ആറ്റിങ്ങൽ ഐ ടി ഐ യിൽ  തിരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് മിന്നും വിജയം

ആറ്റിങ്ങൽ ഐ ടി ഐ യിൽ തിരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് മിന്നും വിജയം

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഐടിഐ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും കരസ്ഥമാക്കി എസ്.എഫ്.ഐ. 6 സീറ്റുകളിലാണ് തിരഞ്ഞെടുത്ത് നടന്നത്. എസ്എഫ്ഐ, കെഎസ്‌യു , എബിവിപി , എ.ഐ.എസ്.എഫ് എന്നിവർ മത്സര രംഗത്ത് ഉണ്ടായിരുന്നു. എസ്എഫ്ഐ ചെയർമാൻ സ്ഥാനാർഥിയായിട്ട് മത്സരിച്ച അഭിജിത് പി.എസ് ഉൾപ്പെടെ മറ്റ് 5 സ്ഥാനാർഥികളും വിജയിച്ചു.

ജനറൽ സെക്രട്ടറിയായി രേഷ്മ എസ്, കൗൺസിലർ ഗോവിന്ദ് ഷാജി, മാഗസിൻ എഡിറ്റർ ആകാശ് എസ്, സ്പോർട്സ് ക്യാപ്റ്റൻ സിദ്ധാർഥ് എസ്, ആർട്സ് ക്ലബ്‌ സെക്രട്ടറി നിതിൻ ബാബു എന്നിവർ മിന്നും വിജയം കാഴ്ച്ച വെച്ചു. എസ്എഫ്ഐ ഏരിയ സെക്രട്ടറി അർജുൻ കല്ലിങ്ങൽ, പ്രസിഡന്റ് ആദിത്യ ശങ്കർ എന്നിവർ ഇവർക്ക് സ്വീകരണം നൽകി.

‘മടിയില്‍ ഇരുത്തി അടിവയറ്റില്‍ ഇടിച്ചു’: നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ കൊലപാതകത്തില്‍ പിതാവിന്റെ കുറ്റസമ്മതം

‘മടിയില്‍ ഇരുത്തി അടിവയറ്റില്‍ ഇടിച്ചു’: നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ കൊലപാതകത്തില്‍ പിതാവിന്റെ കുറ്റസമ്മതം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു വയസുകാരന്‍ ഇഖാന്റെ മരണത്തില്‍ പിതാവ് കുറ്റം സമ്മതിച്ചു. കുട്ടിയെ മടിയിലിരുത്തി അടിവയറ്റില്‍ ഇടിച്ചെന്ന് പിതാവ് പറഞ്ഞു. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഷിജിനെ ചോദ്യം ചെയ്തത്.

അച്ഛന്‍ കൊടുത്ത ബിസ്‌കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞു വീണതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. നേരത്തെയും മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷിജിന്‍ – കൃഷ്ണപ്രിയ ദമ്പതികളുടെ മകന്‍ ഇഖാന്‍ കുഴഞ്ഞുവീണ് മരിച്ചത്.പുറത്തുവന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ അടിവയറ്റില്‍ ചതവുകളും കൈയ്ക്ക് പൊട്ടലുമുണ്ടായിരുന്നു എന്ന വിവരം പുറത്തുവന്നിരുന്നു. ആ പൊട്ടല്‍ ഒരാഴ്ച മുന്‍പ് സംഭവിച്ചതാണ് എന്നാണ് അമ്മ പൊലീസില്‍ മൊഴി നല്‍കിയത്. പക്ഷെ, ആ പൊട്ടലിന് മൂന്ന് ആഴ്ചത്തെ പഴക്കമുണ്ടായിരുന്നു.

കുഞ്ഞിന് ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. കുടുതല്‍ വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മൊഴികളുടെ വൈരുധ്യം കൂടി കണക്കിലെടുത്തുകൊണ്ട് പൊലീസ് വീണ്ടും ചോദ്യം ചെയ്യല്‍ നടത്തിയത്.

തിരിച്ചുകയറി സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 1080 രൂപ

തിരിച്ചുകയറി സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 1080 രൂപ

കൊച്ചി: ഇന്നലെ ഒറ്റയടിക്ക് 1880 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. പവന് 1080 രൂപയാണ് വര്‍ധിച്ചത്. 1,16, 320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 135 രൂപയാണ് വര്‍ധിച്ചത്. 14,540 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ രാവിലെ 3960 രൂപ ഉയര്‍ന്ന് പുതിയ ഉയരം കുറിച്ച സ്വര്‍ണവില ഉച്ചയോടെയാണ് 1880 രൂപ കുറഞ്ഞത്. 3960 രൂപ വര്‍ധിച്ചതോടെ പവന് 1,17,000 കടന്ന സ്വര്‍ണവിലയാണ് ഉച്ചയോടെ കുറഞ്ഞത്. മൂന്നാഴ്ചയ്ക്കിടെ പവന്‍ വിലയില്‍ 17000 രൂപയിലധികമാണ് വര്‍ധിച്ചത്.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം സംബന്ധിച്ച് എതിരഭിപ്രായം പറയുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് വിപണിയില്‍ അസ്ഥിരതയ്ക്കുള്ള പ്രധാന കാരണം. ഈ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.

