’24 വയസ്സേ ഉള്ളൂ, പഠിക്കാന്‍ മിടുക്കിയാണ്, ശിക്ഷയില്‍ ഇളവു വേണം’; ഗ്രീഷ്മ കോടതിയില്‍, ശിക്ഷാ വിധി മറ്റന്നാള്‍

’24 വയസ്സേ ഉള്ളൂ, പഠിക്കാന്‍ മിടുക്കിയാണ്, ശിക്ഷയില്‍ ഇളവു വേണം’; ഗ്രീഷ്മ കോടതിയില്‍, ശിക്ഷാ വിധി മറ്റന്നാള്‍

തിരുവനന്തപുരം: പാറശാലയില്‍ കാമുകന്‍ ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റക്കാരിയെന്നു കണ്ടെത്തിയ പ്രതി ഗ്രീഷ്മ പരമാവധി കുറവു ശിക്ഷ നല്‍കണമെന്ന അപേക്ഷയുമായി കോടതിയില്‍. ശിക്ഷാവിധിയുടെ വാദത്തിനിടെയാണ് തനിക്ക് 24 വയസ്സു മാത്രമാണ് പ്രായമെന്നും അതു കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ നല്‍കണമെന്നും അഭ്യര്‍ഥിച്ചത്. അതേസമയം കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണ്ട് ഗ്രീഷ്മയ്ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കേസില്‍ നെയ്യാറ്റന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി മറ്റന്നാള്‍ ശിക്ഷാ വിധി പ്രഖ്യാപിക്കും.

ഷാരോണിന് സാമൂഹ്യ വിരുദ്ധ പശ്ചാത്തലമുണ്ടെന്ന് ഗ്രീഷ്മ കുറ്റപ്പെടുത്തി. സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ച് ഷാരോണ്‍ തന്നെ ബ്ലാക്‌മെയില്‍ ചെയ്‌തെന്നും ഗ്രീഷ്മ പറഞ്ഞു. നഗ്ന ചിത്രങ്ങള്‍ പുറത്തുവരുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. അതിനാല്‍ നീതീകരിക്കാവുന്ന കൊലപാതകമായി കാണമമെന്ന് പ്രതിഭാഗം വാദിച്ചു. തനിക്ക് 24 വയസ്സു മാത്രമാണ് പ്രായം. പഠിക്കാന്‍ മിടുക്കിയാണ്. തുടര്‍ന്നു പഠിച്ച് ബിരുദം നേടണം. അതിനാല്‍ കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് ഗ്രീഷമ വാദിച്ചു. തന്റെ വിദ്യാഭ്യാസ രേഖകള്‍ ഗ്രീഷ്മ കോടതിക്കു കൈമാറി.

ഒരു ചെറുപ്പക്കാരന്റെ സ്‌നേഹത്തെയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെയാണ് കൊല നടപ്പാക്കിയത്. പ്രതി ഒരു ദയവും അര്‍ഹിക്കുന്നില്ല. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണ്ട് വധശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

കേസില്‍ ഗ്രീഷ്മയും തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്ന, മൂന്നാം പ്രതി അമ്മാവന്‍ നിര്‍മല കുമാരന്‍ നായരും കുറ്റക്കാരെന്നു നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. തെളിവില്ലാത്തതിനാല്‍ രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ കോടതി കുറ്റവിമുക്തയാക്കി.

എയര്‍പോര്‍ട്ടില്‍ ജോലി നേടാം; പ്ലസ് ടു മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം; ഇപ്പോള്‍ അപേക്ഷിക്കാം

എയര്‍പോര്‍ട്ടില്‍ ജോലി നേടാം; പ്ലസ് ടു മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം; ഇപ്പോള്‍ അപേക്ഷിക്കാം

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ജൂനിയര്‍ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് വിജ്ഞാപനമിറക്കി. ആകെ 89 ഒഴിവുകളാണുള്ളത്. മിനിമം പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. അവസാന തീയതി ജനുവരി 28.

