കഴക്കൂട്ടത്തുണ്ടായ അപകടത്തിൽ ചികിത്സയിലിരുന്ന ടെക്‌നോപാർക്ക് ജീവനക്കാരി മരിച്ചു

കഴക്കൂട്ടത്തുണ്ടായ അപകടത്തിൽ ചികിത്സയിലിരുന്ന ടെക്‌നോപാർക്ക് ജീവനക്കാരി മരിച്ചു

കഴക്കൂട്ടം: കെഎസ്ആർടിസി ബസ് കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. കഴക്കൂട്ടം ചിറ്റാറ്റുമുക്ക് കരിഞ്ഞ വയലിൽ ശ്രീവിശാഖത്തിൽ രാജേഷ് ഭാര്യ സന്ധ്യ (38) ആണ് മരിച്ചത്. ടെക്നോപാർക്കിന് സമീപം ബുധനാഴ്ചയാണ് കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടമുണ്ടായത്.

കെഎസ്ആർടിസി ബസ് സന്ധ്യയുടെ പിന്നിലിടിച്ചു വീഴുകയും അപകടത്തിൽ ബസ്സിനടിയിലേക്ക് വീണ സന്ധ്യയുടെ കാലിൽ കൂടി ചക്രങ്ങൾ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സന്ധ്യയുടെ കാൽ മുറിച്ചു മാറ്റി. അപകടനില തരണം ചെയ്യാതിരുന്ന സന്ധ്യ ഇന്ന് വെളുപ്പിനാണ് മരിച്ചത്. ടെക്നോ പാർക്കിൽ ഗൈഡ്ഹൗസ് കമ്പനിയിലെ ജീവനക്കാരി ആയിരുന്നു സന്ധ്യ.

ഇനി കാത്തിരിപ്പ് വേണ്ട; മമ്മൂട്ടിയുടെ ‘കളങ്കാവൽ’ ഒടിടി റിലീസ് തീയതി പുറത്ത്

ഇനി കാത്തിരിപ്പ് വേണ്ട; മമ്മൂട്ടിയുടെ ‘കളങ്കാവൽ’ ഒടിടി റിലീസ് തീയതി പുറത്ത്

മമ്മൂട്ടിയ്ക്കൊപ്പം വിനായകനും തകർത്തഭിനയിച്ച ചിത്രമാണ് കളങ്കാവൽ. വൻ ഹൈപ്പിലാണ് ചിത്രം തിയറ്ററുകളിലെത്തിയതെങ്കിലും സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. നവാ​ഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ.

ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജനുവരി 16 മുതൽ സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം സ്ട്രീമിങ്ങിനെത്തുക. ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ മമ്മൂട്ടി വില്ലൻ വേഷത്തിലാണ് എത്തുന്നത്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് കളങ്കാവൽ. ഡിസംബര്‍ 5 നായിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. മമ്മൂട്ടി വില്ലനായി എത്തുന്നു എന്നതുള്‍പ്പെടെയുള്ള പല ഘടകങ്ങളാല്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ഇത്. രജിഷ വിജയൻ, ​ഗായത്രി അരുൺ എന്നിവരുൾപ്പെടെ നിരവധി നായികമാരാണ് ചിത്രത്തിൽ അണിനിരന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം ഫൈസൽ അലി, സംഗീതം മുജീബ് മജീദ്, എഡിറ്റർ പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, ഫൈനൽ മിക്സ് – എം ആർ രാജകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബോസ്. മേക്കപ്പ് അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ വിനായക് ശശികുമാർ, ഹരിത ഹരി ബാബു.

