കെഎസ്ആര്‍ടിസി സേവനങ്ങളില്‍ ഭക്തര്‍ ‘ഹാപ്പി’; മകരവിളക്കിന് 900 ബസ്സുകള്‍ സജ്ജം: മന്ത്രി ഗണേഷ് കുമാര്‍

കെഎസ്ആര്‍ടിസി സേവനങ്ങളില്‍ ഭക്തര്‍ ‘ഹാപ്പി’; മകരവിളക്കിന് 900 ബസ്സുകള്‍ സജ്ജം: മന്ത്രി ഗണേഷ് കുമാര്‍

പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ച് പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസ്സുകള്‍ സജ്ജമാക്കിയതായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ആവശ്യമെങ്കില്‍ നൂറു ബസ്സുകള്‍ കൂടി അനുവദിക്കുമെന്നും പമ്പയില്‍ നടത്തിയ അവലോകനയോഗത്തില്‍ മന്ത്രി പറഞ്ഞു.

കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തുന്നതിനനുസരിച്ച് പമ്പ ഹില്‍ടോപ്പില്‍ പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും. ഇത്തവണത്തേത് പരാതികള്‍ കുറഞ്ഞ സീസണായിരുന്നു. കെഎസ്ആര്‍ടിസിയുടെ സേവനങ്ങളില്‍ സംതൃപ്തരാണെന്നാണ് പമ്പയില്‍ അയ്യപ്പ ഭക്തരോട് സംസാരിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. മികച്ച രീതിയില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുന്നത് നേരില്‍ കണ്ട് ബോധ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഇത്തവണ റോഡപകടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ലയെന്നത് ആശ്വാസകരമാണ്. റോഡ് അപകടങ്ങള്‍ കുറയ്ക്കാനുള്ള കൂടുതല്‍ സംവിധാനങ്ങള്‍ അടുത്ത സീസണില്‍ ഒരുക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

സ്ത്രീ സുരക്ഷാ പദ്ധതി: അക്ഷയ സര്‍വീസ് ചാര്‍ജ് 40 രൂപ; സര്‍ക്കാര്‍ സര്‍ക്കുലര്‍

സ്ത്രീ സുരക്ഷാ പദ്ധതി: അക്ഷയ സര്‍വീസ് ചാര്‍ജ് 40 രൂപ; സര്‍ക്കാര്‍ സര്‍ക്കുലര്‍

തിരുവനന്തപുരം: സ്ത്രീ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്ട്രേഷനും അനുബന്ധ സേവനങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് നിശ്ചയിച്ചു. ഈ സേവനങ്ങള്‍ക്ക് 40 രൂപയാണ് ഈടാക്കാനാകുക. കൂടാതെ രേഖകളുടെ സ്‌കാനിങ്, പ്രിന്റ് എന്നിവക്ക് നിലവിലെ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള തുക ഈടാക്കാമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

നിലവില്‍ സംസ്ഥാനത്തെ മറ്റു സാമൂഹ്യക്ഷേമ പദ്ധതികളുടെയോ പെന്‍ഷനുകളുടെയോ ഗുണഭോക്താക്കളല്ലാത്ത അര്‍ഹരായ സ്ത്രീകള്‍ക്ക് മാസം 1,000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് പദ്ധതി. ksmart.lsgkerala.gov.in വെബ്‌സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

കേരളത്തില്‍ സ്ഥിരതാമസക്കാരായ 35നും 60നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ട്രാന്‍സ് വുമണ്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അന്ത്യോദയ അന്നയോജന (മഞ്ഞ കാര്‍ഡ്), മുന്‍ഗണനാ വിഭാഗം (പിങ്ക് കാര്‍ഡ്) റേഷന്‍ കാര്‍ഡുകള്‍ ഉള്ളവര്‍ക്ക് പദ്ധതിയില്‍ അപേക്ഷിക്കാം.

തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ തീപിടിത്തം, നൂറിലധികം വാഹനങ്ങള്‍ കത്തിനശിച്ചു

തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ തീപിടിത്തം, നൂറിലധികം വാഹനങ്ങള്‍ കത്തിനശിച്ചു

തൃശൂര്‍: തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ അഗ്നിബാധ. റെയില്‍വെ സ്റ്റേഷനോട് ചേര്‍ന്നുള്ള ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിങ് കേന്ദ്രത്തിലാണ് പുലര്‍ച്ചെ അഗ്നിബാധ ഉണ്ടായയത്. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന നൂറോളം വാഹനങ്ങള്‍ കത്തി നശിച്ചു. രണ്ടാം പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്നുള്ള പാര്‍ക്കിങ് കേന്ദ്രത്തില്‍ ആണ് തീ പടര്‍ന്നത്. 6.45 ഓടെയാണ് അഗ്നിബാധയുണ്ടായത്.

അഞ്ഞൂറില്‍ അധികം ബൈക്കുകള്‍ എല്ലാ ദിവസവും നിര്‍ത്തിയിടുന്ന ചെയ്യപ്പെടുന്ന പാര്‍ക്കിങ് കേന്ദ്രമാണിത്. ബൈക്കുകളിലെ ഇന്ധനം വലിയ തോതില്‍ തീപടരാന്‍ കാരണമായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

അഗ്നിശമന സേന തീയണയ്ക്കാന്‍ ശ്രമം നടത്തുണ്ട്. അരമണിക്കൂറിനകം തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചെങ്കിലും പ്രദേശത്ത് പുകമൂടിയ നിലയിലാണ്. വലിയ നാശ നഷ്ടങ്ങളാണ് പ്രദേശത്തുണ്ടായിരുന്നു. ഗുരുവായൂരിലേക്കുള്ള ട്രെയിനുകള്‍ നിര്‍ത്തുന്ന ട്രാക്കിന് സമീപത്താണ് അഗ്നിബാധയുണ്ടായ പാര്‍ക്കിങ് ഏരിയ. ട്രെയിൻ ഗതാഗതവും സാധാരണ നിലയിലാണ്.

അഗസ്ത്യാര്‍കൂടം ട്രക്കിങ് 14 മുതല്‍; ഓണ്‍ലൈന്‍ ബുക്കിങ് രണ്ട് ഘട്ടമായി

അഗസ്ത്യാര്‍കൂടം ട്രക്കിങ് 14 മുതല്‍; ഓണ്‍ലൈന്‍ ബുക്കിങ് രണ്ട് ഘട്ടമായി

തിരുവനന്തപുരം: അഗസ്ത്യാര്‍കൂടം ട്രക്കിങ് 14 മുതല്‍ ഫെബ്രുവരി 11 വരെ നടത്തും. ഒരാള്‍ക്ക് 3000 രൂപയാണ് ഫീസ്. രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ (മോഡേണ്‍ മെഡിസിന്‍) ഏഴു ദിവസത്തിനുള്ളില്‍ നല്‍കുന്ന മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ ട്രക്കിങ്ങ് അനുവദിക്കുകയുള്ളൂ.

ഓണ്‍ലൈന്‍ ബുക്കിങ് രണ്ടു ഘട്ടങ്ങളിലായി നടക്കും. 14 മുതല്‍ 31 വരെയുള്ള ട്രെക്കിങ്ങിന് ജനുവരി ആദ്യവാരം ബുക്കിങ് ആരംഭിക്കും. ഫെബ്രുവരി 1 മുതല്‍ 11 വരെ ട്രെക്കിങിന് ജനുവരി മൂന്നാം വാരത്തെ അവസാന ദിവസങ്ങളിലായിരിക്കും ബുക്കിങ്.

കീം പ്രവേശന പരീക്ഷ : നാളെ മുതൽ അപേക്ഷിക്കാം

കീം പ്രവേശന പരീക്ഷ : നാളെ മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്‌ക്ക്‌ നാളെ മുതൽ അപേക്ഷിക്കാം. ഈ മാസം 31ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

പ്രവേശന പരീക്ഷാ കമീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cee.kerala.gov.in-ലെ ‘കീം 2026 ഓൺലൈൻ ആപ്ലിക്കേഷൻ’ ലിങ്കിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സംവരണം, ഫീസ് ആനുകൂല്യങ്ങൾ ലഭിക്കാൻ ആവശ്യമായ സർട്ടിഫിക്കറ്റുകളും ഓൺലൈനായി നൽകണം. ഏപ്രിൽ ആദ്യ ആഴ്ചയാകും പരീക്ഷ നടക്കുക.