by Midhun HP News | Oct 14, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടികയില്‍ ഇന്ന് ( ചൊവ്വാഴ്ച) വൈകീട്ട് അഞ്ചുവരെ പേര് ചേര്‍ക്കാം. തിരുത്തലിനും വാര്‍ഡ് മാറ്റാനും അവസരമുണ്ട്. 2025 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് പൂര്‍ത്തിയായവര്‍ അപേക്ഷകള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അന്തിമ വോട്ടര്‍പട്ടിക 25ന് പ്രസിദ്ധീകരിക്കും.
ഇതുവരെ 2,95,875 അപേക്ഷകള്‍ പേര് ചേര്‍ക്കാന്‍ ലഭിച്ചു. 3,535 അപേക്ഷ തിരുത്തലിനും 36,084 അപേക്ഷ വാര്‍ഡ് മാറ്റുന്നതിനും ലഭിച്ചു. 1,21,618 പേരെ ഒഴിവാക്കാന്‍ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ അപേക്ഷ നല്കി. കരട് വോട്ടര്‍പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും.
by Midhun HP News | Oct 13, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണനിയമനത്തില്‍ സുപ്രീംകോടതി എന്‍എസ്എസിന് അനുകൂലമായി നല്കിയ വിധി എല്ലാ മാനേജ്മെന്റുകള്‍ക്കും ബാധകമാക്കണമെന്നും അതിനായി സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ ഈ നിലപാട് സുപ്രീംകോടതിയെ അറിയിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതതല യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ ഭിന്നശേഷി സംവരണം പൂര്‍ണമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ചില തര്‍ക്കങ്ങളും നിയമപ്രശ്നങ്ങളുമുണ്ട്. ഇത് കാരണം അധ്യാപകരുടെ നിയമന അംഗീകാരം തടസ്സപ്പെട്ടു. ഈ പ്രശ്നങ്ങള്‍ക്ക് ശാശ്വതമായി പരിഹാരം കാണുന്നതിനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്ന് സുപ്രധാന തീരുമാനങ്ങളെടുത്തത്.

ഭിന്നശേഷി വിഭാഗത്തിന്റെ അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിച്ചുകൊണ്ടും, അതേസമയം അധ്യാപക സമൂഹത്തിന്റെയും മാനേജ്മെന്റുകളുടെയും ന്യായമായ പ്രശ്നങ്ങള്‍ പരിഗണിച്ചുകൊണ്ടും ഒരു സമഗ്രമായ പരിഹാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ തീരുമാനം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അതേസമയം, എറണാകുളം പള്ളുരുത്തിയിലെ സെന്റ് റീത്താസ് സ്കൂളില്‍ ഹിജാബ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ മാനേജ്മെന്റ് കുറച്ചുകൂടി പക്വതയോടെ പെരുമാറണമെന്ന് മന്ത്രി പറഞ്ഞു. വര്‍ഗീയ ചിന്തകള്‍ ഒഴിവാക്കിവേണം കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. സ്കൂളില്‍ ഒരു യൂണിഫോം ഉണ്ടാകും, അത് എല്ലാവര്ക്കും ബാധകമാണ് അല്ലാതെ ഒരു കുട്ടി മാത്രം പ്രത്യേകം വസ്ത്രം ധരിച്ച് വരുന്നത് ശരിയല്ല. വസ്ത്രത്തിന്റെ പേരില്‍ ഒരു സ്കൂളിലും സംഘര്‍ഷം ഉണ്ടാകരുതെന്നും സംഭവം എറണാകുളം ഡെപ്യൂട്ടി ഡയറക്ടറോട് അന്വേഷിക്കാന്‍ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

by Midhun HP News | Oct 13, 2025 | Latest News, കായികം, ജില്ലാ വാർത്ത
മുംബൈ: മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ടീമിന്റെ ഭാഗമായ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അടുത്ത ആഴ്ച ഓസ്ട്രേലിയയിലേക്ക് പോകും. ഏകദിന ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെട്ട 38 കാരനായ വലംകൈയ്യന്‍ ബാറ്റ്സ്മാന്, ഒക്ടോബര്‍ 19 ന് പെര്‍ത്തില്‍ ആരംഭിക്കുന്ന പരമ്പരയില്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ടീമില്‍ ഇന്ത്യയ്ക്കായി സ്പെഷ്യലിസ്റ്റ് ബാറ്ററായി കളിക്കും. ടീം ഇന്ത്യ ഓസ്ട്രേലിയയിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി, രോഹിത് മുംബൈയില്‍ കഠിന പരിശീലനമാണ് നടത്തുന്നത്.
വെള്ളിയാഴ്ച മുംബൈ നഗരത്തിലെ ശിവജി പാര്‍ക്കില്‍ ബാറ്റിങ് പരിശീലനത്തിന് എത്തിയപ്പോള്‍ രോഹിത്തിനെ കാണാന്‍ നിരവധി ആരാധകരാണ് തടിച്ചുകൂടിയത്. ‘2027 ലെ ഏകദിന ലോകകപ്പ് ജയിക്കണം, രോഹിത്തില്ലാതെ അത് നടക്കില്ല’- ആരാധകരുടെ ഇത്തരത്തിലുള്ള കമന്റുകള്‍ അടങ്ങിയ വിഡിയോയകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. പരിശീലനത്തിനിടെ അടുത്ത പന്തില്‍ രോഹിത് ഒരു വലിയ ഷോട്ട് അടിച്ചപ്പോള്‍ ‘ഓസ്ട്രേലിയയിലും നിങ്ങള്‍ ഇതേ ഷോട്ട് അടിക്കണം… നോക്കൂ, നോക്കൂ, സ്റ്റാര്‍ക്ക് തൊട്ടുമുന്നില്‍ നില്ക്കുന്നു’- ആരാധകന് ഒച്ചയില്‍ പറയുന്നതും വിഡിയോയില്‍ വ്യക്തമാണ്.