രാത്രി വന്ന ഓ‍ർഡർ 3 എലിവിഷം! തന്ത്രപൂർവ്വം ക്യാൻസലാക്കി, യുവതിക്ക് പുതുജീവൻ

രാത്രി വന്ന ഓ‍ർഡർ 3 എലിവിഷം! തന്ത്രപൂർവ്വം ക്യാൻസലാക്കി, യുവതിക്ക് പുതുജീവൻ

ചെന്നൈ: തമിഴ്നാട്ടിൽ എലിവിഷം കഴിച്ച് ജീവനൊടുക്കാനിരുന്ന യുവതിക്ക് രക്ഷകനായി ഓൺലൈൻ ഡെലിവറി ബോയി. സമയോചിതവും തന്ത്രപൂർവവുമായ ഇടപെടലലൂടെ യുവതിയുടെ ജീവൻ രക്ഷിച്ച ഇ-കൊമേഴ്സ് ഡെലിവറി ബോയിക്ക് അഭിനന്ദന പ്രവാഹം. കഴിഞ്ഞ ദിവസമാണ് സംഭവത്തെക്കുറിച്ച് വിവരിച്ച് ഡെലിവറി ബോയിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. രാത്രി വൈകിയെത്തിയ ഓർഡറുമായി സ്ഥലത്തെത്തിയപ്പോൾ ഡെലിവറി ബോയിക്ക് തോന്നിയ സംശയമാണ് ഒരു ജീവൻ രക്ഷിക്കാൻ കാരണമായത്.

മൂന്ന് പായ്ക്കറ്റ് എലിവിഷമായിരുന്നു ഓൺലൈനിൽ ഓർഡർ ചെയ്തത്. ഡെലിവറിക്കെത്തിയപ്പോൾ കണ്ടത് കരഞ്ഞുകൊണ്ടിരിക്കുന്ന യുവതിയെ. സംശയം തോന്നി സംസാരിച്ചപ്പോൾ ആണ് യുവതി ജീവനൊടുക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് മനസിലായത്. ഇതോടെ ഡെലിവറി ബോയി അവരെ പിന്തിരിപ്പിച്ച് ഓ‍ർഡർ ക്യാൻസ‌ൽ ചെയ്യിക്കുകയായിരുന്നു.

‘രാത്രി വളരെ വൈകി ഒരു ഉപഭോക്താവ് 3 പാക്കറ്റ് എലിവിഷം ഓർഡർ ചെയ്തു. ഇതിപ്പോൾ കൊണ്ടുപോയി കൊടുക്കണോ എന്ന് ആദ്യമൊന്ന് ആലോചിച്ചു. അവസാനം പോയിനോക്കാം എന്നു കരുതി ലൊക്കേഷനിൽ എത്തി. അവിടെ കണ്ടത് കരഞ്ഞുകൊണ്ട് നിൽക്കുന്ന യുവതിയെ ആണ്.

സംശയം തോന്നിയതോടെ ആദ്യം യുവതിയെക്കൊണ്ട് ഓർഡർ ക്യാൻസൽ ചെയ്യിക്കാനാണ് ആലോചിച്ചത്. അവർ കരയുന്നത് കണ്ട് വെറുതേ ചോദിച്ചു, ‘ഈ സമയത്ത് എലിവിഷം ഓർഡർ ചെയ്യേണ്ട കാര്യമില്ല. എലിയുടെ ശല്യമുണ്ടെങ്കിൽ‌ നിങ്ങൾ പകൽ സമയത്തോ രാത്രിയാകും മുൻപോ അല്ലെങ്കിൽ നാളെയോ വാങ്ങിയാൽ മതിയായിരുന്നില്ലേ. രാത്രി വൈകി ഒരു ഓർഡർ. ഇപ്പോഴിതാ നിങ്ങൾ കരയുകയും ചെയ്യുന്നു. സ്വയം അവസാനിപ്പിക്കാനായിരുന്നോ തീരുമാനം?, ഞാൻ അവരോട് ചോദിച്ചു’- ഡെലിവറി ബോയ് വീഡിയോയിൽ പറയുന്നു

അപ്പോൾ ‘അല്ല, അണ്ണാ.. അങ്ങനെയൊന്നുമില്ല’ എന്നായിരുന്നു യുവതിയുടെ മറുപടി. എന്നാൽ, നുണ പറയരുതെന്ന് പറഞ്ഞപ്പോൾ അവർ സത്യം തുറന്നുപറഞ്ഞു. അതോടെ, അവരെക്കൊണ്ടുതന്നെ ഞാൻ ഓർഡർ ക്യാൻസൽ ചെയ്യിപ്പിച്ചു- ഡെലിവറി ബോയ് പറഞ്ഞു. ജീവിതത്തിൽ എന്തോ വലിയ കാര്യം ചെയ്ത സന്തോഷമാണ് തനിക്ക് തോന്നിയതെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വ്യക്തമാക്കി. വീ‍ഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേർ ഡെലിവറി ബോയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തി. ഇത്തരം ആളുകൾ ഇപ്പോഴുമുള്ളത് കൊണ്ടാണെന്ന് നമ്മുടെ ലോകം ഇങ്ങനെ നിലനിൽക്കുന്നത് എന്നാണ് ഒരാളുടെ കമന്‍റ്.