തസ്തിക & ഒഴിവ്

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജൂനിയര്‍ അസിസ്റ്റന്റ് (ഫയര്‍ സര്‍വീസസ്) റിക്രൂട്ട്‌മെന്റ്. ആകെ 89 ഒഴിവുകള്‍.

യോഗ്യത

മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍, ഫയര്‍ എന്നീ വിഷയങ്ങളില്‍ മൂന്ന് വര്‍ഷത്തെ അംഗീകൃത റെഗുലര്‍ ഡിപ്ലോമയോ, 12ാം ക്ലാസ് (റെഗുലര്‍) പാസായവരോ ആയിരിക്കണം.

മാത്രമല്ല സാധുവായ മീഡിയം, അല്ലെങ്കില്‍ ഹെവി മോട്ടോര്‍ ലൈസന്‍സ് വേണം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 31,000 രൂപ മുതല്‍ 92,000 രൂപ വരെ ശമ്പളമായി ലഭിക്കും.

തെരഞ്ഞെടുപ്പ്

രണ്ട് ഘട്ടങ്ങളായാണ് സെലക്ഷന്‍ നടപടികള്‍ നടക്കുക. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റും, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, ഫിസിക്കല്‍ മെഷര്‍മെന്റ് ടെസ്റ്റ് എന്നിവ ഉണ്ടായിരിക്കും. തുടര്‍ന്ന് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് ടെസ്റ്റിലും പാസാവണം.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം ജനുവരി 28ന് മുന്‍പായി അപേക്ഷ നല്‍കുക.

ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ തുള്ളി നന സംവിധാനത്തിനായുള്ള കൃഷിയ്ക്കായി മണ്ണ് രൂപപ്പെടുത്തുന്നതിന് തുടക്കമായി

ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ തുള്ളി നന സംവിധാനത്തിനായുള്ള കൃഷിയ്ക്കായി മണ്ണ് രൂപപ്പെടുത്തുന്നതിന് തുടക്കമായി

ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ പ്രവർത്തിച്ച് വരുന്ന തുള്ളി നന സംവിധാനത്തോട് കൂടിയ പച്ചക്കറിത്തോട്ടത്തിലെ, മണ്ണ് അടുത്ത കൃഷിയ്ക്കായി രൂപപ്പെടുത്തുന്നതിന് തുടക്കമായി. പരിപാടി പോത്തൻകോട് പഞ്ചായത്ത് വൈസ്പ്രസിഡന്റ് അനിത ഉദ്ഘാടനം ചെയ്തു.

നിശ്ചിത അനുപാതത്തിൽ കൂട്ടിക്കലർത്തിയ മണ്ണും നീറ്റുകക്കയും ഒരു ഭാഗത്തും ട്രൈക്കോഡർമ്മയും ചാണകവും വേപ്പിൻ പിണ്ണാക്കും കലർന്ന മിശ്രിതം മറ്റൊരു ഭാഗത്തും തയ്യാറാക്കി. 14 ദിവസം ഇവ പരിചരിച്ച ശേഷം ഗ്രോബാഗുകളിലേയ്ക്ക് മാറ്റി പച്ചക്കറി തൈകൾ നടുന്നതാണ്. മണ്ണ് പരിചരണം മുതൽ കൃഷിയുടെ എല്ലാ മേഖലകളും വിദ്യാർത്ഥികൾക്ക് പരിചിതമാകുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിയ്ക്കുന്നത്.