2025 മാര്‍ച്ച് ഒന്‍പതിന് ന്യൂസിലന്‍ഡിനെതിരെയാണ് രോഹിത് അവസാനമായി ഇന്ത്യയ്ക്കായി ഏകദിന മത്സരം കളിച്ചത്. 2025 ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ രോഹിത് 76 റണ്‍സ് ആണ് നേടിയത്. മിച്ചല്‍ സാന്റ്നര്‍ നയിച്ച ന്യൂസിലന്‍ഡ് ടീമിനെ പരാജയപ്പെടുത്തി ഇന്ത്യ കപ്പും കരസ്ഥമാക്കി. ജൂണ്‍ ഒന്നിന് ശേഷം രോഹിത് ഒരു മത്സരവും കളിച്ചിട്ടില്ല. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പഞ്ചാബ് കിംഗ്സിനെതിരായ രണ്ടാം ക്വാളിഫയര്‍ മത്സരത്തിലാണ് അദ്ദേഹം അവസാനമായി മുംബൈ ഇന്ത്യന്‍സിനായി കളത്തിലിറങ്ങിയത്.

by Midhun HP News | Oct 13, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം റൂറൽ പോലീസ് കൺസ്യൂമർ സഹകരണ സ്റ്റോറിന്റെ ആഭിമുഖ്യത്തിൽ ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് വമ്പിച്ച വിലക്കുറവിൽ ദീപാവലി പടക്ക ഉൽപ്പന്നങ്ങൾ ആറ്റിങ്ങൽ പൂവൻപാറ പാലത്തിന് സമീപം (Near bright hotel) പോലീസ് കൺസ്യൂമർ സൊസൈറ്റിയിൽ നിന്നും ലഭിക്കുന്നതാണ്.
3500 രൂപ വിലയുള്ള 50 ഐറ്റങ്ങൾ അടങ്ങുന്ന ബോക്സ് 1000/- രൂപയ്ക്കും, 1500/ – രൂപ വിലയുള്ള 35 ഐറ്റങ്ങൾ അടങ്ങുന്ന ബോക്സ് 500/- രൂപയ്ക്കും ഇവിടെ നിന്നും ലഭിക്കുന്നതാണ്. അതിനുപുറമേ എല്ലാവിധത്തിലുള്ള ദീപാവലി പടക്ക ഉത്പന്നങ്ങളും ജീവനക്കാർക്ക് ലഭ്യമാകുന്ന ഏറ്റവും വിലകുറഞ്ഞ അതേ നിരക്കിൽ പൊതുജനങ്ങൾക്കും ലഭിക്കുന്നതാണ്.


by Midhun HP News | Oct 13, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ കൂടി അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചു. കൊല്ലം സ്വദേശി പുരുഷനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇതോടെ ഈ മാസം അമിബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.
സംസ്ഥാനത്ത് ഇന്നും ഇന്നലെയുമായി രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാട് ആറ് വയസ്സുകാരിക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്നലെ പാലക്കാട് കൊടുമ്പ് സ്വദേശിയായ 62കാരനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ച കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അപസ്മാര ലക്ഷണങ്ങള്‍ കൂടി പ്രകടിപ്പിച്ചതോടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനാ ഫലം വന്നപ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് തിരിച്ചറിഞ്ഞത്. വയോധികനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നിലവില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയാണ്.


by Midhun HP News | Oct 13, 2025 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ : 13, 14 തീയതികളിൽ നഗരൂർ-കല്ലമ്പലം റോഡിലും, പുതുശ്ശേരിമുക്ക്-പോങ്ങനാട് റോഡിലും ടാറിങ് നടക്കുന്നതിനാൽ പകൽ എട്ടുമുതൽ അഞ്ചുവരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. പുളിമാത്ത്, നഗരൂർ, കരവാരം പഞ്ചായത്തുകൾക്കായുള്ള കുടിവെള്ള പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായുള്ള റോഡ് റീസ്റ്റോറേഷന്റെ ഭാഗമായാണ് ടാറിങ്.


Recent Comments