ശ്രദ്ധിക്കുക ആത്മഹത്യയല്ല ഒന്നിനും പരിഹാരമല്ല
സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക.
അതിനായി വിളിക്കേണ്ട നമ്പർ 1056 , ആശങ്കകള്‍ പങ്കുവെയ്ക്കൂ

തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജയിലില്‍ വെച്ച് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജയിലില്‍ വെച്ച് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ റിമാന്‍ഡില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ദേഹാസ്വാസ്ഥ്യം. വൈദ്യ പരിശോധനയ്ക്ക് രാജീവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഇന്ന് രാവിലെയാണ് ജയിലില്‍ വെച്ച് രാജീവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സിക്കത്തക്ക ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടോ എന്നതടക്കം അറിയുന്നതിന് വേണ്ടിയാണ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നത്. സ്വര്‍ണക്കൊള്ള കേസില്‍ ഇന്നലെയാണ് കണ്ഠരര് രാജീവരെ എസ്‌ഐടി സംഘം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമാണ് കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയത്. കോടതി റിമാന്‍ഡ് ചെയ്ത രാജീവരെ ഇന്നലെ രാത്രി തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്കാണ് കൊണ്ടുപോയത്.

കേസില്‍ അറസ്റ്റിലായ കണ്ഠരര് രാജീവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളി കടത്തിയ കേസിലാണ് ഇപ്പോള്‍ കണ്ഠരര് രാജീവര്‍ക്ക് എതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. കട്ടിളപ്പാളി കൊണ്ട് പോകാന്‍ തന്ത്രി ഒത്താശ ചെയ്തു, ആചാര ലംഘനത്തിന് കൂട്ട് നിന്നു തുടങ്ങിയ ആരോപണങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉള്ളത്.

കട്ടിളപ്പാളി കൊണ്ട് പോകാന്‍ പോറ്റിക്കും മറ്റ് പ്രതികള്‍ക്കും മൗനാനുവാദം നല്‍കി. ആചാരങ്ങള്‍ പാലിച്ചില്ല. ചട്ടലംഘനം ദേവസ്വം ബോര്‍ഡിനെ അറിയിച്ചില്ലെന്നും അറസ്റ്റ് നോട്ടീസില്‍ എസ്ഐടി ചൂണ്ടിക്കാട്ടുന്നു. കട്ടിളപ്പാളി കേസില്‍ 13-ാം പ്രതിയാക്കിയാണ് കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തെളിവുകളുടെയും മൊഴികളുടേയും അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നും എസ്‌ഐടി വ്യക്തമാക്കുന്നു.

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരുമായി ഉറ്റ ബന്ധമുണ്ടെന്നാണ് എസ്ഐടി കണ്ടെത്തല്‍. പോറ്റിക്ക് ശബരിമലയില്‍ സ്പോണ്‍സറായി വഴിയൊരുക്കിയത് തന്ത്രി കണ്ഠരര് രാജീവരാണ്. ശബരിമലയിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്വാധീനത്തിന് പിന്നില്‍ തന്ത്രി കണ്ഠരര് രാജീവരുമായുള്ള അടുപ്പമാണെന്നും ശബരിമല ജീവനക്കാര്‍ എസ്ഐടിക്ക് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ

തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ

കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ 10.01.2026 തീയതി രാത്രി 7.00 മണി മുതൽ 11.30 മണി വരെയും 11.01.2026 തീയതി രാവിലെ 07.00 മണി മുതൽ വെെകുന്നേരം 06.00 മണി വരെയും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്.

