ആവേശം സൃഷ്ടിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു.

‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’; പൂർത്തിയായത് അഞ്ച് ലക്ഷത്തിലേറെ വീടുകൾ, ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’; പൂർത്തിയായത് അഞ്ച് ലക്ഷത്തിലേറെ വീടുകൾ, ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടത്തും. രാവിലെ 11 മണിക്ക് തിരുവനന്തപുരം കരകുളം ഗ്രാമപഞ്ചായത്തിലെ കോമളകുമാരിയുടെ വീടിന്റെ ഗൃഹപ്രവേശ ചടങ്ങിൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കും. വൈകിട്ട് നാല് മണിക്ക് പൂജപ്പുര മൈതാനത്ത് നടക്കുന്ന ചടങ്ങിലാണ് അഞ്ച് ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിക്കുക.

ലൈഫ് മിഷൻ വഴി ഇതുവരെ അനുവദിച്ച ആകെ 6,04,046 വീടുകളിൽ 5,00,364 വീടുകളുടെ നിർമ്മാണമാണ് ഇതുവരെ പൂർത്തിയാക്കിയത്. ബാക്കിയുള്ള 1,03,682 വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും സർക്കാർ അറിയിച്ചു. പട്ടികവർഗ വിഭാഗത്തിന് വീട് നിർമ്മാണത്തിനായി ആറ് ലക്ഷം രൂപയും, ജനറൽ വിഭാഗത്തിന് നാല് ലക്ഷം രൂപയുമാണ് സർക്കാർ നൽകുന്നത്.

വൈകിട്ട് നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. മന്ത്രിമാരും പ്രതിപക്ഷനേതാവും ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. പദ്ധതിയുടെ വിജയത്തിനായി സഹകരിച്ച വ്യക്തികളെയും സംഘടനകളെയും ആദരിക്കും.

‘മനസോടിത്തിരി മണ്ണ്’ പദ്ധതിക്കായി 2.61 ഏക്കർ ഭൂമി സംഭാവന ചെയ്ത കെ സുകുമാരൻ വൈദ്യരെയും, ലൈഫ് മിഷന് പിന്തുണ നൽകിയ കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ, ലയൺസ് ഇന്റർനാഷണൽ തുടങ്ങിയ സംഘടനകളെയും ചടങ്ങിൽ മുഖ്യമന്ത്രി ആദരിക്കും.