by Midhun HP News | Jan 26, 2026 | Latest News, കേരളം
ഗുവാഹത്തി: ടി20യില്‍ വേഗത്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി അഭിഷേക് ശര്‍മ. ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടി20യില്‍ 14 പന്തില്‍ താരം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. (Record 12 പന്തിൽ 50 അടിച്ച യുവരാജ്സിംഗ് ) അഭിഷേകിന്റെ ബാറ്റിംഗ് കരുത്തില്‍ ഇന്ത്യ എട്ട് വിക്കറ്റ് ജയം സ്വന്തമാക്കുകയും ചെയ്തു. അഭിശേക് (20 പന്തില്‍ പുറത്താവാതെ 68), സൂര്യകുമാര്‍ യാദവ് (26 പന്തില്‍ പുറത്താവാതെ 57) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 10 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
പവര്‍ പ്ലേയില്‍ തന്നെ ഇന്ത്യ 94 റണ്‍സ് അടിച്ചെടുത്തിരുന്നു. പവര്‍ പ്ലേയില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ കൂടിയാണിത്. ആദ്യ പന്തില്‍ തന്നെ ഇന്ത്യക്ക് സഞ്ജു സാംസണിന്റെ (0) വിക്കറ്റ് നഷ്ടമായിരുന്നു. മാറ്റ് ഹെന്റിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പിന്നാലെ ഇഷാന്‍ കിഷന്‍ (13 പന്തില്‍ 28) – അഭിഷേക് സഖ്യം 53 റണ്‍സ് കൂട്ടിചേര്‍ത്തു. നാലാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. കിഷനെ ഇഷ് സോധി മടക്കി. എന്നാല്‍ അഭിഷേകിന്റെ ഇന്നിംഗ്‌സ് ഇന്ത്യയെ മുന്നോട്ട് നയിച്ചു. കൂടെ സൂര്യകുമര്‍ യാദവിന്റെ പിന്തുണ കൂടിയായപ്പോള്‍ കാര്യങ്ങള്‍ക്ക് ഇന്ത്യക്ക് അനുകൂലമായി. അഭിഷേക് അഞ്ച് സിക്‌സും ഏഴ് ഫോറും നേടി. സൂര്യകുമാറിന്റെ ഇന്നിംഗ്‌സില്‍ മൂന്ന് സിക്‌സും ആറ് ഫോറുമുണ്ടായിരുന്നു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് നേടിയത്. 48 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. മാര്‍ക്ക് ചാപ്മാന്‍ 32 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര മൂന്ന് വിക്കറ്റ് വീഴ്ത്തി. രവി ബിഷ്‌ണോയി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.
by Midhun HP News | Jan 26, 2026 | Latest News, കേരളം
ന്യൂഡൽഹി: പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ ടി തോമസിനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. മരണാനന്തര ബഹുമതിയായിട്ടാണ് വി എസിന് പത്മവിഭൂഷണൻ സമ്മാനിക്കുക. പി നാരായണനും പദ്മവിഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. സാഹിത്യ വിഭാഗത്തിലാണ് ഇദ്ദേഹത്തിന് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ജന്മഭൂമി ദിനപത്രത്തിന്‍റെ സ്ഥാപക പത്രാധിപർ ആയിരുന്നു. മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായി. കലാമണ്ഡലം വിമല മേനോനും കൊല്ലക്കൽ ദേവകിയമ്മ എന്നിവർക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കേരളത്തിന് മൊത്തം എട്ട് പത്മ പുരസ്ക്കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്.
നടൻ ധർമ്മേന്ദ്രക്ക് മരണാനന്തര ബഹുമതിയായി പദ്മ വിഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ രോഹിത് ശർമ്മ, വീരപ്പൻ വേട്ടയ്ക്ക് നേതൃത്വം നൽകിയ കെ വിജയകുമാർ തുടങ്ങി നിരവധി പേരെയും പത്മശ്രീ നൽകി രാജ്യം ആദരിക്കും. വിവിധ മേഖലകളിൽ നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ മുൻനിർത്തിയാണ് പ്രമുഖ വ്യക്തിത്വങ്ങളെ രാജ്യം ആദരിക്കുന്നത്.ആലപ്പുഴ സ്വദേശിയായ പരിസ്ഥിതി പ്രവർത്തക കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ. അൺസങ് ഹീറോസ് വിഭാഗത്തിൽ 45 പേർക്കാണ് ഇത്തവണത്തെ പത്മശ്രീ പുരസ്കാരം. കുറുമ്പ ഗോത്ര വിഭാഗത്തിലെ ചിത്രകാരനായ നീലഗിരി സ്വദേശി ആർ. കൃഷ്ണനും മരണാനന്തര ബഹുമതിയായി പത്മശ്രീ ലഭിച്ചു.ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ മുതുകുളത്ത് അഞ്ച് ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന വനമുണ്ടാക്കിയ ദേവകി അമ്മ വനത്തിൽ മൂവായിരത്തിലധികം ഔഷധസസ്യങ്ങളെയും വൻമരങ്ങളെയും പരിപാലിക്കുന്നുണ്ട്.അങ്കെ ഗൗഡ (കർണാടക), അർമിഡ ഫെർണാണ്ടസ് (മഹാരാഷ്ട്ര), ഭഗ്‌വദാസ് റായ്‌ക്വാർ (മധ്യപ്രദേശ്), ബ്രിജ് ലാൽ ഭട്ട് (ജമ്മു കശ്മീർ), ബുദ്രി താതി (ഛത്തീസ്ഗഡ്), ചരൺ ഹെംബ്രം (ഒഡീഷ), ചിരഞ്ജി ലാൽ യാദവ് (ഉത്തർപ്രദേശ്), ധാർമിക് ലാൽ ചുനിലാൽ (ഗുജറാത്ത്) തുടങ്ങിയവർക്കും പത്മശ്രീ ലഭിച്ചു.