10.01.2026 തീയതി രാത്രി 7.00 മണി മുതൽ 11.30 മണി വരെ ഡൊമസ്റ്റിക് എയർപോർട്ട് ശംഖുംമുഖം ആൾസെയിന്റ്സ്-ചാക്ക പേട്ട പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ- പഞ്ചാപുര-ബേക്കറി ഫ്ലെെഓവർ-പനവിള-കലാഭവൻമണി റോഡ്- വിമൻസ് കോളേജ് -ഗസ്റ്റ് ഹൌസ് റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.

11.01.2026 തീയ്യതി രാവിലെ 07.00 മണി മുതൽ വെെകുന്നേരം 06.00 മണി വരെ വിമൻസ് കോളേജ് -തെെയ്ക്കാട്-തമ്പാനൂർ ഫ്ലൈഓവർ-ചൂരക്കാട്ടുപാളയം -പവർഹൌസ് റോഡ്-തകരപ്പറമ്പ് ഫ്ലൈ ഓവർ -ശ്രീകണ്ഠേശ്വരം പാർക്ക് – എസ് പി ഫോർട്ട്- മിത്രാനന്ദപുരം -വാഴപ്പളളി റോഡിലും, -അരിസ്റ്റോ ജംഗ്ക്ഷൻ -മാരാർജി ഭവൻ റോഡിലും, നോർക്കാ ജംഗ്ക്ഷൻ-സംഗീതകോളേജ് റോഡിലും വിമൻസ് കോളേജ് -വഴുതയ്ക്കാട്-പി എച്ച് ക്യൂ-ആൽത്തറ ജംഗ്ക്ഷൻ -വെളളയമ്പലം – ടി ടി സി – ഗോൾഫ് ലിങ്ക്സ്-ഉദയപാലസ് റോഡിലും, തമ്പാനൂർ ഫ്ലൈ ഓവർ -പൊന്നറ പാർക്ക്- അരിസ്റ്റോ ജംഗ്ക്ഷൻ- മോഡൽ സ്കൂൾ ജംഗ്ക്ഷൻ – പനവിള- ബേക്കറി ഫ്ലെെഓവർ-പഞ്ചാപുര-ആശാൻ സ്ക്വയർ- ജനറൽ ആശുപത്രി- പാറ്റൂർ-പള്ളിമുക്ക്-പേട്ട-ചാക്ക –ആൾസെയിന്റ്സ്-ശംഖുംമുഖം-ഡൊമസ്റ്റിക് എയർപോർട്ട് റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.

ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലാത്തതും അത്തരത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്.

വിമാനത്താവളത്തിലേക്കും, റെയിൽവെ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കേണ്ടതാണ്.

തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കേണ്ടതാണ്.ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് പൊതുജനങ്ങൾക്ക് 04712558731, 9497930055,എന്നീ ഫോൺ നമ്പരുകളിൽ‍ ബന്ധപ്പെടാവുന്നതാണ്.

പ്ലാസ്റ്റിക് ക്യാനിൽ തല അകപ്പെട്ട നായയെ രക്ഷിച്ചു

പ്ലാസ്റ്റിക് ക്യാനിൽ തല അകപ്പെട്ട നായയെ രക്ഷിച്ചു

ആറ്റിങ്ങൽ റ്റി.ബി ജംഗ്ഷന് സമീപം ക്ലബ്റോഡിൽ തെരുവ് നായയുടെ തല വാട്ടർപ്യൂരിഫയറിൻ്റെ ക്യാനിൽ അകപ്പെട്ടു. നാട്ടുകാർ അറിയച്ചതിനെ തുടർന്ന് ആറ്റിങ്ങൽ അഗ്നിശമനാരക്ഷാസേന ഗ്രേഡ്അസ്സി. സ്റ്റേഷൻഓഫീസർ സി.ആർ.ചന്ദ്രമോഹൻ്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ സതീശൻ, വൈശാഖൻ, ഫയർഓഫീസർ ഡ്രൈവർ പ്രശാന്ത്, വിജയ് എന്നിവർ സ്ഥലത്തെത്തി റോപ്പ്, ഷിയേഴ്സ് ഹാഡ്സ എന്നിവ ഉപയോഗിച്ച് പ്ലാസ്റ്റിക് ക്യാൻ മുറിച്ച് മാറ്റി നായയെ രക്ഷിച്ചു.