പ്രസ്തുത പരിപാടിയിൽ പിറ്റിഎ പ്രസിഡൻ്റ് ഉദയകുമാർ, പിറ്റിഎ വൈസ് പ്രസിഡൻ്റ് ബൈജു ദിവാകർ, മാതൃസംഗമം കൺവീനർ നയന ഷമീർ, സ്റ്റാഫ് സെക്രട്ടറി ഷീജ എസ്, പരിസ്ഥി ക്ലബ് കൺവീനർ രാഹുൽ പി, പരിസ്ഥിതി ക്ലബ് അധ്യാപിക എം എസ് വിനീത, രക്ഷിതാക്കൾ, പരിസ്ഥിതി ക്ലബ് വിദ്യാർത്ഥികൾ ഇവർ പങ്കെടുത്തു. കൃഷി മന്ത്രി പി പ്രസാദ് ഫാം സ്കൂളായി പ്രഖ്യാപിച്ച സ്കൂളിൽ രജിസ്റ്റർ ചെയ്ത 51 കൃഷി കൂട്ടങ്ങൾ പ്രവർത്തിച്ചു വരുന്നു. കുട്ടികർഷക സംഗമം ഉൾപ്പെടെ സാധ്യമാക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

ഷാരോൺ കൊലപാതകം; ഗ്രീഷ്മയുടെ ശിക്ഷാ വിധി ഇന്നില്ല, വാദം നടക്കും

ഷാരോൺ കൊലപാതകം; ഗ്രീഷ്മയുടെ ശിക്ഷാ വിധി ഇന്നില്ല, വാദം നടക്കും

തിരുവനന്തപുരം: പാറശാലയില്‍ കാമുകന്‍ ഷാരോണ്‍ രാജിനെ (23) കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റക്കാരിയെന്നു കണ്ടെത്തിയ പ്രതി ഗ്രീഷ്മയുടെ (22) ശിക്ഷാ വിധി ഇന്നുണ്ടാവില്ല. ഇന്നു കോടതിയില്‍ ശിക്ഷാവിധിയില്‍ വാദം നടക്കും. ശിക്ഷ പിന്നീടേ വിധിക്കൂ എ്ന്നാണ് വിവരം.

കേസില്‍ ഗ്രീഷ്മയും തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്ന, മൂന്നാം പ്രതി അമ്മാവന്‍ നിര്‍മല കുമാരന്‍ നായരും കുറ്റക്കാരെന്നു നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. തെളിവില്ലാത്തതിനാല്‍ രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ കോടതി കുറ്റവിമുക്തയാക്കി.

കൊലപാതകം, വിഷം നല്‍കല്‍, തട്ടിക്കൊണ്ടുപോകല്‍, പൊലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങി ഗ്രീഷ്മയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. തെളിവു നശിപ്പിക്കാന്‍ സഹായിച്ച ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ നായരും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ എം ബഷീര്‍ ആണ് വിധി പ്രസ്താവിച്ചത്. മറ്റൊരാളെ വിവാഹം കഴിക്കാനായി, കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി സുഹൃത്തായ ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

2022 ഒക്ടോബര്‍ 14ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വര്‍ഷങ്ങളായി ഷാരോണും ഗ്രീഷ്മയും അടുപ്പത്തിലായിരുന്നു. ഒരു സൈനികനുമായി വിവാഹം നിശ്ചയിച്ചതോടെ, ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ആദ്യം ജൂസ് ചലഞ്ച് നടത്തി, പാരസെറ്റാമോള്‍ കലര്‍ത്തിയ ജൂസ് ഷാരോണിനെ കുടിപ്പിച്ചു. എന്നാല്‍ ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും ഷാരോണ്‍ രക്ഷപ്പെട്ടു.