by Midhun HP News | Jan 26, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 1800 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. 1,19,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 225 രൂപയാണ് വര്‍ധിച്ചത്. 14,915 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം സംബന്ധിച്ച് എതിരഭിപ്രായം പറയുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് വിപണിയില്‍ അസ്ഥിരതയ്ക്കുള്ള പ്രധാന കാരണം. ഈ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.
by Midhun HP News | Jan 26, 2026 | Latest News, കേരളം
ന്യൂഡല്‍ഹി: ഇന്ത്യ 77-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് ഇന്ന് ഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ നടക്കും. രാവിലെ 9.30 ഓടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും.
യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ്് ഉര്‍സുല ഫൊണ്ടെലെയ്ന്‍ എന്നിവരാണ് റിപ്പബ്ലിക് ദിന ചടങ്ങിലെ വിശിഷ്ടാതിഥികള്‍. റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ കേരളമുള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളുടെ കലാപ്രകടനങ്ങളുണ്ടാകും. 30 ടാബ്ലോകള്‍ ഉണ്ടാകും.
രാവിലെ 10.30-ന് ആരംഭിക്കുന്ന ചടങ്ങുകള്‍ 90-മിനിറ്റ് നീണ്ടുനില്‍ക്കും. കരസേനയുടെ ഡല്‍ഹി ഏരിയ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ലഫ്റ്റനന്റ് ജനറല്‍ ഭവ്‌നീഷ് കുമാര്‍ പരേഡിന് നേതൃത്വം നല്‍കും. ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം കണക്കിലെടുത്ത് ഇത്തവണത്തെ പരേഡിന്റെ മുഖ്യപ്രമേയം അതാണ്. ‘വന്ദേമാതരം’ ഗാനത്തിന്റെ വരികളെ ചിത്രീകരിക്കുന്ന അപൂര്‍വ ചിത്രങ്ങള്‍ കര്‍ത്തവ്യ പഥില്‍ പ്രദര്‍ശിപ്പിക്കും.
‘ഓപ്പറേഷന്‍ സിന്ദൂറി’ല്‍ ഉപയോഗിച്ച ആയുധങ്ങളുടെ മാതൃകകളുള്‍പ്പെടെ പരേഡില്‍ പ്രദര്‍ശിപ്പിക്കും. കരസേനയുടെ യുദ്ധവ്യൂഹ മാതൃകയും ആദ്യമായി പരേഡില്‍ അണിനിരക്കും. യൂറോപ്യൻ യൂണിയനിലെ സൈനികസംഘവും റിപ്പബ്ലിക് ദിന ചടങ്ങുകളിൽ പങ്കെടുക്കും. ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയുൾപ്പെടെ രാജ്യമെങ്ങും കനത്ത സുരക്ഷയിലാണ്. കേന്ദ്ര സായുധ പൊലീസ് വിഭാഗങ്ങളേയും വൻതോതിൽ വിന്യസിച്ചിട്ടുണ്ട്.
by Midhun HP News | Jan 26, 2026 | Latest News, കേരളം
കണ്ണൂര്‍: റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികള്‍ക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം. കണ്ണൂരില്‍ നടന്ന ചടങ്ങില്‍ പ്രസംഗം പുര്‍ത്തിയാക്കിയതിന് പിന്നാലെ മന്ത്രി കുഴഞ്ഞു വീഴുകയായിരുന്നു.
കണ്ണൂര്‍ ജില്ലാ കലക്ടറും കമ്മീഷണറും ഇടപെട്ടാണ് മന്ത്രിയെ താങ്ങിയെടുത്തത്. മന്ത്രിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. കുഴഞ്ഞുവീണ സമയത്ത് അല്‍പസമയം മന്ത്രി അബോധാവസ്ഥില്‍ ആയിരുന്നു. എന്നാല്‍ പിന്നീട് ആംബലന്‍സിലേക്ക് നടന്നായിരുന്നു മന്ത്രി പോയത്. കടന്നപ്പള്ളി രാമചന്ദ്രന്റെ ആരോഗ്യ നിലയില്‍ കാര്യമായ പ്രശ്‌നങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്.
Recent Comments