ഉമ്മൻചാണ്ടിക്കെതിരായ പരാമർശം:​ പ്രസ്താവന പിൻവലിച്ച് ഗണേഷ്കുമാർ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ഉമ്മൻചാണ്ടിക്കെതിരായ പരാമർശം:​ പ്രസ്താവന പിൻവലിച്ച് ഗണേഷ്കുമാർ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ദില്ലി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ പരാമർശത്തിൽ മന്ത്രി ​ഗണേഷ്കുമാർ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉമ്മൻചാണ്ടി ആരുടെയും ജീവിതം തകർത്തിട്ടില്ലെന്നും അദ്ദേഹത്തെപ്പറ്റി പറഞ്ഞ പ്രസ്താവന പിൻവലിക്കണമെന്നും സതീശൻ ദില്ലിയിൽ പറഞ്ഞു. ഗണേഷിൻ്റെ കുടുബ പ്രശ്‌നം തീർക്കാനാണ് ഉമ്മൻചാണ്ടി ശ്രമിച്ചത്. ഭാര്യ തന്നെ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അടൂർ പ്രകാശിനെ ന്യായീകരിച്ചും പ്രതിപക്ഷ നേതാവ് രം​ഗത്തെത്തി. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള അടൂർ പ്രകാശിൻ്റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു പ്രതികരണം. മുഖ്യമന്ത്രി പോറ്റിക്കൊപ്പം നിന്നില്ലേ? മണ്ഡലത്തിലുള്ളയാളാകുമ്പോൾ പരിചയമുണ്ടാകുമെന്നായിരുന്നു വി ഡി സതീശൻ്റെ പ്രതികരണം. എന്നാൽ, പോറ്റി – അടൂർപ്രകാശ് കൂടിക്കാഴ്ച സംബന്ധിച്ച ചോദ്യങ്ങളിൽ നിന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഒഴിഞ്ഞുമാറി. ശശി തരൂർ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാത്തത് മറ്റ് പരിപാടികളിൽ പങ്കെടുക്കാനുള്ളത് കൊണ്ടെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. പാർട്ടി പറഞ്ഞാൽ നിയമ സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു.

‘എന്റെ സുഹൃത്തുക്കളെ’ പുത്തരിക്കണ്ടത്ത് മലയാളത്തിൽ അഭിസംബോധന ചെയ്ത് മോദി; ‘കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നൽകും’

‘എന്റെ സുഹൃത്തുക്കളെ’ പുത്തരിക്കണ്ടത്ത് മലയാളത്തിൽ അഭിസംബോധന ചെയ്ത് മോദി; ‘കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നൽകും’

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് ഇന്ന് മുതൽ പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഭാരതത്തിനായി രാജ്യം മുഴുവൻ ശ്രമിക്കുകയാണ്. നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്കായി സർക്കാർ ഒത്തിരി കാര്യങ്ങൾ ചെയ്യുന്നുണ്ട്. കേരളത്തിലെ നഗരങ്ങളിലെ ദരിദ്ര കുടുംബങ്ങൾക്കും ആവാസ് യോജന വഴി വീട് കിട്ടിയെന്നും മോദി പറഞ്ഞു. പുത്തരിക്കണ്ടം മൈതാനത്ത് സംസാരിക്കുകയായിരുന്നു മോദി. എന്റെ സുഹൃത്തുക്കളെ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മോദിയുടെ പ്രസം​ഗം.

മുമ്പ് ധനികരുടെ കൈകളിൽ മാത്രമായിരുന്നു ക്രെഡിറ്റ് കാർഡ്. ഇപ്പോൾ തെരുവ് കച്ചവടക്കാരുടെ കൈകളിലും ക്രെഡിറ്റ് കാർഡ് എത്തി. കേരളത്തിൽ ഗുണഭോക്താക്കളായി 10,000 പേരുണ്ടെന്നും തിരുവനന്തപുരത്ത് 600 ൽ അധികം പേരുണ്ടെന്നും മോദി പറഞ്ഞു. പി എം സ്വാനിധി പദ്ധതിയിലേക്ക് കേരളത്തേയും ഉൾപ്പെടുത്തും. തൃശൂർ – ഗുരുവായൂർ പാസഞ്ചർ തീർഥാടകർക്ക് സഹായകരമാകും. കേന്ദ്രസർക്കാർ കേരളത്തിലെ ജനങ്ങൾക്ക് ഒപ്പമാണ്. ജനങ്ങൾ ബിജെപി യോഗത്തിലെ പ്രസംഗത്തിനായി തന്നെ കാത്തിരിക്കുകയാണ്. അവിടെ വിശദമായി സംസാരിക്കാമെന്നും പറഞ്ഞു കൊണ്ടാണ് മോദി പ്രസം​ഗം അവസാനിപ്പിച്ചത്.