പിന്നീടാണ് പളുകിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊടുത്തത്. ഇതേത്തുടര്‍ന്ന് ശാരീരിക അവശത നേരിട്ട ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 11 ദിവസത്തിനു ശേഷം മരിച്ചു. ഫൊറന്‍സി ഡോക്ടര്‍ പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ ശാസ്ത്രീയ തെളിവുകളാണ് കേസില്‍ നിര്‍ണായകമായത്. 2023 ജനുവരി 25 നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽകണ്ടെത്തി

വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽകണ്ടെത്തി

കായിക്കര മൂലൈതോട്ടത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽകണ്ടെത്തി.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് മൂലൈതോട്ടം മൂർത്തൻ വിളാകത്ത് തോമസ് (37) (രാജൻ) നെ മരിച്ച നിലയിൽകണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

തോമസ് കുറച്ച് മാസങ്ങളായി ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. അച്ഛൻ സ്റ്റെല്ലസ് അസുഖ ബാധിതനായി ചിറയിൻകീഴ് താലൂക്ക്‌ ആശുപത്രിയിൽ ആയിരുന്നുതിനാൽ കഴിഞ്ഞ രണ്ട് ആഴ്ചക്കാലമായി വീട്ടിൽ മാറ്റാരും ഉണ്ടായിരുന്നില്ല. തുടർന്ന്, ഇന്നലെ വൈകിട്ടോടെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജായി അച്ഛൻ സ്റ്റെല്ലസ്സും അമ്മ ഗ്രേസ്സിയും വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ ഹാളിലെ തറയിൽ മരിച്ച നിലയിൽ തോമസിനെ കണ്ടെത്തിയത്.

തുടർന്ന് അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി മേൽനടടികൾ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അഞ്ചുതെങ്ങ് ജെൻക്ഷനിലെ ഓട്ടോ തൊഴിലാളിയായിരുന്നു തോമസ്.
ഭാര്യ സൂര്യഗായത്രി, മക്കൾ മേഖ (13), നിയ (11)
സംസ്കാര ചടങ്ങുകൾ മാമ്പള്ളി ഹോളി സ്പിരിറ്റ്‌ ദേവാലയത്തിൽ ഇന്ന് വൈകിട്ട് 4 ന്.

പഠനത്തോടൊപ്പം പാചകവും പരിശീലിപ്പിച്ച് തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്

പഠനത്തോടൊപ്പം പാചകവും പരിശീലിപ്പിച്ച് തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സീഡ്‌ ക്ലബ്ബിലെ കുട്ടികൾക്ക് ഇന്ന് പാചക പരിശീലനം സംഘടിപ്പിച്ചു. സ്കൂൾ അടുക്കള തോട്ടത്തിൽ കൃഷി ചെയ്ത നാടൻ ഭക്ഷ്യ വിഭവമായ മരിച്ചീനി ഉപയോഗിച്ച് കുട്ടികൾക്ക് വറ്റൽ ഉണ്ടാക്കുന്ന പരിശീലനമാണ് നൽകിയത്.

ഉണ്ടാക്കിയ വറ്റലുകൾ ഹെഡ്മാസ്റ്റർ സുജിത്ത് എസ് കുട്ടികൾക്ക് വിതരണം ചെയ്തു. പി ടി എ പ്രസിഡന്റ് ഇ.നസീർ, പി ടി എ അംഗം വിനയ് എം എസ്, എച്ച് എസ് സ്റ്റാഫ് സെക്രട്ടറി ബീന എസ്, യു പി സ്റ്റാഫ് സെക്രട്ടറി സരിത ആർ എസ്, യു പി സീനിയർ അസിസ്റ്റന്റ് കല കരുണാകരൻ, എച്ച് എസ് സ്റ്റാഫ് സെക്രട്ടറി ബിന്ദു എൽ എസ്, സീഡ്‌ കോർഡിനേറ്റർമാരായ സൗമ്യ എസ്, ഷാബിമോൻ എസ് എൻ, മഹേഷ് കെ കെ, ജാസ്മിൻ എച്ച് എ എന്നിവർ പങ്കെടുത്തു. മുമ്പ് വിളവെടുത്ത 80kg മരിച്ചീനി സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലും എൻഎസ്എസ് ക്യാമ്പിലും സംസ്ഥാന സ്കൂൾ കലോത്സവ കലവറ നിറയ്ക്കലിനും നൽകിയിരുന്നു.